Sunday, July 14, 2024

ad

Homeസിനിമഉൾപ്പിടച്ചിലിന്റെ ഉൾനോവ്‌

ഉൾപ്പിടച്ചിലിന്റെ ഉൾനോവ്‌

കെ എ നിധിൻ നാഥ്‌

മൂന്നു തലത്തിൽ/തരത്തിൽ കാണാനാകുന്ന ചിത്രമാണ്‌ ക്രിസ്‌റ്റോ ടോമിയുടെ ഉള്ളൊഴുക്ക്‌. പാർവതിയുടെ അഞ്ജു, ഉർവശിയുടെ ലീലാമ്മ എന്നീ കഥാപാത്രങ്ങളുടെ ജീവിതമാണ്‌ സിനിമ. അവരുടെ ശരികൾക്ക്‌ അതിജീവനം എന്ന അർഥതലം കൂടി സൃഷ്ടിക്കുന്നുണ്ട്‌. ഈ രണ്ടുതരം കാഴ്‌ചകൾക്കൊപ്പം സിനിമ കാണുന്ന പ്രേക്ഷകന്റെ ഒരു തലം കൂടി സിനിമാ കാഴ്‌ച നിർമിച്ചെടുക്കുന്നുണ്ട്‌. ഇങ്ങനെ മൂന്നു തലത്തിൽ/തരത്തിലുള്ള കാഴ്‌ച ഉള്ളൊഴുക്ക്‌ സാധ്യമാക്കുന്നു.

കുട്ടനാടാണ്‌ സിനിമയുടെ കഥാഭൂമിക. മഴയും വെള്ളവും അവർക്ക്‌ സൃഷ്ടിക്കുന്ന ഭയത്തിനെ വരാനിരിക്കുന്ന പ്രതിസന്ധിയുടെ അടയാളമായാണ്‌ സിനിമയും വരച്ചിടുന്നത്‌. പുറമേയ്‌ക്ക്‌ ശാന്തമാണെങ്കിലും ആഴത്തിൽ കലങ്ങി മറിയുന്ന പുഴപോലെയാണ്‌ കഥാപാത്രങ്ങളുടെ മനസ്സും. അഞ്ജുവും ലീലാമ്മയും പുറമേയ്‌ക്ക്‌ ശാന്തവും അകമേ കലങ്ങി നീറുന്ന മനസ്സുമായാണ്‌ ജീവിക്കുന്നത്‌. അഞ്ജുവിന്റെ ഭർത്താവും ലീലാമ്മയുടെ മകനുമായ തോമസ്‌കുട്ടി (പ്രശാന്ത്‌ മുരളി) രോഗബാധിതനായി ചികിത്സയിലിരിക്കെ മരിക്കുന്നു. കുട്ടനാട്ടിൽ വെള്ളം കയറുന്നത്‌ മൂലം മൃതദേഹം സംസ്‌കരിക്കാൻ കഴിയുന്നില്ല. ഈ ഘട്ടത്തിൽ അഞ്ജുവിന്റെയും ലീലാമ്മയുടെയും മനസിന്റെ ഉള്ളൊഴുക്ക്‌ പതിയെ പതിയെ തുറന്ന്‌ കാട്ടപ്പെടുന്നതിലൂടെയാണ്‌ സിനിമ പുരോഗമിക്കുന്നത്‌.

