1961 ഏപ്രിൽ 12ന് യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാശത്ത് എത്തിയെന്നും ഭൂമിയെ പ്രദക്ഷിണം ചെയ്തുവെന്നും നമുക്കറിയാം. സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും അനന്തസാധ്യതകൾ ഒന്നുമില്ലാതിരുന്ന കാലത്ത് തന്നെ ഇത് സാധ്യമായത് എങ്ങനെയെന്ന് നാം ആലോചിച്ചിട്ടുണ്ടോ? കമ്മ്യൂണിസ്റ്റ് ഭരണത്തിനു കീഴിൽ, ശാസ്ത്രത്തിന്റെ വളർച്ചക്കൊപ്പം വളരെ സാധാരണക്കാരനായ മനുഷ്യന് ഏത് ഉന്നതിയിലേക്കും എത്തിച്ചേരാം എന്നത് കൂടിയാണ് ഈ സംഭവത്തെ സവിശേഷമാക്കുന്നത്.
‘ആദ്യത്തെ ബഹിരാകാശ സഞ്ചാരി മഹാനായ ലെനിന്റെ പാർട്ടിയിൽപെട്ട ഒരു സോവിയറ്റ് പൗരനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇത് യുദ്ധക്കൊതിയന്മാരായ ദുഷ്ടശക്തികൾക്കെതിരെ അധ്വാനവും ശാസ്ത്രവും നേടിയ വിജയമാണ്’ നക്ഷത്രങ്ങളിലേക്കുള്ള നടപ്പാത വെട്ടി തുറന്നുകൊണ്ട് യൂറി ഗഗാറിൽ മനുഷ്യരാശിക്ക് നൽകിയ സേവനത്തിന്റെ പേരിൽ ‘ഹീറോ ഓഫ് സോവിയറ്റ് യൂണിയൻ’ എന്ന ബഹുമതി നൽകിക്കൊണ്ട് പ്രധാനമന്ത്രി ക്രൂഷ്ച്ചേവ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഇങ്ങനെയാണ്.
‘ഹലോ ഭൂമി, ഇത് ബഹിരാകാശ സഞ്ചാരി ഗഗാറിനാണ്. ഞാൻ ഉപകരണങ്ങളെല്ലാം സൂക്ഷ്മമായി പരിശോധിച്ചു. എല്ലാം ക്രമമായ നിലയ്ക്കാണ്, ആർദ്രത 65%, താപനില 19 ഡിഗ്രി സെൽഷ്യസ്. എന്റെ ഹൃദയസ്പന്ദനം സാധാരണഗതിയിലാണ്. വാഹനത്തിൽ സുഖകരമായ അന്തരീക്ഷം. പുറപ്പെടാൻ തയ്യാർ’ – ബഹിരാകാശ പേടകത്തിൽ കയറിയിരുന്ന് യൂറി ഗഗാറിൻ നിയന്ത്രണകേന്ദ്രത്തിലേക്ക് വിളിച്ചു പറഞ്ഞു. ചൂളം വിളി പോലുള്ള ഒരു ശബ്ദവും അത്യുഗ്രമായ ഒരു ഗർജ്ജനവും യൂറിയുടെ കാതിൽ വന്നലച്ചു. റോക്കറ്റ് ലോഞ്ചിംഗ് പാഡിൽ നിന്നും സാവധാനം ഉയരാൻ തുടങ്ങി. വെള്ളിരേഖപോലെ നീണ്ടുകിടക്കുന്നത് സൈബീരിയയിലെ മഹാനദികളാണ്. ഭൂമിയിലെ നദികളും കാടുകളും ഒക്കെ വ്യക്തമായി കാണാം അതിമനോഹരമായ കാഴ്ച. ഗുരുത്വാകർഷണ ബലം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. -യൂറി ഭൂമിയിലേക്ക് ആദ്യ സന്ദേശമയച്ചു.
