Friday, December 13, 2024

ad

Homeചിത്രകലചിന്തയും പ്രതിഫലനങ്ങളും കലാവിഷ്‌കാരങ്ങളിൽ

ചിന്തയും പ്രതിഫലനങ്ങളും കലാവിഷ്‌കാരങ്ങളിൽ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

കേരളത്തിന്റെ ദൃശ്യസാക്ഷരതയ്‌ക്ക്‌ പുതിയ മാനങ്ങൾ സമ്മാനിക്കുന്ന വികാസപരിണാമഘട്ടങ്ങളോടെ സജീവമാണ്‌ നമ്മുടെ സംസ്‌കാരത്തിന്റെയും പാരന്പര്യത്തിന്റെയും കാഴ്‌ചപ്പാടുകൾ. ആധുനികതയുടെ ഇഴചേരലിലൂടെ നിറങ്ങളായും ഭാവങ്ങളായും പുതിയൊരു സംവേദനലോകമായാണ്‌ ആസ്വാദകർക്കു മുന്നിൽ തുറക്കപ്പെടുന്നത്‌. പുതിയ തലമുറയ്‌ക്ക്‌ ചിത്ര‐ശിൽപകലാവബോധം വളർത്തിയെടുക്കാനും ചിത്രാസ്വാദനത്തിന്റെ പുതിയ തലം രൂപപ്പെടുത്താനും കഴിയുന്ന തരത്തിൽ കലാകാരരും സാംസ്‌കാരിക സംഘടനകളുമൊക്കെ ഇടപെടുന്നുമുണ്ട്‌. ഒപ്പം കലാജീവിതത്തെ നിരന്തര പരിശീലനമായി, കാലത്തെ അടയാളപ്പെടുത്തുന്ന ചിത്ര‐ശിൽപകാരരും അവരുടെ രചനകളും നമുക്കു മുന്നിലുണ്ട്‌. അവരുടെ രചനകൾ കാലത്തെയും ജീവിതത്തെയും രേഖപ്പെുത്തിക്കൊണ്ട്‌, കാലത്തെ അതിജീവിക്കുന്ന, ദൃശ്യവിസ്‌മയങ്ങളിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാഴ്‌ച ആസ്വാദ്യകരമാണ്‌. അത്തരം സ്വപ്‌നവഴികളിലൂടെ കടന്നുപോകുമ്പോഴാണ്‌ കലയുടെ അനുഭൂതിതലങ്ങളെ തൊട്ടുണർത്തുന്ന കലാപ്രദർശനങ്ങളായി അവ നമുക്കു മുന്നിലെത്തുന്നത്‌ . നേരത്തെ ഈ പംക്തിയിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ കേരളത്തിൽ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ലളിതകലാ അക്കാദമിയുടെയും ഗ്യാലറികളാണ്‌ പ്രവർത്തിക്കുന്നത്‌. ദേശീയ/അന്തർദേശീയ നിലവാരമുള്ളവ കുറവാണെങ്കിൽകൂടി ഗ്യാലറികൾ സജീവമാണ്‌. പരിമിതികൾക്കുള്ളിൽനിന്ന്‌ തിരുവനന്തപുരം നഗരമധ്യത്തിൽ (ശാസ്‌തമംഗലം) ഒരു ഗ്യാലറി കൂടി ആരംഭിച്ചിരിക്കുന്നു. നിറത്തെ ഓർമിപ്പിക്കുന്ന ‘മൗവ്‌’ (Mauve) എന്ന പേരിലുള്ള ആർട്ട്‌ ഗ്യാലറി ശ്രദ്ധേയമായ ചിത്ര‐ശിൽപപ്രദർശനമാണ്‌ (തോട്ട്‌സ്‌ ആൻഡ്‌ റിഫ്ലക്‌ഷൻസ്‌) ഒരുക്കിയിട്ടുള്ളത്‌.

ചിത്രകാരൻ ശ്യാംഗോപാൽ ആചാര്യ ക്യൂറേറ്റ്‌ ചെയ്യുന്ന ഈ ചിത്ര‐ശിൽപ പ്രദർശനത്തിൽ കേരളത്തിലെ പ്രമുഖരായ ഇരുപത്തിയാറ്‌ കലാകാരർ പങ്കെടുക്കുന്നുണ്ട്‌. 2023 നവംബർ 15ന്‌ കലാലോകത്തോട്‌ വിടപറഞ്ഞ ശ്രദ്ധേയ ശിൽപി വി സതീശന്റെ ഓർമയ്‌ക്കായിട്ടു കൂടിയായിരുന്നു പ്രദർശനം സംഘടിപ്പിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ ഒരു ശിൽപവുംപ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മനുഷ്യ ജീവിതങ്ങളെ സൈദ്ധാന്തികമായി അടയാളപ്പെടുത്തുന്നതാണ്‌ ഈ ശിൽപം. ഒരു നായയുമായി മുച്ചക്രവാഹനത്തിൽ യാത്രചെയ്യുന്ന രണ്ട്‌ മനുഷ്യരൂപങ്ങളിലൂടെയാണ്‌ സതീശൻ ആസ്വാദകരുമായി സംവദിക്കുന്നത്‌.

