രാജ്യമൊട്ടുക്ക് ദീപാവലി ആഘോഷിക്കുമ്പോൾ മുംബൈയിലെ ബോറിവാലിയിൽ ബെസ്റ്റ് (Brihanmumbai Electronic Supply and Transport Undertaking) ജീവനക്കാർ പ്രതിഷേധസമരത്തിലായിരുന്നു. ദീപാവലി ബോണസ് വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഈ ട്രാൻസ്‌പോർട്ട് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. പ്രതിഷേധത്തിൽ മുംബൈയിലുടനീളം ഗതാഗതം സ്‌തംഭിച്ചു. മുംബൈയിലെ വലിയ ഡിപ്പോകളിലൊന്നായ മഗ്‌തനെ ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസ് നിർത്തിയതിനാൽ അത് മുംബൈയിലെ പൊതുഗതാഗതത്തെ സാരമായി ബാധിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ, പ്രത്യേകിച്ച് ബോറിവാലിക്ക് ചുറ്റുമുള്ള യാത്രക്കാരും ബുദ്ധിമുട്ടി. ദിനംപ്രതി യാത്രയ്‌ക്കായി ബസ് സർവീസുകളെ ആശ്രയിക്കുന്ന 30 ലക്ഷത്തിലേറെപ്പേരെ സമരം ബാധിച്ചു.
1970‐71 കാലം മുതൽ ബെസ്റ്റ് ജീവനക്കാർക്ക് ദീപാവലി ബോണസ് മുടങ്ങാതെ നൽകിവന്നിരുന്നതാണ്. ഇത്തവണ അത് മുടങ്ങുമെന്ന സ്ഥിതിയിലേക്കെത്തിയതിനും ബെസ്റ്റ് ജീവനക്കാർ നേരിടുന്ന പ്രതിസന്ധിക്കും കാരണമായത് എല്ലാ മേഖലയിലെന്നപോലെ ട്രാൻസ്‌പോർട്ട് മേഖലയിലും സ്വകാര്യവൽക്കരണം പിടിമുറിക്കിയതാണ്. ആംചി മുംബൈ, ആംചി ബെസ്റ്റ് ഫോറം തുടങ്ങി ചില ഗ്രൂപ്പുകൾ സ്വകാര്യവൽക്കരണ ശ്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയിരുന്നു. എല്ലാ പൗരർക്കും താങ്ങാവുന്നതും കാര്യക്ഷമമായതുമായ സേവനം ഉറപ്പാക്കാൻ പൊതു ഉടമസ്ഥതയിലുള്ള ഒരു സംരംഭമായി ബെസ്‌റ്റ് പ്രവർത്തിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
ബെസ്റ്റിൽ യാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് 5 രൂപയാണ്. വലിയൊരു വിഭാഗം സാധാരണക്കാർ ഈ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സേവനം നിലനിർത്തുന്നതിനും കൂടുതൽ വിപുലമാക്കുന്നതിനും സർക്കാരിന്റെ പിന്തുണ ആവശ്യമുണ്ട്. നിലവിൽ ബസുകളുടെ വിതരണം കരാറുകാർക്ക് നൽകിയിരിക്കുകയാണ്. പിന്നീടുള്ളത്. വാടക ബസ്സുകളാണ്. ഇതെല്ലാം കാരണം സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ട് നേരിടുകയാണ്. അതുകൊണ്ടാണ് ഈ മേഖലയിൽ പൊതു ഉടമസ്ഥതയും നിക്ഷേപവും വേണമെന്ന ആവശ്യം ഉയരുന്നത്. അതോടൊപ്പം ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. ബോണസിനും മറ്റാനുകൂല്യങ്ങൾക്കുമായി ജീവനക്കാർ നടത്തുന്ന സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. യൂണിയൻ നേതാക്കളും ജീവനക്കാരുമെല്ലാം ഘടനാപരമായ പരിഷ്‌കാരങ്ങൾ വേണമെന്നാണ് ആവശ്യപ്പെടുന്നത്. യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുക്കുക, ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുക, പശ്ചാത്തലസൗകര്യ വികസനം എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. മുംബൈ നഗരത്തിന്റെ ‘‘രണ്ടാം ലൈഫ്‌ലൈൻ’’ എന്നറിയപ്പെടുന്ന ബെസ്റ്റ് ഗതാഗതസംവിധാനം നിലനിൽക്കണമെങ്കിൽ പൊതുനിക്ഷേപത്തിന് സർക്കാർ മുൻഗണന നൽകണം. അതാണ് സമരക്കാർ ഉന്നയിക്കുന്ന ഏറ്റവും അനിവാര്യവും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുമായ ആവശ്യം. l