ഗുരുത്വാകർഷണബലം കുറയുകയും, ഭാരംകൊണ്ട് സീറ്റിൽനിന്ന് എണീക്കാനോ അനങ്ങാനോ സാധിക്കാത്ത ഒരു അവസ്ഥയിൽ നിന്നു മാറി, പഞ്ഞി തൂവലിനേക്കാൾ ഭാരം കുറഞ്ഞ ജീവിയായി മാറുന്നതായി യൂറിക്ക് തോന്നി. ഭൂഗുരുത്വത്തിന് വിധേയമായി ജീവിക്കുന്ന നമുക്ക് ഭാരരഹിതാവസ്ഥ പറഞ്ഞാൽ മനസ്സിലാവാത്ത വിധം അപരിചിതമായൊരു അനുഭവമാണ്. യാത്രക്കിടയിലെ എല്ലാ അനുഭവങ്ങളും ഉറക്കെ പറയണം എന്നാണ് ചട്ടം – വാഹനത്തിനകത്തുള്ള ഒരു ടേപ്പ് റെക്കോർഡർ ഇതെല്ലാം രേഖപ്പെടുത്തും. ആകാശത്തിന്റെ അനന്ത വിശാലതയിൽ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെ കണ്ടപ്പോൾ ഉഴുതുമറിച്ച വയലിൽ പുതുതായി വിതച്ച ഗോതമ്പുമണികളാണ് യൂറിക്ക് ഓർമ വന്നത്. ബഹിരാകാശത്തുനിന്ന് കാണുന്ന സൂര്യന് ഭൂമിയിൽനിന്ന് കാണുന്നതിനേക്കാൾ തീവ്രതയേറെയാണ്. ഭൂമി അതിന്റെ തനിരൂപത്തിൽ ആദ്യമായി കാണാൻ സാധിച്ചതും ഗഗാറിനാണ്. വോസ്റ്റോക്കിന്റെ വിക്ഷേപണം മുതൽ ഭൂമിയിൽ ഇറങ്ങുന്നത് വരെയുള്ള മുഴുവൻ പ്രവർത്തനങ്ങളും യൂറി വിജയകരമായി പൂർത്തീകരിച്ചു.
ബഹിരാകാശത്ത് പോകാൻ തനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ അത് മഹാനായ ലെനിന്റെ പാർട്ടിയിലെ ഒരു അംഗമെന്ന നിലയിൽ ആയിരിക്കണമെന്ന ആഗ്രഹം യൂറിക്ക് ഉണ്ടായിരുന്നു. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ താൻ ലെനിന്റെ പാർട്ടിയിലെ ഒരംഗമാണെന്ന് അഭിമാനപൂർവം സ്മരിക്കുന്നത് സോവിയറ്റ് പൗരന്റെ സ്വഭാവമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം ലഭിക്കണമെങ്കിൽ ഒരു നിശ്ചിതസമയം സ്ഥാനാർത്ഥി അംഗമായി പ്രവർത്തിക്കണം. ആർട്ടിക് പ്രദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് പാർട്ടി സ്ഥാനാർത്ഥി അംഗമായി പ്രവർത്തിച്ചിരുന്നതിനെക്കുറിച്ച് മേലുദ്യോഗസ്ഥനും ബന്ധപ്പെട്ട ഘടകത്തിലെ പാർട്ടി ഭാരവാഹിയും റിപ്പോർട്ട് അയച്ചിരുന്നു. ഔദ്യോഗിക ചുമതലകളും പാർട്ടി പ്രവർത്തനങ്ങളും ഒരുപോലെ നിർവഹിക്കാൻ ആത്മാർത്ഥതയും കഴിവുമുള്ള ചെറുപ്പക്കാരനാണ് യൂറി എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. പരിശോധനകൾക്കുശേഷം അംഗത്വ കാർഡ് നൽകിക്കൊണ്ട് പാർട്ടി സെക്രട്ടറി പറഞ്ഞു – ‘ഏത് പ്രതിസന്ധിയിലും സഖാവ് ലെനിൻ നമ്മെ പഠിപ്പിച്ചത് ഓർമ്മിച്ചു കൊണ്ട് പ്രവർത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ’. വീട്ടിൽ ചെന്നപ്പോൾ വാലിയയ്ക്കും, അവരുടെ അമ്മയ്ക്കും അഭിമാനപൂർവം തന്റെ പാർട്ടിക്കാർഡ് കാണിച്ചുകൊടുത്തു. ‘ഒരു കമ്മ്യൂണിസ്റ്റുകാരൻ കുറ്റമറ്റവനായിരിക്കണം. എന്തെങ്കിലും ഒരു ചെറിയ അഴുക്ക് പറ്റിയാൽ, സമൂഹം മുഴുവൻ ശ്രദ്ധിക്കും’, ഇക്കാര്യം മറക്കാതിരിക്കണമെന്ന് അമ്മ യൂറിയെ ഓർമ്മിപ്പിച്ചു. തന്റെ മകൻ ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരിക്കണമെന്ന് ആഗ്രഹിച്ച അച്ഛന് അന്നുതന്നെ വിവരം കാണിച്ചു യൂറി കത്തെഴുതുകയും ചെയ്തു.
