Friday, December 13, 2024

ad

Homeചിത്രകലസ്‌ത്രീപക്ഷകലയുടെ വൈവിധ്യമുഖങ്ങൾ

സ്‌ത്രീപക്ഷകലയുടെ വൈവിധ്യമുഖങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

മ്മുടെ നാടിന്റെയും സംസ്‌കാരത്തിന്റെയും കലാസങ്കൽപങ്ങളും ആശയങ്ങളുമായി കാഴ്‌ചയുടെ നൂതനാവിഷ്‌കാരങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ഗ്യാലറികൾ മുഖ്യപങ്കുവഹിക്കുന്നു. നമ്മുടെ പ്രധാനപ്പെട്ട ഗ്യാലറികളും കലാപ്രദർശനങ്ങളും നിർമിച്ചെടുക്കുന്ന കലാസാംസ്‌കാരിക ഇടങ്ങളെ ലോക കലയുമായും കലാവിഷ്‌കാരങ്ങളുമായും ചേർത്തു വായിക്കേണ്ടുന്ന കാലം കൂടിയാണിന്ന്‌. ലോക ചിത്ര‐ശിൽപകലയുടെ കാലികമായ സഞ്ചാരവഴികൾ കലാസ്വാദകർക്കും സാമാന്യജനങ്ങൾക്കും അറിയാനും മനസ്സിലാക്കാനുമുള്ള സാധ്യതകൾക്ക്‌ സാംസ്‌കാരിക സ്ഥാപനങ്ങളും ഗ്യാലറികളുമൊക്കെ അവസരമൊരുക്കണം. എങ്കിൽ മാത്രമേ സംവാദാത്മകവും ക്രിയാത്മകവുമായ അന്തരീക്ഷത്തോടെ പുതുമയെ ഉൾക്കൊള്ളുന്ന സംവേദനാവസരങ്ങൾ രൂപപ്പെടുത്താനും കലാസമൂഹത്തെ കൂടുതൽ അറിയാനും കഴിയൂ. ഇന്ന്‌ നമ്മുടെ ഗ്യാലറികളെല്ലാം സജീവമാണെങ്കിലും മേൽപറഞ്ഞ സംവാദങ്ങളും ചർച്ചകളുമൊക്കെ നടക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കപ്പെടേണ്ടതാണ്‌. ആധുനികതാവീക്ഷണത്തിൽ സാഹിത്യം, സിനിമ, വാസ്‌തുകല, സംഗീതം പ്രത്യേകിച്ച്‌ ചിത്ര‐ശിൽപകല തുടങ്ങി സംസ്‌കാരത്തിന്റെ സമസ്തമേഖലകളെയും ഗുണപരമായി സ്വാധീനിക്കുന്ന കാലത്താണ്‌ ഗ്യാലറികളും പ്രദർശനങ്ങളും കൂടുതൽ പ്രസക്തമാകുന്നത്‌. ഇത്തരം ചിന്തകൾക്ക്‌ ഊന്നൽ നൽകുകയും അതോടുചേർന്ന്‌ പ്രവർത്തിക്കുകയുമാണ്‌ തിരുവനന്തപുരത്ത്‌ പ്രവർത്തിക്കുന്ന ‘ലീഫ്‌ ആർട്ട്‌ പ്രോജക്ട്‌സ്‌’. ‘തിരുവനന്തപുരം ആർട്ട്‌ ഫെയർ’ എക്‌സിബിഷൻ സീരിസിന്റെ രണ്ടാമത്‌ പതിപ്പാണ്‌ കേരളത്തിലെ പ്രമുഖരായ ഒന്പത്‌ ചിത്രകാരികളുടെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം. ഡോ. രഞ്ജു ക്യൂറേറ്റ്‌ ചെയ്‌ത പ്രദർശനം വൈലോപ്പിള്ളി സംസ്‌കൃതിഭവൻ ലളിതകലാ അക്കാദമി ഗ്യാലറിയിലാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌.

