എസ്‌എഫ്‌ഐയുടെ ബാനറിനുകീഴിൽ ഡൽഹിയിലെ നിർമാൺ ഭവനുമുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെ പൊലീസ് ആക്രമണം അഴിച്ചുവിടുകയും ബലംപ്രയോഗിച്ച് ആ പ്രതിഷേധകൂട്ടായ്‌മയെ പിരിച്ചുവിടുകയും ചെയ്‌ത നടപടി വിദ്യാർഥിക്ഷേമത്തിൽനിന്ന് സർക്കാർ എത്രമാത്രം അകന്നുനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. വിദ്യാർഥികൾക്ക് ഇളവോടുകൂടിയ മെട്രോ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മയും അതിനെതിരെ നിയമപാലകരിൽനിന്ന് നേരിടേണ്ടിവന്ന ക്രൂരമായ നടപടികളും യുവജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനുള്ള ഉന്നതാധികാര ശ്രമങ്ങളും അതിനെതിരായ ചെറുത്തുനിൽപ്പും വർധിച്ചുവരുന്നു എന്നതിനെ ഒരിക്കൽകൂടി ഉയർത്തിക്കാട്ടി.
ഏറ്റവും അടിസ്ഥാനപരമായ ഒരാവശ്യമായിരുന്നു വിദ്യാർഥികൾ ഉന്നയിച്ചത്. വിദ്യാർഥികൾക്ക് കുറഞ്ഞ മെട്രോ നിരക്ക് നടപ്പാക്കണമെന്ന് എസ്‌എഫ്‌ഐ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനുള്ള പിന്തുണ തേടിക്കൊണ്ട് 60000 വിദ്യാർഥികളുടെ ഒപ്പ് ശേഖരിക്കുന്നതിനുള്ള ക്യാന്പയിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്. ഈ ആവശ്യത്തിന്മേൽ ലഭിച്ച വ്യാപകമായ പിന്തുണയുടെ അടിസ്ഥാനത്തിൽ ഒപ്പുശേഖരണം നടത്തിയും നിയമാനുസൃതം അപേക്ഷ സമർപ്പിച്ചിട്ടും അധികാരികൾ ചെവിക്കൊണ്ടില്ല. സമാധാനപരമായി പ്രതിഷേധം നടത്താൻ പൊലീസ് വിസമ്മതിക്കുക മാത്രമല്ല, തങ്ങളുടെ ഡിമാന്റുകൾ നിയമപ്രകാരം സമർപ്പിക്കാൻ ഒരു ചെറിയ പ്രതിനിധിസംഘത്തെ അയക്കാനുള്ള അവസരംപോലും എസ്‌എഫ്‌ഐയുടെ പ്രതിനിധികൾക്ക് നിഷേധിച്ചു. ഇതോടെ സ്ഥിതിഗതികൾ വഷളായി.
ഇതേത്തുടർന്ന് എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റ് സൂരജ് ഈ വിഷയത്തിലുണ്ടായ നിരാശ ഇങ്ങനെ പ്രകടിപ്പിക്കുകയുണ്ടായി: ‘‘ഏറ്റവും അടിസ്ഥാനപരമായി ലഭിക്കേണ്ട മെട്രോ പാസ് ഇളവ് ആവശ്യപ്പെടുന്നതിൽനിന്നുപോലും വിദ്യാർഥികളായ ഞങ്ങളെ തടയുന്നതിനാൽ സർക്കാരിന് അത് എത്രമാത്രം ഭീഷണിയാണെന്ന് സങ്കൽപിക്കുക’’. സൂരജിന്റെ പ്രസ്താവന വിദ്യാർഥികൾക്കിടയിൽ വ്യാപകമായി നിലനിൽക്കുന്ന വൈകാരികതയെ അടിവരയിടുന്നതാണ്. അവരുടെ ശബ്ദങ്ങളെ ക്രിയാത്മകമായ ഊർജമായി കാണാതെ ഒരു ഭീഷണിയായാണ് ഗവൺമെന്റ് കാണുന്നത്. എസ്‌എഫ്‌ഐ ഡൽഹി സെക്രട്ടറി ഇങ്ങനെ പറയുകയുണ്ടായി, ‘‘നൂറുകണക്കിന് വിദ്യാർഥികൾ അവരുടെ ആശങ്കകൾ പങ്കുവെക്കാൻ ഇന്ന് ഇവിടെ ഒത്തുകൂടിയിരുന്നു. എന്നാൽ അധികാരികൾ, തങ്ങൾ അത് കാര്യമാക്കുന്നേയില്ലെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നു’’. വിദ്യാർഥികൾക്കിടയിൽ ഉയർന്നുവരുന്ന വികാരമാണ് അവരുടെ വാക്കുകളിൽ പ്രതിഫലിച്ചത്. പൊതുസേവനങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുകയെന്നത് അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒരു ഗവൺമെന്റിന്റെ പ്രതീകമായി അവർ ഇതിനെ കാണുന്നു.
