വിപ്ലവപാതയിലെ ആദ്യപഥികർ‐ 58
തൃശൂരിലെ വിവേകോദയം ഹൈസ്കൂൾ. ഒമ്പതാം ക്ലാസിലെ വിദ്യാർഥികളായ പിള്ളനേഴിമനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിയും കൂട്ടുകാരനായ മുല്ലപ്പള്ളി ബ്രഹ്മദത്തൻ നമ്പൂതിരിയും പ്രഥമാധ്യാപകനായ വി.കെ.കൃഷ്ണമേനോൻ എന്ന സ്വാമി ത്യാഗീശാനന്ദന്റെ സന്നിധിയിലെത്തി പറയുകയാണ്, ‘‘ഞങ്ങളെ ഇതേവരെ വാത്സല്യപൂർവം പഠിപ്പിച്ചതിന് ഞങ്ങൾക്ക് കൃതജ്ഞതയുണ്ട്. ഞങ്ങൾ ഇനി തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്ര്യസമരത്തിൽ എളിയ പങ്കുവഹിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അനുഗ്രഹിക്കണം.’’
പ്രഥമാധ്യാപകൻ പറഞ്ഞു ‘‘ഏറ്റവും വലിയ ചുമതല രാജ്യസേവനമാണ്. എന്റെ ശിഷ്യന്മാരിൽ രണ്ടുപേർക്കെങ്കിലും ആ ബോധം ഉദിച്ചതിൽ സന്തോഷമുണ്ട്. ഈ തല്ലുകൊള്ളാൻ പോകുന്നതിൽ എന്തെങ്കിലും പ്രയോജനമുണ്ടോ എന്നതിൽ എനിക്ക് സംശയമുണ്ട്. ഏതായാലും നിങ്ങൾക്ക് എല്ലാ വിജയവും നേരുന്നു’’ ഇങ്ങനെ അനുഗ്രഹിക്കുക മാത്രമല്ല അന്നത്തെ തുടർന്നുള്ള ക്ലാസുകൾ വിട്ടുകൊണ്ട് ഹൃദ്യമായ യാത്രയയപ്പു നൽകുകയുംചെയ്തു. തന്റെ ക്ലാസിൽ തന്റെ ബെഞ്ചിൽത്തന്നെ ഇരുന്ന് പഠിക്കുന്ന സഹോദരനോട് യാത്ര ചോദിച്ചുകൊണ്ടാണ് പിള്ളനേഴി മനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരി പ്രഥമാധ്യാപകനെ കാണാൻ പോയത്. ഇനി ഞാൻ വീട്ടിലേക്കില്ല, നിയമം ലംഘിച്ച് ജയിലിൽ പോകുന്നുവെന്നാണ് അനുജനോട് പറഞ്ഞത്. വീട്ടുകാരോട് യാത്രചോദിച്ചുകൊണ്ട് വിശദമായ കത്തെഴുതി വീട്ടിലെ മേശയിൽ വെച്ചിട്ടുണ്ടെന്നും അന്വേഷിച്ചുവരരുതെന്നുംകൂടി അനുജനോട് പറഞ്ഞിരുന്നു.
പിള്ളനേഴിക്ക് (ഇനിമുതൽ ആ പേര് പി.എസ്. നമ്പൂതിരി എന്ന് വിളിക്കാം രാഷ്ട്രീയരംഗത്ത് ആ പേരിലാണറിയപ്പെട്ടത്) അന്ന് വയസ്സ് പതിനാറാണ്. കൂട്ടുകാരും ഏതാണ്ടതിനടുത്ത പ്രായക്കാർ. അവരഞ്ചുപേരുണ്ടായിരുന്നു. ഒരാൾ പി.എസ്. നമ്പൂതിരി ആദ്യം പഠിച്ച നമ്പൂതിരിവിദ്യാലയത്തിലെ അധ്യാപകനായ എം.എസ്. കൃഷ്ണൻ നമ്പൂതിരി. പിന്നെ ഏഴിക്കോട് നാരായണനും. 1932 ഫെബ്രുവരി മൂന്നാണന്ന്. നാലു മുതൽ കോഴിക്കോട്ട് നിയമലംഘനസമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. കൂടുതൽ വോളന്റിയർമാർ വേണം. അതിലേക്കാണ് അഞ്ചംഗസംഘത്തിന്റെ പോക്ക്. സമരനേതൃത്വവുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് കിട്ടിയ നിർദേശം രണ്ടായി പിരിയാനാണ്. ഒളപ്പമണ്ണയും ഏഴിക്കോട് നാരായണനും പാലക്കാട്ടേക്ക് പോകണം. പി.എസും മുല്ലപ്പള്ളിയും എം.എസ്. കൃഷ്ണനും കോഴിക്കോട്ടേക്കും. സമരം മറ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ടേക്ക് പ്രമുഖ കുടുംബത്തിലെ അംഗമായ ഒളപ്പമണ്ണ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ അയച്ചത്.
