Wednesday, April 24, 2024

ad

Homeരാജ്യങ്ങളിലൂടെചിലിയിലെ ഭരണഘടന നിർമ്മാണ കൗൺസിലിൽ വലതുപക്ഷം എങ്ങനെ ഭൂരിപക്ഷം നേടി?

ചിലിയിലെ ഭരണഘടന നിർമ്മാണ കൗൺസിലിൽ വലതുപക്ഷം എങ്ങനെ ഭൂരിപക്ഷം നേടി?

ആര്യ ജിനദേവൻ

ചിലിയിൽ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടിയുള്ള ഭരണഘടനാ നിർമ്മാണ കൗൺസിലിലേക്ക് മെയ് 7, ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വലതുപക്ഷ ശക്തികൾ ഭൂരിപക്ഷം നേടി. ഭരണഘടനാ നിർമ്മാണ കൗൺസിലിലേക്ക് 50 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി നടത്തിയ വോട്ടെടുപ്പിൽ 12 ദശലക്ഷത്തിലധികം ചിലിയൻ പൗരർ വോട്ട് ചെയ്യുകയുമുണ്ടായി. ദൗർഭാഗ്യകരമെന്നു പറയട്ടെ, അഗസ്റ്റോ പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണകാലത്ത് രൂപംകൊടുത്തിട്ടുള്ള ചിലിയിൽ ഭരണഘടനയെ പൊളിച്ചെഴുതുന്നതിനു വേണ്ടിയുള്ള ഭരണഘടന നിർമ്മാണ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, തീവ്ര വലതുപക്ഷ ശക്തിയായ റിപ്പബ്ലിക്കൻ പാർട്ടി 23 സീറ്റും മധ്യ വലതുപക്ഷ ശക്തികളുടെ കൂട്ടായ്മയായ സേഫ് ചിലി 11 സീറ്റും നേടി; അങ്ങനെ ഭരണഘടന നിർമ്മാണ കൗൺസിലിൽ വലതുപക്ഷത്തിന് മൊത്തം 34 സീറ്റ്‌ നിലവിൽ ലഭിച്ചിരിക്കുന്നു. അതേസമയം ചിലിയിലെ ഇടതുപക്ഷ – മധ്യ ഇടതുപക്ഷ പാർട്ടികളുടെ സഖ്യമായ യൂണിറ്റി ഫോർ ചിലിക്ക് കരസ്ഥമാക്കാനായത് 16 സീറ്റുകളാണ്. തദ്ദേശീയ ജനതയ്ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റാണ് ഇനി ബാക്കിയുള്ളത്. സാമ്രാജ്യത്വ മുതലാളിത്തവും നവ ലിബറലിസവും ശക്തമായി ആധിപത്യം പുലർത്തിയിരുന്ന ഈ രാജ്യത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ‐മധ്യ ഇടതുപക്ഷ കൂട്ടുകെട്ട്‌ അധികാരത്തിൽ വന്നപ്പോൾ, കാലങ്ങളായി വലതുപക്ഷ സ്വേച്ഛാധിപത്യത്തിനു കീഴിൽ കിടന്ന ഒരു രാജ്യം മാറ്റത്തിലേക്കും ചൂഷണരഹിതമായ ഒരു വ്യവസ്ഥിതിയിലേക്കുമുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു എന്ന് വ്യാപകമായി വിലയിരുത്തപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു പുതിയ ഭരണഘടന എന്ന സമസ്യയുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് വലതുപക്ഷ ശക്തികൾ മുൻതൂക്കം നേടുന്നു എന്നത് വലിയൊരു ചോദ്യമായിരിക്കുകയാണ്.

 

ചിലിയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഈ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടുകൂടി പുതിയൊരു ഭരണഘടന തയ്യാറാക്കുന്നതിനെ പൂർണമായും എതിർത്തിരുന്ന യാഥാസ്ഥിതിക ശക്തികൾക്ക് ഭരണഘടനാ നിർമ്മാണ കൗൺസിലിൽ ഭൂരിപക്ഷം കൈവന്നിരിക്കുകയാണ്. അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ അമേരിക്കൻ പിന്തുണയോടുകൂടി നടപ്പാക്കിയ സൈനിക സ്വേച്ഛാധിപത്യകാലത്ത് രൂപപ്പെടുത്തിയ നിലവിലെ ഭരണഘടനയിൽ മാറ്റം വരുത്തേണ്ടതില്ല എന്ന് വാദിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭരണഘടന കൗൺസിലിൽ മൂന്നിലൊന്ന് സീറ്റാണ് ലഭിച്ചിരിക്കുന്നത്. അതായത്, പുതിയ ഭരണഘടന തയ്യാറാക്കുന്ന ഘട്ടത്തിൽ ഏതെങ്കിലും സാമൂഹിക പരിഷ്കാരങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ അതിനെ പൂർണമായി തള്ളിക്കളയാനും ചർച്ചകളിൽ അതിനെ വിലക്കാനുമുള്ള ശക്തി ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ട്. കൂടാതെ റിപ്പബ്ലിക്കൻ പാർട്ടിയും സേഫ് ചിലി സഖ്യവും കൂടിച്ചേർന്നാൽ 30 സീറ്റുകൾ അവർക്ക് സ്വന്തമായി ലഭിക്കും; ഇടതുപക്ഷവുമായി കൂടിയാലോചിക്കാതെതന്നെ ഏതു തീരുമാനവും നടപ്പാക്കുവാൻ അവർക്ക് സാധിക്കുകയും ചെയ്യും. അതേസമയം ഗബ്രിയേൽ ബോറിക് പ്രസിഡന്റ് ആയിട്ടുള്ള ചിലിയിലെ മധ്യ ഇടതുപക്ഷ ഗവൺമെന്റിന് പുതിയ ഭരണഘടനയിൽ ചെറിയ തോതിലുള്ള സ്വാധീനം മാത്രമേ ചെലുത്താൻ കഴിയുകയുള്ളൂ. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലപ്രഖ്യാപനം വന്നതിനെ തുടർന്ന് ഞായറാഴ്ച പ്രസിഡൻറ് ബോറിക് മുൻകാലത്ത് ചെയ്ത അതേ തെറ്റുകൾ വീണ്ടും ആവർത്തിക്കരുത് എന്ന് വലതുപക്ഷത്തോട്‌ ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയിൽ നിന്നും ഉടലെടുത്ത ഒരു ഭരണഘടനയ്ക്ക് മാത്രമേ സാമൂഹിക നിയമസാധുത ഉറപ്പാക്കുവാനും രാജ്യത്തിന്റെ സുസ്ഥിരത സാധ്യമാക്കുവാനും കഴിയുകയുള്ളൂ എന്നും അതാണ് നമ്മുടെ ജനങ്ങൾക്ക് വേണ്ടത് എന്നും പ്രസിഡൻറ് ബോറിക് കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ഗബ്രിയേൽ ബോറിക്

സ്വേച്ഛാധിപത്യകാലത്തെ ഭരണഘടനയ്ക്ക് പകരം പുതിയ ഭരണഘടന തയ്യാറാക്കണമെന്ന ആവശ്യം ആദ്യമായി ഉയർന്നുവന്നത് 2019 ഒക്ടോബറിൽ ചിലിയിൽ അസമത്വത്തിനെതിരായി നടന്ന പ്രക്ഷോഭത്തിലാണ്. പിന്നീട് ഒരു വർഷത്തിനുശേഷം 2020 ഒക്ടോബറിൽ നടന്ന ഒരു ഹിതപരിശോധനയിൽ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനെ ചിലയിലെ ജനത ശക്തമായി അനുകൂലിച്ചു. 2021 മെയിൽ ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിനുവേണ്ടി കോൺസ്റ്റിറ്റ്യൂഷൻ കൺവെൻഷൻ രൂപീകരിക്കുന്നതിനായി നടത്തിയ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ജനങ്ങൾ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ അങ്ങനെ തയ്യാറാക്കിയ നിർദിഷ്ട ഭരണഘടന 2022 സെപ്റ്റംബറിൽ ഹിതപരിശോധനയ്ക്ക് വിട്ടപ്പോൾ 62 ശതമാനം വോട്ടോടുകൂടി അതേ ജനങ്ങൾതന്നെ അതിനെ തള്ളിക്കളയുകയും ചെയ്‌തു. മുഖ്യധാര മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും യാഥാസ്ഥിതിക കക്ഷികൾ നടത്തിയ വലിയ രീതിയിലുള്ള തെറ്റിദ്ധരിപ്പിക്കലിന്റെയും വിഭാഗീയ പ്രചരണത്തിന്റെയും ഫലമായിട്ടായിരുന്നു അങ്ങനെ സംഭവിച്ചത്‌. ഈ നിർദിഷ്ട ഭരണഘടന പാസാക്കപ്പെട്ടിരുന്നു എങ്കിൽ അത് ലോകത്തിലെതന്നെ ഏറ്റവും പുരോഗമനാത്മകമായ ഭരണഘടനകളിൽ ഒന്നാകുമായിരുന്നു. എന്നാൽ അത്‌ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല എന്നതാണ്‌ സത്യം.
പിന്നീട് ജനുവരിയിൽ ഭരണഘടന പുതുതായി തയ്യാറാക്കാനായി വീണ്ടുമൊരു ഭരണഘടന നിർമാണപ്രക്രിയയിലേക്ക് കടക്കുവാനുള്ള ബില്ല് ചിലിയൻ കോൺഗ്രസും പ്രസിഡണ്ടും ഒപ്പുവച്ചു. അതുപ്രകാരമാണ് പുതിയ ഭരണഘടന കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ വലതുപക്ഷം ആധിപത്യം നേടിയിരിക്കുന്നു. പുതിയ ഭരണഘടന നിർമ്മാണ കൗൺസിലിൽ വലതുപക്ഷത്തിന്റെ തീരുമാനങ്ങൾക്കാവും മുൻതൂക്കം. ഈ വർഷം അവസാനം ഡിസംബർ 17ന്, ഇങ്ങനെ തയ്യാറാക്കുന്ന ഭരണഘടന അംഗീകരിക്കുന്നതിനുവേണ്ടി വീണ്ടുമൊരു ഹിതപരിശോധന നടത്തുമെന്നും നേരത്തെതന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്.

