Monday, October 14, 2024

ad

പി ആർ നമ്പ്യാർ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 40

ഞ്ചിയത്ത് മടപ്പള്ളി കോളേജിന് സമീപത്തെ വയലിൽ ഇപ്പോൾ പി.ആർ.സ്ക്വയർ ഇല്ല, മടപ്പള്ളി കോളേജ് നിൽക്കുന്ന സ്ഥലത്തിന് കെ.പി.ആർ.ഘട്ട് എന്ന പേരും ഇപ്പോഴില്ല. എന്നാൽ തൊള്ളായിരത്തി മുപ്പതുകളുടെ അവസാനകാലം മുതൽ ദീർഘകാലം ആ പേരുകളിലാണ് ഈ സ്ഥലങ്ങൾ അറിയപ്പെട്ടത്. ദേശീയപ്രസ്ഥാനത്തിന്റെയും തുടർന്ന് കമ്യൂണിസ്റ്റ്‐കർഷകപ്രസ്ഥാനത്തിന്റെയും ക്ലാസുകൾ, പൊതുയോഗങ്ങൾ തുടർച്ചയായി നടന്ന സ്ഥലം. കെ.പി.ആർ. ഗോപാലൻ സ്ഥിരമായെത്തി ക്ലാസെടുക്കുയോ പ്രസംഗിക്കുകയോ ചെയ്യുന്ന സ്ഥലം കെ.പി.ആർ.ഘട്ട്. പി.ആർ.നമ്പ്യാർ പ്രസംഗിക്കുകയും ക്ലാസെടുക്കുയുംചെയ്യുന്ന സ്ഥലം പി.ആർ. സ്ക്വയർ. കേരളത്തിലെ ഏറ്റവും പ്രമുഖ വാഗ്മികളിലൊരാളായിരുന്നു പി.ആർ. നമ്പ്യാർ. വടകര പുളിക്കൂൽ തറവാട്ടിൽ കേളുക്കുറുപ്പിന്റെയും അമ്മാളുഅമ്മയുടെയും രണ്ടാമത്തെ മകനായി 1910‐ലാണ് പി.രാമുണ്ണിയുടെ ജനനം. വടകര സംസ്കൃതം സ്കൂളിലും തലശ്ശേരി ബി.ഇ.എം. ഹൈസ്കൂളിലും തലശ്ശേരി ട്രെയിനിങ്ങ് സ്കൂളിലുമായി വിദ്യാഭ്യാസം. പറേമ്മൽ സ്കൂൾ എന്നറിയപ്പെടുന്ന വടകര നോർത്ത് ഹയർ എലമെന്ററി സ്കൂളിൽ 1930‐ൽ അധ്യാപകനായി ചേരുന്നതോടെയാണ് രാമുണ്ണി രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. അന്ന് വടകരയിൽ അതിന് പറ്റിയ അന്തരീക്ഷമായിരുന്നു.

വാഗ്ഭടാനന്ദന്റെ പ്രവർത്തനകേന്ദ്രം പ്രധാനമായും വടകരയും പരിസരപ്രദേശങ്ങളുമായിരുന്നല്ലോ. സാമൂഹ്യപരിഷ്കരണത്തിനായുള്ള പരിശ്രമമാണ് അധ്യാപനത്തിന്റെയും മുഖ്യലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ് രാമുണ്ണി വാഗ്ഭടന്റെ തത്ത്വങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരായ പ്രചാരണം, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രചാരണം‐ ഇതെല്ലാമാണ് രാമുണ്ണി സുഹൃത്തുക്കളോടൊപ്പം ആദ്യകാലത്ത് നടത്തിയത്. മൊയാരത്ത് ശങ്കരന്റെ നേതൃത്വത്തിൽ ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം അക്കാലത്ത് വടകരയിൽ സജീവമായിരുന്നു. മൊയാരത്തിന്റെ കേരളകേസരി പത്രം നിലച്ചുപോയെങ്കിലും കേരളകേസരി പ്രസ്സും അതിന്റെ ഓഫീസും കോൺഗ്രസ്സിന്റെയും വടകരയിലെ പുരോഗമനവാദികളുടെയാകെയും കേന്ദ്രമായി നിലനിൽക്കുന്നുണ്ടായിരുന്നു. രാമുണ്ണി മാഷ് കേരളകേസരിയിൽ നിത്യസന്ദർശകനായി. മൊയാരത്തിന്റെ ഉറ്റ സഹപ്രവർത്തകനായി അതിവേഗം മാറുകയായിരുന്നു.

