Friday, March 29, 2024

ad

Homeപുസ്തകം‘ഹല്ലാ ബോൽ’ എന്ന വിപ്ലവഗീതം

‘ഹല്ലാ ബോൽ’ എന്ന വിപ്ലവഗീതം

ആർ എൽ ജീവൻലാൽ

ഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും അതിസൂക്ഷ്മമായി പകർത്തപ്പെട്ടിട്ടുള്ള മനോഹരമായൊരു ക്യാൻവാസാണ് ചിന്താ പബ്ലിഷേഴ്‌സ്‌ ഇറക്കിയ ‘ഹല്ലാബോൽ’ എന്ന പുസ്തകം. അതൊരു വിപ്ലവഗീതം കൂടിയാണ്. പ്രതിഭയും വ്യുൽപ്പത്തിയും അഭ്യാസവും ഒത്തിണങ്ങിയ സുധൻവാദേശ്പാണ്ഡെ രചിച്ച വിപ്ലവഗീതം. ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിലേക്കുള്ള ഒരു വ്യക്തിയുടെ ജീവിതാരോഹണങ്ങളെ കോർത്തിണക്കിയാണ് സാധാരണ ഓർമ്മക്കുറിപ്പുകൾ രചിക്കപ്പെടുക. എന്നാൽ മരണത്തിൽ തുടങ്ങി അതിനെ ചൂഴ്ന്നുനിൽക്കുന്ന പ്രശ്നപരിസരങ്ങളിൽ അവസാനിക്കുന്ന അനസ്യൂതമായ ആഖ്യാനശൈലിയാണ് ഈ പുസ്തകത്തെ മറ്റ്‌ ഓർമ്മക്കുറിപ്പുകളിൽനിന്നും വേറിട്ടുനിർത്തുന്നത്. സ്വകാര്യമായ ഓർമ്മക്കുറിപ്പ് മാത്രമല്ല ഹല്ലാ ബോൽ, നാടകവേദിയുടെ ചരിത്രവും കമ്മ്യൂണിസ്റ്റ് സംഘാടനത്തെ സംബന്ധിച്ച പ്രമേയവും ഉൾക്കൊണ്ടതാണത്‌. അതിനാൽ സ്വന്തം അറിവുകൾക്കപ്പുറം സുധൻവാ നിരവധി സുഹൃത്തുക്കളുടെയും സഖാക്കളുടെയും അഭിപ്രായങ്ങളും അറിവുകളും വേണ്ടവിധം ഈ പുസ്തകത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. ആദിത്യനിഗം, ബ്രിജേന്ദർ സിങ്, ബ്രിജേഷ്, ബ്രിജേഷ് സിങ്, ബൃന്ദ കാരാട്ട്, ജോഗേന്ദ്ര ശർമ്മ, ജോഗി തുടങ്ങി നിരവധിയാളുകൾ ഈ പുസ്തകത്തിനുവേണ്ടി സഹകരിച്ചവരാണ്. സഫ്ദർ ഹാഷ്മിയെന്ന വിപ്ലവ നക്ഷത്രത്തെ ലോകം അറിയണമെന്ന് തീവ്രമായി അവരും ആഗ്രഹിച്ചിരിക്കണം.

ആരായിരുന്നു സഫ്ദർ ഹാഷ്മി? സഖാവ്, കലാകാരൻ, കവി, എഴുത്തുകാരൻ, നടൻ, ആക്ടിവിസ്റ്റ് തുടങ്ങി നിരവധി ഇഷ്ടവേഷങ്ങൾ നെഞ്ചേറ്റിയവൻ. അതിലുപരി സർവ്വരാലും സ്നേഹിക്കപ്പെടുന്ന ഒരു മനുഷ്യൻ. സർവ്വരാലും സ്നേഹിക്കപ്പെടുക എന്നത് ഏറ്റവും മഹത്തരമാകുന്നത് മനുഷ്യവൈവിധ്യത്തിന്റെ സവിശേഷതകൾ കൊണ്ടാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മനസ്സിൽ അംഗീകരിക്കപ്പെടുന്നതോടെയാണ് സ്നേഹിക്കപ്പെടാൻ തുടങ്ങുക. അംഗീകാരമെന്നത് നിസ്സാരമല്ല. മനുഷ്യമനസ്സിന്റെ വ്യതിരിക്തത ചിലപ്പോഴെല്ലാം അംഗീകാരത്തിന് വിലങ്ങുതടി സൃഷ്ടിക്കുന്നത് എല്ലാ കാലത്തിന്റെയും പ്രത്യേകതയാണ്. അവിടെയാണ് 1989 ന്റെ സഞ്ചാരപാതയിൽ സഫ്ദർ ഹാഷ്മി എല്ലാ മനുഷ്യരാലും സ്നേഹിക്കപ്പെടുന്നത്. സുധൻവാ സഫ്ദറിന്റെ ചരിത്രകാരനാകുന്നത്. നീൽ ചൗധരിയുടെ വാക്കുകൾ കടമെടുക്കുന്നു, “സഫ്ദർ ഹാഷ്മിയെക്കുറിച്ച് അറിയാതെ വളരുന്ന തലമുറയ്ക്ക് ഹല്ലാ ബോൽ ഒരു അമൂല്യനിധിയാണ്. കഥകളും അദ്ദേഹത്തിന്റെ കഷ്ടാനുഭവങ്ങളും നർമ്മവും മനുഷ്യത്വവും തുറന്നുകാട്ടുന്ന സത്യസന്ധമായ ഛായാചിത്രം”.