ഇന്റർനാഷണൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയ യൂണിവേഴ്സിറ്റി ഓഫ് ചിലിയിലെ സോഷ്യോളജിസ്റ്റ് കൂടിയായ ക്യാമിലോ ഗൊദോയ് ഭരണഘടന കൗൺസിലിലേക്കുള്ള വലതുപക്ഷത്തിന്റെ ഈ വിജയത്തെ സംബന്ധിച്ച് പറഞ്ഞത്, “ഇത് ചിലിയൻ സമൂഹത്തിന്റെ അപരാഷ്ട്രീയവത്കരണത്തിന്റെ അല്ല മറിച്ച് അപപ്രത്യയശാസ്ത്രവത്കരണത്തിന്റെ ഫലമാണ്” എന്നാണ്. രാഷ്ട്രീയ താൽപര്യങ്ങളിൽ സ്ഥിരമായ ചാഞ്ചാട്ട സ്വഭാവം ഉണ്ടാവുന്ന ഈ ഒരു അപപ്രത്യയശാസ്ത്രവത്കരണ പ്രക്രിയ നിലവിലെ നവലിബറൽ വ്യവസ്ഥിതിയുടെ പ്രോത്സാഹനത്തോടുകൂടി ചിലിയിൽ ഏതാനും വർഷങ്ങളായി നടന്നുവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടുകളിലുള്ള ചിലിയൻ ജനതയുടെ ഈ ചാഞ്ചാട്ടസ്വഭാവമാണ് മിഷേൽ ബാഷ്ലെയെയും സെബാസ്റ്റ്യൻ പിനേറയെയും ഗബ്രിയേൽ ബോറിക്കിനെയും കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ അധികാരത്തിലേറ്റിയത് എന്നും ഗൊദോയ് പറഞ്ഞുവയ്ക്കുന്നു. 2019ൽ നടന്ന സാമൂഹ്യ പ്രക്ഷോഭത്തിന്റെ സ്വഭാവത്തെ തെറ്റായി വിലയിരുത്തിയതും ഇതിനൊരു കാരണമാകാം എന്നും അദ്ദേഹം പറയുന്നു. 2019ൽ നടന്ന ഈ പ്രക്ഷോഭത്തെ മുതലാളിത്തത്തിന് എതിരായ പ്രക്ഷോഭമായി പലരും വ്യാഖ്യാനിക്കുകയുണ്ടായി. എന്നാൽ ഗൊദോയ് പറയുന്നത്, ഈ പ്രക്ഷോഭത്തെ ഒരു മുതലാളിത്തവിരുദ്ധ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വായിക്കുന്നതിനപ്പുറം, സമൂഹത്തിലെ ദുരാചാരങ്ങൾക്കും അനീതികൾക്കും എതിരായ ശുദ്ധീകരണ മനോഭാവം പുലർത്തിയിരുന്ന ഒരു വിഭാഗം ജനങ്ങൾ ഇതിൽ ഉണ്ടായിരുന്നു എന്നും അത്തരത്തിൽ ഏതാനും ചില സാമൂഹികമായ പ്രശ്നങ്ങളോടുള്ള എതിർപ്പ് ആയിരുന്നു ഈ പ്രക്ഷോഭത്തിന്റെ കാതൽ എന്ന നിലയിലും ഇതിനെ വിലയിരുത്തേണ്ടതുണ്ട് എന്നാണ്. ആ അർത്ഥത്തിൽ ഈ പ്രക്ഷോഭം പ്രത്യയശാസ്ത്രപരമായ മുന്നേറ്റമോ അല്ലെങ്കിൽ രാഷ്ട്രീയമായ മുന്നേറ്റമോ ആയിരുന്നില്ല; മറ്റു വാക്കുകളിൽ പറഞ്ഞാൽ, തെരുവുകളിലേക്ക് ഇറങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചത്.