1931‐ൽ വടകരയിലാണ് കേരളാപ്രദേശ് കോൺഗ്രസ് സമ്മേളനം നടന്നത്. ഉപ്പ് സത്യഗ്രാഹത്തിന് ശേഷമുള്ള ആദ്യസമ്മേളനമെന്ന നിലയിൽ വലിയ പ്രാധാന്യവും ആവേശവും ആ സമ്മേളനത്തിന് ഉണ്ടായിരുന്നു. കൃഷ്ണപിള്ളയടക്കമുള്ളവർ ആ സമ്മേളനത്തിൽ പ്രധാന പങ്കുവഹിച്ചു. എം.പി.നാരായണമേനോന്റെ അധ്യക്ഷതയിലാണ് സമ്മേളനം. സമ്മേളനനഗരി പിൽക്കാലത്ത് നാരായണനഗരമെന്ന് അറിയപ്പെട്ടത് ആ പേരുമായി ബന്ധപ്പെട്ടാണ്. രാമുണ്ണി മാഷ് അക്കാലത്താണ് കോൺഗ്രസ്സിൽ അംഗമാകുന്നത്. എം.കെ.കേളു ഏട്ടൻ വടകര ടൗൺ കൊൺഗ്രസ് സെക്രട്ടറിയായിരിക്കെയാണ് രാമുണ്ണി കോൺഗ്രസ് അംഗമാകുന്നത്. കോൺഗ്രസ്സിന്റെ രാഷ്ട്രീയസമ്മേളനത്തിലെ പ്രസംഗങ്ങൾ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമാകാൻ പ്രേരകമായി. കേളു ഏട്ടനു ശേഷം പി.ആർ ദീർഘകാലം ടൗൺ കോൺഗ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചു.

1934‐ലാണ് വടകരയിൽ എയിഡഡ് സ്കൂൾ അധ്യാപകരുടെ സംഘടന രൂപീകരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകനായ രാമുണ്ണി മാഷ്, അഥവാ പുളിക്കൂൽ രാമുണ്ണിയുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചതും പ്രവർത്തിച്ചതും. അധ്യാപകർ കൊടിയ ചൂഷണത്തിനിരയായിക്കൊണ്ടിരിക്കുന്ന കാലമാണ്. മാനേജർമാർ അവരുടെ വീട്ടുവേലക്കാരോടെന്നപോലെയാണ് അധ്യാപകരോട് പെരുമാറിയത്. ഈ ചൂഷണത്തിനെതിരെയാണ് പ്രതികൂലാവസ്ഥകളുണ്ടായിട്ടും അധ്യാപകർ സംഘടിക്കാൻ തീരുമാനിച്ചത്. ചിറക്കൽ താലൂക്കിൽ പി.എം.കുഞ്ഞിരാമൻ നമ്പ്യാർ, ടി.സി.നാരായണൻ നമ്പ്യാർ, കെ.വി.നാരായണൻ നമ്പ്യാർ, പി.യശോദ എന്നിവരുടെ നേതൃത്വത്തിൽ 1934‐ൽത്തന്നെയാണ് അധ്യാപകസംഘടന രൂപപ്പെട്ടത്. അതേകാലത്തുതന്നെ വടകരയിൽ കുറുമ്പ്രനാട് താലൂക്ക് ടീച്ചേഴ്സ് യൂണിയൻ രാമുണ്ണി മാഷുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുകയാണ്. അധ്യാപകസംഘടനാപ്രവർത്തനവുമായി മുന്നോട്ടുപോകവേയാണ് രാമുണ്ണിമാഷുടെ പേർ പി.ആർ. നമ്പ്യാർ എന്ന് രൂഢിയാകുന്നത്. സഹപ്രവർത്തകർ വിളിച്ചുവിളിച്ച് അതങ്ങനെയാവുകയാണ്. ( അതിനൊരു കാരണം മലബാർ എയിഡഡ് എലമെന്ററി ടീച്ചേഴ്സ് യൂണിയൻ പ്രസിഡണ്ടിന്റെ പേരും രാമുണ്ണിയെന്നുതന്നെയായിരുന്നതാണ്).