സുധൻവയും സഫ്ദറും തമ്മിൽ പതിനാല് വയസ്സിനാണ് വ്യത്യാസം. ആശയരഞ്ജിപ്പിനാലും ആത്മബന്ധത്താലും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നവർ. പലവിധ മൂല്യങ്ങൾക്കുവേണ്ടി പോരാടുന്ന സമൂഹത്തിന് ആത്മവിശ്വാസം നൽകാൻ തിയറ്ററിന് സാധിക്കും എന്ന അടിയുറച്ച വിശ്വാസത്തിലാണ് ‘ജനനാട്യമഞ്ച്’ എന്ന തിയറ്റർ സംഘടന 1973ൽ രൂപീകരിക്കുന്നത്. ‘ഇപ്റ്റ’ (IPTA) പ്രവർത്തനരഹിതമായിടത്ത് ‘ജന’ത്തിന് സാധ്യതയേറി. സഫ്ദർ, സുഭാഷ്ത്യാഗി, കാജൽദാസ്, രാകേഷ് സക്സേന, ഉദയ് ചാറ്റർജി, രതിൻ ദാസ്, കാജൽഘോഷ്, ഹെഹ്ലാ ഹാഷ്മി, സുധൻവാ എന്നിവർ ജനനാട്യമഞ്ചിന്റെ സ്ഥാപകാംഗങ്ങളായി. മരണത്തിനപ്പുറം, ഭാരത ഭാഗ്യവിധാതാ, ബക്രി തുടങ്ങിയ നാടകങ്ങൾ ‘ജന’ത്തിന്റെ അടയാളപ്പെടുത്തലുകളാണ്.