മെട്രോ നിരക്കുകളിലെ ഇളവുകൾക്കായുള്ള എസ്‌എഫ്‌ഐ ക്യാന്പയിൻ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്. ഡൽഹിയിലെ മെട്രോ സംവിധാനത്തിൽ‐ ലോകത്തിലെ ഏറ്റവും ചെലവേറിയതിലൊന്ന്‐ വിദ്യാർഥികൾക്ക് പ്രാപ്യമായ വിധത്തിൽ മാറ്റംവരുത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ (DUSU) എസ്‌എഫ്‌ഐ കാൻഡിഡേറ്റ് സെക്രട്ടറി സ്‌നേഹ ഈ പോരാട്ടത്തിന്റെ കാലദൈർഘ്യത്തെ എടുത്തുകാട്ടുകയുണ്ടായി. 2022ൽ ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ (DMRC), യാത്രാക്കൂലി നിശ്ചയിക്കുന്ന കമ്മിറ്റി വിദ്യാർഥികളുടെ ആവശ്യങ്ങൾ ചർച്ചചെയ്യാൻ തീരുമാനിച്ചിരുന്നു. 2023ൽ ഡൽഹിയിൽനിന്നുള്ള എസ്‌എഫ്‌ഐ പ്രതിനിധിസംഘം ഡൽഹി ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത് പ്രതീക്ഷയ്‌ക്ക് വകനൽകി. എന്നാൽ ഈ കൂടിക്കാഴ്‌ചകളും ഉറപ്പുകളുമൊന്നും കാര്യമായ ഫലമുണ്ടാക്കിയില്ല. ഇത് വിദ്യാർഥികളിൽ, തങ്ങളെ അവഗണിക്കുന്നതായുള്ള തോന്നലുളവാക്കി.
ജെഎൻയു വൈസ് പ്രസിഡന്റ് അവിജിത്ത്, വിദ്യാർഥികൾ തങ്ങളുടെ പോരാട്ടങ്ങളിൽ കാണിച്ച സ്‌ഥൈര്യത്തെ മെട്രോ ഇളവുമായി ബന്ധപ്പെട്ട സമരവുമായി ചേർത്ത് ഉദാഹരിച്ചു. അവിജിത്ത് പറയുന്നു, ‘‘ന്യായമായ കാര്യങ്ങളിൽ സഹകരിക്കാൻ തയ്യാറാണ്. എന്നാൽ പ്രതിനിധിസംഘത്തെ അയയ്‌ക്കാൻ പോലും ഞങ്ങളെ സർക്കാർ അനുവദിക്കില്ല. എന്നുവന്നാൽ ശരിയാവില്ല. ഒപ്പുവെച്ച 60000ത്തിലധികം വിദ്യാർഥികളുടെ ശബ്ദത്തിന് അർഥമില്ലെന്നാണോ സർക്കാർ നമ്മളോട് പയുന്നത്?’’ ഈ വികാരം വിപുലമായ ആശങ്കയെയാണ് പ്രതിധ്വനിപ്പിക്കുന്നത്. ഏറ്റവും അടിസ്ഥാനപരമായതും വിദ്യാർഥികേന്ദ്രിതവുമായ നയങ്ങൾക്കായി സമാധാനപരമായി ആവശ്യമുയർത്തുമ്പോൾ അതിനെ ഈ രീതിയിൽ അതിനെ തള്ളിക്കളയുന്നത്, യുവജനങ്ങളെയും വിദ്യാർഥികളെയും സർക്കാർ എത്രമാത്രം അവഗണിക്കുന്നുവെന്നല്ലേ കാണിക്കുന്നത്.
എങ്ങോട്ടും എവിടെയും എത്തിച്ചേരാൻ കഴിയുംവിധമുള്ള യാത്രാസൗകര്യങ്ങൾ, എല്ലാവരെയും ഉൾച്ചേർക്കുന്നതായ വിദ്യാഭ്യാസത്തിന്റെ അനിവാര്യഘടകങ്ങളാണെന്ന ആശയത്തിനാണ് എസ്‌എഫ്‌ഐ വേരൂന്നിയിട്ടുള്ളത്. താങ്ങാൻ കഴിയുംവിധത്തിലുള്ള പൊതുഗതാഗത സംവിധാനമില്ലാതെ, സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിൽനിന്നുള്ള വിദ്യാർഥികൾ വിദ്യാഭ്യാസം നേടുന്നതിൽ കൂടുതൽ തടസ്സം നേരിടുന്നു. ഡിയുഎസ്‌യുവിലെ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി അനാമിക ഈ വിഷയത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ‘‘ഡൽഹി മെട്രോ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ മെട്രോയായി വർഗീകരിക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ സർക്കാർ കേൾക്കാൻ വിസമ്മതിക്കുന്നത് ലജ്ജാകരമാണ്’’. കൺസഷൻ എന്ന ഡിമാന്റിന്റെ വിശാലമായ സാമൂഹ്യവിവക്ഷകളെ ഈ പ്രസ്‌താവന അടിവരയിടന്നുണ്ട്. മറ്റാരെയുംപോലെ, പ്രാപ്യമായ സഞ്ചാരമാർഗമെന്നത് നഗരസമൂഹത്തിന്റെ പ്രധാന വിഭാഗമായ വിദ്യാർഥികളെ പരിഗണിക്കുന്ന നയങ്ങളുടെ ആവശ്യകതയിലേക്കും വിരൽചൂണ്ടുന്നു.
