Monday, September 9, 2024

ad

Homeലേഖനങ്ങൾസത്യം മൂടിവെക്കുന്ന എൻസിഇആർടി

സത്യം മൂടിവെക്കുന്ന എൻസിഇആർടി

റഷീദ്‌ ആനപ്പുറം

വൈജ്ഞാനിക–-ശാസ്‌ത്ര സാങ്കേതികമേഖലയിൽ ലോകം അതിവേഗം കുതിക്കുമ്പോൾ വിദ്യാഭ്യാസ മേഖലയും അതിനനുസൃതമായി മാറുകയാണ്‌. റോബോട്ടിക്‌–-ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ യുഗമാണിത്‌. ഈ സാങ്കേതിക മേന്മ ഉൾക്കൊള്ളുന്നതിനുള്ള ആന്തരിക കരുത്തും മാനസിക വികാസവും മാനവരാശി കൈവരിക്കണം. ഇതിന്‌ അനുസരിച്ചുള്ള നവ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനുള്ള പരിസരം ഒരുക്കുകയാണ്‌ വർത്തമാനകാല വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. ശാസ്‌ത്രബോധം, ചരിത്രബോധം, യുക്തിചിന്ത തുടങ്ങിയവ ഉൾചേർന്ന വിദ്യാഭ്യാസം ലോകമാകെ ശക്തിപ്പെട്ടുവരുന്നത്‌ ഈ ലക്ഷ്യത്തോടെയാണ്‌. സോഷ്യലിസ്‌റ്റ്‌, മുതലാളിത്ത രാജ്യങ്ങൾ മാത്രമല്ല, മതാധിഷ്‌ഠിത രാജ്യങ്ങൾപോലും ഈ വഴിക്ക്‌ നീങ്ങുന്നു. എന്നാൽ, ഇതിൽനിന്ന്‌ പുറംതിരിഞ്ഞ്‌ വിദ്യാഭ്യാസ മേഖലയെ പ്രാചീന യുഗത്തിലേക്ക്‌ കൊണ്ടുപോകുകയാണ്‌ നമ്മുടെ രാജ്യം. മതചിന്തകളും അന്ധവിശ്വാസങ്ങളും പൗരോഹിത്യ കൽപനകളും നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലകളാക്കുകയാണ്‌. ഒട്ടും ബലമില്ലാത്ത, തുരുമ്പെടുത്ത ഈ ശിലയിൽ വാർത്തെടുക്കപ്പെടുന്ന നമ്മുടെ പുതിയ തലമുറയുടെ ഭാവി ഇരുളടഞ്ഞതാകും. എൻസിഇആർടിയുടെ 12–-ാം ക്ലാസ്‌ പൊളിറ്റിക്കൽ സയൻസ്‌ പാഠപുസ്‌തകത്തിൽനിന്ന്‌ ബാബറി മസ്‌ജിദ്‌ വെട്ടിമാറ്റിയത്‌ ഈ പരിസരത്തുനിന്നു വേണം പരിശോധിക്കാൻ.

ആർഎസ്‌എസിനും ഇതര സംഘപരിവാർ സംഘടനകൾക്കും വിദ്യാഭ്യാസം എക്കാലവും സ്വാദിഷ്‌ടമായ വിഭവമാണ്‌. ഹിന്ദുത്വ അജൻഡക്ക്‌ വഴങ്ങുന്ന ഒരു തലമുറയെ വാർത്തെടുക്കലാണ്‌ വിദ്യാഭ്യാസത്തിലൂടെ ആർഎസ്‌എസ്‌ ലക്ഷ്യമിടുന്നത്‌. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇടപെട്ട്‌ പാഠ്യപദ്ധതിയും പാഠപുസ്‌തകവും ഹിന്ദുത്വവൽക്കരിക്കുക, സമാന്തര വിദ്യാലയങ്ങൾ വ്യാപകമാക്കി ഹിന്ദുത്വ പാഠ്യപദ്ധതി കുട്ടികളിൽ ഇൻജെക്ട്‌ ചെയ്യുക എന്നീ ദ്വിമുഖ പദ്ധതിയാണ്‌ ആർഎസ്‌എസിന്റേത്‌. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം കിട്ടിയ അവസരങ്ങളിലെല്ലൊം ആർഎസ്‌എസ്‌ ഇത്‌ ഫലപ്രദമായി പ്രയോഗവൽക്കരിച്ചിട്ടുണ്ട്‌. 1999ൽ എ ബി വാജ്‌പേയ്‌ പ്രധാനമന്ത്രിയായിരിക്കെ വിദ്യാഭ്യാസമേഖല കാവിവൽക്കരിക്കാൻ ആർഎസ്‌എസ്‌ ദേശീയ കാഴ്‌ചപ്പാട്‌തന്നെ രൂപപ്പെടുത്തി. കടുത്ത ആർഎസ്‌എസുകാരനായിരുന്ന മാനവ വിഭവശേഷി മന്ത്രി മുരളി മനോഹർ ജോഷിയായിരുന്നു അന്നതിന്‌ ചുക്കാൻപിടിച്ചത്‌. ഭരണത്തുടർച്ച കിട്ടാതായതോടെ ആ പദ്ധതി വേണ്ടത്ര നടപ്പാക്കാനായില്ലെങ്കിലും നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ അവ കൂടുതൽ കരുത്തോടെ നടപ്പാക്കാൻ തുടങ്ങി. ഹിന്ദുത്വ അജൻഡ ഒളിഞ്ഞും തെളിഞ്ഞും വരുന്ന ‘ദേശീയ വിദ്യഭ്യാസ നയം’ ഇതിന്‌ തെളിവാണ്‌. റൂസ പോലുള്ള ഏജൻസികളെ ഉപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇടപ്പെട്ടു. ഇതിന്റെയെല്ലാം തുടർച്ചയാണ്‌ എൻസിഇആർടിയെ ഉപയോഗിച്ച്‌ പാഠ്യപദ്ധതിയിലും പാഠപുസ്‌തകത്തിലും സംഘപരിവാറിന്റെ ഇടപെടൽ.

