Sunday, September 8, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്തത്വചിന്തയും സമ്പദ്ശാസ്ത്രവും

തത്വചിന്തയും സമ്പദ്ശാസ്ത്രവും

കെ എസ് രഞ്ജിത്ത്

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 47

ത്വചിന്തയുടെ ചിറകിനടിയിൽ നിന്നും ഒരുകാലത്ത് പറന്നുയർന്നതാണ് എല്ലാ ശാസ്ത്രങ്ങളും. ഒരുകാലത്ത് ജ്ഞാനോല്പാദകർ തത്വചിന്തകർ മാത്രമായിരുന്നു. വേർതിരിച്ചുകാണാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു പുരാതനകാലത്ത് ശാസ്ത്രവും തത്വചിന്തയും. ജ്ഞാനോദയകാലഘട്ടം സാക്ഷ്യംവഹിച്ച ആധുനികതയുടെ കടന്നുവരവോടെയാണ് ശാസ്ത്രങ്ങൾ സ്വന്തം കൂട് തീർക്കുകയും അവിടെ പാർപ്പുറപ്പിക്കുകയും തങ്ങളുടേതായ അറിവുകൾ വേവിച്ചെടുക്കാനായി സ്വന്തം അടുപ്പുകല്ലുകൾ കൂട്ടുകയും ചെയ്തത്.

ഏതൊരന്വേഷണത്തിനും ചുവടുറപ്പിച്ചുനിൽക്കാൻ ഉറപ്പുള്ള ചില തറകൾ ആവശ്യമുണ്ട്. ലോകത്തെ സ്വന്തം കണ്ണിലൂടെ കാണാൻ തങ്ങളുടേതായ സംവർഗങ്ങളും പരികല്പനകളും ആവശ്യമുണ്ട്. ഇവിടെ ഉയർന്നുവരുന്ന ഒരു പ്രശ്‌നം, ഓരോ ശാസ്ത്രവും നടത്തുന്ന അന്വേഷണത്തിന്റെ ഈ അടിസ്ഥാനോപാധികൾ -സംവർഗങ്ങളും രീതിശാസ്ത്രവുമെല്ലാം എങ്ങനെയാണ് രൂപപ്പെട്ടത് എന്നത് ശാസ്ത്രങ്ങൾ മറന്നു തുടങ്ങും എന്നതാണ്. ഇത് യഥാവിധി തിരിച്ചറിയാനായില്ലയെങ്കിൽ വിശ്വാസിയുടെ സത്യാന്വേഷണമായി ഈ ചിന്തകൾ പലപ്പോഴും ചുരുങ്ങും. ശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രങ്ങളുടെയും ദർശന പരിസരങ്ങൾ തിരിച്ചറിയപ്പെടേണ്ടത് ഈ സാഹചര്യത്തിലാണ്. സാമൂഹികശാസ്ത്രങ്ങളിൽ ഏറ്റവും പ്രബലമായ സാമ്പത്തിക ശാസ്ത്രവ്യവഹാരത്തെ, കുറച്ചുകൂടി വ്യക്തമാക്കിയാൽ മുഖ്യധാരാ സാമ്പത്തിക ശാസ്ത്ര വ്യവഹാരങ്ങളെ, രൂപപ്പെടുത്തിയ ചിന്താപദ്ധതികളെയും അത് അടിസ്ഥാനമാക്കുന്ന പരികല്പനകളെയും മുൻനിർത്തിയുള്ള ഹ്രസ്വമായ ചില ആലോചനകളാണ് ഇവിടെ നടത്തുന്നത്.