പ്രതിഷേധക്കാർക്കെതിരെ നിർദയമായ നടപടികളുണ്ടായിട്ടും ഡൽഹിയിൽ എസ്‌എഫ്‌ഐ അചഞ്ചലമായിത്തന്നെ നിലകൊള്ളുകയാണ്. പൊലീസിന്റെ മർദനനടപടികളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ അവരുടെ ആവശ്യങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കുകയും അതിനായുള്ള ശ്രമങ്ങൾ കൂടുതൽ തീവ്രമാക്കുകയും ചെയ്യാനാണ് അവരുടെ തീരുമാനം. ‘‘ഇത് ഞങ്ങളുടെ ആവേശത്തെ കൂടുതൽ ഉറപ്പുള്ളതാക്കുകയും ഞങ്ങളെ കൂടുതൽ നിശ്ചയദാർഢ്യമുള്ളവരാക്കുകയും ചെയ്യും’’ എന്ന് പ്രഖ്യാപിക്കുന്ന എസ്‌എഫ്‌ഐ ഡൽഹി നേതാക്കൾ, സംഘടന ഇതിൽനിന്ന് പിന്തിരിയില്ലെന്ന സൂചനയും നൽകി.
ഈ പ്രതിഷേധത്തിന്റെ കാതൽ, പൊതുപശ്ചാത്തലസൗകര്യങ്ങളുടെ പങ്കിനെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത് പ്രാപ്യമാക്കുന്നതിനെയും സംബന്ധിച്ച അടിസ്ഥാന ചോദ്യമാണ്. ഉൾക്കൊള്ളലിലും ആധുനികതയിലും ഊറ്റംകൊള്ളുന്ന ഒരു നഗരത്തിൽ, ഉൾക്കൊള്ളലിനെ സംബന്ധിച്ച വാചാടോപങ്ങളും ഭൂരിപക്ഷം പൗരരുടെ പ്രത്യേകിച്ച് വിദ്യാർഥികളുടെ ജീവിത യാഥാർഥ്യങ്ങളും തമ്മിലുള്ള, വർധിച്ചുവരുന്ന വിടവിന്റെ അസ്വസ്ഥജനകമായ ഓർമപ്പെടുത്തലാണ് നിർമാൺ ഭവൻ സംഭവം. 60000 ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പിന് ഒരു യോഗം നടത്താനുള്ള അവകാശംപോലും നിഷേധിക്കപ്പെടുമ്പോൾ, അതിൽനിന്നും സന്ദേശം വ്യക്തമാകും‐ നിയന്ത്രണത്തിന്റെ മറവിൽ വിദ്യാർഥിക്ഷേമവും വളരെയെളുപ്പം ബലികഴിക്കപ്പെടും.
അതിനാൽതന്നെ ഇളവോടുകൂടിയ മെട്രോ പാസ് എന്ന, ഡൽഹി എസ്‌എഫ്‌ഐ പ്രചാരണം വിദ്യാർഥി ശാക്തീകരണത്തിന്റെയും വിദ്യാർഥി പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇന്നത്തെ വിദ്യാർഥികളുടേതു മാത്രമല്ല നാളെയുടെ സ്രഷ്ടാക്കളും കൂടിയായ യുവജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് സർക്കാരിനോടും പൗരസമൂഹത്തോടും ഒരുപോലെ ആഹ്വാനം ചെയ്യുന്നതാണ് നിർമാൺ ഭവനിലെ ഈ സംഭവങ്ങൾ. ശക്തമായ അടിച്ചമർത്തലുകളിലൂടെ ഈ തലമുറയെ നിശബ്ദമാക്കാൻ കഴിയുമെന്നാണ് അധികാരികൾ വിശ്വസിക്കുന്നതെങ്കിൽ, അത് വിദ്യാർഥികളുടെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് അവർ തിരിച്ചറിയുകതന്നെ ചെയ്യും. l