Saturday, November 23, 2024

ad

Homeലേഖനങ്ങൾഅഭിപ്രായസ്വാതന്ത്ര്യത്തിന്‌ വിലങ്ങിടുന്ന ഐടി ചട്ടഭേദഗതി

അഭിപ്രായസ്വാതന്ത്ര്യത്തിന്‌ വിലങ്ങിടുന്ന ഐടി ചട്ടഭേദഗതി

കളമച്ചൽ ഗോവിന്ദ്‌

2023 ഏപ്രിൽ 6ന്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഐ.ടി ചട്ടഭേദഗതിയിലെ ചില വ്യവസ്ഥകൾ വ്യാജവാർത്തകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാർ സംവിധാനങ്ങൾക്ക് നിർദ്ദേശിച്ചത് ആശങ്ക ഉയർത്തുന്നതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകും ഇത്തരം ഭേദഗതികൾ.

1975 ജൂൺ 25 അർധരാത്രി മുതൽ 1977 മാർച്ച് 21 വരെയുള്ള 21 മാസങ്ങൾ എല്ലാ പൗരാവകാശങ്ങളും റദ്ദുചെയ്യപ്പെട്ട് രാജ്യമാകെ ഒരു തടവറയായിത്തീർന്നുവെങ്കിൽ ഇപ്പോഴും അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം രാജ്യത്ത് നിലനിൽക്കുന്നു. ആഭ്യന്തര സുരക്ഷ എന്നതിന്റെ മറവിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇത്തരം കരിനിയമങ്ങൾ ഭരണഘടനയുടെ അനുഛേദം 19(1) വിഭാവനം ചെയ്തിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളാണ്.

സർക്കാർ നയങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിമർശനങ്ങളിൽ വസ്തുതാ പരിശോധന നടത്തി അതിലെ വ്യാജ വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത് പി.ഐ.ബി ഫാക്ട് ചെക്കിങ് വിഭാഗത്തിന്റെ ചുമതലയായിരുന്നു. 2023ൽ പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങളിൽ പുതിയ വിജ്ഞാപനത്തിൽ പി.ഐ.ബി എന്ന വാക്ക് മാറ്റി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തുന്ന ഏജൻസികൾ എന്നാക്കി മാറ്റി. ഇനി മുതൽ ഇവരുടെ കണ്ടെത്തലനുസരിച്ച് സോഷ്യൽ മീഡിയയിലേയും ഓൺലൈൻ പോർട്ടലുകളിലെയും വാർത്തകൾ നിരോധിക്കാൻ അനുമതി നൽകുന്നതാണ് കരടിലെ 3(1)(b)(v) ചട്ടം. ഇത് ശരിക്കും ലക്ഷ്യം വയ്ക്കുന്നത് ഇൻറർനെറ്റ് സെൻസർഷിപ്പിലേക്കാണ്.

പാർലമെൻ്റ് പാസാക്കിയ ഐടി നിയമപ്രകാരം ചട്ടങ്ങൾ നിർമ്മിക്കാനും നടപ്പാക്കാനുമുള്ള ചുമതല ഐ.ടി മന്ത്രാലയത്തിനായിരുന്നു. ചട്ടഭേദഗതി പ്രകാരം മൂന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്ന ഡിജിറ്റൽ ന്യൂസ് മീഡിയയിൽ ഉൾപ്പെടുന്ന ഒടിടി പ്ലാറ്റ്ഫോമുകളുടെയടക്കം നിയന്ത്രണം വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് നൽകുകയാണ്. ചട്ടപ്രകാരം ഡിജിറ്റൽ മീഡിയകളുടെ നിർവചനത്തിൽ സോഷ്യൽ മീഡിയയും ന്യൂസ് പ്രസാധകരും ഉള്ളടക്കം തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്നവരും ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. നിലവിൽ വെബ്സൈറ്റുകൾ നിരോധിക്കുന്ന കാര്യങ്ങൾ IT ആക്ട് 69‐ാമത് വകുപ്പിന്റെ നിർദ്ദേശപ്രകാരം ചട്ടങ്ങളിലാണ് പ്രതിപാദിക്കുന്നത്. ഇതിനെല്ലാം പുറമേയാണ് അടിയന്തിരഘട്ടത്തിൽ വിവരങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള അധികാരം ചട്ടം 16 പ്രകാരം ഐ&ബി മന്ത്രാലയ സെക്രട്ടറിക്ക് നൽകിയിരിക്കുന്നത്.

ഓൺലൈനിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ അന്തിമ തീർപ്പു കൽപ്പിക്കൽ സംവിധാനങ്ങൾ സർക്കാരിന്റെ പൂർണ കീഴിലാകുമ്പോൾ നിയന്ത്രണങ്ങളിലുള്ള അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. പി.ഐ.ബി ഫാക്ട് ചെക്കിങ്ങിന്റെ മുൻകാല ചെയ്തികൾ ഇത്തരം തെളിയിച്ചിട്ടുള്ളതുമാണ്.

ദുരുപയോഗങ്ങൾക്ക് സൗകര്യപ്രദമാണെന്ന് ഭരണകൂടത്തിന് അഹിതമായ പദങ്ങളും പ്രയോഗങ്ങളും ചൂണ്ടിക്കാട്ടി ഡൽഹിയിൽ കർഷകസമരം നടന്ന കാലത്ത് ചില ട്വീറ്റുകൾ നീക്കം ചെയ്യാനാവശ്യപ്പെട്ടത് എതിരഭിപ്രായങ്ങളെ ആഭ്യന്തര സുരക്ഷയുടെ മറവിൽ ഇല്ലായ്മ ചെയ്യുന്നതിന്റെ ഉദാഹരണമാണ്.

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുതിയ ഐ.ടി ചട്ടഭേദഗതിയിലൂടെ മാധ്യമ സ്വാതന്ത്ര്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും പാടേ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. പുതിയ ഭേദഗതി അനുസരിച്ച് സർക്കാരിന്റെ ഏജൻസികൾ വ്യാജമാണെന്ന് കണ്ടെത്തുന്ന വാർത്തകൾ ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യേണ്ടി വരും. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളെ വ്യാജവാർത്തയെന്ന് മുദ്രയടിച്ച് ഇല്ലാതാക്കുകയും അനുകൂലാഭിപ്രായങ്ങൾക്ക് സ്വീകാര്യത നൽകുകയും ചെയ്യുന്നതാണ് കരട് ഐ.ടി ഭേദഗതി.

കേന്ദ്രം നിയോഗിക്കുന്ന ഏത് ഏജൻസിയും വ്യാജവാർത്തയെന്ന് കണ്ടെത്തുന്നവ ഒരു ഓൺലൈൻ മീഡിയയും പ്രസിദ്ധീകരിക്കരുതെന്നാണ് നിർദ്ദേശം. ഇനി മുതൽ സർക്കാർ താൽപര്യത്തിന് വിരുദ്ധമായ ഏത് വാർത്തയും വ്യാജവാർത്തയായി വ്യാഖ്യാനിക്കപ്പെടും, അവർ വ്യാജമെന്ന് മുദ്രകുത്തുന്ന വാർത്തകൾ എന്തുകൊണ്ട് വ്യാജമാണെന്ന വിശദീകരണം നൽകാറുമില്ല. ഈ നീക്കം മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ഗൂഢശ്രമങ്ങളുടെ ഭാഗമാണ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് കൂടുതൽ അധികാരം ലഭിക്കുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ ഇല്ലാതാക്കുമെന്ന കാര്യത്തിൽ സംശയമില്ല. മേൽനോട്ട സംവിധാനം, പരാതിപ്പെടാനുള്ള അവകാശം, സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള അപ്പീൽ നൽകാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒന്നും ചട്ട ഭേദഗതിയിൽ പ്രതിപാദിക്കുന്നില്ല എന്നതുതന്നെ കേന്ദ്ര സർക്കാരിന്റെ രഹസ്യ അജണ്ടയുടെ തെളിവാണ്.

ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ നേരിട്ട് ഇടപെടാൻ വഴിയൊരുക്കുന്ന ഈ ഐ.ടി ചട്ടഭേദഗതിയെ അങ്ങേയറ്റം ആശങ്കയോടുകൂടി മാത്രമേ കാണാൻ കഴിയൂ. ജനങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ ഇത്തരം ഫാസിസ്റ്റ് നടപടികളിലൂടെ നിയന്ത്രിക്കുക വഴി ഇന്ത്യ അടിയന്തരാവസ്ഥക്കാലത്തെ മാധ്യമ സെൻസർഷിപ്പിനു സമാനമായ കാലത്തിലേക്ക് തിരിഞ്ഞുനടക്കുകയാണ്.

അടിയന്തരാവസ്ഥക്കാലത്ത് വാർത്തകൾക്കും വിശകലനങ്ങൾക്കും വിലക്ക് വീണു. രാജ്യത്ത് ഉണ്ടായിരുന്ന പത്രങ്ങളുടേയും മാസികകളുടേയും വൈദ്യുതി അന്നേദിവസം വിച്ഛേദിച്ചു. പത്രങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പത്രങ്ങൾക്ക് പൂർണ സെൻസർഷിപ്പ് ഏർപ്പെടുത്തി. പ്രതസ്വാതന്ത്ര്യം ഇല്ലാതാവുകയും സെൻസർഷിപ്പ് നിയമങ്ങൾ കാഠിന്യമേറിയതാവുകയും ചെയ്തതിനൊപ്പം വാക്കാലുള്ള ഉത്തരവുകൊണ്ട് ഉദ്യോഗസ്ഥർ ഭരണം നടത്തുകയും ചെയ്തതോടെ അടിയന്തരാവസ്ഥക്കാലത്ത രാജ്യത്തെ സംവിധാനങ്ങൾ മാലിന്യം നിറഞ്ഞതായി.

പല വിനിമയ PTI 20 UNI 20 പോലുള്ള വാർത്താ ഏജൻസികൾ സർക്കാർ അറിയിപ്പല്ലാതെ മറ്റൊരു വാർത്തയും പുറത്തുവിട്ടില്ല. പത്രക്കാർക്ക് വാർത്തകൾ പ്രസിദ്ധീകരിക്കണമെങ്കിൽ സെൻസർ ബോർഡിൽ നിന്ന് മുൻകൂട്ടി അനുവാദം വേണമായിരുന്നു. പത്രപ്രവർത്തനം സ്വാതന്ത്ര്യം തടഞ്ഞതുകൊണ്ട് പത്രങ്ങളും മുഖപ്രസംഗം ഇല്ലാതെ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയെക്കുറിച്ച് മുഖപ്രസംഗം പാടില്ലെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പ്രത്യേകം നിർദ്ദേശിച്ചിരുന്നു. മുഖപ്രസംഗം അച്ചടിച്ച പത്രങ്ങൾ പോലീസിനെ ഉപയോഗിച്ച് കത്തിച്ചുകളഞ്ഞു. ഇരുന്നൂറിൽപരം പത്രങ്ങളുടേയും ആയിരത്തിൽപരം മാസികകളുടേയും പ്രവർത്തനങ്ങൾ നിലപ്പിച്ചു. പലപ്പോഴും സെൻസർഷിപ്പ് കാരണം വാർത്തകൾ നീക്കംചെയ്തുകൊണ്ട് പത്രത്തിന്റെ പേജുകൾ ശൂന്യമായി അച്ചടിക്കാതെ പ്രസിദ്ധീകരിച്ചിരുന്നു. സർക്കാർ ആഗ്രഹിച്ചിരുന്നതെന്തോ അതായി മാധ്യമപ്രവർത്തനം മാറി. സെൻസർമാർ കണ്ട് തൃപ്തിപ്പെടുന്നതുമാത്രം പുറത്തുവരാൻ തുടങ്ങി. സ്വതന്ത്ര മാധ്യമ പ്രവർത്തനം അടിയന്തരാവസ്ഥക്കാലത്ത് അസാധ്യമായി മാറി.