പി.എസും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും കല്ലായി സ്റ്റേഷനിലിറങ്ങി സമരനായകനായ കോങ്ങാട്ടിൽ രാമൻമേനോന്റെ വീടുതേടി കണ്ടുപിടിച്ചു. പിറ്റേന്ന് വൈകിട്ട് നാലുമണിക്കാണ് നിയമലംഘനജാഥ നടത്തേണ്ടത്. മലബാർ ക്രിസ്ത്യൻ കോളേജിന്റെ കവാടത്തിലെത്തി ജാഥ തുടങ്ങുമ്പോൾ ഇരുന്നൂറോളം വിദ്യാർഥികൾ കൂടിനിൽക്കുകയാണ്; വൻ പൊലീസ് വ്യൂഹം. കോളേജ് വിദ്യാർഥികൾ സംരക്ഷിതദൂരത്തിൽ കാഴ്ചക്കാരായി മാത്രമാണ്. ഒരു ഡസനോളം വരുന്ന സമരസേനാനികൾ. കൂടിനിന്ന വിദ്യാർഥികളോട് പി.എസ്. നമ്പൂതിരി അര മണിക്കൂറോളം പ്രസംഗിച്ചു. പക്ഷേ അവരാരും സമരത്തിലേക്ക് കയറുകയോ മുദ്രാവാക്യം ഏറ്റുവിളിക്കുകയോ ചെയ്തില്ല. അനുഭാവത്തോടെ നിന്നുവെന്ന് മാത്രം. ജാഥ മുന്നോട്ടുനീങ്ങിയതും പൊലീസിന്റെ ചൂരൽപ്രയോഗം. ലാത്തിച്ചാർജ്. ത്രിവർണപതാക വിട്ടുകൊടുക്കാതെ നിലത്തുകിടന്ന് അടികൊണ്ടുകൊണ്ട് മുദ്രാവാക്യം വിളി. ഒടുവിൽ സമരക്കാരെ കീഴടക്കി സ്റ്റേഷനിൽ കൊണ്ടുപോയി. മർദനമേറ്റ് പിടയുന്ന പി.എസ്. അടക്കമുള്ളവരോട് സർക്കിൾ ഇൻസ്‌പെക്ടർ ഉപദേശങ്ങൾ നൽകുകയായിരുന്നു. തടി കേടാക്കാതെ വീട്ടിൽ പൊയ്ക്കോ എന്ന്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യിക്കാൻ പൊലീസ് തയ്യറായില്ല. അത് പി.എസ് അടക്കമുള്ളവർക്ക് വലിയ ഇച്ഛാഭംഗമുണ്ടാക്കി. രാത്രി വൈകിയുള്ള ട്രെയിനിൽ പൊലീസ് അകമ്പടിയോടെ അവരെ ഷൊർണൂരിലേക്ക് കയറ്റിവിടുകയായിരുന്നു. ഫറൂക്കിലെത്തിയപ്പോൾ സമരക്കാർ ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷൊർണൂരിൽ ഇറങ്ങി പുലർച്ചെ തെക്കോട്ടുള്ള വണ്ടിയിൽ തൃശൂരിലേക്കാണ് പോകേണ്ടത്. ഷൊർണൂർ സ്റ്റേഷന്റെ ഒരു മൂലയിൽ പി.എസ്സിനെയും മുല്ലപ്പള്ളിയെയും കൃഷ്ണനെയും ഇരുത്തി. കാവൽനിന്ന പൊലീസുകാർ മയങ്ങുകയാണെന്ന് കണ്ടതോടെ ഇറങ്ങിയോടുകയായിരുന്നു.
