Friday, December 13, 2024

ad

Homeസിനിമഉമാദാസ് ഗുപ്ത: എന്നെന്നും ദുർഗ

ഉമാദാസ് ഗുപ്ത: എന്നെന്നും ദുർഗ

കെ എ നിധിൻ നാഥ്‌

രൊറ്റ കഥാപാത്രംകൊണ്ട്‌ അനശ്വരതയിലേക്ക്‌ ഉയർന്ന ഉമ ദാസ്‌ ഗുപ്‌ത ഇനി ഓർമകളുടെ ഫ്രെയിമിൽ. 14‐ാം വയസ്സിൽ സത്യജിത് റേയുടെ ‘ദുർഗ’യായി പഥേർ പാഞ്ചാലിയിൽ അഭിനയിച്ചു. വലിയ സ്വീകാര്യത നേടിയ ആ വേഷത്തിനുശേഷം ഏഴ്‌ ദശാബ്‌ദത്തോളം സിനിമയിൽനിന്ന്‌ മാറിനിന്നു. സിനിമയെന്നും ഉമയുടെ അടുത്ത കഥാപാത്രത്തിനായി കാത്തിരുന്നപ്പോഴും അധ്യാപികയായി കൊൽക്കത്തയിൽ സാധാരണ ജീവിതം നയിച്ചു. എന്നാൽ ദുർഗയിലൂടെ നേടിയ അനശ്വരതയിൽ അവർ ഇന്ത്യൻ സിനിമയുടെ മുഖമായി തുടർന്നു, ഇനിയുമത്‌ തുടരും… ദുർഗയും ഉമയും വേർതിരിച്ചറിയാൻ കഴിയാത്തവിധം ലയിച്ചുചേർന്നിരുന്നു.

പഥേർ പാഞ്ചാലിയുടെ കഥാഭൂമികയായ നിശ്ചിന്തപുരം ഗ്രാമം ബംഗാളിലായിരുന്നുവെങ്കിലും അത്‌ ഇന്ത്യൻ ഗ്രാമങ്ങളുടെ പരിച്ഛേതമായിരുന്നു. ഹരിഹര്‍ റോയിയും ഷൊര്‍ബൊ ജയയും അവരുടെ മക്കളായ ദുര്‍ഗയും അപുവും–- അവരുടെ ജീവതവും പറയുന്ന സിനിമ ഇന്ത്യയിലെ ഗ്രാമീണ ജനതയുടേത്‌ കൂടിയായിരുന്നു. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലമർന്നുപോയ മനുഷ്യജീവിതത്തിന്റെ സങ്കടകടലുകളിൽ മനസ്സ്‌ നീറുമ്പോഴും ചിരിക്കുന്ന ദുർഗ. അപുവിന്റെ ദീദി, അവന്റെ സംരക്ഷകൻ. അപുവിന്റെ കാഴ്‌ചയിലൂടെ വളരുന്ന സിനിമ പക്ഷെ വലിയൊരളവിൽ ദുർഗയുടേത്‌ കൂടിയാണ്‌. സിനിമയുടെ ഹൃദയത്തോട്‌ ചേർക്കുന്ന കഥാപാത്ര സൃഷ്ടിയും അവളുടേതാണ്‌. ദാരിദ്ര്യത്തിന്റെ കാഴ്‌ചകളാകുമ്പോഴും നമ്മളാഗ്രഹിക്കുന്ന സന്തോഷം സൃഷ്ടിച്ചെടുക്കുന്നുവെന്നതാണ്‌ ദുർഗ ആളുകളിലേക്ക്‌ കൂടുതൽ ഉൾചേർക്കപ്പെടാൻ കാരണം. ജീവിതത്തിൽ എല്ലാ അവസ്ഥയിലും, അതിൽനിന്നെല്ലാം സന്തോഷം കണ്ടെത്തുന്നവളായിരുന്നു ദുർഗ.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവലാണ് സത്യജിത്ത്‌ റേ സിനിമയാക്കിയത്. ലോക ക്ലാസിക്കുകളിൽ ഒന്നായി ഇന്നും പരിഗണിക്കപ്പെടുന്ന പഥേർപാഞ്ചാലി, ഏറ്റവും മികച്ച പത്തു സിനിമകളിലൊന്നായി ഫ്രിപ്രസി തെരഞ്ഞെടുത്തിരുന്നു. ടൈം മാഗസിൻ തെരഞ്ഞെടുത്ത കഴിഞ്ഞ ശതാബ്ദത്തിലെ ഏറ്റവും മികച്ച 100 സിനിമകളിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സിനിമ. കാൻ ചലച്ചിത്രമേളയിലടക്കം അവാർഡ് നേടിയ സിനിമ. പഥേർപാഞ്ചാലിക്കുശേഷം 2015-ൽ പുറത്തിറങ്ങിയ കൗശിക് ഗാംഗുലിയുടെ അപുർ പാഞ്ചാലി, 2022-ൽ പുറത്തിറങ്ങിയ ലോക്കി ചേലേ എന്നീ ചിത്രങ്ങളിൽ മാത്രമാണ്‌ ഉമ ദാസ്‌ ഗുപ്‌ത ചെറുതായെങ്കിലും മുഖംകാണിച്ചത്‌.