12–-ാം ക്ലാസ്‌ പൊളിറ്റിക്കൽ സയൻസിന്റെ ‘സ്വാതന്ത്ര്യത്തിന്‌ ശേഷമുള്ള ഇന്ത്യൻ രാഷ്‌ട്രീയം’ (Politics in India Since Independence ) എന്ന പാഠപുസ്‌തകത്തിൽനിന്നാണ്‌ ബാബറി മസ്‌ജിദിനെ വെട്ടിമാറ്റിയത്‌. Recent Developments in Indian Politics എന്ന എട്ടാം അധ്യായത്തിൽ Communalism, Secularism, Democracy എന്ന ഭാഗത്ത്‌ ‘ Ayodhya Issue’ വിവരിക്കുന്നുണ്ട്‌. ഇതിൽ എവിടെയും ബാബറി മസ്‌ജിദ്‌ എന്ന്‌ പറയുന്നില്ല. മൂന്ന്‌ താഴികക്കുടമുള്ള കെട്ടിടം (A three-domestructure was built at the site of Shri Ram’s birth place in 1528) എന്നാണ്‌ ബാബറി മസ്‌ജിദിനെ വിശേഷിപ്പിക്കുന്നത്‌. എന്നാൽ രാമജന്മഭൂമി എന്ന്‌ ഒന്നിലേറെ തവണ പറയുന്നു. നേരത്തെ ബാബറി മസ്‌ജിദും അത്‌ കർസേവകർ പൊളിച്ചു എന്നുമെല്ലാം ഉണ്ടായിരുന്നു. ബാബറി മസ്‌ജിദ്‌ തകർത്തതുമായി ബന്ധപ്പെട്ട വാർത്തകളുടെ ഒട്ടേറെ പത്ര കട്ടിംഗുകളും കൊളാഷും പാഠഭാഗത്ത്‌ ഉൾപ്പെടുത്തിയതും അപ്രത്യക്ഷമായി. എന്നാൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രിംകോടതി വിധി പ്രത്യേകം നൽകിയിട്ടുമുണ്ട്‌. എൽ കെ അദ്വാനി നടത്തിയ രഥയാത്രയും അതിന്റെ ഭാഗമായ വർഗീയ കലാപവും പറയുന്ന ഭാഗവും ഒഴിവാക്കി. ബാബറി മസ്‌ജിദ്‌ പൊളിച്ചതാണ്‌ എന്നതും ഒഴിവാക്കി.

