ഇക്വഡോറിൽ പ്രസിഡൻറ് ഗ്വില്ലേർമോ ലാസ്സോയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിന് ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ 88 പേർ അനുകൂലമായും 23 പേർ എതിരായും വോട്ട് ചെയ്തു; 5 പേർ വോട്ടെടുപ്പിൽ നിന്ന് മാറിനിന്നു. വലതുപക്ഷ യാഥാസ്ഥിതികവാദിയായ പ്രസിഡണ്ട് ലാസ്സോയ്ക്കെതിരായ ഇംപീച്ച്മെന്റ് വിചാരണ അടിയന്തരമായി തുടരുന്നതിനുവേണ്ടിയുള്ള പ്രമേയമാണ് ഇതിലൂടെ അംഗീകരിക്കപ്പെട്ടത്. പൊതുമേഖലാ ഓയിൽ ട്രാൻസ്പോർട്ടേഷൻ കമ്പനിയായ ഇക്വഡോറിയൻ ഓയിൽ ഫ്ലിറ്റും (Ecuadorian Oil Fleet, FLOPEC) സ്വകാര്യ കമ്പനിയായ ആമസോണാസ് ടാങ്കൾ പൂളും (Amazonas Tanker Pool) തമ്മിൽ ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട ഗവൺമെന്റ് ഫണ്ട് അപഹരിച്ചു എന്നതാണ് ലാസ്സോയ്ക്ക് മേലുള്ള ആരോപണം. കോൺഗ്രസ് അംഗം കൂടിയായ വിവിയാന വെലോസ് (Viviana Veloz) ആണ് പ്രമേയം നാഷണൽ അസംബ്ലിയിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷത്തെ ഇടതുപക്ഷ കൂട്ടായ്മയായ യൂണിയൻ ഫോർ ഹോപ്പിന്റെ (Union for Hope, UNES) മുൻനിര നേതാക്കളിൽ ഒരാളാണ് വിവിയാന വെലോസ്. ക്രൂഡ് ഓയിലിന്റെ കടത്തുമായി ബന്ധപ്പെട്ട് ഈ രണ്ട് കമ്പനികളും ചേർന്ന് പ്രതിവർഷം ഉത്പാദിപ്പിക്കുന്ന ഫണ്ടുകൾ അപഹരിച്ചതിന്റെയോ അഥവാ വ്യതിചലിപ്പിച്ചതിന്റെയോ തെളിവുകൾ ഉണ്ട് എന്ന് പ്രമേയത്തിൽ വിവിയാന വിശദമാക്കി. നിലവിൽ ഒളിവിലുള്ള കോർഡിനേറ്റിങ് കമ്പനി ഓഫ് പബ്ലിക് കമ്പനീസ് മുൻ പ്രസിഡന്റായിരുന്ന ഹെർണാൻ ലൂക്ക് ലേക്കാരോയുമായി (Hernan Luque Lecaro) ചേർന്ന് രാഷ്ട്ര തലവൻ രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നു എന്ന കാര്യം അറിഞ്ഞുകൊണ്ടുതന്നെ മൂന്നാം കക്ഷികൾക്ക് കരാറുകൾ തുടരുന്നതിന് അനുവദിച്ചു എന്ന് പ്രമേയത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. FLOPEC ൽ നടക്കുന്ന അഴിമതിയെക്കുറിച്ച് പ്രസിഡന്റ് ലാസ്സോയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്ന് പ്രമേയത്തിൽ പറയുന്നു. മറ്റൊരു പാർലമെന്റ് അംഗമായ ഗബ്രിയേല മൊളീന പറയുന്നത് ഇങ്ങനെ: “കരാറിലെ കുറ്റകരമായ ക്രമക്കേടുകൾ കണ്ടില്ല എന്ന് നടിക്കുകയും അതുവഴി രാജ്യത്തിന് കൂടുതൽ ദോഷം ചെയ്യുകയും ചെയ്ത രാഷ്ട്രതലവന്റെ രാഷ്ട്രീയ നിരുത്തരവാദിത്വമാണ് ഇതിൽ തെളിയുന്നത്”. ഗവൺമെൻറ് സ്ഥാപനമായ ഇക്വഡോറിയൻ ഓയിൽ ഫ്ലീറ്റിൽ (FLOPEC) നടക്കുന്ന അഴിമതിയെക്കുറിച്ച് ലാസ്സോയ്ക്ക് നല്ല വിധം അറിയാമായിരുന്നു എന്നും എന്നിട്ടും കരാർ നീട്ടിക്കൊടുക്കാൻ അനുവദിച്ചു എന്നും ഇത് കുറ്റകരമാണ് എന്നും മൊളീന പറയുന്നു.