ഒരു സ്‌കൂള്‍ പരിപാടിയില്‍ നിന്നാണ് ഉമയെ കണ്ടെത്തുന്നത്‌. സ്‌കൂള്‍ അധികൃതര്‍വഴി വീട്ടുകാരെ ബന്ധപ്പെട്ടാണ്‌ സിനിമയില്‍ എത്തിക്കുന്നത്. പഥേർപാഞ്ചാലിയിൽ ദുർഗയെ അവതരിപ്പിക്കാനായി ഒരാൾക്കുവേണ്ടിയുള്ള അന്വേഷണത്തിനിടയിൽ സത്യജിത്ത്‌ റേയുടെ സുഹൃത്തും സഹസംവിധായകനുമായ ആശിഷ് ബർമനാണ്‌ ഉമയെ കണ്ടെത്തുന്നത്‌. പിതാവിനു ഉമയുടെ സിനിമാ അഭിനയത്തോട് ആദ്യം എതിർപ്പായിരുന്നു, പിന്നീട്‌ അനുകൂല നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ ഉമ ദുർഗയായത്‌.

ചെറുപ്പംമുതൽ നാടകവുമായി ഉമയ്‌ക്ക്‌ വലിയ ബന്ധമുണ്ടായിരുന്നു. ഫുട്ബോൾ കളിക്കാരനായ പാൽതു ദാസ്ഗുപ്തയുടെ മകളായിരുന്നു ഉമ. ഒരു ഞായറാഴ്‌ച പാൽതു ദാസ്ഗുപ്തയും സത്യജിത്ത്‌ റേയും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ്‌ ഉമ സിനിമയിലേക്ക്‌ എത്തുന്നത്‌. റേ തന്റെ ലെയ്‌ക കാമറയിൽ കുറച്ച് ചിത്രങ്ങൾ എടുക്കാൻ ഉമയെ ടെറസിലേക്ക് കൊണ്ടുപോയി. ഉമ ആദ്യം അൽപ്പം നാണത്തോടെയാണ്‌ നിന്നത്‌. തന്റെ ദുർഗ ഒരു ടോംബോയ് ആകണമെന്നാണ്‌ റേ ആഗ്രഹിച്ചത്‌. അതിനാൽ മുഖഭാവങ്ങളിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ടു, അത് അവൾ ഉടനടി ചെയ്തു. പിന്നീട്‌ റേ അതിനെക്കുറിച്ച്‌ ഓർത്തെടുത്തത്‌ ‘ഒരു തടസവുമില്ലാതെ അവർ മാറി’യെന്നാണ്‌.