ഉറച്ച രാഷ്ട്രീയ പ്രതിബദ്ധതയുള്ള കലാകൂട്ടായ്മയുടെ വരവറിയിച്ച പ്രഖ്യാപനം കൂടിയായിരുന്നു ഈ നാടകങ്ങൾ. പരമ്പരാഗത പ്രൊസീനിയം നാടകങ്ങളിൽ നിന്നു വ്യത്യസ്തമായി തെരുവുനാടകത്തിന്റെ അവതരണരീതിയാണ് ‘ജനം’ ഏറ്റെടുത്തത്. ശബ്ദമുഖരിതവും വർണ്ണശബളവും തമാശ നിറഞ്ഞതുമായ അന്തരീക്ഷം സൃഷ്ടിച്ചെടുത്ത് ഒരു വിഷയത്തെ വ്യക്തമാക്കുന്ന രീതിക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിലപാടറിയിക്കാനാണ് ‘ജനം’ ശ്രമിച്ചത്. തെരുവുനാടകത്തെപ്പറ്റി സഫ്ദറിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. “തെരുവുനാടകമെന്നാൽ ഡോക്യുമെന്ററിയും സംക്ഷിപ്തവും ഞെട്ടിക്കുന്നതുമാണെങ്കിലും അത്‌ സുപരിചിതവും വികാരപരവും യുക്തിപൂർവ്വകവുമാണ്. ആയതിനാൽ അത് നിലനിൽക്കും”. 1975ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് തികഞ്ഞൊരു തിയേറ്റർ സംഘമായി പ്രവർത്തിക്കാനാണ് ‘ജനം’ തീരുമാനിച്ചത്. സാംസ്കാരികമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളിവർഗ്ഗത്തിനും കർഷകർക്കുംവേണ്ടി പ്രവർത്തിക്കാനുള്ള ഏറ്റവും നല്ല അവസരമായി ‘ജനം’ അതിനെ കണ്ടു. സഫ്ദറിന്റെ പങ്കാളിയായി മാല മൊളോയശ്രിയും വന്നതോടെ പ്രവർത്തനങ്ങൾക്ക് പതിന്മടങ്ങ് ഊർജ്ജം വർദ്ധിച്ചു. മാലയുടെ ‘ചാമേലിജാൻ’ അവതരണം ലൈംഗികതയെ സംബന്ധിച്ച ബൂർഷ്വാസദാചാരത്തിനു നേരെയുള്ള പരിഹാസവും സാധാരണക്കാരുടെ കാപട്യവും വിളിച്ചറിയിക്കുന്നതായിരുന്നു. സുധൻവ മാലക്ക് ഏറ്റവും ബഹുമാന്യസ്ഥാനമാണ് മനസ്സിൽ കരുതിയിരുന്നതെന്ന് പുസ്തകത്തിലെ ഒന്നിലേറെ അദ്ധ്യായങ്ങളിൽ നിന്ന് വ്യക്തമാണ്. ആത്മസുഹൃത്ത്, ചങ്ങാതി, സഖാവ്, നേതാവ്, സുധൻവായ്‌ക്ക് വെളിച്ചം പകരുന്ന വഴികാട്ടി എന്നിങ്ങനെ വിശേഷണങ്ങൾക്കതീതയായ മാലയ്ക്കാണ് അദ്ദേഹം ‘ഹല്ലാബോൽ’എന്ന കൃതി സമർപ്പിച്ചിരിക്കുന്നത്. നടപ്പുവ്യവസ്ഥിതികളെ ചോദ്യം ചെയ്തുകൊണ്ടാണ് ‘ഹല്ലാ ബോൽ’ എന്ന നാടകം ‘ജനം’ അവതരിപ്പിച്ചത്. ‘ഹല്ലാബോൽ’ എന്ന വാക്കിനർത്ഥം ‘ഉറക്കെ ശബ്ദമുയർത്തുക’ എന്നതാണ്. ഝണ്ഡാപ്പൂരിൽ സി.ഐ.ടി.യു.ഓഫീസിനുസമീപം നാടകം കളിക്കുന്നതിനിടയിൽ മുകേഷ് ശർമ്മയെന്ന നരാധമനാലാണ് സഫ്ദർ കൊല്ലപ്പെടുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇരുപത് തവണയെങ്കിലും തലയ്ക്കടി കൊണ്ടിട്ടാകും മരിച്ചതെന്ന് പറയുന്നുണ്ട്. നെറ്റിയിലും തലയോട്ടിയിലും മാരകമായ മുറിവുകളുണ്ടായിരുന്നതായും പറയുന്നു. പതിനയ്യായിരത്തിലധികം ജനങ്ങൾ സഫ്ദറിനെ കാണാൻ ഒഴുകിയെത്തി. നിരവധി പ്രതിപക്ഷ പ്രമുഖരും പ്രധാനമന്ത്രിയായ വി.