മുതലാളിത്ത വ്യവസ്ഥിതിയിലെ അനീതിയാണ് അതേസമയം വലതുപക്ഷത്തിനെതിരായി സമൂഹത്തിന്റെ രാഷ്ട്രീയ ബോധത്തിലും പ്രത്യയശാസ്ത്രത്തിലും ഒരു മാറ്റം പ്രക്ഷോഭം ഉയർത്തിയിരുന്നതുമില്ല എന്നതാണ്. നിലവിൽ ഗബ്രിയേൽ ബോറിക്കിന്റെ മധ്യ ഇടതുപക്ഷ ഗവൺമെന്റെ് ദുർബല വിഭാഗങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കുന്നതിനുള്ള സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്; ഉദാഹരണത്തിന്, മിനിമം കൂലിയിൽ വർദ്ധനവ് വരുത്തുകയും പൊതു ആരോഗ്യ സംവിധാനം വിപുലീകരിക്കുകയും പോലെയുള്ള പ്രവർത്തനങ്ങൾ ബോറിക് ഗവൺമെൻറ് നടപ്പാക്കി. എന്നാൽ ഇത് നിലവിൽ തങ്ങൾ ജീവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാതൃകയെ മാറ്റുവാനും പരിവർത്തനം വരുത്തുവാനും ജനങ്ങൾ തയ്യാറാകാതിരിക്കുന്നതിനും ഇത്തരം ചില്ലറ മാറ്റങ്ങൾകൊണ്ട്‌ തൃപ്‌തിപ്പെടാനും ഒരുവിഭാഗം ജനങ്ങളെ പ്രേരിപ്പിച്ചു. അതായിരിക്കണം പിനേഷെ കാലത്തെ ഭരണഘടന മാറ്റി പുതിയ ഭരണഘടന വേണമെന്ന്‌ 2020 ഒക്ടോബറിൽ ഹിതപരിശോധനയിൽ വിധിയെഴുതിയ ജനം തന്നെ ഭരണഘടന മാറ്റിയെഴുതുന്നതിനെ നഖശിഖാന്തം എതിർത്ത തീവ്രവലതുപക്ഷത്തെ ഇപ്പോൾ ഭരണഘടനാ കൗൺസിലിലേക്ക്‌ തിരഞ്ഞെടുക്കാൻ കാരണമായ ഒരു ഘടകം. മറ്റൊന്ന്‌ ഇടതുപക്ഷ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട പുരോഗമനപരമായ ചില വ്യവസ്ഥകളെങ്കിലും ഉൾക്കൊള്ളാനുള്ള രാഷ്ട്രീയ ബോധത്തിലേക്ക് ഭൂരിപക്ഷം എത്തിയിരുന്നില്ല എന്നതാണ്. അതുകൊണ്ടായിരിക്കണം 2021ലെ ഭരണഘടനാ നിർമാണസമിതി തയ്യാറാക്കിയ ഭരണഘടനയ്‌ക്ക്‌ അംഗീകാരം ലഭിക്കാത്തതും.

