Thursday, November 21, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്സാമ്പത്തിക വളർച്ചയുടെ ഫലങ്ങൾ സ്വാഭാവികമായി കിനിഞ്ഞിറങ്ങുമോ- മിഥ്യയും യാഥാർഥ്യവും

സാമ്പത്തിക വളർച്ചയുടെ ഫലങ്ങൾ സ്വാഭാവികമായി കിനിഞ്ഞിറങ്ങുമോ- മിഥ്യയും യാഥാർഥ്യവും

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 46

സാമ്രാജ്യത്വത്തിന്റെ ഏറ്റവും ശക്തമായ പ്രത്യയശാസ്ത്രമാണ് മുഖ്യധാരാ സമ്പദ്ശാസ്ത്രവും അത് പരിപാവനവും ശാസ്ത്രീയവും എന്ന നിലയിൽ മുന്നോട്ടുവെയ്ക്കുന്ന സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളും പരികല്പനകളും. ദൈവകല്പിതങ്ങളായ സത്യങ്ങൾ പോലെ കൊണ്ടാടപ്പെടുന്നവയാണ് ഇവയിൽ പലതും . ഇങ്ങിനെ അവ കൈകാര്യം ചെയ്യപ്പെടുന്നതിലും അവതരിപ്പിക്കപ്പെടുന്നതിലും ഒരു രാഷ്ട്രീയമുണ്ട്. ഒരു പഠനപദ്ധതി എന്ന നിലയിൽ ഇവ രൂപപ്പെട്ട നാളുകൾ മുതൽ, പാശ്ചാത്യ ലോകത്തിലെ ഏറ്റവും മുന്തിയ സർവകലാശാലകളിലും മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിലും ഒരു തരത്തിലും ചോദ്യംചെയ്യപ്പെടാതെ ഇവ ആവർത്തിച്ച് പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട് . അത് വികസിത രാജ്യങ്ങളുടെ വാണിജ്യതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടുക എന്നത് മാത്രമാണ്. സമ്പന്നരായ വികസിത രാജ്യങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ദരിദ്രരായ അവികസിത രാഷ്ട്രങ്ങളുടെമേൽ അവ നടത്തുന്ന ചൂഷണത്തെ സാധൂകരിക്കാനും ഉതകുന്ന രീതിയിൽ തയാറാക്കപ്പെട്ടവയാണ് മുഖ്യധാരാ സാമ്പത്തിക ശാസ്ത്രസിദ്ധാന്തങ്ങൾ പലതും എന്ന തിരിച്ചറിവ് സമീപകാലത്ത് കൂടുതൽ ശക്തമായിട്ടുണ്ട്. Trickle down theory, Ricardian theory of comparative cost advantage തുടങ്ങി ഇന്നും മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിന്റെ ആധാരശിലകളായി വർത്തിക്കുന്ന സിദ്ധാന്തങ്ങൾ പലതും ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്, അവ എത്രമാത്രവും യുക്തിരഹിതവും അശാസ്ത്രീയവുമാണ് എന്നത് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. തത്വചിന്തയുടെയും ലോജിക്കിന്റെയും കാഴ്ചപ്പാടുകളിൽ ഇവയിൽ അടങ്ങിയിരിക്കുന്ന പൊള്ളത്തരങ്ങളും അർദ്ധസത്യങ്ങളും പലതും ഇന്ന് ആഴത്തിൽ വിശകലനം ചെയ്യപ്പെടുന്നുണ്ട്.

സമകാലിക ലോക യാഥാർഥ്യങ്ങൾ പലതും അതിലേക്ക് വിരൽചൂണ്ടുന്നവയാണ്.