പി.ആർ. നമ്പ്യാർ മുൻകയ്യെടുത്താണ് മലബാറിലെ എയിഡഡ് സ്കൂൾ അധ്യാപകർക്കാകെ ഒറ്റ സംഘടന എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാരംഭിച്ചത്. 1934 അവസാനത്തോടെ രൂപപ്പെട്ട സി.എസ്.പി.യുടെ നേതൃത്വം വിശേഷിച്ച് പി.കൃഷ്ണപിള്ള ഇതിനകം പി.ആറടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. വർഗബഹുജനസംഘടനകൾ സംഘടിപ്പിച്ച് സമരങ്ങൾ വളർത്തി മുന്നോട്ടുപോവുകയെന്ന കാഴ്ചപ്പാടോടെയാണ് സി.എസ്.പി. കോൺഗ്രസ്സിനകത്ത് പ്രവർത്തിച്ചുപോന്നത്. അതിന്റെ ഭാഗമായാണ് മലബാർ എലമെന്ററി ടീച്ചേഴ്സ് യൂണിയൻ സംഘടിപ്പിക്കാനുള്ള തീരുമാനവും. പാർട്ടി നേതാവായ ടി.സി.നാരായണൻ നമ്പ്യാർക്കാണ് കൃഷ്ണപിള്ള അതിന്റെ ചുമതല നൽകിയത്. അതേസമയം പ്രത്യക്ഷ രാഷ്ട്രീയനിറം വേണ്ടെന്നും നിർദേശിക്കപ്പെട്ടു. 1936 ഏപ്രിൽ 5,6 തീയ്യതികളിൽ വടകരയിൽവെച്ച് പി.ആർ. നമ്പ്യാരുടെയും കൂട്ടരുടെയും നേതൃത്വത്തിലാണ് മലബാർ അധ്യാപകസമ്മേളനത്തിന് ആതിഥ്യമേകിയത്. പതിനയ്യായിരത്തോളം അധ്യാപകർ പങ്കെടുത്ത വിപുലമായ ആ സമ്മേളനത്തിലാണ് അഖില മലബാർ എയിഡഡ് എലമെന്ററി ടീച്ചേഴ്സ് യൂണിയൻ എന്ന സംഘടന രൂപീകരിച്ചത്. വി.രാമുണ്ണി പ്രസിഡണ്ടും പി.എസ്.വാരിയർ വൈസ് പ്രസിഡണ്ടും പി.എം.കുഞ്ഞിരാമൻ നമ്പ്യാർ ജനറൽ സെക്രട്ടറിയും പി.ആർ.നമ്പ്യാർ സെക്രട്ടറിയും ടി.സി.നാരായണൻ നമ്പ്യാർ ജോയിന്റ് സെക്രട്ടറിയും.