ഷൊർണൂർ റെയിൽവേസ്റ്റേഷനിൽനിന്ന് റെയിൽപാളത്തിനരികിലൂടെതന്നെ നടന്ന് ഒറ്റപ്പാലത്തെത്തി. 24 മണിക്കൂറിനകം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാത്തതിനാൽ പി.എസ്. കുഴഞ്ഞുവീണു. ഡോക്ടറെ കണ്ട് മരുന്നുവാങ്ങി, ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിച്ചശേഷമാണ് പാലക്കാട്ടേക്ക് തിരിച്ചത്. പാലക്കാട് നിയമലംഘനസമരത്തിന് നേതൃത്വം നൽകുന്നത് ഒളപ്പമണ്ണ നീലകണ്ഠൻ നമ്പൂതിരിയാണ്. അവരെ കണ്ടെത്തി ആ സംഘത്തോടൊപ്പം ചേർന്നു. പതിനഞ്ചോളം പേരടങ്ങിയ സംഘം പാലക്കാട് നഗരത്തിൽ നിയമംലംഘിച്ച് പ്രകടനം തുടങ്ങി. പൊലീസ് ചാടിവീണ് മർദനവും. സമരനായകനായ ഒളപ്പമണ്ണയെമാത്രം പിടിച്ചുവെച്ച് ബാക്കിയുള്ളവരെ തല്ലിയോടിച്ചു. അന്ന് വൈകിട്ടുവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ സംഘം പ്രകടനം നടത്തിക്കൊണ്ടിരുന്നു. എല്ലായിടത്തുനിന്നും തല്ല്‐ പക്ഷേ അറസ്റ്റില്ല. തുടർച്ചയായി മർദനമേറ്റതിന്റെ വേദനയും വിശപ്പുമായി പുഴക്കരയിൽ മയങ്ങുകയായിരുന്ന പി.എസിനെ ജ്യേഷ്ഠസഹോദരനും സുഹൃത്തുക്കളും ഒരു കാറിലെത്തി വലയംചെയ്തപ്പോഴാണ് അദ്ദേഹം മയക്കത്തിൽനിന്ന് ഞെട്ടിയുണർന്നത്. ജ്യേഷ്ഠൻ അനിയനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി വീട്ടിലേക്ക് വിട്ടു. രണ്ടുമൂന്ന് ദിവസം വീട്ടിൽ കഴിഞ്ഞശേഷം പി.എസ്. വീണ്ടും സമരരംഗത്തേക്ക് പുറപ്പെടുകയായിരുന്നു. എതിർത്തിട്ടു കാര്യമില്ലെന്നതിനാൽ വീട്ടുകാർ മൗനം പാലിച്ചു.
തൃശൂരിൽനിന്നും സഹപാഠിയും സമരസഖാവുമായ മുല്ലപ്പള്ളി നമ്പൂതിരിയെയുംകൂട്ടി പാലക്കാട്ടേക്ക് തിരിക്കുകയായിരുന്നു. കല്ലച്ചിൽ അച്ചടിച്ച ലഘുലേഖയും നോട്ടീസും വിതരണംചെയ്യുകയായിരുന്നു പുതിയ പരിപാടി. അതുമായി മുന്നേറുമ്പോൾ പൊലീസെത്തി പിടികൂടുകയും ചൂരൽക്കഷായത്തിനിരയാക്കുകയും ചെയ്‌തു. പൊതിരെ തല്ലിയശേഷം സ്റ്റേഷനിലേക്ക്. സ്റ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്ടറുടെവക ചവിട്ടും തല്ലും. കൊടിയ മർദനത്തിൽ അബോധാവസ്ഥയിലായി പി.എസും സുഹൃത്തും. പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ തുക്ടി മജിസ്ട്രേട്ട് വക ഒരാഴ്ചത്തെ റിമാൻഡ്. പൊലീസിനോട് കലാപത്തിൽ ചേരാൻ ആഹ്വാനംചെയ്യുന്ന ലഘുലേഖകൾ വിതരണംചെയ്തൂവെന്നതാണ് കുറ്റം.