ആധുനിക ഇന്ത്യൻ ചിത്രകലയുടെ ശക്തിസ്രോതസ്സിലേക്ക്‌ ഊർജം പകരുന്ന മുപ്പതോളം ചിത്രങ്ങളാണ്‌ പ്രദർശനത്തിലുണ്ടായിരുന്നത്‌. നിത്യജീവിത പ്രകീർത്തനങ്ങളായി ഒതുങ്ങിയ കലാചിന്തകളിൽനിന്ന്‌ മാറിയ സമീപനമാണ്‌ ഈ ചിത്രകാരികളുടെ രചനകളിൽ കാണാനാവുക. കാഴ്‌ചയുടെ സമസ്‌തമേഖലകളെയും സ്‌പർശിക്കുന്ന സ്വന്തം അനുഭവവും അനുശീലനവും കലാപരിശീലനവും ഭാവനയും ഇഴചേരുന്ന വൈവിധ്യമാർന്ന അടരുകൾ, ലളിതവും ഗഹനവുമായി സംവദിക്കുന്ന കലാപ്രവർത്തനങ്ങളുടെ ഊർജമായി പ്രദർശനത്തിൽ തെളിയുന്നു. ഇവിടെ പലവിധ കാഴ്‌ചകൾ, അറിവ്‌, പശ്ചാത്തലം, വെളിച്ചത്തിന്റെ സാധ്യതകൾ, കാലം, ഭാഷ, സംഘർഷങ്ങൾ, സൗന്ദര്യം തുടങ്ങിയ വിഭാഗങ്ങളെയും വിഷയങ്ങളെയും ക്രോഡീകരിച്ചുകൊണ്ടാണ്‌ രേഖകളിലൂടെയും രൂപ‐വർണ പ്രയോഗങ്ങളിലൂടെയും ചിത്രതലങ്ങൾ പൂർണതയിലേക്കെത്തിച്ചിരിക്കുന്നത്‌. അനുഭൂതിയുടെ അനിർവചനീയ നിമിഷങ്ങളെ ചേർത്തുപിടിക്കുന്ന ചില രചനകളാലും സന്പന്നമാകുന്നു ഈ പ്രദർശനം. ഒപ്പം സ്‌ത്രീപക്ഷ കലയുടെ ഏറ്റവും പുതിയ മുഖം കൂടിയാണ്‌ ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്‌.

അതിഭൗതികമായ കാഴ്‌ചപ്പാടിൽനിന്ന്‌ രൂപമെടുക്കുന്ന പുത്തൻ കാഴ്‌ചകൾ ഉത്‌കണ്‌ഠയോടെ നോക്കിക്കാണുന്ന ചിത്രകാരി‐കലയുടെ ഭാവി നിർണയിക്കാൻ പോന്ന ചിത്രരേഖകളുടെ ആവിഷ്‌കാരത്തിലൂടെയാണ്‌ സമകാലീന കലയെ സബിത കടന്നപ്പള്ളി അടയാളപ്പെടുത്തിയിരിക്കുന്നത്‌. പ്രപഞ്ചം ഒരേസമയംതന്നെ നിശ്ചിതവും അനിശ്ചിതവുമാണെന്ന വാദമുഖത്തുനിന്നാണ്‌ ഡോഡ്‌സി ആന്റണി ചിത്രങ്ങൾ കാണാനാവുക. ഒരു വസ്‌തുവിന്റെ രൂപപരവും സ്വഭാവപരവുമായ ഘടകങ്ങളെ ചേർത്തുവയ്‌ക്കുന്നതും ഭൂതകാലത്തെ ഓർത്തെടുക്കുന്നതുമായ ആശയാവിഷ്‌കാരമാണ്‌ ചിത്രങ്ങളുടെ സവിശേഷത.

