Sunday, July 14, 2024

ad

Homeചിത്രകലഅബു എബ്രഹാം: ‌‌‌കാർട്ടൂണിന്റെ കുലപതി

അബു എബ്രഹാം: ‌‌‌കാർട്ടൂണിന്റെ കുലപതി

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രശസ്‌തനായ കാർട്ടൂണിസ്റ്റും ചിത്രകാരനും പത്രപ്രവർത്തകനുമായിരുന്ന അബു എബ്രഹാം വിടപറഞ്ഞിട്ട്‌ 22 വർഷം പിന്നിടുകയാണ്‌. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണ്‌ 2024. അബു എബ്രഹാം കോറിയിട്ട വരകളിലൂടെ അദ്ദേഹം സജീവമാണിന്നും‐ ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങൾ‐ രാഷ്‌ട്രീയ/സാമൂഹ്യ/സാംസ്‌കാരികരംഗത്തെ പ്രമുഖർ. അവയ്‌ക്ക്‌ രൂപം നൽകിയ ഇന്ത്യൻ ഇങ്കിന്റെ കറുപ്പിലൂടെ അബു എബ്രഹാമും ലയിച്ചുചേർന്നിരിക്കുന്നു. മൂന്നാം വയസ്സിലെ കുട്ടിത്തമാർന്ന വരകളിൽ തുടങ്ങി പടർന്നുപന്തലിച്ച, ദിശാബോധമുള്ള ഈ കലാപ്രതിഭ വരപ്പ്‌ നിർത്തുമ്പോഴും ‘കുട്ടിത്തമുള്ള’ വരകളായിരുന്നു ഒപ്പമുണ്ടായിരുന്നത്‌. അവ തന്റെ ആസ്വാദകർക്കു മുന്നിൽ തുറന്നുകൊടുത്തത്‌ രേഖാചിത്രകലയിലെ സവിശേഷ സാന്നിധ്യമായിരുന്നു.

അബു എബ്രഹാമിന്റെ കലയുടെ കരുത്ത്‌ എന്തായിരുന്നു? അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽനിന്ന്‌ വർഷങ്ങളിലൂടെ രൂപപരിണാമം സംഭവിച്ചിരിക്കുന്ന രേഖകളുടെ ഉൾക്കരുത്താണ്‌ 1950കൾ മുതൽ 2002 വരെയുള്ള രേഖകളിലൂടെ/കാർട്ടൂണുകളിലൂടെ ആസ്വാദകർക്ക്‌ അനുഭവവേദ്യമാകുന്നത്‌. കട്ടികൂടിയതും കുറഞ്ഞതുമായ രേഖകളിലൂടെ നിഴലും വെളിച്ചവും ആവാഹിച്ചവതരിപ്പിക്കുന്ന രീതിയും അദ്ദേഹത്തിന്റെ രേഖാചിത്രണങ്ങളിൽ കാണാം. പിന്നീടത്‌ ലാളിത്യമാർന്ന രേഖകളായിട്ടാണ്‌ കാർട്ടൂണുകളിലൂടെ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്‌. വർഷങ്ങൾ നീണ്ട പരിശ്രമത്തിനും പഠനത്തിനും ശേഷം അദ്ദേഹത്തിനു ലഭിച്ച സിദ്ധിവിശേഷമായിരുന്നു ആർക്കും അനുകരിക്കാനാവാത്ത ‘ലാളിത്യമാർന്ന രേഖകൾ’. കാലികപ്രാധാന്യമുള്ള ശക്തമായ വരകളിലൂടെ വിഷയങ്ങളെ വിമർശിക്കാനും പരിഹാസത്തിന്റെ ഉൾക്കരുത്ത്‌ പ്രകടമാക്കാനും അദ്ദേഹത്തിന്‌ അനായാസം കഴിഞ്ഞു. നർമബോധമുള്ള അടിക്കുറിപ്പുകൾ ഇദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തിയോടെയും മൂർച്ചയോടെയും വന്ന കാർട്ടൂണുകൾ അബുവിന്റേതായിരുന്നു. ബാത്ത്‌ ടബിൽ കിടന്നുകൊണ്ട്‌ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ ഉത്തരവിൽ ഒപ്പിടുന്ന ഇന്ത്യൻ പ്രസിഡന്റിനെ ആവിഷ്‌കരിച്ചതായിരുന്നു ആ വിഷയവുമായി ബന്ധപ്പെട്ടു വന്ന ശ്രദ്ധേമായ കാർട്ടൂണുകളിലൊന്ന്‌. അടിയന്തരാവസ്ഥ സമ്മാനിച്ച ഞെട്ടൽ കലാകാരാരെയും കാർട്ടൂണിസ്റ്റുകളെയുമൊക്കെ ബാധിച്ചതിന്റെ ഭാഗമായിരുന്നു അബു എബ്രഹാം വരച്ച ഈ കാർട്ടൂൺ. രാജ്യം കടുത്ത അപകടത്തിലേക്കാണ്‌ പോകുന്നതെന്നുള്ള സൂചനയായിട്ടാണ്‌ ഇന്ത്യൻ പ്രസിഡന്റിനെത്തന്നെ മുഖ്യ കഥാപാത്രമായി കാർട്ടൂണിൽ ഉൾപ്പെടുത്തിയത്‌. ജനാധിപത്യത്തെ സംരക്ഷിക്കേണ്ട വ്യക്തിതന്നെ ഇങ്ങനെ അലക്ഷ്യമായി ഉത്തരവുകൾ ഒപ്പിട്ടിറക്കിയാലുള്ള ജനാധിപത്യത്തിന്റെ പ്രതിസന്ധിയെയാണ്‌ അദ്ദേഹം വരച്ചുകാട്ടിയത്‌. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട അബുവിന്റെ കാർട്ടൂണുകളിലൊന്നായിരുന്നു ഇത്‌. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ഒന്നാം പേജിൽ നാല്‌ കോളത്തിലാണ്‌ ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്‌. മറ്റനവധി രാഷ്‌ട്രീയ കാർട്ടൂണുകൾ ദേശീയതലത്തിലെ പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ശങ്കേഴ്‌സ്‌ മാഗസിനിലും തുടർന്ന്‌ ദീർഘകാലം ഇന്ത്യൻ എക്‌സ്‌പ്രസിലും കാർട്ടൂണിസ്റ്റായി ജോലിചെയ്യുകയും ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അതികായന്മാരെയൊക്കെ അവതരിപ്പിച്ചുകൊണ്ട്‌ ദേശീയ അന്തർദേശീയ കാർട്ടൂൺ രംഗത്ത്‌ കൂടുതൽ അറിയപ്പെടുകയും ചെയ്‌തു.