മാധ്യമങ്ങളെ മാത്രമല്ല, മറിച്ച് സ്വേച്ഛാധിപത്യ കാലത്ത് സ്വകാര്യവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗം കമ്പനികളെയുംകൂടി കേന്ദ്രീകരിച്ച്, അതായത് സാമ്പത്തിക മേഖലയെയും കൂടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിലിയിലെ വലതുപക്ഷം ലാറ്റിനമേരിക്കയിലെ വലതുപക്ഷ ശക്തികളിൽ ഏറ്റവും കരുത്തുറ്റതും ഏറ്റവും അക്രമോത്സുകവുമായ ഒന്നാണെന്നതാണ് യാഥാർഥ്യം. ചിലിയൻ ജനത ഇപ്പോഴും ശരിയായ ദിശയിൽ പ്രത്യയശാസ്ത്രവത്കരിക്കപ്പെട്ടിട്ടില്ല എന്നും തങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ അവർ മാറ്റം ആഗ്രഹിക്കുകയും അത്തരം പ്രശ്നങ്ങളിൽ ചെറിയൊരു ആശ്വാസം ലഭിച്ചു കഴിഞ്ഞാൽ തുടർന്ന്‌ ആ രാഷ്ട്രീയ നിലപാട് മുന്നോട്ടു കൊണ്ടു പോകാതിരിക്കുകയും ചെയ്യുന്ന സമൂഹമായി അത് മാറിയിരിക്കുകയാണ്‌. ഇത് വർഷങ്ങളായി അവിടെ നടന്നുകൊണ്ടിരിക്കുന്ന അപപ്രത്യയശാസ്ത്രവത്കരണത്തിന്റെ ഭാഗമാണെന്നും കാണണം. ഭരണഘടന നിർമ്മാണ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വലതുപക്ഷം ആധിപത്യം നേടിയതിനെ ഈ അടിസ്ഥാനത്തിലും വിലയിരുത്താവുന്നതുമാണ്‌.

എങ്കിലും ഇത് പരാജയപ്പെട്ടു പിന്മാറേണ്ട അവസരം അല്ല. ഈയൊരു സ്ഥിതി സ്ഥിരമായി തുടരുകയില്ല എന്നും കഴിഞ്ഞ കുറച്ചു ദശകങ്ങളായി ഈ രാജ്യം പ്രത്യയശാസ്ത്രപരമായി വലിയ രീതിയിൽ ചാഞ്ചാട്ട സ്വഭാവം പുലർത്തുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും ആ ചാഞ്ചാട്ടസ്വഭാവത്തിന്റെ ഗുണം ഇടതുപക്ഷത്തിനു നേടാൻ ആവുമെന്നും അതിന് സൂക്ഷ്മ വിഷയങ്ങളെ സ്ഥൂല വിഷയങ്ങളുമായി ബന്ധപ്പെടുത്തണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌. അതായത് പരിവർത്തനത്തിന്റേതായ അജൻഡ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇടതുപക്ഷം പുനർരൂപകൽപ്പന ചെയ്യുകയും പുനസംഘടിപ്പിക്കപ്പെടുകയും ചെയ്യേണ്ട സമയമാണിത്; നിലവിലെ മാതൃക മാറ്റിമറിക്കുവാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗവും അത്തരത്തിൽ വലിയൊരു രീതിയിലുള്ള മാറ്റങ്ങളൊന്നും വരുത്താതെതന്നെ മെച്ചപ്പെട്ട ജീവിതം പുലർത്താൻ ആഗ്രഹിക്കുന്ന ഒരു വിഭാഗവും ചിലിയൻ ജനതയിലുണ്ട്. ഈ രണ്ടു വിഭാഗത്തെയും നമുക്ക് കാണാനാകണം. പക്ഷേ ദുർബലമായ നേതൃത്വം ആണ് അഥവാ നിലവിലെ വ്യവസ്ഥ തുടർന്നാൽ മതിയെന്ന് തോന്നിപ്പിക്കുന്ന നേതൃത്വമാണ് ഉള്ളതെങ്കിൽ തീർച്ചയായും അത് വലതുപക്ഷ ശക്തികളെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും. ഇതിനെതിരെ ജാഗ്രത പുലർത്തിയില്ലെങ്കിൽ ചിലിയിൽ ജനാധിപത്യം തന്നെ അപകടത്തിലാവുമെന്നാണ്‌ ചിലിയൻ കമ്യൂണിസ്റ്റ്‌ പാർട്ടി വിലയിരുത്തുന്നത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 5 =

Most Popular