ആദം സ്മിത്ത്

മൂലധനത്തിലൂടെ മാർക്സ് നടത്തിയത് മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്റെ നിശിതമായ വിമർശനമായിരുന്നു. A critique of political economy എന്നാണ് തന്റെ പ്രോജക്ടിന് മാർക്സ് നൽകിയ പേര്. പക്ഷേ മൈക്രോ ഇക്കണോമിക്സിന്റെയും ഇക്കണോമെട്രിക്സിന്റെയും ഈ കാലത്ത് മാർക്സ് നടത്തിയ, ചരക്കുല്പാദനത്തിന്റെ സൂക്ഷ്മവിശകലനത്തിലേക്ക് ആണ്ടിറങ്ങുമ്പോൾ സ്ഥൂലതലത്തിലെ ഈ വിമർശനത്തെ നാം പലപ്പോഴും കാണാതെ പോകുന്നുവെന്ന് മാത്രം. നിലനിന്നിരുന്ന സാമ്പത്തികശാസ്ത്ര ചിന്തകളെ ബൂർഷ്വാ അർത്ഥശാസ്ത്രം എന്നു വിളിച്ച് വിമർശിച്ചതോടുകൂടി സാമ്പത്തികശാസ്ത്രം കേവലം മൂല്യനിരപേക്ഷമായ ഒന്നല്ലായെന്നും അത് നടത്തുന്ന നിത്യസത്യ വെളിപാടുകൾ രാഷ്ട്രീയ ഉദ്ദേശ്യത്തോടു കൂടി മാത്രം നടത്തപ്പെടുന്നവയാണെന്നും കൂടി മാർക്സ് മൂലധനത്തിലൂടെ ഓർമപ്പെടുത്തുന്നുണ്ട്. ഇന്നും നാം, മുഖ്യധാരാ സാമ്പത്തികശാസ്ത്രലോകം വിളിച്ചു പറയുന്ന നിരവധി ‘സത്യ’ങ്ങളുടെ പിടിയിലാണ്. സ്വതന്ത്ര വ്യാപാരം, കാര്യക്ഷമത ഉറപ്പുവരുത്തുന്ന മത്സരാത്മകത, കമ്പോളത്തിന്റെ അദൃശ്യകരങ്ങളുടെ അത്ഭുത സിദ്ധികൾ എന്നിങ്ങനെ എണ്ണമറ്റ പരികല്പനകളാൽ സമ്പന്നമാണ് ആ ലോകം. വിജയിയുടെ പീഠത്തിലേറിനിൽക്കുന്നവർക്കു നേരെ അയയ്ക്കുന്ന ചോദ്യശരങ്ങൾ പലപ്പോഴും ലക്‌ഷ്യം തെറ്റുകയും സ്വാഭാവികം.

ജോൺ സ്റ്റുവർട്ട് മിൽ

ആദം സ്മിത്ത്, ജോൺ സ്റ്റുവർട്ട് മിൽ തുടങ്ങിയ ആദ്യകാലത്തെ സാമ്പത്തിക ശാസ്ത്ര ചിന്തകർ പലരും വ്യാപരിച്ചിരുന്നത് കേവലം സാമ്പത്തികശാസ്ത്ര മണ്ഡലത്തിൽ മാത്രമായിരുന്നില്ല. തന്റെ ഏറ്റവും പ്രസിദ്ധകൃതി Wealth of Nations എഴുതുന്നതിനു മുൻപുള്ള സ്മിത്തിന്റെ പ്രധാന കൃതി Theory of Moral sentiments ആയിരുന്നു. On Libertyയും Logicഉം ഒക്കെയായിരുന്നു Utilitarianismത്തിനൊപ്പം മില്ലിന്റെ പ്രധാന കൃതികൾ. 19‐ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിയോ ക്ലാസിക്കൽ ഇക്കണോമിക്സിന്റെ വരവോടെയാണ് ഒരു പ്രത്യേക ശാസ്ത്രമെന്ന നിലയിൽ ഇക്കണോമിക്സ് രൂപപ്പെടുന്നത്. ഇതോടു കൂടി മറ്റ് സാമൂഹികശാസ്ത്രങ്ങളുമായും തത്വചിന്തയുമായുമുള്ള ബന്ധങ്ങൾ സാമ്പത്തികശാസ്ത്രത്തിനു നഷ്ടപ്പെട്ടുതുടങ്ങി. ഭൗതികശാസ്ത്രം ജീവനില്ലാത്ത വസ്തുക്കളുടെ ചലനങ്ങൾ പഠിക്കുന്നതുപോലെ മനുഷ്യർ നടത്തുന്ന സാമൂഹിക ഇടപാടുകളെയും പഠിക്കാം എന്ന ധാരണ അതിനു കൈവന്നു.