കാർട്ടൂണുകളിലെ രചനാകൗശലത്തേക്കാൾ ഏറെ ശ്രദ്ധേയമായിരുന്നു അബു എബ്രഹാമിന്റെ ഡ്രോയിംഗുകൾ. മികച്ച ഒരു രേഖാചിത്രകാരനെ (ഇലസ്‌ട്രേറ്ററെ) ഓർമിപ്പിക്കുംവിധമുള്ള പഠനാർഹമായ ശൈലീബദ്ധമായ ഡ്രോയിംഗുകളാണ്‌ ദേശാഭിമാനി അടക്കമുള്ള പ്രസിദ്ധീകരണങ്ങളിലെ ലേഖനപരന്പരയ്‌ക്കായി അദ്ദേഹം വരച്ചിരുന്നത്‌. കാർട്ടൂണുകളിലെ രേഖകളുടെ മിതത്വം മാറ്റിനിർത്തി കട്ടികൂടിയ രേഖകൾ കൊണ്ടുതന്നെ രൂപരേഖയും ഷെയ്‌ഡും നൽകിയിട്ടുള്ള സ്‌കെച്ചുകളിൽ ഇന്ത്യൻ ഗ്രാമത്തിന്റെ കാഴ്‌ചകളാണ്‌ കൂടുതലും വരച്ചിട്ടുള്ളത്‌. നന്മയുടെയും വാത്സല്യത്തിന്റെയും പ്രതീകങ്ങളായി പക്ഷകളെയും മൃഗങ്ങളെയും അദ്ദേഹം സ്‌നേഹിക്കുകയും വരയ്‌ക്കുകയും ചെയ്‌തു. യാത്രാവേളകളിൽ കാണുന്ന ദൃശ്യങ്ങൾ സ്‌കെച്ച്‌ ബുക്കിലേക്ക്‌ പകർത്തുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. പല ഡ്രോയിംഗുകളും അങ്ങനെ രൂപപ്പെട്ടവയാണ്‌. ഇന്ത്യൻ ജീവിതശൈലിയുടെ ഉൾതുടിപ്പുകൾ പഠിക്കാനുള്ള സ്രോതസ്സുകൂടിയായിരുന്നു ഈ രേഖാചിത്രങ്ങൾ.