യൂണിയന് ആദ്യം ഇടപെടേണ്ടിവന്നത് ഒരു പിരിച്ചുവിടലിനെയാണ്. യൂണിയൻ വന്നതോടെ ആത്മാഭിമാനംവിട്ട് പ്രവർത്തിക്കാൻ തയ്യാറല്ലെന്ന സമീപനം സ്വീകരിക്കാൻ അധ്യാപകർ ധൈര്യപ്പെട്ടു. പന്തലായിനി മഠത്തിൽ സ്കൂളിലെ അധ്യാപകനായ കെ.പി.പത്മനാഭനെ പിരിച്ചുവിട്ടുകൊണ്ടാണ് മാനേജർമാർ യൂണിയനെതിരായ ആദ്യപരീക്ഷണം തുടങ്ങിയത്. യൂണിയൻ സെക്രട്ടറിയായ പി.ആർ. നമ്പ്യാർ മാനേജരെ കണ്ട് പിരിച്ചുവിടൽ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. മാനേജർ വഴങ്ങിയില്ല. കോൺഗ്രസ് നേതാക്കളായ കെ.കേളപ്പനും (മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റുമാണ്) സി.കെ.ഗോവിന്ദൻനായരും ഇടപെട്ടിട്ടും മാനേജർ ഒരടി പുറകോട്ടുവെക്കാൻ തയ്യാറായില്ല. അടുത്തദിവസംതന്നെ പി.ആർ. സ്കൂൾ പരിസരത്തെ നാട്ടുകാരുടെ യോഗം വിളിച്ചുചേർത്തു. പത്മനാഭൻ മാസ്റ്റർ ജോലിചെയ്ത സ്കൂളിനടുത്തുതന്നെ മറ്റൊരു സ്കൂൾ സ്ഥാപിക്കാനാണ് നാട്ടുകാരുടെ യോഗം അനുമതി നൽകിയത്. ബാസൽ മിഷന്റെ വകയായി ഒഴിഞ്ഞുകിടക്കുന്ന ഒരു കെട്ടിടം സമീപത്തുണ്ടായിരുന്നു. ഏതാനും ദിവസത്തിനകം അവിടെ ബദൽ സ്കൂൾ‐ അഥവാ റൈവൽ സ്കൂൾ ആരംഭിച്ചു. പത്മനാഭൻ മാസ്റ്റർ മാത്രമല്ല മഠത്തിൽ സ്കൂളിലെ പ്രധാനാധ്യാപകനടക്കം എട്ടു മാഷന്മാർ ബദൽ സ്കൂളിലേക്ക് മാറി. കുട്ടികൾ ഭൂരിപക്ഷവും ആ സ്കൂളിലേക്ക് മാറി. ശക്തമായ ജനകീയ സമ്മർദത്തെ തുടർന്ന് സ്കൂളിന് അംഗീകാരവും ലഭിച്ചു. എയിഡഡ് സ്കൂൾ മാനേജർമാരുടെ തോന്ന്യാസത്തിന് ശക്തമായ തിരിച്ചടിയായി ഈ സംഭവം. പക്ഷേ മറ്റൊന്നുകൂടി സംഭവിച്ചു. കുപിതരായ മാനേജർമാർ സമ്മർദംചെലുത്തി പി.ആർ. നമ്പ്യാരെ അദ്ദേഹം ജോലിചെയ്യുന്ന വടകര ചീനംവീട് സ്കൂളിൽനിന്ന് പിരിച്ചുവിടീച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറെക്കൂടി സ്വാധീനിച്ചായിരുന്നു ഈ പിരിച്ചുവിടൽ. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചീനംവീട് സ്കൂൾ സന്ദർശിക്കാൻ വന്ന ദിവസം പി.ആർ. സ്കൂളിലുണ്ടായിരുന്നില്ല. പന്തലായിനിയിലെ ബദൽ സ്കൂളിന് അംഗീകാരം നേടിയെടുക്കുന്നതിനായി പോയിരിക്കുകയായിരുന്നു. താൻ സന്ദർശനത്തിനെത്തിയപ്പോൾ പി.രാമുണ്ണി മാസ്റ്റർ ഹാജരില്ലായിരുന്നുവെന്ന് സന്ദർശനപുസ്തകത്തിൽ രേഖപ്പെടുത്തുകയും പിരിച്ചുവിടാൻ നിർദേശിക്കുകയുമായിരുന്നു ഓഫീസർ. മാനേജർ അതുപോലെ ചെയ്തു. ആസൂത്രിതമായിരുന്നു ഈ നടപടി. അടുത്തദിവസംതന്നെ നാട്ടിലെ പുരോഗമനവാദികൾ തൊട്ടടുത്ത് ബദൽ സ്കൂൾ അഥവാ റൈവൽ സ്കൂൾ തുടങ്ങി. പി.ആർ.മാത്രമല്ല സ്കൂളിലെ നാലധ്യാപകരും പുതിയ സ്കൂളിലേക്ക് വന്നു. കുട്ടികളിൽ ഭൂരിഭാഗവും പുതിയ സ്കൂളിൽ. മദിരാശി സർക്കാറിലെ വിദ്യാഭ്യാസമന്ത്രി സി.ജെ.വർക്കി തന്നെ പ്രശ്നത്തിൽ ഇടപെട്ടു. പഴയ സ്കൂൾ തകരുന്ന സ്ഥിതിയായി. മാനേജർക്ക് പിടിച്ചുനിൽക്കാനാവാത്ത സാഹചര്യംവന്നു. പിരിച്ചുവിടൽനടപടി അന്യായമാണെന്നും അതിനാൽ സ്കൂളിന്റെ ഗ്രാന്റ് വെട്ടിക്കുറയ്‌ക്കണമെന്നും സർക്കാർ ഉത്തരവിട്ടു. അതോടെ മാനേജർ പി.ആർ. അടക്കമുള്ള ബദൽ സ്കൂളിലെ അധ്യാപകരെയാകെ തിരിച്ചെടുക്കാമെന്ന് ക്ഷമാപണത്തോടെ അറിയിച്ചു. അങ്ങനെ പ്രശ്നം ഒത്തുതീർന്നു. മലബാറിലെ സ്കൂൾ മാനേജർമാർക്കുള്ള താക്കീതായി ഈ സംഭവം പരിണമിച്ചു. മാത്രമല്ല എയിഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമന പ്രശ്നത്തിൽ ആദ്യമായി സർക്കാർ ഇടപെട്ട് പുതിയ വഴക്കം സൃഷ്ടിക്കുകയുംചെയ്തു. പി.ആറിന്റെ നേതൃത്വത്തിൽ നടന്ന ഇത്തരം എണ്ണമറ്റ ഇടപെടലുകളിൽ ചിലതുമാത്രമാണിവിടെ സൂചിപ്പിക്കുന്നത്.