സമകാലിക കലാപരിസരങ്ങളിലേക്ക്‌ ഊർജം പ്രസരിപ്പിക്കാൻ ശേഷിയുള്ള ചിത്രങ്ങളും ശിൽപങ്ങളും ഈ പ്രദർശനത്തിന്റെ സവിശേഷതാകുന്നു. കാട്ടൂർ നാരായണപിള്ള, ബി ഡി ദത്തൻ, കെ കെ രാജപ്പൻ, എസ്‌ പ്രസന്നകുമാർ, ബൈജുദേവ്‌, എൻ ദിവാകരൻ, എ കെ ഗോപിദാസ്‌, വിജയൻ നെയ്യാറ്റിൻകര, ഗോഡ്‌ഫ്രെ ദാസ്‌, യാമിനി മോഹൻ, ഭട്ടതിരി, അസീസ്‌ ടി എം, വി മഹേന്ദ്രൻ തുടങ്ങി 26 പേരുടെ രചനകളാണ്‌ പ്രദർശിപ്പിച്ചിട്ടുള്ളത്‌. നിശബ്ദതയെ പുറത്താക്കി വാതിലടയ്‌ക്കുന്ന സംസ്‌കാരത്തിനപ്പുറം നിശബ്ദതയുടെ താളംതേടുന്ന മനസ്സിനെ ആത്മപരിശോധനയിലേക്കും തിരിച്ചറിവിലേക്കും മടക്കിക്കൊണ്ടുവരുകയം ചെയ്യുന്ന മുഹൂർത്തങ്ങൾ ഈ പ്രദർശനത്തിന്റെ ചിത്രതലങ്ങളിൽ കാണാം. ചിത്രവും ശിൽപവും ഇഴചേരുന്ന എസ്‌ പ്രസന്നകുമാറിന്റെ രചന കാഴ്‌ചയുടെ ചലനാത്മകമായ അവസ്ഥ കൂടിയാണ്‌ ആവിഷ്‌കരിക്കുന്നത്‌. നമ്മുടെയുള്ളിലെ ആന്തരിക ശബ്ദങ്ങൾ, ഹൃദയമിടിപ്പ്‌, ശ്വാസനിശ്വാസങ്ങൾ എന്നിവയും അതുപോലെ പുറത്തിറങ്ങിയാൽ പ്രകൃതിയുടെ പലവിധ ഈണങ്ങളും താളങ്ങളും ഇലകളുടെ മർമരവുമൊക്കെച്ചേരുന്ന ശബ്ദചലനത്തിൽ നിന്നുള്ള ചലനാത്മകതയുമാണ്‌ നവീനമായ സാങ്കേതികമികവോടെ ബൈജു എസ്‌ ആറിന്റെ ശിൽപരൂപങ്ങൾ ആവിഷ്‌കരിക്കുന്നത്‌. ജീവിതവും പ്രകൃതിയുമായി പെരുത്തപ്പെടുമ്പോൾ നമ്മെ ആശ്ലേഷിക്കുന്ന വൈവിധ്യതയയുടെ വർണദർശനമാണ്‌ വിവിധ ശൈലീസങ്കേതങ്ങളിലൂടെ കാട്ടൂർ നാരായണപിള്ള, എൻ ദിവാകരൻ, കെ ആർ കുമാരൻ, ഗോഡ്‌ഫ്രെ ദാസ്‌, ശ്രീനിവാസൻ എന്നിവരുടെ ചിത്രങ്ങളിൽ ദർശിക്കാനാവുക. പ്രകൃതിദൃശ്യവും മനുഷ്യരും ജീവജാലങ്ങളും ചേരുന്ന ജീവിതാവസ്ഥകളുടെ യഥാതഥമായ കാഴ്‌ചകളും ചിന്തയും ഭാവനയും രൂപാന്തരപ്പെടുത്തുന്ന പുതിയ സംവേദനതലങ്ങൾ തുറന്നുകാട്ടുന്ന എ കെ ഗോപിദാസ്‌, ബൈജുദേവ്‌, ശ്യാംഗോപാൽ, വിജയൻ നെയ്യാറ്റിൻകര എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്‌. നിത്യജീവിത മുഹൂർത്തങ്ങളെയും സമകാലിക സാമൂഹ്യാവസ്ഥകളെയും ബി ഡി ദത്തൻ വരച്ചുകാട്ടുമ്പോൾ വൈവിധ്യത്തിലൂടെ പ്രഖ്യാപിക്കുന്ന കലാദർശനമാണ്‌ ജിതേഷ്‌, സനോജ്‌, പത്മകുമാർ, സുമേഷ്‌ എന്നിവരുടെ ചിത്രരചനകൾ ആവിഷ്‌കരിക്കുന്നത്‌. ഒരു ചിത്രം വരയ്‌ക്കുമ്പോൾ ഉള്ളിലുള്ള യാഥാർഥ്യത്തെക്കുറിച്ച്‌ പ്രകടമാകുന്ന അവബോധവും പൂർണതയുമാണ്‌ മഹേന്ദ്രന്റെ ജലഛായാചിത്ര (അകാലത്തിൽ പൊലിഞ്ഞ ചിത്രകാരൻ സദു അലിയൂർ)ത്തിലും തെളിയുന്നത്‌. കലയിലെ നൂതനങ്ങളായ സാങ്കേതികമികവും സൗന്ദര്യാത്മകമായ കാഴ്‌ചപ്പാടും പ്രദാനംചെയ്യുന്ന അറുപതോളം ചിത്ര‐ശിൽപങ്ങളാണ്‌ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്‌. രണ്ടാഴ്‌ച നീണ്ടുനിന്ന പ്രദർശനം കലാസ്വാദകരുടെയും കലാകാരരുടെയും സാന്നിധ്യംകൊണ്ട്‌ സന്പന്നമായിരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 5 =

Most Popular