സാമ്പത്തിക വളർച്ചയുടെ ഫലങ്ങൾ വളരെ സ്വാഭാവികമായി എല്ലാ മനുഷ്യരിലേക്കും കിനിഞ്ഞിറങ്ങും എന്നാണ് പ്രസിദ്ധമായ Trickle down theory നമ്മെ കാലാകാലങ്ങളായി പഠിപ്പിച്ചുപോരുന്നത്. 1970കൾക്കു ശേഷമാണ് ഈ സിദ്ധാന്തം വ്യാപകമായി അറിയപ്പെട്ടു തുടങ്ങുന്നത്. ഇതിന് സവിശേഷമായ ഒരു കാരണമുണ്ട്. രണ്ടാംലോക യുദ്ധാനന്തരമുള്ള രണ്ട് ദശകങ്ങൾ പാശ്ചാത്യമുതലാളിത്ത ലോകത്തെ സംബന്ധിച്ചിടത്തോളം സുവർണ കാലഘട്ടമായിരുന്നു. യുദ്ധാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾ ഇവിടങ്ങളിൽ വലിയ സമൃദ്ധി സൃഷ്ടിച്ചു. പക്ഷേ ഭൂഗോളത്തിന്റെ വടക്കേ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരുപിടി രാജ്യങ്ങളിൽ മാത്രമായി ഈ സമൃദ്ധി ഒതുങ്ങി. അവിടങ്ങളിൽ തന്നെ ഇതിന്റെ ഗുണഫലങ്ങളിൽ നല്ല പങ്കും സമ്പന്ന വിഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെട്ടു. മൂന്നാംലോക രാജ്യങ്ങളിലെ മഹാഭൂരിപക്ഷവും കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്നു. ഇത് വ്യാപകമായ എതിർപ്പും അസംതൃപ്തിയും സൃഷ്ടിച്ചു. ദാരിദ്ര്യനിർമാർജ്ജനവും തൊഴിലുകൾ സൃഷ്ടിക്കുകയും പരിമിതമായ വിഭവങ്ങൾ കൂടുതൽ സമത്വത്തോടെ വിതരണം ചെയ്യുകയും വേണ്ടതിന്റെ ആവശ്യകത ഉയർന്നു. പല വികസ്വര രാജ്യങ്ങളും ഈ നയങ്ങൾ തങ്ങളുടെ അജൻഡയാക്കി മാറ്റി, പഞ്ചവത്സരപദ്ധതികളിൽ ഉൾപ്പെടുത്തി. സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഈ കാര്യങ്ങളിൽ ഇതിനകം തന്നെ ഏറെ പുരോഗതി കൈവരിച്ചിരുന്നു. വലിയ സാമൂഹ്യമാറ്റത്തിന് ഇത് കളമൊരുക്കുമോ എന്ന് വികസിത മുതലാളിത്ത രാജ്യങ്ങൾ സ്വാഭാവികമായും സംശയിച്ചു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വികസന നേട്ടങ്ങൾ സ്വാഭാവികമായിത്തന്നെ ക്രമേണ എല്ലാവരിലേക്കും എത്തിക്കൊള്ളും എന്ന Trickle down theory വികസിത രാജ്യങ്ങളിലെ സാമ്പത്തിക ബുദ്ധികേന്ദ്രങ്ങളിൽ നിന്നും മുന്നോട്ടു വെയ്ക്കപ്പെടുന്നത്. വികസനമെന്നത് കേവലം ഒരു സാമ്പത്തിക മാത്ര പ്രതിഭാസമാണെന്നും ദേശീയോൽപാദനത്തിന്റെ വർദ്ധന മാത്രമാണ് ഭരണകൂടം ലക്ഷ്യം വെയ്ക്കേണ്ടതെന്നും ഇങ്ങിനെ കൈവരിക്കുന്ന സാമ്പത്തിക വളർച്ച സ്വാഭാവികമായും എല്ലാ വിഭാഗം ജനത്തിനും പതിയെ ലഭ്യമാകുമെന്നും പറയുന്ന Trickle down theory ക്രമേണ സാമ്പത്തിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചു. എല്ലാ ബൂർഷ്വാ അർത്ഥശാസ്ത്രകാരന്മാരും ഡെവലപ്മെന്റ്‌ ഇക്കണോമിസ്റ്റുകളും ഇതൊരു വായ്ത്താരിയാക്കി മാറ്റി. 1970ൽ മാത്രമാണ് Trickle down theory സാമ്പത്തിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ സ്ഥാനം പിടിക്കുന്നത്. പക്ഷേ വളരെ സാന്ദർഭികമായി ഈ പദപ്രയോഗം സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള നെഹ്രുവിന്റെ പരാമർശത്തിൽ 1933ൽ കടന്നുവന്നിട്ടുണ്ട്. ‘‘the exploitation of India and other countries brought so much wealth to England that some of it trickle down to working class and their standard off living rose’’ പരാമർശം Whither India എന്ന നെഹ്രുവിന്റെ പുസ്തകത്തിൽ കടന്നു വന്നിട്ടുണ്ട്. 70കൾക്ക് ശേഷം ഈ സിദ്ധാന്തം മുന്നോട്ടുവെച്ചവർ എല്ലാം ഒരേ സ്വരത്തിൽ ഉച്ചരിച്ചിരുന്നത്‌ ഈ ഒരേ മന്ത്രമാണ്. ദാരിദ്ര്യത്തിൽ അമർന്നു കിടക്കുകയാണെങ്കിലും വികസിത രാജ്യങ്ങൾ ചെയ്യേണ്ടത് ഒന്ന് മാത്രമാണ് – എങ്ങിനെയും സാമ്പത്തികവളർച്ച ഉറപ്പുവരുത്തുക. അതിനാവശ്യമായ നയങ്ങളെ മാത്രം ആവിഷ്‌കരിക്കുക. ഇതിന് തടസം നിൽക്കുന്ന നയങ്ങളെല്ലാം മാറ്റിവെയ്ക്കുക. ഈ വായ്ത്താരി ഏറ്റവും ശക്തമാകുന്നത് 80കളുടെ മധ്യത്തോടെ നിയോ ലിബറൽ നയങ്ങൾ സർവ്വവ്യാപിയായി മാറുന്നതോടെയാണ്. ആഭ്യന്തരോത്പാദനത്തിന്റെ വളർച്ചയാണ് ഏറ്റവും മുഖ്യമായ ലക്ഷ്യമെന്ന ആഖ്യാനത്തിന്റെ ഉറവിടം Trickle down സിദ്ധാന്തമാണ്. ഏതാണ്ടെല്ലാ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞരും ഇതേ വാദമുഖം പല രൂപത്തിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു. നവ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞരാണ് ഇതിനെ അക്കാഡമിക് തലത്തിൽ നേരിട്ടത്. ബൂർഷ്വാ അർത്ഥശാസ്ത്രത്തിന്റെ ഫ്രെയിം വർക്കുകൾക്കുള്ളിൽ തന്നെ നിന്നുകൊണ്ട് ഉല്പതിഷ്ണമായ ആശയങ്ങൾ മുന്നോട്ടുവെച്ച ഗുണ്ണാൽ മിർദാൽ (Gunnal Myrdal) Trickle down theory യെ സംബന്ധിച്ച ശക്തമായ വിമർശനങ്ങൾ മുന്നോട്ടുവെച്ചു. കമ്പോള ശക്തികൾക്ക് പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല ദാരിദ്ര്യവും, അസമത്വവും എന്ന ഉറച്ച വിശ്വാസം മിർദാലിനുണ്ടായിരുന്നു. പോൾ ബാരൻ, ഗുന്തർഫ്രാങ്ക് തുടങ്ങിയ മാർക്സിസ്റ്റ് സൈദ്ധാന്തികർ ഈ വികസന സമീപനത്തെ ഉദാഹരണങ്ങൾ നിരത്തി ചോദ്യംചെയ്തു. (ഇവരുടെ വികസന സമ്പദ് ശാസ്ത്ര സമീപനങ്ങൾ ഇതിനു മുൻപുള്ള ലക്കങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്).