അധ്യാപകരെ കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് വിഭാഗത്തിലേക്ക്, ക്രമത്തിൽ രൂപപ്പെടാൻപോകുന്ന കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് എത്തിക്കുകയെന്ന ദീർഘകാല പദ്ധതിയായിരുന്നു കൃഷ്ണപിള്ളയുടെയും മറ്റ് നേതാക്കളുടെയും മനസ്സിൽ. അതിന് ഒരുപാട് തടസ്സങ്ങളുണ്ടായിരുന്നു. ഇടതു‐വലത് ആശയസംഘർഷം രൂക്ഷമായിരുന്നു സംഘടനയിൽ. ഇതിൽ രണ്ടുവിഭാഗത്തെയും കൂട്ടിയിണക്കിക്കൊണ്ടുപോവുകയെന്ന ശ്രമകരമായ പ്രവർത്തനമാണ് പി.എം.കുഞ്ഞിരാമൻ നമ്പ്യാരും പി.ആർ. നമ്പ്യാരും നടത്തിക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെയാണ് സി.എസ്.പി.യുടെ മുഖപത്രമായ പ്രഭാതത്തിൽ ടി.സി.നാരായണൻ നമ്പ്യാരുടെ ഒരു ലേഖനം വരുന്നത്. മലബാറിലെ അധ്യാപകപ്രസ്ഥാനം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെ ഒരു ഘടകമാണ് എന്ന പ്രമേയമുള്ള ലേഖനം. ഈ ലേഖനം അധ്യാപകസംഘടനയിലെ വലതുപക്ഷ കോൺഗ്രസ്സുകാർക്ക് സഹിക്കാവുന്നതായിരുന്നില്ല. ലേഖനംവന്നത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രത്തിൽ. ഇ.എം.എസ്സും കെ.ദാമോദരനുമൊക്കെയാണ് അതിന്റെ ആളുകൾ. അവരുടെ ഗൂഢലക്ഷ്യം കമ്മ്യൂണിസത്തെ ഇങ്ങോട്ടുകൊണ്ടുവരലാണെന്ന ആശങ്കയിലായി വലതുപക്ഷം. ടീച്ചേഴ്സ് യൂണിയന്റെ ജോയന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ടി.സി. കണ്ണൂരിലെ കണ്ണാടിപ്പറമ്പ് സ്കൂളിൽ പോലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് സ്വയം സമരംചെയ്ത് വിജയിച്ച ആളാണ്. സി.എസ്.പി.യുടെ ഉന്നതനേതാവാണ്. ലേഖനം വന്നതിന്റെ അടുത്തദിവസം യൂണിയന്റെ മലബാർ കമ്മിറ്റി യോഗം കൊയിലാണ്ടിയിൽ നടക്കുന്നു. ടി.സി.യടക്കം എല്ലാവരും സന്നിഹിതരായിട്ടുണ്ട്. പ്രഭാതത്തിൽവന്ന ടി.സി.യുടെ ലേഖനത്തെ യൂണിയൻ തള്ളിപ്പറയണമെന്നും അത് പ്രസ്താവനയായി പത്രങ്ങൾക്ക് നൽകണമെന്നും അതല്ലെങ്കിൽ താനും സുഹൃത്തുക്കളും രാജിവെക്കുമെന്നും വൈസ് പ്രസിഡണ്ട് പി.എസ്.വാരിയർ പറഞ്ഞു. എന്നാൽ പ്രവർത്തകസമിതിയോഗത്തിൽ വാരിയർ ഒഴിച്ച് ബാക്കിയെല്ലാവരും ടി.സി.യുടെ ലേഖനത്തെ അംഗീകരിച്ചു. അധ്യാപകരും അധ്യാപകരുടെ പ്രസ്ഥാനവും സാമ്രാജ്യത്വത്തിനെതിരാണ്. സംഘടനയുടെ ആ പ്രഖ്യാപനത്തോടെ വാരിയർക്ക് പഴയ നിലപാട് നിരുപാധികം തിരുത്തേണ്ടിവന്നു.