റിമാൻഡിന്റെ കാലാവധി അവസാനിക്കുന്നതിന് തലേന്ന് പി.എസിന്റെ ജ്യേഷ്ഠനും മറ്റുചില ബന്ധുക്കളും ജയിലിലെത്തി. അയ്യായിരം രൂപ ജാമ്യത്തിൽ പി.എസിനെ മോചിപ്പിക്കാനാണവർ എത്തിയത്. പ്രായപൂർത്തിയായിട്ടില്ലെന്നും മറ്റുമുള്ള കാരണങ്ങൾ പറഞ്ഞാണ് ജാമ്യം സംഘടിപ്പിച്ചത്. പി.എസിന് വലിയ കുറച്ചിലായി തോന്നിയെങ്കിലും വഴങ്ങാതെ തരമില്ലായിരുന്നു. പ്രിയ സുഹൃത്തായ മുല്ലപ്പള്ളി ബ്രഹ്മദത്തൻ നമ്പൂതിരിയെ ഇങ്ങനെ ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല. അടുത്തദിവസം കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ തടവിന് ശിക്ഷിച്ച് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി. പാലക്കാട് സബ് ജയിലിൽ പി.എസ് എത്തുമ്പോൾ എ.കെ.ജി.യുടെ ജ്യേഷ്ഠസഹോദരനായ എ.കെ.പത്മനാഭൻ നമ്പ്യാർ അവിടെ തടവുകാരനായി ഉണ്ടായിരുന്നു. ഗുരുവായൂർ സത്യാഗ്രഹത്തിനിടയിൽ എ.കെ.ജി.യെ മർദിച്ച വിവരമറിഞ്ഞ് ക്ഷേത്രത്തിലെത്തി തിരിച്ചടിക്കാൻ ശ്രമിച്ചതാണ് വിരമിച്ച പട്ടാളക്കാരനായ അദ്ദേഹം. പി.എസ്. മോചിതനാകുന്നതിന് തലേദിവസം അവിടെ മറ്റൊരാൾ എത്തി. പി.കൃഷ്ണപിള്ളയായിരുന്നു അത്. ഒറ്റദിവസത്തെ സഹവാസം. പി.എസ്. നമ്പൂതിരിയുടെ മനസ്സിൽ സഖാവ് ആവേശിച്ചു. മികച്ചൊരു കാഡറെ കണ്ടെത്തിയ സന്തോഷം സഖാവിന്. ആ ഒറ്റദിവസംകൊണ്ടുതന്നെ രാഷ്ട്രീയപ്രവർത്തകന് വേണ്ടതെല്ലാം കൃഷ്ണപിള്ള പറഞ്ഞുതന്നുകഴിഞ്ഞുവെന്ന് പി.എസ്. പിൽക്കാലത്ത് അനുസ്മരിക്കുകയുണ്ടായി.
വീട്ടിൽ തിരികെയെത്തിയതിൽ അമ്മയ്‌ക്കും ബന്ധുക്കൾക്കും ആശ്വാസം. ഭ്രഷ്ടൊന്നുമുണ്ടായില്ല. വിവേകോദയം സ്കൂളിൽ വീണ്ടും പോയി സ്കൂൾ ഫൈനൽ പാസാകണമെന്ന സമ്മർദം തുടർന്നു. പക്ഷേ മനസ്സ് അതിലേക്കൊന്നും പോയതേയില്ല. നിയമലംഘനപ്രസ്ഥാനം വീണ്ടും ശക്തിപ്പെടുകയാണ്. പ്രവർത്തകരെ ആവശ്യമുണ്ട്. തനിക്ക് പ്രായപൂർത്തിയായെന്നും ഇനിയാരും തന്നെ അന്വേഷിച്ചുവരേണ്ടെന്നും സ്നേഹപൂർവം യാത്രാനുമതി നൽകണമെന്നും പി.എസ്. വീട്ടുകാരോട് പറഞ്ഞു. കോൺഗ്രസ്സിന്റെ സമ്മേളനം കോഴിക്കോട്ട് നടക്കുകയാണ്, അതിൽ പങ്കെടുത്തേ പറ്റൂ.
പി.എസ്. ചാവക്കാട്ടുനിന്ന് നാടൻതോണിയിൽ പൊന്നാനിയിലേക്ക് പുറപ്പെട്ടു. അവിടെനിന്ന് തിരൂർ വരെ നടത്തം. പിന്നെ ട്രെയിനിൽ ഫറൂക്കിലേക്ക്. അവിടെനിന്ന് കോഴിക്കോട്ടേക്ക് നടത്തം. വേണ്ടത്ര പൈസയില്ലാത്തതിനാലാണ് ഈ സാഹസം. ഇടയ്‌ക്ക് ഒരു രാത്രി പീടികത്തിണ്ണയിലാണ് ഉറങ്ങിയത്. കോഴിക്കോട്ട് സമ്മേളനാധ്യക്ഷനായ സാമുവൽ ആറോണടക്കമുള്ളവരെ ആദ്യമേ അറസ്റ്റുചെയ്തു. റാലിക്കെത്തിയ പ്രവർത്തകരെ പിടിച്ച് ട്രെയിനിൽ വിദൂരസ്ഥലത്ത് കൊണ്ടിറക്കുന്ന ശിക്ഷാരീതിയാണ് പൊലീസ് സ്വീകരിച്ചത്. പൊലീസിന്റെ പിടിയിൽപ്പെടാതെ എന്നാൽ നിരന്തരം തല്ലുകൊണ്ടുതന്നെ ജാഥകൾ നടത്തിക്കൊണ്ടിരുന്നു. പരപ്പനങ്ങാടിയിലും ഫറൂക്കിലും പോയി ജാഥ നടത്തി. കോഴിക്കോട്ടുതന്നെ സ്ഥിരവാസമാക്കി. 