വൈദ്യപരിശോധനകളുടെ എല്ലാ കടമ്പകളും യൂറി പതുക്കെ പതുക്കെ പൂർത്തീകരിച്ചു. എല്ലാ പരിശോധനകളും കഴിഞ്ഞതിനുശേഷം അവർ പറഞ്ഞു ‘സ്ട്രാസ്റ്റോസ്ഫിയർ നിങ്ങൾക്ക് ഒരു തടസ്സമാവില്ല.’ യൂറി ഇന്നേവരെ കേട്ടിട്ടുള്ളതിൽ ഏറ്റവും ആഹ്ലാദകരമായ സന്ദേശമായിരുന്നത്. ബഹിരാകാശയാത്രയിൽ അനുഭവിക്കേണ്ടിവരുന്ന ശാരീരിക മാനസിക അവസ്ഥകൾ മറികടക്കുന്നതിനുള്ള നിരവധി പരിശീലനത്തിലൂടെ യൂറിയും സംഘവും, ബഹിരാകാശ സമാനമായ സാഹചര്യങ്ങളിൽ പെരുമാറുന്നതിനുള്ള മെയ്‌വഴക്കം നേടിയെടുക്കുകയും ചെയ്തു. ലൈക്കയും പിന്നീട് നിരവധി ജീവജാലങ്ങളും ബഹിരാകാശ യാത്രയുടെ സാധ്യത പഠനങ്ങൾക്കായി സഹായിച്ചിട്ടുണ്ട്. ജീവജാലങ്ങളുടെമേൽ എന്തെന്ത് മാറ്റങ്ങളുണ്ടാക്കാൻ ബഹിരാകാശ യാത്രക്ക് കഴിയുമെന്നതിനെ കുറിച്ച് നാളിതുവരെ നേടിയ വിവരങ്ങളെല്ലാം മനുഷ്യന്റെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് വേഗത വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു.
കടലാസ് വിമാനങ്ങൾ ഉണ്ടാക്കി കളിച്ചിരുന്ന ഒരു കുട്ടി മനുഷ്യവംശത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച അനശ്വരനായ പോരാളിയായി മാറിയ കഥ നാമറിയണം. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച യൂറി നാസി ഭീകരതയുടെ യുദ്ധവെറികൾ കണ്ടവനാണ്. ‘രാത്രിപക്ഷികൾ’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന റഷ്യൻ പോർവിമാനങ്ങൾ കണ്ടാണ് വളർന്നത്. തൊഴിൽ വിദ്യാലയത്തിലേക്കും ടെക്നിക്കൽ സ്കൂളിലേക്കും യൂറിയുടെ പഠനം മാറിയപ്പോഴും ആകാശത്തുകൂടെ ഒരു വിമാനം പോകുന്നത് കണ്ടാൽ വിമാനത്തിൽ ഒന്ന് കയറണമെന്നും ഭാവിയിൽ ഒരു വൈമാനികനാവണമെന്നുമുള്ള ആഗ്രഹം അവന്റെയുള്ളിൽ തലപൊക്കും. തന്റെ ആഗ്രഹം നിരന്തരമായ ശ്രമത്തിലൂടെ നേടിയെടുത്ത ഒരു വിദ്യാർത്ഥി മനുഷ്യവംശത്തിന്റെ ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ആഗ്രഹം സഫലീകരിച്ച ചെറുപ്പക്കാരനായി മാറുകയായിരുന്നു. യൂറിയുടെ യാത്രയെക്കുറിച്ച് വളരെയേറെ ഉത്കണ്ഠയുണ്ടെങ്കിലും ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി ഭർത്താവ് തിരഞ്ഞെടുക്കപ്പെടുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഇടറുന്ന തൊണ്ടയോടെയാണെങ്കിലും വാലിയ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുകൊണ്ട് ഭാര്യയും ഭർത്താവും മക്കളുടെ കിടക്കയിൽ അധികനേരം സംസാരിച്ചിരുന്നു. ഉറങ്ങുന്നതിന് മുമ്പ് വാലിയ പറഞ്ഞു – ‘പൊയ്ക്കോളൂ എല്ലാം നന്നായി വരും’.