സമകാലിക ലോക യാഥാർഥ്യങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി, യാതൊരു സൈദ്ധാന്തിക പിൻബലവും ഇല്ലാതെ തന്നെ Trickle down സിദ്ധാന്തത്തിന്റെ പൊള്ളത്തരം ആർക്കും മനസ്സിലാകും. 2022 ലെ ലോക വികസന റിപ്പോർട്ട് ഇത് സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളിലും ദരിദ്ര സമ്പന്ന അന്തരം കുതിച്ചുയരുന്ന കാഴ്ചയാണ് ഈ റിപ്പോർട്ട് നൽകുന്നത്. ലോക ജനതയിൽ താഴേത്തട്ടിലുള്ള പകുതിയ്ക്ക് ആകെ സമ്പത്തിന്റെ 2 ശതമാനം മാത്രമാണ് സ്വന്തമായുള്ളത്. 98 ശതമാനം സമ്പത്തും മുകൾത്തട്ടിലുള്ളവർക്കാണ്. ഇതിൽ തന്നെ ഏറ്റവും മുകൾത്തട്ടിലുള്ള 10 ശതമാനത്തിന്റെ കൈവശമാണ് 76 ശതമാനം സമ്പത്തും .മാത്രമല്ല നിയോ ലിബറൽ കാലത്ത് ഈ അന്തരം വളരെ വേഗത്തിൽ വർധിച്ചുവരികയുമാണ്. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് 2020ൽ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകം കടുത്ത ദുരിതത്തിൽ കഴിഞ്ഞ കോവിഡ് കാലത്തുപോലും ഇവരുടെ വരുമാനത്തിൽ 70 ശതമാനം വർധനവുണ്ടായി. ഓക്സ്ഫാമിന്റെ റിപ്പോർട്ടനുസരിച്ച് ഏറ്റവും മുകൾത്തട്ടിലുള്ള 1 ശതമാനം ആൾക്കാരുടെ സമ്പത്ത് ബാക്കി വരുന്ന 99 ശതമാനത്തിന്റെ മൊത്തം സമ്പത്തിനേക്കാൾ കൂടുതലാണ്!