എന്നാൽ രാജാജിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മാനേജർമാരുടെ ഭാഗത്ത് നിലകൊണ്ട് അധ്യാപകരെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കാൻ തുടങ്ങി. അധ്യാപകർ കോൺഗ്രസ് അടക്കം ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാനോ പ്രവർത്തിക്കാനോ പാടില്ലെന്ന് ഉത്തരവുവന്നു. 1937‐ൽ മദിരാശിയിൽ കോൺഗ്രസ് സർക്കാർ വരാൻ ഏറ്റവുംകൂടുതൽ പ്രവർത്തിച്ചവരാണ് അധ്യാപകർ. അവരോട് മോശമായി പെരുമാറുകയും ചൂഷണം നടത്തുകയും ചെയ്യുന്ന മാനേജർമാരുടെ ഒത്താശക്കാരാണ് സർക്കാർ എന്നുവന്നപ്പോഴാണ് താനടക്കമുള്ള മധ്യവർത്തിസമീപനക്കാർ കോൺഗ്രസ്സിലെ ഇടതുപക്ഷത്തിന്റെ ഭാഗത്തുചേർന്നതെന്ന് പി.ആർ. അനുസ്മരിക്കുകയുണ്ടായി.

രണ്ടാം ലോകയുദ്ധത്തോടെ പുതിയൊരു സാഹചര്യമാണുണ്ടായത്. അക്കാലത്ത് ഓരോ മാസത്തിലും ഒരു ശനിയാഴ്ച ഓരോ ഉപജില്ലയിലെയും അധ്യാപകരുടെ ഒരു യോഗം ചേർന്നിരുന്നു. അക്കാദമിക് കാര്യങ്ങൾ ചർച്ചചെയ്യാനാണ് യോഗമെന്നാണ് വെപ്പെങ്കിലും ഒരുതരം ദർബാറായിരുന്നു അത്. സർക്കാരിന്റെയും മാനേജർമാരുടെയും ദ്രോഹനയത്തിൽ പ്രതിഷേധിച്ച് ഈ യോഗം‐ അതായത് ശനിയൻസഭ‐ ബഹിഷ്കരിക്കാൻ ടീച്ചേഴ്സ് യൂണിയൻ തീരുമാനിച്ചു. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കത്തോടെതന്നെ കോൺഗ്രസ്സിന്റെ പ്രവിശ്യാ സർക്കാരുകൾ രാജിവെച്ചിരുന്നു. യുദ്ധകാലത്ത് ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ മർദനനയങ്ങൾ രൂക്ഷമാക്കുകയുംചെയ്തു. ഈ സന്ദർഭത്തിലാണ് ശനിയൻസഭാ ബഹിഷ്കരണം. സമരത്തിന് ആഹ്വാനംചെയ്യുന്ന ഘട്ടത്തിൽത്തന്നെ പി.ആർ നമ്പ്യാരെ പിരിച്ചുവിടുകയും സർട്ടിഫിക്കറ്റ് സസ്പന്റ് ചെയ്യുകയും ചെയ്തിരുന്നു. 1939 ഡിസംബറോടെ സമരം ശക്തമായി. ചിറക്കൽ താലൂക്കിൽ ആ വർഷം സെപ്റ്റംബർ 25‐ന് ഒരുദിവസത്തെ വിദ്യാഭ്യാസ ബന്ദ് നടത്തി ടീച്ചേഴ്സ് യൂനിയൻ ചരിത്രം സൃഷ്ടിച്ചിരുന്നു. 90 ശതമാനം അധ്യാപകരും ആ പണിമുടക്കിൽ പങ്കെടുത്തു. അതുപോലെ മലബാറിലാകെ നടന്ന ശനിയൻസഭാ ബഹിഷ്കരണത്തിലും 90 ശതമാനം അധ്യാപകരും പങ്കെടുത്തു. അതോടെ പിരിച്ചുവിടലും സർട്ടിഫിക്കറ്റ് റദ്ദാക്കലും വ്യാപകമായി. എന്നാൽ യുദ്ധകാലത്ത് സമരം അങ്ങനെ കൊണ്ടുപോകാനാവുമായിരുന്നില്ല. 1940 ജനുവരി ആറിന് മലബാർ കളക്ടർ അധ്യാപകരോട് ഒരു അഭ്യർഥന നടത്തി. സമരം പിൻവലിക്കണം, ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും. യൂണിയൻ പ്രസിഡണ്ടായ വി.രാമുണ്ണിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒളിവിൽപ്രവർത്തിക്കുന്ന നേതൃത്വവുമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹം അവരുമായി ബന്ധപ്പെട്ട് സമരം പിൻവലിക്കാൻ തീരുമാനിച്ചു. അങ്ങനെ ശനിയൻസഭാ ബഹിഷ്കരണമടക്കമുള്ള അക്കാലത്തെ അധ്യാപകസമരം താൽക്കാലികമായി നിർത്തിവെക്കപ്പെട്ടു.