എന്നാൽ, ഈ ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയാണ് ലാസ്സോ. ഈ കരാർ 2018 ൽ അന്ന് പ്രസിഡന്റായിരുന്ന ലെനിൻ മൊറേനയുടെ കാലത്ത് ഒപ്പുവെച്ചതാണെന്നും തന്റെ കാലത്ത് കംട്രോളർ ജനറലിന്റെ കാര്യാലയത്തിൽ നിന്ന് കിട്ടിയ നിർദ്ദേശം അനുസരിച്ച് ഈ കരാർ ലാഭകരമായ മാറ്റങ്ങൾ ഉണ്ടാക്കിയതുകൊണ്ടാണ് വീണ്ടും നീട്ടിക്കൊടുത്തത് എന്നുമാണ് ലാസ്സോ പറയുന്നത്. അതേസമയം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ മുന്നോട്ടുപോകുന്നത് എന്ന് ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്ത അസംബ്ലി അംഗങ്ങൾ ആവർത്തിച്ചുപറയുന്നു. ദശകങ്ങൾക്കുശേഷം ഇപ്പോൾ ഇക്വഡോറിൽ ഇതാദ്യമായാണ് പ്രസിഡന്റിനെതിരായി ഇംപീച്ച്മെന്റ് നടപടി കൈക്കൊള്ളുന്നത്. ഈ ഇംപീച്ച്മെന്റ് പ്രക്രിയയുടെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് ലസോയുടെ കൂട്ടാളികൾ മുന്നോട്ടുവരികയുണ്ടായി.
എന്തുതന്നെയായാലും വോട്ടെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും ഇംപീച്ച്മെന്റ് വിചാരണയ്ക്ക് അനുകൂലമായി വോട്ട് ചെയ്ത സാഹചര്യത്തിൽ യൂണിക്യാമറൽ പാർലമെന്റിന്റെ പ്രസിഡൻറ് ഇംപീച്ച്മെന്റ് പ്രക്രിയയ്ക്ക് തീയതി നിർദ്ദേശിക്കും; ഭരണപക്ഷവും പ്രതിപക്ഷവും അസംബ്ലിയുടെ പ്ലീനറിയിൽ തെളിവുകൾ മുന്നോട്ടുവയ്ക്കുകയും അതിനുശേഷം ലാസോയെ നീക്കം ചെയ്യുന്നതിനായി അന്തിമ വോട്ടെടുപ്പ് കോൺഗ്രസ് നടപ്പാക്കുകയും ചെയ്യും. പ്രസിഡന്റിനെ ഇംപീച്ച്മെന്റ് ചെയ്ത് നീക്കം ചെയ്യുന്നതിന് 137 അംഗ അസംബ്ലിയിൽ കുറഞ്ഞത് 92 പേരുടെയെങ്കിലും വോട്ട് ലഭിക്കണം. അതായത് മൂന്നിൽ രണ്ടിലധികം വോട്ട് ലഭിക്കണമെന്ന് അർത്ഥം. ഈ മാസം അവസാനത്തോടുകൂടി ഈ വോട്ടെടുപ്പ് നടക്കും. പാർലമെന്റിലെ യൂണിയൻ ഫോർ ഹോപ്പ്, യാഥാസ്ഥിതിക സോഷ്യൽ ക്രിസ്ത്യൻ പാർട്ടി, പച്ചകുട്ടിക്ക് പ്ലൂരിനാഷണൽ യൂണിറ്റി മൂവ്മെൻറ്, ഡെമോക്രാറ്റിക് ലെഫ്റ്റ്, പിന്നെ ചില സ്വതന്ത്രർ എന്നിവയിലെ നിയമനിർമ്മാതാക്കളാണ് ലാസ്സോയെ ഇംപീച്ച്മെന്റ് വിചാരണ ചെയ്യുന്നതിന് അനുകൂലമായി നിലകൊള്ളുന്നത്.
എന്നാൽ, ഇക്വഡോർ ഭരണഘടനപ്രകാരം ഇംപീച്ച്മെന്റ് പ്രക്രിയയുടെ ഏത് ഘട്ടത്തിലും ലാസോയ്ക്ക് അസംബ്ലി പിരിച്ചുവിടുകയും ആറുമാസത്തേക്ക് ഭരണഘടന കോടതിയുടെ നിയന്ത്രണത്തോടുകൂടി ഡിക്രിവഴി ഭരിക്കുകയും ആറുമാസത്തിനുശേഷം പുതിയ പ്രസിഡൻഷ്യൽ – ലെജിസ്ളേറ്റീവ് തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുകയും ചെയ്യാം. ഫിനാൻഷ്യൽ ടൈംസിന് കഴിഞ്ഞ മാസം നൽകിയ അഭിമുഖത്തിൽ തനിക്കെതിരായ ഇംപീച്ച്മെൻറ് നടപടി മുന്നോട്ടുപോവുകയാണെങ്കിൽ ഇത്തരത്തിൽ അസംബ്ലി പിരിച്ചുവിട്ടു കൊണ്ടുള്ള നടപടി കൈക്കൊള്ളുമെന്ന് ലാസ്സോ വ്യക്തമാക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ ഇക്വഡോറിലെ രാഷ്ട്രീയ – ഭരണ സംവിധാനത്തിന്റെ ഭാവി എന്തെന്ന് വരുംനാളുകളിൽ വ്യക്തമാകും. ♦