1932 ആഗസ്ത് 13ന് 12 പേരടങ്ങിയ ഒരു ജാഥ പി.എസിന്റെ നേതൃത്വത്തിൽ വലിയങ്ങാടിയിലൂടെ മുന്നോട്ടുപോവുകയാണ്. ഒരു പൊലീസുകാരൻ ജാഥയ്‌ക്ക് മുന്നിൽനിന്ന് ഭീഷണിയായി. അതിന് വഴങ്ങാതെ ജാഥ തുടർന്നു. പൊലീസുകാരൻ ചീത്തവിളിച്ചുകൊണ്ട് പുറകെയും. ഒടുവിൽ മുദ്രാവാക്യം വിളിനിർത്തി, യോഗം തുടങ്ങി. പി.എസ്. പ്രസംഗിച്ചുകൊണ്ടിരിക്കെ വലിയസംഘം പൊലീസ് എത്തി വലയംചെയ്യലും അടിയും തുടങ്ങി. പ്രസംഗകനായ പി.എസ്. അടിയേറ്റ് വീണു. ജാഥയിൽ പങ്കെടുത്ത 12 പേരുടെയും ശരീരത്തിൽ ചോര പൊടിയാത്ത ഒരിടവുമില്ല.. ചോര ചിന്തി അബോധാവസ്ഥയിൽ വീണുപോയ പി.എസിന്റെ ശരീരത്തിൽ ഒരു പാത്രം വെള്ളം കോരിയൊഴിച്ചപ്പോഴാണ് കണ്ണുതുറന്നത്. ആരെയും കസ്റ്റഡിയിലെടുക്കാതെയാണ് പൊലീസ് പോയത്. പൊലീസ് പോയശേഷം പി.എസിനെയും സാരമായി പരിക്കേറ്റവരെയും പീപ്പിൾസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കോഴിക്കോട്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അന്ന് ഒരു പീപ്പിൾസ് ആശുപത്രി പ്രവർത്തിച്ചിരുന്നു. എട്ട് കിടക്കകളുള്ള ആശുപത്രി. ദേശീയപ്രസ്ഥാനത്തോട് അനുഭാവമുള്ള നാല് ഡോക്ടർമാരുടെ സേവനം അവിടെ ലഭ്യമാക്കിയിരുന്നു. നിയമലംഘനസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ മർദനമേൽക്കുന്നവർക്കായി ചികിത്സ നൽകാനാണ് ഈ സംവിധാനം പ്രവർത്തിച്ചത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും മഞ്ചുനാഥറാവുവുമാണ് ജനകീയ ആശുപത്രിയുടെ നേതൃത്വം വഹിച്ചത്.
ആശുപത്രിയിലെ ചികിത്സക്കുശേഷം ആരോഗ്യം വീണ്ടുകിട്ടിയതോടെ പി.എസ് വീണ്ടും പ്രവർത്തനരംഗത്ത്. കണ്ണൂരിൽ കൃഷ്ണപിള്ളയുടെയും കെ.പി.ഗോപാലന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജനസമ്മേളനത്തിൽ ഭാഗഭാക്കായി. ഏതാനും ദിവസത്തിനുശേഷം കോഴിക്കോട്ട് കോൺഗ്രസ്സിന്റെ താലൂക്ക് സമ്മേളനം. അതിൽ പങ്കെടുക്കാൻ എത്തിയത് മുപ്പതോളം പേർ. എല്ലാവരെയും അറസ്റ്റുചെയ്ത് തല്ലിച്ചതച്ചശേഷം കോഴിക്കോട് സബ് ജയിലിലടച്ചു. ഒരാഴ്ച കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയപ്പോൾ പി.എസ്. നമ്പൂതിരിക്ക് മജിസ്ട്രേറ്റിന്റെ വക ഒരിളവു കിട്ടി. 18 വയസ്സാകാത്തതിനാൽ കോൺഗ്രസ് അംഗമല്ല, മൈനറാണ്, പിന്നെ നിയമം ലംഘിച്ചിട്ടില്ല, ലംഘിക്കാനായി ഒത്തുകൂടിയതേയുള്ളൂ‐ അതിനാൽ പി.എസ്സിന് ഒരു മാസത്തെ തടവുശിക്ഷ മാത്രം. ജയിലിൽ നരകജീവിതം. പുഴുക്കൾ നിറഞ്ഞ നാറുന്ന ചോറ്. വായിൽ വെക്കാനാവാത്ത കറി. കിടക്കാൻ തറ മാത്രം. പല്ലുതേക്കാൻ ഉമിക്കരി പോലുമില്ല. നാവുവടിക്കാൻ ഈർക്കിലുമില്ല. പ്രായപൂർത്തിയായിട്ടില്ലെങ്കിലും ജോലിചെയ്തേ പറ്റൂ. ചകരി തല്ലലായിരുന്നു ജോലി. ജീവിതത്തിലെ ഏറ്റവും കയ്പേറിയ അനുഭവങ്ങൾ.