സഖാവ് യൂറി ഗഗാറിൻ മരപ്പണിക്കാരനായ പിതാവിന്റെയും ഡയറി ഫാം തൊഴിലാളി ആയിരുന്ന മാതാവിൻ്റെയും മകനായി നിർധന കുടുംബത്തിൽ ജനിച്ച യൂറി ഗഗാറിൻ 27ആം വയസിൽ, 1961 ഏപ്രിൽ 12ന് ബഹിരാകാശത്ത് കടന്നപ്പോൾ ഞെട്ടിയത് അമേരിക്കൻ സാമ്രാജ്യത്വവും ആനന്ദനൃത്തം ചവിട്ടിയത് സോവിയറ്റ് യൂണിയനൊപ്പം ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റുകാരുമാണ്. യൂറി ഗഗാറിന്റെ വിജയം സോവിയറ്റ് യൂണിയന്റെ വിജയമാണ്. സോവിയറ്റ് യൂണിയന്റെ വിജയം ലോകതൊഴിലാളി വര്‍ഗത്തിന്റെ വിജയമാണ് അതായിരുന്നു അധഃസ്ഥിത ജനകോടികളുടെ അന്നത്തെ വികാരം.
യൂറി ഗഗാറിൻ എന്ന കമ്മ്യൂണിസ്റ്റുകാരനായ ശാസ്ത്രജ്ഞനൊപ്പം സോവിയറ്റ് യൂണിയൻ നേടിയ മഹത്തായ നേട്ടം അതിന്റെ 72-ാം വാർഷികമാണിത്. ലോകമഹായുദ്ധം കഴിഞ്ഞ് 20വർഷത്തിനുള്ളിൽ ഒരു മനുഷ്യനെ ബഹിരാകാശത്തെത്തിച്ചു എന്നത് നിസ്സാര കാര്യമല്ല.
അദ്ധ്വാനം, ആത്മവിശ്വാസം അസാധ്യമായതിനോടുള്ള പ്രണയം – വിശ്വപൗരനായ യൂറി നമുക്ക് നൽകുന്ന പാഠങ്ങൾ എന്തെല്ലാമാണ്? ആറു പതിറ്റാണ്ടുകൾക്ക് മുൻപ് ശാസ്ത്രം മുന്നോട്ട് വെച്ച ചുവടിൽ നിന്നു നാം ഒരുപാട് മുന്നോട്ട് കുതിച്ചു. മുന്നോട്ട് തന്നെ സഞ്ചരിക്കാനും നമ്മുടെ കുട്ടികളെ അതിരുകളില്ലാത്ത സ്വപ്നം കാണുന്നവരാക്കി മാറ്റുന്നതിനും ‘യൂറിഗഗാറിൻ’ എന്ന പുസ്തകം സഹായിക്കും. ഈ അവധിക്കാലത്ത് കുട്ടികളോട് വായിക്കാൻ നിർദേശിക്കുന്ന ഏറ്റവും നല്ലൊരു പുസ്തകമായാണ് ഞാനിതിനെ പരിചയപ്പെടുത്തുന്നത്. അസാധ്യമായത് സാധ്യമാക്കാനുള്ള കരുത്ത് നേടാൻ യൂറിയുടെ ജീവിതകഥ നമ്മുടെ കുട്ടികളെ പ്രചോദിതമാക്കും. ♦