അതേസമയം അമർത്യസെന്നിനെയും മിർദ്ദാലിനെയും പോലുള്ള 20‐ാം നൂറ്റാണ്ടിലെ സാമ്പത്തികശാസ്ത്രജ്ഞർ സങ്കുചിതമായ അർത്ഥത്തിലുള്ള സാമ്പത്തികശാസ്ത്ര പരികല്പനകളെ പിൽക്കാലത്ത് കണ്ടെത്തുകയും അവയെ അതിവർത്തിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. എന്നിരിക്കിലും മുഖ്യധാരാ സാമ്പത്തിക ശാസ്ത്രം ഇതര മാനവിക ശാസ്ത്ര വിഷയങ്ങളെപ്പോലെ സ്വന്തം മാളങ്ങളിലേക്ക് ഉൾവലിയുകയും സൈദ്ധാന്തിക പരിവേഷങ്ങൾ ഏതാണ്ടൊക്കെ പൂർണമായും ഉപേക്ഷിച്ച് കേവലം എംപിരിക്കലായ അന്വേഷണങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തു. വളരെ സാങ്കേതികമായ മാത്തമറ്റിക്കൽ മോഡലുകൾ സൃഷ്ടിച്ചുകൊണ്ട് ഇക്കണോമെട്രിക്സ് പോലുള്ള ശാഖകൾ ഇതിൽ ആധിപത്യം വഹിക്കുകയും ചെയ്തു. പക്ഷേ സമീപദശകങ്ങളിലുണ്ടായ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ ഒരു മത വ്യവഹാരം പോലെ നിലകൊണ്ടിരുന്ന മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തിനു മേൽ തുടർച്ചയായി സംശയത്തിന്റെ നിഴൽ വീഴ്ത്തി. ഇത്ര വലിയ ഒരു പ്രതിസന്ധി സാമ്പത്തികമേഖലയിൽ രൂപപ്പെടുന്നത് സംബന്ധിച്ച് ചെറിയൊരു സൂചന പോലും നല്കാൻ കഴിയാത്ത ശാസ്ത്രം എന്ത് ശാസ്ത്രം എന്ന ചോദ്യം അതിനുള്ളിൽ നിന്നു തന്നെ ഉയർന്നു വന്നു.

കേവലം ഒരു എഞ്ചിനീയറിംഗ് വിഷയം പഠിക്കുന്നതു പോലെ പഠിക്കപ്പെടാവുന്ന ഒന്നല്ല മനുഷ്യർ നടത്തുന്ന സാമ്പത്തിക വ്യവഹാരങ്ങളും അതുമായി ബന്ധപ്പെട്ട്‌ രൂപംകൊള്ളുന്ന സാമൂഹിക ബന്ധങ്ങളും എന്ന യാഥാർഥ്യത്തിലേക്ക് ലോകം വീണ്ടും കണ്ണ് തുറന്നു. 2008ലെ ഗുരുതരമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാർക്സിന്റെ അർത്ഥശാസ്ത്ര വിമർശനങ്ങൾ വീണ്ടും വായിക്കപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ പലതും ഈയർത്ഥത്തിൽ ശ്രദ്ധേയമാണ്. മനുഷ്യർ നേരിടുന്ന അടിസ്ഥാന സാമൂഹിക പ്രശ്‌നങ്ങൾ പലതിനും – വർധിക്കുന്ന സാമൂഹിക അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പാരിസ്ഥിതിക പ്രതിസന്ധി എന്നിവയ്‌ക്ക്‌ ഉത്തരം കാണാൻ കേവലം സാമ്പത്തിക ശാസ്ത്രമണ്ഡലത്തിനകത്തു നിന്നുകൊണ്ട് കഴിയില്ല എന്നതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടി.

പലപ്പോഴും ഒരു പ്രതിസന്ധിയുടെ ഘട്ടത്തിലാണ് അടിസ്ഥാനങ്ങളെക്കുറിച്ചുള്ള ചിന്തകൾ വീണ്ടും ഉദിക്കുന്നത്. ശുദ്ധശാസ്ത്രത്തിന്റെ മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, Philosophy of scienceഉം ഇതേ രീതിയിൽ ശാസ്ത്രകല്പനകളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. വസ്തുനിഷ്ഠ യാഥാർഥ്യങ്ങൾ എന്ന് നാം കരുതിപ്പോന്നിരുന്ന ശാസ്ത്ര സത്യങ്ങൾ പലതും ഇത്തരത്തിൽ വീണുടഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല ഒരു ഘട്ടം വരെ മാത്രമേ സത്യമെന്നു കരുതപ്പെടുന്ന ചില അടിസ്ഥാന പരികല്പനകൾക്കു മേൽ പടുത്തുയർത്തുന്ന ശാസ്ത്ര സിദ്ധാന്തങ്ങൾ നിലനിൽക്കൂ എന്നും ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോൾ സമൂഹത്തിൽ വിപ്ലവം നടക്കുന്നുവെന്നപോലെ ശാസ്ത്ര ചിന്തകളും ഒരു വിപ്ലവത്തിന് വിധേയമാകുമെന്നും അത് പുതിയൊരു paradigm സൃഷ്ടിക്കുമെന്നും പുതിയ സത്യങ്ങൾ അവിടെ ആവിർഭവിക്കുമെന്നും തോമസ് കുന്നിനെ പോലുള്ളവർ പറഞ്ഞു.