1938‐ൽ കെ.പി.സി.സി. ഇടതുപക്ഷ നേതൃത്വത്തിലാകുന്ന ഘട്ടത്തിൽ കെ.പി.സി.സി. അംഗമായി പി.ആർ.നമ്പ്യാർ തിരഞ്ഞെടുക്കപ്പെട്ടു. അധ്യാപകസംഘടനാ പ്രവർത്തനത്തിനൊപ്പം ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായതോടെ 1939 നവംമ്പറിൽ പി.ആറിനെ സ്കൂളിൽനിന്ന് പിരിച്ചുവിടുകയും സർക്കാർ അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊള്ളുന്നത് ആ ഘട്ടത്തിലാണ്. പാർട്ടിയിൽ ആദ്യംതന്നെ അംഗമാകുന്നതിലൊരാൾ പി.ആറാണ്. ജയിലിൽവെച്ചാണ് പി.ആർ. പാർട്ടി അംഗമാകുന്നത്. 1940 സെപ്തംബർ 15‐ന്റെ മർദനപ്രതിഷേധ‐വിലക്കയറ്റവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നിരോധനാജ്ഞ ലംഘിച്ച് വടകരയിൽ പ്രകടനവും റാലിയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയവരിലൊരാൾ പി.ആറാണ്. സി.കെ.നമ്പ്യാർ, പി.പി.ശങ്കരൻ എന്നിവരാണ് പ്രകടനം നയിച്ചത്. തുടർന്ന് പി.ആറിന്റെ നേതൃത്വത്തിൽ പൊതുയോഗം. യോഗം പോലീസ് കയ്യേറി ലാത്തിച്ചാർജ് നടത്തി.പി.ആർ. അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. ലോക്കപ്പിൽ ക്രൂരമർദനം. പി.ആർ., പൈതൽ വൈദ്യർ, വേലായുധൻ, ചാത്തു എന്നിവരെ ഒന്നര വർഷത്തേക്ക് ശിക്ഷിച്ചു.

ജയിൽമോചിതനായി നാട്ടിലെത്തിയശേഷം വടകര, കൊയിലാണ്ടി മേഖലയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പി.ആർ. അഹോരാത്രം പ്രവർത്തിച്ചു. ആ പ്രവർത്തനത്തെക്കുറിച്ച് കേളു ഏട്ടൻ ഒരിക്കൽ ഇങ്ങനെ അനുസ്മരിച്ചു‐ “വടകരയിലെ ഒരു ഇടത്തരം നായർകുടുംബത്തിൽ ജനിച്ച പി.ആർ. വടകരയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്ക് സ്വന്തം സഹോദരനെപ്പോലെയായിരുന്നു. ഉജ്ജ്വലനായ വാഗ്മി എന്ന നിലയിൽ പി.ആർ.ശ്രദ്ധേയനായിരുന്നു. പി.ആറിന്റെ പ്രസംഗം കേൾക്കാൻ മൈലുകൾ താണ്ടി ആളുകൾ എത്തിച്ചേരാറുണ്ടായിരുന്നു. എത്ര ബുദ്ധിമുട്ടുള്ള വിഷയങ്ങളും വളരെ സരസമായി അവതരിപ്പിക്കാനും എതിരാളികളെ ആക്ഷേപഹാസ്യങ്ങൾ ചൊരിഞ്ഞ് കളിയാക്കാനുമുള്ള പി.ആറിന്റെ കഴിവ് അപാരമായിരുന്നു. ഒഞ്ചിയം ചെറുത്തുനിൽപ്പ്‌ നയിക്കാനിടയാക്കിയ സംഭവങ്ങളിലും പി.ആറിന്റെ പങ്ക് വലുതായിരുന്നു. ഒഞ്ചിയം വെടിവെപ്പ് നടന്ന ദിവസം ഞാനും പി.ആറും രാമക്കുറുപ്പും എം.കുമരനും യു.കുഞ്ഞിരാമനുമെല്ലാം കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ചേർന്നുകൊണ്ടിരിക്കുകയായിരുന്നു. വെടിവെപ്പിനുശേഷം ഞങ്ങൾ പലവഴിക്കും സ്ഥലംവിട്ടു. പന്നീട് കുറേക്കാലം ഞങ്ങൾ ഒളിവിലായിരുന്നു. 1948‐ൽ ജയിൽവാസകാലത്ത് വെല്ലൂർ ജയിലിൽ പാർപ്പിക്കപ്പെട്ട തടവുകാരുടെ നേതാവായിരുന്നു പി.ആർ. ജയിൽ വാർഡന്മാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ പി.ആർ.നിരാഹാരസമരം നടത്തി. അതിന്റെ പേരിൽ പി.ആറിനും കെ.പി.ആറിനും എനിക്കും ധാരളം മർദനമേൽക്കേണ്ടിവന്നു’‐ എന്നാണ് ഒരിക്കൽ കേളു ഏട്ടൻ അനുസ്മരിച്ചത്.