ജയിലിൽനിന്ന് വിടുമ്പോഴേക്കും സ്വീകരിക്കാൻ പുറത്ത് പ്രവർത്തകർ. ജയിൽ മോചിതരായവർ ഗുരുവായൂരിലേക്ക് ഉടനെ പുറപ്പെടാനാണ് നിർദേശം. ഗുരുവായൂർ സത്യാഗ്രഹം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേളപ്പൻ അനിശ്ചിതകാല നിരാഹാരം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. പി.എസ്സടക്കമുള്ളവർ ഗുരുവായൂരിലെത്തി സമരസഹായ പ്രവർത്തനങ്ങളിൽ മുഴുകി. അപ്പോഴേക്കും കേളപ്പനോട് സത്യാഗ്രഹം പിൻവലിക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു. അതോടെ സമരം അവസാനിപ്പിക്കേണ്ടിവന്നത് വലിയ നിരാശയുണ്ടാക്കി.
ഗുരുവായൂർ സത്യാഗ്രഹം അവസാനിച്ചശേഷം വീണ്ടും സമരകേന്ദ്രമായ കോഴിക്കോട്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് അക്കാലത്ത് കോൺഗ്രസ്സിന്റേതായ ഒരു തപാൽ സർവീസ് ആരംഭിച്ചിരുന്നു. ചരിത്രത്തിൽ അധികം പരാമർശിച്ചുകണ്ടിട്ടില്ലാത്ത കാര്യമാണത്. കോൺഗ്രസ്സിനുവേണ്ടി ഫ്രഞ്ച് അധീനമേഖലയായ മയ്യഴിയിൽ നിന്നാണ് കാർഡുകളും ലക്കോട്ടുകളും അച്ചടിച്ചത്. അതിൽ ബ്രിട്ടീഷ് ചക്രവർത്തിയുടെ ചിത്രത്തിനുപകരം ഇന്ത്യയുടെ ഭൂപടമാണ് മുദ്രണംചെയ്തത്. കോൺഗ്രസ് മെയിൽ സർവീസ് എന്ന ബോഡ് വെച്ച് പരസ്യമായി ട്രെയിനിൽ കൊണ്ടുപോയാണ് കത്തുകൾ വിതരണംചെയ്തത്. കോഴിക്കോട്ട് ഒരു വാടകക്കെട്ടിടത്തിൽ കോൺഗ്രസ് പോസ്റ്റ് ഓഫീസ്‐ ഹെഡ് ഓഫീസ്. വിദ്യാർഥിനേതാവും പിൽക്കാലത്ത് സമാധാനപ്രസ്ഥാനത്തിന്റെ സമുന്നതനേതാവുമായ വി.പരമേശ്വരൻ, കെ.ബി. പണിക്കർ എന്നിവരാണ് ബദൽ താപാലാപ്പീസിന്റെ മുഖ്യ ചുമതലക്കാർ. ഗുരവായൂരിൽനിന്ന് തിരിച്ചെത്തിയ പി.എസ്. നമ്പൂതിരിയെ കോൺഗ്രസ്സിന്റെ ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായി നിയോഗിച്ചു. ഒരുദിവസം പോസ്റ്റ് മാസ്റ്റർ തപാലാപ്പീസിലെത്തിയപ്പോൾ അത് പൂട്ടി മുദ്രവെച്ചിരിക്കുന്നു. ചുമതലക്കാരായ പരമേശ്വരനും പണിക്കരും അറസ്റ്റിലായി. പുറത്ത് പൊലീസുകാർ കാവൽനിൽക്കുന്നുണ്ടായിരുന്നു. പി.എസ്. നമ്പൂതിരിയെ അവർ തടങ്കലിലാക്കി. അന്നുതന്നെ പി.എസ്. അടക്കമുള്ള തപാൽ സർവീസുകാരെ റിമാൻഡ് ചെയ്തു. നരകജീവിതത്തിന്റെ പുതിയൊരധ്യായം. മൂത്രപ്പാത്രങ്ങൾക്കിടയിൽ തിങ്ങിനിറഞ്ഞ് ശ്വാസം വിടാനാവാതെ കഴിയേണ്ടിവരുന്ന തടവുകാർ. പിറ്റേന്ന് രാവിലെ കണക്കെടുക്കാൻവന്ന ജയിൽ ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ചപ്പോൾ മുഖമടച്ചടിയായിരുന്നു മറുപടി. അബോധാവസ്ഥയിലായ പി.എസിന് കോടതിയിലെത്തിയപ്പോഴാണ് ബോധം വന്നത്. അഞ്ചുമാസത്തെ തടവ്. 18 തികയാത്തതിനാൽ കോടതിയുടെ വക മൂന്നാമതും ഇളവ്. മറ്റുള്ളവരുടെ ശിക്ഷാകാലം കൂടുതലായിരുന്നു. കണ്ണൂർ സെൻട്രൽജയിലിലെത്തുകയെന്ന ആഗ്രഹം പൂവണിയുകയായിരുന്നു!