സുതാര്യതയിലൂടെ മനുഷ്യരൂപങ്ങളെയും പ്രകൃതിയെയും അനന്തമായ കാഴ്‌ചയുടെ ദ്വന്ദഭാവങ്ങളിലേക്ക്‌ നമ്മെ കൂട്ടുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ട്‌. സുതാര്യതയിൽനിന്ന്‌ അതാര്യതയിലേക്കും തിരിച്ചുമുള്ള സഞ്ചാരവഴികളുടെ പൂർണതയാർന്ന നിർവചനങ്ങളാണ്‌ സജിത ശങ്കർ, ബിന്ദി രാജഗോപാൽ, ബബിത കടന്നപ്പള്ളി എന്നിവരുടെ ചിത്രങ്ങൾ സംവദിക്കുന്നത്‌.

മാനിസകസംഘർഷങ്ങളിലൂടെ സ്‌ത്രീകളിലെ ശരീരാവസ്ഥയിലെ ഭാവമാറ്റങ്ങൾ‐ അവയുടെ തരംഗങ്ങൾ നിറങ്ങളിലൂടെ, സ്‌ത്രീരൂപങ്ങളിലൂടെ യഥാതഥമാകുകയാണ്‌ സാറാ ഹുസൈന്റെ പെയിന്റിംഗുകൾ. സ്‌ത്രീയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്‌, ആന്തരസ്വഭാവങ്ങളിലേക്ക്‌, ഭാവങ്ങളിലേക്ക്‌ കടന്നുചെല്ലുകയാണ്‌ ചിത്രകാരി. കലാചരിത്രപഠനത്തെയും സൗന്ദര്യശാസ്‌ത്രപഠനത്തെയും സർഗസാന്നിധ്യമാക്കി സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ക്രിയാത്മകാവിഷ്‌കാരാമായാണ്‌ ഡോ. കവിത ബാലകൃഷ്‌ണനും ബബിത രാജീവും പ്രദർശനത്തിൽ പങ്കാളികളാകുന്നത്‌. കല മനുഷ്യന്റെ അടിസ്ഥാനജീവിതവുമായി ഇഴുകിച്ചേർന്ന്‌ വളരുന്നതിന്റെ ചലനാത്മകമായ രൂപനിർമിതികളും നിറച്ചാർത്തുകളുമാണ്‌ ഉഷാ രാമചന്ദ്രന്റെ രചനകളിൽ ദൃശ്യമാകുന്നത്‌.

പ്രദർശനദിവസങ്ങളിൽ കലാസംവാദങ്ങളും ചർച്ചയും സംഘടിപ്പിച്ചിരുന്നു. സമാപനദിവസം കേരളത്തിലെ സ്‌ത്രീപക്ഷ ചിത്രകലയുടെ നാൾവഴികളെക്കുറിച്ചും ചിത്രകാരികളെക്കുറിച്ചും ഡോ. കവിത ബാലകൃഷ്‌ണന്റെ പ്രഭാഷണവും ചർച്ചയുമുണ്ടായിരുന്നു.

പ്രകൃതിയെ അറിയുകയെന്ന വീക്ഷണത്തിലൂടെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന മാനവികതയുടെ ലോകത്ത്‌ തേജസ്സോടെ എന്നാൽ മൂർച്ചയോടെ, ദൃഢതയോടെ, കരുത്തോടെ ഭാവിയിലേക്ക്‌ പ്രതീക്ഷയോടെ ആസ്വാദകമനസ്സിലേക്ക്‌ കടന്നുകയറാനാവുന്ന ഈ പ്രദർശനം ശ്രദ്ധേയമായി. ചരിത്രപരമായി അടയാളപ്പെടുത്താനാവുന്ന കലാചിന്തകളിൽ ദൃശ്യഭാഷാ സംസ്‌കാരം വളരുകയും പുതിയ കാലത്തെ കലയെ പ്രതീകവത്‌കരിക്കുന്ന സർഗാത്മക വെളിച്ചം സമൂഹത്തിലേക്കെത്തിക്കുകയും ചെയ്യുന്ന ദൗത്യത്തിൽ ലീഫ്‌ ആർട്ട്‌ പ്രോജക്ടിന്റെ പങ്ക്‌ വലുതാണ്‌. ഒപ്പം നമ്മുടെ കലാകാരരും ആർട്ട്‌ ഗ്യാലറികളും സജീവമാകട്ടെ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − 1 =

Most Popular