കാർട്ടൂൺ രംഗത്തെ ആചാര്യനായ ശങ്കേഴ്‌സ്‌ വീക്കിലിയുടെ സ്ഥാപകൻ ശങ്കർ, ആർ കെ ലക്ഷ്‌മൺ, രജീന്ദർ പുരി എന്നിവർക്കിടയിലാണ്‌ അബു എബ്രഹാം, ഒ വി വിജയൻ എന്നീ പ്രഗത്ഭരൊക്കെ സജീവമാകുന്നത്‌. ഒ വി വിജയനും ശങ്കറും പ്രയോഗിച്ച ബ്രഷിന്റെ വ്യത്യസ്‌ത ശൈലികളിൽ പേന ഉപയോഗിക്കുന്നതുപോലുള്ള ഒഴുക്കായിരുന്നു ബ്രഷിലൂടെ അബു എബ്രഹാം സാധ്യമാക്കിയത്‌. ലാളിത്യമാർന്ന വരകളിലൂടെയുള്ള ആക്രമണത്തിന്‌ തീവ്രത കൂടിയിരുന്നത്‌ ആസ്വാദകരും നെഞ്ചേറ്റിയിരുന്നു‐ അദ്ദേഹത്തെ കൂടുതൽ പ്രശസ്‌തനാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ വര പുതിയ തലമുറയ്‌ക്കുവരെ സമഗ്രമായി കാണുവാനും പഠിക്കുവാനും കഴിയുംവിധം സമകലികമായവയാണ്‌‐ അവയോട്‌ ചേർത്തുവയ്‌ക്കാവുന്നതുമാണ്‌.

1924ൽ തിരുവല്ലയിൽ ജനിച്ച അബു എബ്രഹാം കുട്ടിക്കാലത്തുതന്നെ ചിത്രങ്ങൾ വരയ്‌ക്കുമായിരുന്നു. രേഖാചിത്ര രചനയിലെ അത്ഭുതങ്ങളുടെ ചെപ്പ്‌ തുറന്ന ഈ ബാലൻ സ്‌കൂൾ/കോളേജ്‌ തലത്തിൽ പഠനത്തിലായിരുന്നപ്പോഴും ചിത്രരചനയിൽ കൂടുതൽ തൽപരനായി. ബോംബെയിലെ പഠനകാലത്തും തുടർന്ന്‌ ബോംബെ ക്രോണിക്കിളിൽ റിപ്പോർട്ടറായി ജോലി ലഭിക്കുമ്പോഴും കാർട്ടൂൺ വര തുടർന്നു. ബോംബെ ക്രോണിക്കിളിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു തുടങ്ങി. തുടർന്ന്‌ ശങ്കേഴ്‌സ്‌ വീക്കിലിയിൽ കാർട്ടൂണിസ്റ്റായതോടെ ക്രമേണ അബു എബ്രഹാമിനെ ലോകം ശ്രദ്ധിച്ചു തുടങ്ങി. പിന്നീട്‌ ലണ്ടനിലേക്കു പോയ അദ്ദേഹം ഒബ്സർവർ, ഗാർഡിയൻ എന്നീ പ്രശസ്‌തമായ ഇംഗ്ലീഷ്‌ പത്രങ്ങളിൽ നിരവധി കാർട്ടൂണുകൾ വരച്ചുകൊണ്ടിരുന്നു. 1969ൽ ഇന്ത്യയിലേക്ക്‌ തിരിച്ചുവന്ന അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസിൽ കാർട്ടൂണിസ്റ്റായി ചേരുകയും ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അതികായരെ കാർട്ടൂണുകളിലൂടെ അവതരിപ്പിക്കുകയും ആസ്വാദകപ്രശംസ നേടുകയും ചെയ്‌തു.

1990ലാണ്‌ ഭാര്യ സൈക്കിയോടൊപ്പം തിരുവനന്തപുരത്ത്‌ എത്തുന്നത്‌. സുഹൃത്തായ പ്രമുഖ വാസ്‌തുശിൽപി ലാറി ബേക്കർ രൂപകൽപന ചെയ്‌ത വീട്ടിൽ സ്ഥിരതാമസമാക്കിയതുമുതൽ തിരുവനന്തപുരത്തെ കലാ സാംസ്‌കാരിക ഇടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അബു എബ്രഹാം. ചെറുതും വലുതുമായ കലാ സാംസ്‌കാരിക സന്ധ്യകളിൽ നിറഞ്ഞ ചിരിയോടെയുള്ള സാന്നിധ്യം പ്രത്യേകതയാർന്നതായിരുന്നു.

ചിരിയോടൊപ്പം ചിന്തയ്‌ക്കും വക നൽകുന്നതാണ്‌ അബു എബ്രഹാമിന്റെ വരകൾ. ലോകത്തിലെ ശ്രദ്ധേയ കാർട്ടൂണിസ്റ്റുകളിലൊരാൾ‐ ആസ്വാദകരുടെ സ്‌നേഹവും ബഹുമാനവും ആർജിച്ച കലാകരൻ. അബു എബ്രഹാമിന്റെ ഉണങ്ങുന്ന ബ്രഷ്‌ നമ്മുടെ മനസ്സിൽ എന്നും ഉണങ്ങാതിരിക്കും‐ തീർച്ച.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 5 =

Most Popular