പി.എസ് ജയിൽമോചിതനായെത്തുമ്പോഴേക്കും രാഷ്ട്രീയരംഗത്ത് വലിയ മാറ്റങ്ങൾ വരാൻ തുടങ്ങിയിരുന്നു. ഗാന്ധിജിയുടെ മാർഗത്തെക്കുറിച്ച് സന്ദേഹങ്ങളുണ്ടായി. സത്യാഗ്രഹം എന്ന സമരമാർഗത്തിൽമാത്രം നിൽക്കുന്നതിൽ വിപ്രതിപത്തിയുണ്ടായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പിറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ. 1934‐ൽ ഗാന്ധിജിയുടെ മലബാർ സന്ദർശനം. ഹരിജൻ ഫണ്ട് പിരിവ്. ഗുരുവായൂരിൽ ഗാന്ധിജി വരുന്നു. ഗാന്ധിജിയുടെ സത്യാഗ്രഹസമരപരിപാടികളിൽനിന്ന് മുന്നോട്ടുപോകണമെന്ന അഭ്യർഥനയോടെ പ്രകടനം നടത്തണമെന്ന് പി.എസ്. നന്പൂതിരിയും കൂട്ടരും തീരുമാനിക്കുന്നു. അപ്പോഴാണ് സനാതന ധർമ്മക്കാരായ ഹിന്ദുമത മൗലികവാദികളും വർഗീയവാദികളും ഗാന്ധിജിക്കെതിരെ പ്രകടനത്തിന് വട്ടംകൂട്ടുന്നതായറിഞ്ഞത്. ഹരിജനങ്ങൾക്ക് ക്ഷേത്രാരാധന അനുവദിക്കരുതെന്നതാണ് അവരുടെ ആവശ്യം. ഈ വിവരമറിഞ്ഞതോടെ പി.എസ്. നമ്പൂതിരിയും കൂട്ടരും സമരരൂപമാറ്റം ആവശ്യപ്പെട്ട് നടത്താനിരുന്ന ജാഥ ഉപേക്ഷിച്ചു. എന്നാൽ അവർ വോളന്റിയർമാർ എന്ന നിലയ്ക്കുതന്നെ ഗുരുവായൂർ മഞ്ജുളാൽക്കീഴിൽ എത്തിച്ചേർന്നു. ഗാന്ധിജിയുടെ പ്രസംഗം കാലത്ത് ആറുമണിക്കാണ്. ഗാന്ധിജിയെത്തിയപ്പോഴേക്കും സനാതനികൾ മഞ്ഞക്കൊടിയുമുയർത്തി ഹരേ റാം എന്ന മുദ്രാവാക്യത്തോടെ വേദിക്കരികിലേക്കെത്തി. പി.എസിന്റെ നേതൃത്വത്തിലുള്ള യുവപ്രവർത്തകരുടെ സംഘത്തിൽ ചിലർ കിട്ടിയ വടികളുപയോഗിച്ച് അവരെ നേരിട്ടു. അത് ചെറിയൊരു സംഘർഷമായെങ്കിലും ഗാന്ധിജി കയ്യുയർത്തിയതോടെ മൈക്ക് പോലുമില്ലാത്ത ആ യോഗം ശാന്തമായി. സനാതനികൾ ഗാന്ധിജിയോട് പരാതി പറഞ്ഞു. പുത്തൻകൂറ്റുകാർ പി.എസിന്റെ നേതൃത്വത്തിൽ മഹാത്മജിയോട് ഒരേയൊരു ചോദ്യമേ ചോദിച്ചുള്ളൂ. യഥാർഥ ഹരിജനോദ്ധാരണം നടക്കണമെങ്കിൽ നാടുവാഴിത്ത‐ജന്മിത്ത വ്യവസ്ഥ മാറ്റേണ്ടെ എന്ന ചോദ്യം. ഗാന്ധിജി പറഞ്ഞ ഉത്തരം വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കൂ എന്നായിരുന്നു.