സ്വതന്ത്രമാധ്യമ പ്രവർത്തനം കീഴ്പ്പെടുത്തിയ അടിയന്തരാവസ്ഥയിലെ സെൻസർഷിപ്പിന് സമാനമായി മാറുകയാണ് സമ്പൂർണാധികാരം പി.ഐ.ബിക്ക് നൽകുന്ന ഐ ടി ചട്ടഭേദഗതി. കേന്ദ്ര സർക്കാരിന്റെ ചങ്ങലയിൽ മാധ്യമങ്ങളെ തളയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഐടി ചട്ടഭേദഗതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നതിൽ തർക്കമില്ല.

ഇനി മുതൽ സർക്കാരിനെതിരായ വാർത്തകളുടെ ആയുസ് ഉറവിടത്തിൽ തന്നെ പൊലിഞ്ഞുപോകുകയാണ്. സർക്കാരിനെതിരെ വരുന്ന വാർത്തകളെ പി.ഐ.ബി വ്യാജവാർത്ത എന്ന് മുദ്രകുത്തുന്നതുവരേ ഇതിന് ആയുസ് ഉള്ളൂ എന്നർത്ഥം. മാധ്യമങ്ങൾ പുറത്തുവിടേണ്ട വാർത്തകളെ കേന്ദ്രസർക്കാർ തന്നെ വിലയിരുത്തുന്ന നിലയിലേക്ക് എത്തിക്കാനാണ് ഐടി ചട്ടഭേദഗതി പ്രകാരം സർക്കാർ നീക്കം. സർക്കാർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന തരത്തിലാണ് ഐ.ടി ചട്ടങ്ങളിലെ പല നിർദ്ദേശങ്ങളും, അവ ഭരണഘടനാ വിരുദ്ധമാണെന്ന് മീഡിയ വൺ കേസിലടക്കം കോടതി നടത്തിയ ഇടപെടലുകൾ ബോധ്യപ്പെടുത്തുന്നതാണ്. ജനാധിപത്യം സ്വാതന്ത്ര്യം പൂർണമായി സുപ്രീംകോടതി ഉൾപ്പടെ വ്യക്തമാക്കിയതാണ്. വിമർശനങ്ങളെ ഭയന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ സർക്കാർ നടപ്പിലാക്കുന്ന ഇത്തരം സെൻസർഷിപ്പ് ശ്രമങ്ങൾ നാം അതീവജാഗ്രതയോടെ കാണണം.

ഭരണാധികാരികളുടെ ഇഷ്ടങ്ങൾക്ക് നിരക്കാത്തവയെ നിയന്ത്രിക്കാൻ ഇത്തരം ചട്ടങ്ങളിലൂടെയും ഭേദഗതികളിലൂടെയും ശ്രമിക്കുന്നത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിർവരമ്പുകൾ സൃഷ്ടിക്കുന്നതും സ്വാഭാവിക നീതിക്ക് എതിരുമാണ്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ നാളുകളാകും വരാൻ പോകുന്നത്. ഭരണകൂട അടിച്ചമർത്തലുകൾ കൂടുതൽ ശക്തിപ്പെടും. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും, മാധ്യമസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും മേലുള്ള ഇത്തരം കത്തിവയ്ക്കലുകൾ ജനാധിപത്യ രാജ്യത്ത് അതീവഗൗരവമുള്ള വിഷയമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − five =

Most Popular