പി. സിങും സഫ്ദറിന് ഉപചാരങ്ങൾ അർപ്പിച്ചു. മാലയാണ് സഫ്ദറിന്റെ സൗഹൃദസംഘത്തിന് കരുത്തേകിയത്. മാലയുടെ നിർദ്ദേശപ്രകാരം സഫ്ദറിന്റെ മരണം കഴിഞ്ഞ് നാൽപ്പത്തിയെട്ട് മണിക്കൂറിനകം പാതിയിൽ അവസാനിപ്പിച്ച നാടകം ഝണ്ഡാപ്പൂരിൽ വീണ്ടും അവതരിപ്പിച്ചു. ചരിത്രമുഹൂർത്തമായിരുന്നു അത്. മാലയ്ക്കല്ലാതെ മറ്റാർക്കാണ് സുധൻവ ഈ പുസ്തകം സമർപ്പിക്കുക? അസ്ഥിരമായിരുന്ന തൊഴിൽ നിയമനവും തൊഴിൽശാലകളിലും ചേരികളിലും കുടിലുകളിലും തൊഴിലാളികൾ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും 16 മണിക്കൂറുള്ള ജോലിഭാരവും മുറിവുകളും അപകടമരണങ്ങളുമെല്ലാംകൊണ്ട് ഡൽഹിയിൽ തൊഴിലാളികൾ പൊറുതിമുട്ടിയിരുന്നു. ഇതിൽനിന്നുള്ള മോചനം അവർ ആഗ്രഹിച്ചതിന്റെ ഫലമായാണ് തൊഴിലാളികളെ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. തൊഴിലാളികളുടെ മനസ്സ് ഉൾക്കൊണ്ടിട്ടാണ് സഫ്ദർ ‘ഹല്ലാ ബോൽ’ എഴുതിയത്. തൊഴിലാളികളുടെ എക്കാലത്തെയും പ്രശ്നങ്ങളെ നാടകം കൈകാര്യം ചെയ്തു. ഒരു തൊഴിലാളിവർഗ്ഗ കേന്ദ്രത്തിൽ സ്വന്തം തിയേറ്റർ രൂപീകരിക്കണമെന്നത് സഫ്ദറിന്റെ സ്വപ്നമായിരുന്നു. ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമായിരുന്ന സഫ്ദർ ഹാഷ്മി എന്ന ചെറുപ്പക്കാരന്റെ രാഷ്ട്രീയ കൊലപാതകം അവസാനത്തേതല്ല. പൻസാരെ, ധബോൽകർ, കൽബുർഗി, ഗൗരി എന്നിവരെല്ലാം കൊല്ലപ്പെട്ടത് ശബ്ദമുയർത്തിയതുകൊണ്ടുമാത്രമാണ്. ഇവരെയെല്ലാം നിശബ്ദമാക്കിയെന്ന് കൊലചെയ്തവർ കരുതുന്നുണ്ടാകുമോ? എന്ത് വിഡ്ഢിപ്പരിഷകളായിരിക്കുമവർ. ആയിരമായിരം കണ്ഠങ്ങളിൽ ആ വിപ്ലവനാദങ്ങൾ പുനർജനിച്ച് കൊണ്ടേയിരിക്കും. “നിന്റെ പേരും നിന്റെ പ്രവൃത്തികളും ജനങ്ങളോട് നീ കാണിച്ച പ്രതിബദ്ധതയും ഒരിക്കലും വിസ്മൃതിയിലേക്ക് മറയപ്പെടില്ല. അന്ന് നീ കാണിച്ച നിർഭയത്വവും ഇന്ന് ഒരുപാട് കരങ്ങൾക്ക് ബലമേകുന്നു. നിന്റെ സ്നേഹത്താൽ ആവരണം ചെയ്യപ്പെടുന്നതുകൊണ്ട് ഇപ്പോഴും എപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷ കൈവിടാനാകില്ല. നിന്റെ ഭൗതിക സാന്നിധ്യം ഞങ്ങളിൽ നിന്നകന്നെങ്കിലും നിന്റെ തമാശകളും പാട്ടുകളും ഞങ്ങളുടെ കണ്ഠനാളങ്ങളിൽ നിന്നുയരും. വിപ്ലവത്തിലേക്കുള്ള പുതിയ പാതകളെ നേരിടുമ്പോൾ അവ ഞങ്ങൾക്ക് താങ്ങും തണലുമേൽകും. പ്രിയ സഖാവേ നിനക്ക് വിട”‐ മകന്റെ രക്തസാക്ഷിത്വം നേരിടേണ്ടിവന്ന ഒരമ്മയുടെ വാക്കുകളാണിത്. സഫ്ദർ ഹാഷ്മിയുടെ അമ്മ ഖമർ ആസാദ് ഹാഷ്മി എന്ന ധീരവനിത നൽകിയ യാത്രാമൊഴി. മാക്സിം ഗോർക്കിയുടെ ‘അമ്മ’യിലെ നിലോവ്ന വ്ളാസോവിന്റെ അതേ കരുത്ത് ഖമറിൽ പ്രതിഫലിക്കുന്നു. അപൂർവ്വ വസ്തുനിർമ്മാണക്ഷമതയോടെ സുധൻവ രൂപീകരിച്ച മഹത്തായ ‘ഹല്ലാ ബോൽ’ വ്യാപകമായി വായിക്കപ്പെടണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ കാഴ്ചപ്പാട് മഹത്തരമായി കണ്ട സഫ്ദറിന്റെ ജീവിതം വിപ്ലവഗീതമായി മുഴങ്ങട്ടെ; ചോദ്യങ്ങളിൽനിന്ന് പ്രതിരോധത്തിന്റെ വ്യാപ്തി വർദ്ധിക്കട്ടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × two =

Most Popular