സാമ്പത്തിക മേഖലയിലെ വസ്തുതകളെ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന രീതിശാസ്ത്രം ( Methodology ), സാമ്പത്തിക വിശകലനത്തിന് ഉപയോഗിക്കപ്പെടുന്ന വസ്തുക്കളും പ്രതിഭാസങ്ങളും (Ontology of economic objects), വിശകലനത്തിന് ഉപയോഗിക്കുന്ന ജ്ഞാനസിദ്ധാന്തങ്ങൾ (Epistemology) ഇവയെല്ലാം തന്നെ ഓരോ കാലഘട്ടത്തിലും വ്യത്യസ്ത വീക്ഷണം പുലർത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞരിലും വിഭിന്നങ്ങളാണ് എന്ന് കാണാൻ ഒരു പ്രയാസവുമില്ല. മാർക്സിന്റെ അർത്ഥശാസ്ത്ര വിശകലനം ചരക്കുകളെയും ചരക്കുല്പാദനത്തെയും കേന്ദ്രീകരിച്ചായിരുന്നു. മുതലാളിത്ത ഉല്പാദനത്തിന്റെ അടിസ്ഥാന ഘടകമായി മാർക്സ് കണ്ടെത്തിയത് ചരക്കുകളെയാണ്. മാർക്സിന്റെ ഈ ontology സാമ്പത്തികശാസ്ത്ര ചിന്തയുടെ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ, തീർത്തും വിഭിന്നമായ ഒന്നായിരുന്നു . അർത്ഥശാസ്ത്രത്തിൽ മാർക്സ് പുതിയൊരു ഭൂഖണ്ഡത്തെയാണ് കണ്ടെത്തിയത് എന്നാണ് മൂലധനത്തെ സംബന്ധിച്ച തന്റെ പഠനത്തിൽ ഇത് സംബന്ധിച്ച് ലൂയി അൽത്തൂസർ നടത്തിയ നിരീക്ഷണം. നാളിതുവരെയുള്ള അർത്ഥശാസ്ത്ര ചരിത്രത്തിൽ ദൃശ്യമല്ലാത്ത പല യാഥാർഥ്യങ്ങളും വസ്തുതകളും ഇതോടെ പൊന്തി വന്നുവെന്നും അൽത്തൂസർ നിരീക്ഷിക്കുന്നു. മാർക്സ് സാമൂഹിക ബന്ധങ്ങളെയും ചരക്കുല്പാദനമെന്ന അമൂർത്തമായ (abstract) പരികല്പനകളെയും വിശകലനോപാധിയാക്കിയപ്പോൾ, മാർക്സിന്റെ സമകാലീനനായിരുന്ന ജോൺ സ്റ്റുവർട്ട് മില്ലാകട്ടെ വ്യക്തികളെയും അവരുടെ ഇടപെടലുകളെയുമാണ് തന്റെ അർത്ഥശാസ്ത്ര വിശകലനത്തിൽ കണ്ടതും ഉപയോഗിച്ചതും. രണ്ടു പേരുടെയും ontology അത്രയ്ക്ക് വിഭിന്നമായിരുന്നു. മാർക്സ് തന്റെ methodology ആയി സാമൂഹിക ബന്ധങ്ങളെയും ഘടനകളെയും കണ്ടപ്പോൾ മിൽ ഉപയോഗിച്ചത് മനുഷ്യ പ്രകൃതത്തെയായിരുന്നു. മിൽ ജ്ഞാനസിദ്ധാന്തപരമായി ഒരു empiricist ആയിരുന്നുവെങ്കിൽ മാർക്സ് അതിന്റെ നിശിത വിമർശകനായിരുന്നു. സാമ്രാജ്യത്വത്തെയും അത് നടത്തുന്ന ചൂഷണത്തിന്റെ സ്വഭാവത്തെയുമാണ് പിൽക്കാലത ്തെലെനിൻ അടക്കമുള്ള മാർക്സിസ്റ്റ്‌ അർത്ഥശാസ്ത്രജ്ഞർ അടിസ്ഥാനമാക്കിയതെങ്കിൽ നിയോ ലിബറൽ കാലഘട്ടത്തിലെ മുഖ്യധാരാ സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളിലൊന്നും അങ്ങിനെയൊരു പദാവലി തന്നെ കണ്ടെത്താനാവില്ല.