ഇതാദ്യമല്ല എൻസിഇആർടി പാഠപുസ്‌തകത്തിൽനിന്ന്‌ ചരിത്രവസ്തുതകൾ വെട്ടിമാറ്റിയത്‌. കോവിഡിന്റെ മറവിലാണ്‌ എൻസിഇആർടി ആദ്യം സിലബസ്‌ അട്ടിമറിച്ചത്‌. ലോക്‌ഡൗൺ കാരണമുണ്ടായ ക്ലാസ്‌ ദിനക്കുറവ്‌ പരിഹരിക്കാനായി സിലബസ് വെട്ടിച്ചുരുക്കുകയായിരുന്നു. സിബിഎസ്‌ഇ സിലബസിൽ നിന്നും മുപ്പത് ശതമാനംവരെ പാഠഭാഗങ്ങളാണ്‌ ഒഴിവാക്കിയത്‌. ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവ പ്ലസ് വൺ പൊളിറ്റിക്കൽ സയൻസിലെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കി. പ്ലസ്‌ടുവിൽനിന്ന്‌ ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവയും നീക്കി. രാജ്യത്തെ ജനങ്ങളെ വഞ്ചിച്ച നോട്ട് നിരോധനത്തെ സംബന്ധിച്ച പാഠഭാഗം പ്ലസ്‌ടു ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽ നിന്ന് നീക്കി. ബയോളജിയിൽനിന്ന് പരിണാമ സിദ്ധാന്തവും സാമ്പത്തികശാസ്ത്രത്തിൽ നിന്ന് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും നീക്കി. ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, വൈവിധ്യം, ജാതി, മതം, ലിംഗം തുടങ്ങിയ ഭാഗങ്ങൾ പത്തിലെ സോഷ്യൽ സയൻസിൽ നിന്നും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമുള്ള ഭാഗങ്ങൾ ഒമ്പതിൽനിന്നും ഒഴിവാക്കി. ഇതിന്‌ പിന്നാലെയാണ്‌ യുക്തീകരണ പ്രക്രിയ എന്ന ഓമനപേരിൽ പരിണാമ സിദ്ധാന്തം, ആവർത്തന പട്ടിക, ഗാന്ധി വധം, മുഗൾ ഭരണം, ദേശീയ സ്വാതന്ത്ര്യസമരത്തിലെ നായകൻമാരിൽ മുസ്ലിംകൾ, അടിയന്തരാവസ്ഥ, വ്യവസായ വിപ്ലവം തുടങ്ങിയ അതിപ്രധാനമായ ഭാഗങ്ങൾ നീക്കിയത്‌. ഇതിന്‌ പിന്നാലെ സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളിൽ പ്ലസ്‌ടുവരെ സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തകങ്ങളിൽ ഇന്ത്യ എന്ന്‌ പഠിപ്പിക്കേണ്ട എന്നും ഭാരതം എന്ന്‌ പഠിപ്പിച്ചാൽ മതിയെന്നും തീരുമാനിച്ചത്‌. പുരാതന ചരിത്രം എന്നതിന്‌ പകരം ക്ലാസിക്കൽ ചരിത്രവും മുഗളൻമാരുടെ ചരിത്രത്തിന്‌ പകരം ഹിന്ദുരാജാക്കൻമാരുടെ ചരിത്രവും ഉപയോഗിക്കാനും തീരുമാനിച്ചു. ഗുജറാത്ത്‌ മുസ്ലിം വംശഹത്യ, മണിപ്പൂർ, ജമ്മു കാശ്‌മീർ വിഷയങ്ങൾ, ദാരിദ്ര്യം എന്നിവയും ഒഴിവാക്കി.

വിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസ്‌ ഇടപെടലിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ബിജെപി അധികാരത്തിൽവന്ന എല്ലാ സംസ്ഥാനങ്ങളിലും സ്‌കൂൾ വിദ്യാഭ്യാസം കാവിവൽക്കരിച്ചായിരുന്നു ഈ പരീക്ഷണത്തിന്റെ തുടക്കം. യുപി, രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു ആദ്യപരീക്ഷണം. അവിടങ്ങളിൽ സിലബസ്‌ ഹിന്ദുത്വവൽക്കരിച്ചു. സ്വന്തം സിലബസ്‌ തയ്യാറാക്കി ആർഎസ്‌എസ് നേതൃത്വത്തിൽ സമാന്തര വിദ്യാലയങ്ങൾ തുടങ്ങി. ഒട്ടേറെ ഫണ്ടുകൾ ആ മേഖലയിൽ സർക്കാരുകൾ നൽകി. മുഗളൻമാരെ ചതിയൻമാരും കൊള്ളക്കാരുമായി ചിത്രീകരിച്ചു. അതിലൂടെ കുഞ്ഞുമനസ്സുകളിൽ മുസ്ലിം വിരോധം സൃഷ്‌ടിച്ചു. ശാസ്‌ത്രത്തിന്റെ സ്ഥാനത്ത്‌ മിത്തുകളും പൗരോഹിത്യ പരികൽപനകളും കുത്തിനിറച്ചു. വിദ്യാഭ്യാസത്തിന്റെ അടിത്തറയായിരുന്ന മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ബഹുസ്വരതയും ബഹുഭാഷയും സമത്വവും സിലബസിൽനിന്ന്‌ പുറത്തായി. ഗുജറാത്തിലെ പാഠപുസ്തകത്തിൽ ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കുവാൻ ശ്രമിക്കുന്ന ‘വിദേശീയ’രായി ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അവതരിപ്പിച്ചു. ദിനനാഥ് ബത്രയുടെ എട്ടോളം പുസ്തകങ്ങൾ പ്രാഥമിക വിദ്യാലയങ്ങളിൽ വിതരണം ചെയ്തു. മധ്യപ്രദേശ്‌ സർക്കാർ സ്‌കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് ഉത്തരവിറക്കി. ആർഎസ്എസിന്റെ പ്രസിദ്ധീകരണമായ ‘ദേവപുത്തർ’ സ്‌കൂളുകളിൽ നിർബന്ധമാക്കി. രാജസ്ഥാനിലെ പാഠഭാഗങ്ങളിൽ മുഗൾ ഭരണാധികാരി അക്ബറെ അക്രമകാരിയായി ചിത്രീകരിച്ചു. ഹിന്ദു രാജാക്കന്മാരായ മഹാറാണാപ്രതാപ്‌ അടക്കമുള്ളവരെ വാഴ്‌ത്തുന്ന പാഠഭാഗങ്ങളും ഉൾപ്പെടുത്തി. വിദ്യാർത്ഥികളിൽ ദേശസ്‌നേഹവും ധീരതയും വർധിപ്പിക്കുന്നതിനായി ഉദയ്‌പൂരിലെ ഗൗരവ് പ്രതാപ് കേന്ദ്ര എന്ന ആർഎസ്എസ് സ്ഥാപനം സന്ദർശിക്കാൻ സർക്കാർ കോളേജുകൾക്ക് നിർദേശം നൽകി.

മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ശാസ്‌ത്രീയ–-പുരോഗമന ആശയങ്ങളും ഉയർത്തിപ്പിടിച്ച അക്കാദമിക്‌ പ്രമുഖരെ ഈ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന്‌ പുറത്താക്കിയതും തങ്ങളുടെ ഹിന്ദുത്വ അൻഡ അടിച്ചേൽപ്പിക്കാനായിരുന്നു. ആർഎസ്‌എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ ജെഎസ് രാജ്പുട്ട് എൻസിഇആർടി ഡയറക്ടറായി. ആർഎസ്എസ് സൈദ്ധാന്തികരായ ദീനനാഥ് ബത്ര, അതുൽ റാവത്ത്, ആർഎസ്എസ് മുഖപത്രം പാഞ്ചജന്യയുടെ ചുമതലക്കാരൻ തരുൺ വിജയ് തുടങ്ങിയവർ പ്രധാന സ്ഥാനങ്ങളിലെത്തി. നിലവിലെ എൻസിഇആർടി ചെയർമാൻ സി ഐ ഐസക്കും കടുത്ത സംഘപരിവാറുകാരനാണ്‌.

ചില പരിമിതികൾ ഉണ്ടെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന്‌ ഒട്ടേറെ മേന്മകൾ ഉണ്ട്‌. ശാസ്‌ത്രബോധം, യുക്തിബോധം, ചരിത്രബോധം, ജാനധിപത്യ മൂല്യം, മതനിരപേക്ഷത, സാമൂഹ്യ നീതി, തുല്യ അവസരം, ലിംഗ നീതി, സ്ഥിതി സമത്വം തുടങ്ങിയവ നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിക്കല്ലുകളാണ്‌. സാർവത്രികവും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത്‌ നമ്മുടെ ഭരണഘടനയുടെ ഭാഗമാണ്‌. എന്നാൽ, ഈ മേന്മകളെല്ലാം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽനിന്ന്‌ ചോർത്തിക്കളയുകയാണ്‌ കേന്ദ്ര സർക്കാർ.

എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ നയത്തെയും ചെറുക്കുന്നതിൽ കേരളം രാജ്യത്തിന്‌ മാതൃകയാണ്‌. നേരത്തെ എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്ന്‌ വെട്ടിമാറ്റിയ ഭാഗങ്ങൾ കേരളം പഠിപ്പിച്ചു. ഇതിനായി പ്രത്യേക പാഠപുസ്‌തകങ്ങൾ അച്ചടിച്ചു. ഭാരതം എന്നതിന്‌ പകരം ഇന്ത്യ എന്നു തന്നെ കേരളം പഠിപ്പിക്കും. പാഠപുസ്‌തകത്തിൽനിന്ന്‌ ബാബറി മസ്‌ജിദ്‌ ഒഴിവാക്കിയ നടപടി എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്‌ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്‌. ആർഎസ്‌എസ്‌ അജൻഡയേയും കേന്ദ്ര ബിജെപി സർക്കാരിന്റെ പകവീട്ടൽ നടപടിയേയും ബദൽ നയങ്ങൾകൊണ്ട്‌ ചെറുക്കുന്ന കേരളം ഈ പുതിയ നീക്കത്തെയും പരാജയപ്പെടുത്തും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 14 =

Most Popular