1934 അവസാനമാണ് കോൺഗ്രസ് ഒരു ബഹുജനപ്രസ്ഥാനമാകുന്നത്. കോൺഗ്രസ്സിന്റെ മേലുള്ള നിരോധനം നീങ്ങി. സാധാരണക്കാരെ നാലണ വാങ്ങി അംഗങ്ങളായി ചേർക്കാൻ തുടങ്ങി. 34 അവസാനമാകുമ്പോഴേക്കും കോൺഗ്രസ്സിൽ ഇടതുപക്ഷത്തിന്റെ തിരനോട്ടവുമുണ്ടായി. കേളപ്പന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനെതിരെ കൃഷ്ണപിള്ളയുടെയും മുഹമ്മദ് അബ്ദുറഹ്മാന്റെയും നേതൃത്വത്തിലുള്ള കൂട്ടായ്മകൾ വളർന്നു. അങ്ങനെയിരിക്കെയാണ് 1935ൽ കെ.പി.സി.സി.യുടെ രാഷ്ട്രീയ സമ്മേളനവും തുടർച്ചയായി ട്രേഡ് യൂണിയൻ സമ്മേളനവും കോഴിക്കോട്ട് നടന്നത്. എം.ആർ. മസാനി, എസ്.എൽ. ബ്രാൽവി, മണി ബെൻകാറ എന്നിവരാണ് സമ്മേളനത്തിൽ സംബന്ധിച്ചത്. മണി ബൻകാറയുമായി നടത്തിയ ആശയവിനിമയം പി.എസ്സിനെ എം.എൻ.റോയിയുടെ ആശയത്തി ലേക്ക് വ്യതിചലിപ്പിച്ചു. കോൺഗ്രസ് സമ്മേളനത്തിൽ ആ ആശയഗതിയുമായി ബന്ധപ്പെട്ട പ്രമേയം പി.എസ്. അവതരിപ്പിച്ചപ്പോൾ കൃഷ്ണപിള്ളയും ഇ.എം.എസ്സും എതിർത്തു.. ആ അഭിപ്രായവ്യത്യാസം അതിവേഗം ഇല്ലാതായി.
കോഴിക്കോട് കേന്ദ്രീകരിച്ച് കൃഷ്ണപിള്ള, എൻ.സി.ശേഖർ, കെ.പി.ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരുന്ന ട്രേഡ് യണിയൻ പ്രവർത്തനത്തിലായി പി.എസ്സിന്റെ അടുത്ത മുഴുവൻസമയ പ്രവർത്തനം. പിന്നീട് പാലക്കാട്ടേക്ക്. അവിടെ എസ്.കെ.നായർ പ്രഭാതം എന്ന പേരിൽ നടത്തുന്ന പത്രവുമായി സഹകരിക്കാൻ തുടങ്ങി. അതിന്റെ വിതരണത്തിലൂടെ ഭക്ഷണത്തിനുള്ളത് സമ്പാദിച്ചു (കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായി മാറിയത് ഇതാണ്). തുടർന്ന് നമ്പൂതിരിയോഗക്ഷേമസഭയുടെ യോഗക്ഷേമം ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റായി ഏതാനും നാൾ ഉപജീവനം. ടിക്കറ്റ് വില്പനക്കായി എറണാകുളത്തുപോയപ്പോഴാണ് പ്രശസ്ത ഹോമിയോ ഡോക്ടറായ പടിയാറെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു ഹോമിയോ കോളേജും നടത്തുന്നുണ്ട്. ആ കോളേജിൽ വിദ്യാർഥിയായി ചേരാൻ ഡോ.പടിയാർ സൗമനസ്യം കാട്ടുന്നു. താമസിക്കാനും ഭക്ഷിക്കാനും എവിടെ പണം. അതിനും മാർഗമുണ്ടായി. എറണാകുളത്തെ ഹരിജൻ ഹോസ്റ്റലിൽ താമസം. ഹരിജൻ ഹോസ്റ്റലിൽ നമ്പൂതിരി താമസിക്കുന്നത് വാർത്തയായി. സഹോദരൻ മാസികയിൽ പത്രാധിപർ കെ.അയ്യപ്പൻ പ്രശംസാ ലേഖനമെഴുതി. കെ.വി.വള്ളോൻ എം.എൽ.സി.യുടെ നേതൃത്വത്തിലുള്ളതായിരുന്നു ഹോസ്റ്റൽ. വള്ളോന്റെ മകൻ കുമാരനും അവിടെ വിദ്യാർഥിയായിരുന്നു. l
(തുടരും)