മുതലാളിത്ത ഉല്പാദന പ്രക്രിയക്കിടയിൽ ലാഭം എങ്ങിനെയുണ്ടാകുന്നു എന്ന അടിസ്ഥാന ചോദ്യത്തിൽ പോലും ഈ വിഭിന്നത കാണാം.

മനുഷ്യൻ അടിസ്ഥാനപരമായി ഒറ്റപ്പെട്ടു നിൽക്കുന്ന സ്വഭാവമുള്ളവനെന്നും അവനെ നയിക്കുന്നത് സ്വാർത്ഥതയാണെന്നുമുള്ള അടിസ്ഥാന ചിന്തയുടെ മേലാണ് മുഖ്യധാരാ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളൊക്കെയും കെട്ടിപ്പടുത്തിട്ടുള്ളത്. ഒരു സാമൂഹിക ജീവിയെന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തെ തന്നെ തിരസ്കരിക്കുകയാണിവിടെ. കൂട്ടായി വേട്ടയാടുകയും കിട്ടിയത് ഒരുമിച്ചിരുന്ന് ഭക്ഷിക്കുകയും ചെയ്ത നാളുകളിൽ എവിടെയായിരുന്നു മനുഷ്യ സ്വഭാവത്തിന്റെ അടിസ്ഥാനമെന്ന് സാമ്പത്തിക ശാസ്ത്രം വിശ്വസിക്കുന്ന ഈ സ്വാർത്ഥത?

കൊളോണിയൽ ചൂഷണം അതിന്റെ പാരമ്യത്തിൽ നിന്ന നാളുകളിലാണ് ഒരു ശാസ്ത്രം എന്ന നിലയിൽ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങൾ രൂപപ്പെടുന്നത്. പ്രകൃതി നിയമങ്ങൾ കണ്ടെത്തുന്നതുപോലെയാണ് ഈ സാമ്പത്തിക സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്. കൊളോണിൽ താല്പര്യങ്ങൾ പലതും വളരെ സ്വാഭാവികമാണെന്നുള്ള രീതിയിലാണ് ഇവ വ്യാഖ്യാനിക്കപ്പെട്ടത്. സ്വതന്ത്ര വ്യാപാരം എല്ലാ രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും അതാണ് ശാസ്ത്രീയമെന്നും ബൂർഷ്വാ അർത്ഥശാസ്ത്രം ലോകത്തെ പഠിപ്പിച്ചു തുടങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. റിക്കാർഡോയുടെ comparative trade സിദ്ധാന്തവും, ആദം സ്മിത്തിന്റ കമ്പോളത്തിന്റെ അദൃശ്യ കരങ്ങളും പിൽക്കാലത്ത് രൂപപ്പെട്ട Trickle down സിദ്ധാന്തവുമൊക്കെ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത്തരത്തിലുള്ള താല്പര്യങ്ങൾ പലതും പുറത്തു വരും.

അർത്ഥശാസ്ത്ര പരികല്പനകളെ തത്വചിന്താപരമായ വിശകലനത്തിനു വിധേയമാക്കേണ്ടതിന്റെ ആവശ്യകത കടന്നുവരുന്നത് ഇവിടെയാണ്. കേവല ശാസ്ത്രസത്യങ്ങൾ കണക്കെ ഇവയെ സ്വീകരിക്കാൻ തുടങ്ങിയാൽ മുതലാളിത്തത്തിന്റെ ഏറ്റവും ശക്തമായ പ്രത്യയശാസ്ത്രമായ മുഖ്യധാരാ സമ്പദ്ശാസ്ത്രം ചോദ്യം ചെയ്യപ്പെടാതെ നിലകൊള്ളും.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × 2 =

Most Popular