1946‐ഡിസംബർ 22‐ന് പി.ആറിനെ അറസ്റ്റു ചെയ്തത് വടകര നോർത്ത് എലമെന്ററി സ്കൂളിൽവെച്ചാണ്. കുട്ടികളുടെ മുമ്പിലൂടെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഏതാനും മാസത്തിനകം ജയിൽമോചിതനായ പി.ആറിനെ പിന്നീട് 1948‐ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും ജയിലിലടയ്‌ക്കുകയായിരുന്നു. അപ്പോഴത്തെ അനുഭവമാണ് കേളു ഏട്ടന്റെ വാക്കുകളിലൂടെ മുകളിൽ കൊടുത്തത്. വടകര സ്കൂളിൽനിന്നും അറസ്റ്റു ചെയ്തുകൊണ്ടുപോകുമ്പോൾ കൂടെ പി.പി.ശങ്കരനുമുണ്ടായിരുന്നു. വടകരയിലെ ഏറ്റവും ധീരനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന ശങ്കരൻ പി.ആറിന്റെ ഏറ്റവും ഉറ്റ സഹപ്രവർത്തകനായിരുന്നു. ശങ്കരനെയും പി.ആറിനെയും പിടിച്ച വിവരമറിഞ്ഞ് വടകരയിലേക്ക് എത്തിയ കേളു ഏട്ടനും പിടിയിലായി. മൂവരെയും കണ്ണൂർ ജയിലിലും പിന്നീട് വെല്ലൂരിലേക്കും കടലൂരിലേക്കും കൊണ്ടുപോയി. വെല്ലൂർ ജയിലിൽനിന്ന് എ.കെ.ജി. ജയിൽചാടിയ സമയമായതിനാൽ ബാക്കി തടവുകാർക്ക് വലിയ പീഡനമാണേൽക്കേണ്ടിവന്നത്. ജയിലിലെ കമ്യൂണിസ്റ്റ് തടവുകാരുടെ മേയർ എന്ന ചുമതലയിലാണ് പി.ആർ. സഹതടവുകാർക്കുവേണ്ടി അധികൃതരുമായി വാഗ്വാദം നടത്തിയതിന്റെ പേരിലും മറ്റും കടുത്ത മർദനമാണ് പി.ആറിന് നിരന്തരമായി ഏൽക്കേണ്ടിവന്നത്.

മാതൃകയായ മികച്ച അധ്യാപകൻ, കരുത്തുറ്റ സംഘാടകൻ, അധ്യാപകപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധീരനായ നേതാവ്, കിടയറ്റ വാഗ്മി എന്നീ നിലകൾക്കു പുറമെ കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തനരംഗത്തും പി.ആറിന്റെ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു. 1951‐ൽ ജയിൽമോചിതനായശേഷം പാർട്ടിയുടെ മലബാർ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റിൽ പി.ആർ. അംഗമായി. 1948‐ലെ നിരോധനപർവം കഴിഞ്ഞ് ദേശാഭിമാനി പ്രസിദ്ധീകരണം പുനരാരംഭിച്ചതോടെ കോഴിക്കോട്ടെ ദേശാഭിമാനി പ്രിന്റിങ്ങ് ആൻഡ് പബ്ലിഷിങ്ങ് കമ്പനിയുടെയും ദേശാഭിമാനി പത്രത്തിന്റെയും മുഖ്യചുമതലക്കാരനായി പി.ആർ. നമ്പ്യാരെ നിയോഗിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്നതുവരെ‐ 1964വരെ‐ 13 വർഷത്തിലേറെക്കാലം ദേശാഭിമാനിയുടെ ജനറൽ മാനേജരായി പ്രവർത്തിച്ചത് പി.ആറാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − thirteen =

Most Popular