അതേസമയം താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ സമ്പത്തിൽ ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവാണ് കഴിഞ്ഞ 5 വർഷത്തിനിടയിൽ ഉണ്ടായിരിക്കുന്നത്. 1988‐-2011 കാലയളവിലുണ്ടായ സാമ്പത്തിക വളർച്ചയുടെ 46 ശതമാനവും മുകൾത്തട്ടിലുള്ള 10 ശതനാമത്തിനാണ് പോയിരിക്കുന്നത്. അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും സ്ഥിതിവിവര കണക്കുകൾ ഇത്തരത്തിൽ എത്ര വേണമെങ്കിലും നിരത്താനാകും. മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ താഴെത്തട്ടിലുള്ളവരിലേക്ക് മെല്ലെ കിനിഞ്ഞിറങ്ങിക്കൊള്ളുമെന്ന സിദ്ധാന്തത്തിന്റെ അവകാശവാദങ്ങൾ എത്രകണ്ട് പുറംതിരിഞ്ഞു നില്കുന്നവയാണെന്ന് യാഥാർഥ്യങ്ങളിലൂടെ ബോധ്യം വരാൻ ഇത് ധാരാളം.

ധനികരുടെ വരുമാനത്തിനു മേൽ നികുതി ചുമത്തി ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താം എന്ന ആശയമാണ് Trickle down സിദ്ധാന്തത്തിനൊപ്പം ബൂർഷ്വാ അർത്ഥശാസ്ത്രകാരന്മാർ മുന്നോട്ടുവെച്ചത്. ആ നയവും കാര്യമായ ഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നും മുകളിൽ സൂചിപ്പിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. അധ്വാനശക്തിയുമായി താരതമ്യം ചെയ്യുമ്പോൾ മൂലധനത്തിന് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ തോത് ക്രമാതീതമായി പെരുകിയതാണ് പാവങ്ങളുടെ തീവ്രമായ ദരിദ്രവൽക്കരണത്തിലേക്കും സമ്പന്നരുടെ പൊടുന്നനെയുള്ള സാമ്പത്തികവളർച്ചയിലേക്കും നയിക്കുന്ന ഘടകങ്ങൾ. ഇതിന്റെ ഫലമായി ധനിക‐ദരിദ്ര അന്തരം ഗുരുതരമാം വിധം മൂർച്ഛിക്കുന്നു. നിയോ ലിബറൽ കാലഘട്ടം ഈ അസമത്വത്തെ ലോക ചരിത്രത്തിൽ ഇതുവരെ ദർശിക്കാത്ത മാനങ്ങളിലേക്ക് ഉയർത്തുന്നു. ആഗോള സാമ്പത്തികഘടനയുടെ ഉടച്ചുവാർക്കലുകൊണ്ടല്ലാതെ ഈ പ്രശ്നത്തെ പരിഹരിക്കാനാവില്ല. എന്നാൽ ഈ ആഖ്യാനത്തിനു പകരം നാമിന്ന് സ്കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്നതും പഠിപ്പിക്കുന്നതും യാഥാർഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത Trickle down പോലുള്ള സിദ്ധാന്തങ്ങളാണ്. ഇത്തരം ആഖ്യാനങ്ങളുടെ വാഹകരാണ് നമ്മുടെ മാധ്യമങ്ങളും. ഇതിനിടയിൽ ഞെരിഞ്ഞമരുന്നത് യഥാർത്ഥ വസ്തുതകളാണ്. തന്റെ കാലത്തെ മുഖ്യധാരാ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളെ അടിമുടി എതിർക്കുക എന്ന പ്രൊജക്റ്റായിരുന്നു മാർക്സിന്റേത്. അതിനെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − two =

Most Popular