മൈ ഇയേഴ്‌സ് വിത്ത് അപു: എ മെമ്മോയർ എന്ന തന്റെ പുസ്തകത്തിൽ റേ പറഞ്ഞത്‌ ‘‘ദുർഗ (ഉമ) 14 വയസ്സുള്ള വലിയ വാഗ്ദാനമായിരുന്നു. അവൾക്ക് ഈ കഥാപാത്രമായി പൂർണമായി മാറാനാകുമെന്നതിൽ സംശയമില്ലായിരുന്നു, അത്‌ ശരിവെക്കും വിധം കൂടുതൽ മിടുക്കോടെയാണ് അവൾ അഭിനയിച്ചത്’’.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർപാഞ്ചാലിയുടെ സംക്ഷിപ്ത പതിപ്പായ ‘ആം ആതിർ ഭെൻപു’നുവേണ്ടി റേയാണ്‌ ചിത്രീകരണം നടത്തിയത്‌. അപ്പോഴും റേ ദുർഗയെ വരച്ചിരുന്നു. ‘ധിക്കാരിയും കൊടുങ്കാറ്റിലെ പുഷ്പംപോലെ മനോഹരവുമായവൾ’–- ഇങ്ങനെയാണ്‌ റേ വരച്ചെടുത്ത ദുർഗ. എന്നാൽ, ഉമ ആ വേഷം ചെയ്‌തതിനുശേഷം, ദുർഗയുടെ മറ്റെല്ലാ പതിപ്പുകളും സാങ്കൽപങ്ങളും അപ്രത്യക്ഷമായി. ആദ്യമായി ഒരു ട്രെയിൻ കണ്ടപ്പോൾ ദുർഗയുടെ മുഖത്തുണ്ടായ ആവേശം. അമ്മ ഷൊർബൊജയ അനുജനെ രാജകുമാരനായി അണിയിച്ചൊരുക്കിയപ്പോൾ അവളുടെ കണ്ണുകളിൽ വിരിഞ്ഞ ആരാധന. അവളുടെ വികൃതി പുഞ്ചിരി. മാങ്ങ അച്ചാർ കഴിച്ചതിന്റെ സുഖം. ഇങ്ങനെ ഉമ കഥാപാത്രത്തിന്റെ സ്വഭാവം മാത്രമല്ല, ആത്മാവും ഉൾക്കൊണ്ടു. സുന്ദരിയും ദുർബലയും എന്നാൽ അജയ്യയുമായി മാറി. ദുർഗയെന്നാൽ ഉമാദാസ്‌ ഗുപ്‌തയായി.

‘‘ഓർമകൾ പലപ്പോഴും സങ്കടകരവും വേദനാജനകവുമാണ്. ഇത്തവണയും അതാണ് സംഭവിച്ചത്. പഥേർപാഞ്ചാലിയിലെ എല്ലാവരും ഓരോരുത്തരായി വിടപറയുന്നു. ഒരു ദിവസം ഞാനും പോകും. ദീദിയോട് എന്റെ ആദരവ് കുറച്ചുദിവസം കൂടി നിന്നാൽ നന്നായിരുന്നു. ഒരുപക്ഷേ നമ്മൾ ഒരിക്കൽകൂടി കണ്ടുമുട്ടിയേനെ. എനിക്ക് ആ അവസരം കിട്ടിയില്ല. സിനിമയിലും എനിക്ക് ദീദിയെ നഷ്ടപ്പെട്ടു. ഇന്നിതാ ജീവിതത്തിലും നഷ്ടമായി’’–- പഥേർ പാഞ്ചാലിയിൽ അപുവായി അഭിനയിച്ച സുബീര്‍ ബാനര്‍ജി ഉമയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട്‌ പറഞ്ഞതാണിത്‌. പല ദേശങ്ങളിൽ പല കാലങ്ങളിലായി പഥേർ പാഞ്ചാലി കണ്ടവരെല്ലാം ദുർഗയെ അത്രമേൽ ചേർത്ത്‌ പിടിച്ചിരുന്നു. അത്രമേൽ ഹൃദയാവർജകമായിരുന്നു ഉമയുടെ ദുർഗ. അത്‌ തന്നെയായിരുന്നു പിന്നീട്‌ സിനിമയുടെ വെള്ളിവെളിച്ചത്തിനോട്‌ അകലം പാലിച്ചപ്പോൾ അവരോട്‌ തോന്നിയ സ്‌നേഹത്തിന്റെ കാരണവും. ആ അനശ്വരത എന്നും നിലനിന്നു. സിനിമ ഇറങ്ങി 70 വർഷംകഴിഞ്ഞ്‌, 84‐ാം വയസ്സിൽ അവർ ലോകത്തോട്‌ വിടപറയുമ്പോഴും അവർക്ക്‌ പ്രായം 14 തന്നെയായിരുന്നു ദുർഗയുടെ പ്രായം. അവരെന്നും ദുർഗയായിരുന്നു; അതു മാത്രമായിരുന്നു. കലയോടുള്ള തന്റെ ഇഷ്ടങ്ങളെ ദുർഗയ്‌ക്കപ്പുറം വിടാതെ അപുവിന്റെ ദീദിയായി തുടർന്നു. ഇന്നിപ്പോൾ ഉമ മടങ്ങി. പക്ഷെ അനശ്വരയായി തുടരും. അപുവിന്റെ ദീദിയായി… ദുർഗയായി…
Rest In Cinema… സിനിമ സലാം… l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + seven =

Most Popular