ലീലാമ്മ എപ്പോഴും പറയുന്നത്‌ തന്റെ മരിച്ച ഭർത്താവിനൊപ്പം കുടുംബമായി ചിലവഴിച്ച സന്തോഷനിമിഷങ്ങളെക്കുറിച്ചാണ്‌. അതുപോലെ അഞ്ജു രോഗബാധിതനായ തന്റെ ഭർത്താവിനെ നന്നായി നോക്കിയതിനെക്കുറിച്ചും. എന്നാൽ ലീലാമ്മയുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും മുകളിൽ കെട്ടിയുണ്ടാക്കിയ സ്വപ്‌നങ്ങളായിരുന്നു ആ സന്തോഷം. അതുപോലെ അഞ്ജുവിന്റെ നഷ്ടപ്പെട്ടു പോയ ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷകളും. കുട്ടനാട്ടിലെ വെള്ളത്തിന്റെ കയറ്റിറക്കം പോലെ അഞ്ജുവിന്റെയും ലീലാമ്മയുടെയും മനസ്സ്‌ മാറിമറിയുന്നുണ്ട്‌. ഇത്തരത്തിൽ തങ്ങളുടെ മനസിനുള്ളിലെ ആത്മ സംഘർഷങ്ങളിലൂടെ സൃഷ്ടിക്കുന്ന ഒരു ട്രപ്പീസ്‌ കളി പോലെയാണ്‌ സിനിമയുടെ ഡിസൈൻ. അതിനെ വൈകാരിക ഇഴയടുപ്പം നൽകി മുറുക്കുന്നുണ്ട്‌ സംവിധായകൻ.

ശരിയും തെറ്റുമെന്ന ആപേക്ഷികതയിലാണ്‌ സിനിമയുടെ ഊന്നൽ. ആരാണ്‌ ശരി ആരാണ്‌ തെറ്റ്‌ എന്ന്‌ പ്രേക്ഷകന്‌ വിടുകയാണ്‌. എന്നാൽ സിനിമ പുരോഗമിക്കുംതോറും ശരി തെറ്റിന്റെ കളം ലീലാമ്മയിൽ നിന്നു അഞ്ജുവിലേക്കും തിരിച്ചും മാറിമറിയുന്നുണ്ട്‌. ഒരു പക്ഷെ പ്രേക്ഷകൻ ഒരു പക്ഷം ചേരുമ്പോൾ സ്വാഭാവികമായും അതിലൊരു ശരികേടില്ലേ എന്ന്‌ തോന്നിപ്പിക്കുന്ന ഒരു രംഗം കൃത്യമായി സന്നിവേശിപ്പിച്ച്‌ കഥാഗതിയെ മാറ്റുന്ന ഒരു ക്രാഫ്‌റ്റ്‌മാൻഷിപ്പ്‌ എഴുത്തുകാരൻ കൂടിയായ ക്രിസ്‌റ്റോ ടോമി സൂക്ഷിക്കുന്നുണ്ട്‌.

മുറുക്കമുള്ളൊരു എഴുത്തിന്റെ അതിഗംഭീരമായ ആവിഷ്‌കാരമാണ്‌ ഉള്ളൊഴുക്ക്‌. കഥാഗതിയെ കഥാപത്രങ്ങളുടെ മനസിനെയും കുട്ടനാടിന്റെ ഭൂമികയോട്‌ ചേർത്ത്‌വെക്കുന്ന അവതരണം അത്രമേൽ കയ്യടി അർഹിക്കുന്നുണ്ട്‌.

ഉർവശിയും പാർവതിയുമെന്ന മലയാളത്തിലെ രണ്ട്‌ കാലത്തിലെ മികച്ച അഭിനേതാക്കളുടെ മികച്ച പ്രകടനമാണ്‌ സിനിമയുടെ ഈടുറപ്പ്‌. എത്രമേൽ കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ കൃത്യതയോടെ ഒരു ട്രെയിലർ മെയ്‌ഡ്‌ റോളായി ഇരുവരും ചെയ്‌തിട്ടുണ്ട്‌. ആത്മസംഘർഷങ്ങളെ അതിവൈകാരികമല്ലാതെ എന്നാൽ തീവ്രത ഒട്ടുമേ ചോരാതെ അവതരിപ്പിച്ചു. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളായി പതിറ്റാണ്ടുകളായി നിലനിൽക്കുന്നുവെന്നതിന്റെ ഉർവശിയുടെ ഉത്തരമാണ്‌ ലീലാമ്മ. പലയിടങ്ങളിലും ഒന്ന്‌ പാളിയാൽ കൈവിട്ടു പോകുന്ന രംഗങ്ങളെ സൂക്ഷ്‌മതയോടെ ഉർവശി ലീലാമ്മയിൽ സന്നിവേശിപ്പിക്കുന്നുണ്ട്‌. പല അടരുകളുള്ള കഥാപാത്രത്തെ വളരെ ലൗഡാക്കാതെ അടക്കിപിടിച്ച ഭാവങ്ങളിലൂടെയുള്ള അവതരണം.

