തൊണ്ണൂറുകളിലെ സിപിഐ എം പാർട്ടി കോൺഗ്രസുകളിലെ ക്രഡൻഷ്യൽ റിപ്പോർട്ടുകളിൽ സ്ഥിരമായി ഇടംപിടിക്കുന്ന പേരായിരുന്നു പി കെ ചന്ദ്രാനന്ദന്റേത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഒളിവിൽ കഴിഞ്ഞ പാർട്ടി നേതാവായിരുന്നു അദ്ദേഹം. പട്ടാളത്തിലെ മേജർ പദവി വിട്ട് സ്വാതന്ത്ര്യസമരത്തിലെത്തി പിന്നീട് കമ്യൂണിസ്‌റ്റ് നേതാവായി വളർന്ന മേജർ ജയ്‌പാൽ സിങ്ങ് അടക്കം അപൂർവ്വം ചിലർ മാത്രമായിരുന്നു ഒളിവുജീവിതത്തിൽ പികെസിയുടെ റെക്കോഡിന് മുകളിലുണ്ടായിരുന്നവർ. അവരുടെ മരണശേഷം പികെസിയായി ഏറ്റവും നീണ്ട ഒളിവുജീവിതമുള്ള നേതാവ്. പതിനൊന്നു വർഷവും ആറുമാസവുമാണ് പൊലീസിനെ വെട്ടിച്ച് അദ്ദേഹം ഒളിവിൽ കഴിഞ്ഞത്.
പികെസിയുടെ ഒളിവു ജീവിതത്തിന്റെ പ്രത്യേകത ഈ കാലയളവിന്റെ വലിയ പങ്കും മറ്റൊരു പേരിൽ ഒരു ‘തെളിവ് ജീവിത’വും അദ്ദേഹം നയിച്ചു എന്നതാണ്. മറ്റൊരു പേരിൽ മറ്റൊരു നാട്ടിൽ ജീവിച്ച് ആ പേരിൽ ആ നാട്ടിലെ പാർട്ടി നേതാവായി അദ്ദേഹം വളർന്നു. ഒരിക്കലും പുറത്താകാതെ ആ രഹസ്യം പാർട്ടി ഉള്ളറകളിൽ ഒതുങ്ങി.
പുന്നപ്ര വയലാർ സമരത്തെ തുടർന്നാണ് പികെസി ഒളിവിലായത്. 1946 ഒക്ടോബർ 24ന് പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കിയുള്ള പോരാട്ടത്തിന്റെ ക്യാപ്റ്റനായിരുന്നു പി കെ സി . ദിവാൻ സർ സി പിയുടെ സേനയ്ക്കെതിരെ അന്ന് വാരിക്കുന്തമേന്തി പൊരുതുമ്പോൾ പ്രായം 22. പട്ടാളം പോരാളികൾക്കുനേരെ ഉതിർത്ത വെടിയുണ്ടകളിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട അദ്ദേഹം പാർട്ടി നിർദേശപ്രകാരം ഒളിവിൽ പോയി.
പാർട്ടി സംസ്ഥാന കേന്ദ്രം അന്ന് കോഴിക്കോട്ടാണ്. അവിടെ എത്തിയ പി കെ സി പാർടി നിർദേശപ്രകാരം തിരുവല്ല പ്രവർത്തന കേന്ദ്രമാക്കി. നഗരത്തിൽ നിന്നു മാറി കുന്നന്താനത്ത് ഒരു വീടായിരുന്നു താവളം. പാർട്ടി നേതാവും എം പിയുമായിരുന്ന പി ടി പുന്നൂസാണ് ഈ താവളം ഒരുക്കാൻ സഹായിച്ചത്. ഭാസ്‌ക്കരൻ നായർ എന്നായിരുന്നു ഒളിവിലെ പേര്.
കുന്നന്താനത്തുകാരൻ ഭാസ്‌ക്കരൻ നായരായി ഇടയ്‌ക്കിടെ തിരുവല്ലയിലെത്തിയിരുന്ന പികെസി ആ പേരിൽ ബന്ധങ്ങൾ സ്ഥാപിച്ചു പാർട്ടി പ്രവർത്തനം തുടങ്ങി. ഏതാനും പേരെ ചേർത്ത് ടൗണിൽ പാർട്ടി ഘടകം രൂപീകരിച്ചു.
പത്തുവർഷത്തിലേറെ ഈ ഒളിപ്പേരിൽ പി കെ സി പ്രവർത്തിച്ചു. പാർട്ടിയുടെ വിശ്വസ്‌ത വലയത്തിനു പുറത്തേക്ക് ഒരിക്കലും ആ രഹസ്യം ചോർന്നില്ല.
1956ൽ പാർട്ടിയുടെ തിരു‐കൊച്ചി സംസ്ഥാനസമ്മേളനം ആലുവയിൽ നടക്കുമ്പാഴും പി കെ സി ഒളിവിൽ ആയിരുന്നു. പക്ഷേ ഭാസ്‌ക്കരൻ നായർ എന്ന പേരിൽ ആലപ്പുഴ ജില്ല (അന്ന് തിരുവല്ല ആലപ്പുഴ ജില്ലയിലാണ്) യിൽ നിന്നുള്ള പ്രതിനിധികളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ പുന്നപ്ര വയലാർ കേസുകൾ പിൻവലിച്ചു. ഒളിവിൽ നിന്നു പുറത്തുവരുന്ന നേതാക്കൾക്കിടയിൽ ‘പി കെ ചന്ദ്രാനന്ദൻ’ എന്ന അടിക്കുറിപ്പുമായി ‘ഭാസ്‌ക്കരൻ നായരു’ടെ ചിത്രം കണ്ടാണ് പാർട്ടി പ്രവർത്തകരടക്കം പലരും പാർട്ടി കരുതലോടെ കാത്ത രഹസ്യം അറിയുന്നത്.
തിരുവല്ലയിൽ അടുത്ത കാലം വരെ പികെസിയെ ഭാസ്‌ക്കരൻ നായരെന്ന് വിളിക്കുന്നവർ പലരും ഉണ്ടായിരുന്നു.
ഈ കുറിപ്പിനൊപ്പമുള്ള രേഖ 1956 ഫെബ്രുവരി ആറുമുതൽ 12 വരെ ആലുവ ഐക്യകേരള നഗറിൽ നടന്ന ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർട്ടി തിരുകൊച്ചി സ്റ്റേറ്റ് സമ്മേളനത്തിന്റെ കാര്യപരിപാടിയാണ്.
ക്രഡൻഷ്യൽ കമ്മിറ്റി പാനലിൽ മൂന്നാമത്തെ പേരായി ഭാസ്‌ക്കരൻ നായർ (തിരുവല്ല) എന്നു കാണാം: ചരിത്രമായ ആ ഒളിപ്പേരിന്റെ ലിഖിത രേഖയായി. ആ പരിപാടിയിലുള്ള മറ്റ് നേതാക്കളുടെയെല്ലാം യഥാർത്ഥ പേരാണ്. ഒളിവിൽ നിന്നെത്തിയത് പികെസി മാത്രം. ♦