പുതിയകാല മലയാള സിനിമയുടെ അടയാളമായി പാർവതി മാറുമെന്നാണ്‌ പൊതുവേ വിലയിരുത്തപ്പെട്ടത്‌. എന്നാൽ നിലപാടുകളുടെ പേരിൽ പാർവതിയ്‌ക്ക്‌ അപ്രഖ്യാപിത വിലക്ക്‌ കൽപ്പിക്കപ്പെട്ടു. പാർവതിയെ മലയാള സിനിമ അകറ്റിനിർത്താൻ ശ്രമിക്കുമ്പോഴും ആ വിലക്കുകൾക്ക്‌ അഞ്ജുവിലൂടെ മറുപടി പറയുന്നുണ്ട്‌. കലാകാരിയെ കലയിൽ നിന്ന്‌ മാറ്റി നിർത്താനാകില്ലെന്ന്‌ ഉള്ളൊഴുക്ക്‌ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. രണ്ട്‌ വർഷത്തിനപ്പുറമാണ്‌ പാർവതി ഭാഗമായ മലയാള സിനിമ തിയറ്ററിൽ എത്തുന്നത്‌. ആദ്യ ഘട്ടത്തിൽ തിയറ്ററുകളുടെ എണ്ണം കുറവായിരുന്നു. എന്നാൽ മൗത്ത്‌ പബ്ലിസിറ്റിയിലൂടെ ചിത്രം കയറി വന്നു. രോഗബാധിതനായ തോമസ്‌കുട്ടിയെ പ്രശാന്തും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്‌. അലൻസിയർ, അർജുൻ രാധാകൃഷ്ണൻ, ജയ കുറുപ്പ് തുടങ്ങിയവരും മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്.

സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ താളവും വേഗവുമാകാൻ സുഷിന്റെ സംഗീതത്തിന്‌ കഴിയുന്നുണ്ട്‌. കഥാപാത്രങ്ങളുടെ മനസ്സിലുണ്ടാകുന്ന ചിന്തകൾക്കനുസരിച്ച്‌ സിനിമയുടെ മീറ്റർ കൃത്യമാക്കുന്നത്‌ സംഗീതമാണ്‌. ഭ്രമയുഗത്തിന്‌ ശേഷം ഷഹനാദ്‌ ജലാൽ ഛായാഗ്രഹകനായ എത്തിയ ചിത്രമെന്ന പ്രത്യേകതയുമുണ്ട്‌. കുട്ടനാടിന്റെ ഭയം കഥാപാത്രമനസുകളിലേക്കും അവർക്ക്‌ ചുറ്റിലേക്കും പടർത്തുന്നതിൽ ദൃശ്യങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌.

ഉർവശിയുടെയും പാർവതിയുടെയും അതിഗംഭീരമായ പ്രകടനം. മികച്ച എഴുത്തിനെ ലിഫ്‌റ്റ്‌ ചെയ്യുന്ന സംവിധാന മികവിന്റെ സിനിമാറ്റിക്‌ അനുഭവമാണ്‌ ക്രിസ്‌റ്റോ ടോമിയുടെ ഉള്ളൊക്ക്‌. അക്ഷരാർഥത്തിൽ ക്രിസ്‌റ്റോ ടോമി എന്ന സിനിമയിലേക്കുള്ള വരവ്‌ അറിയിക്കുന്നുണ്ട്‌ ചിത്രത്തിലൂടെ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 7 =

Most Popular