വിവിധ അഖിലേന്ത്യാ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന തട്ടിപ്പുകൾ വിദ്യാർഥിസമൂഹത്തിനും രാജ്യത്തെ ജനങ്ങൾക്കാകെയും വലിയ ദുരന്തമാണ് സമ്മാനിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന വൻ അഴിമതികളുടെയും രാഷ്‌ട്രീയാധികാരമുപയോഗിച്ച് മാർക്കിൽ വലിയ കൃത്രിമം നടത്തുന്നതിന്റെയും റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഈ അഴിമതിക്കഥകളുടെ പരമ്പരയ്‌ക്ക് തുടക്കമായത്.
നീറ്റ് അഴിമതിക്കു പിന്നാലെ നെറ്റ് പരീക്ഷ റദ്ദാക്കിയത് ആഘാതത്തിന് ആക്കം കൂട്ടി. നാഷണൽ ടെസ്റ്റിങ് ഏജൻസി ജൂൺ 17ന് നടത്തിയ നെറ്റ് പരീക്ഷ തൊട്ടടുത്തദിവസം തന്നെ റദ്ദാക്കിയത് പരീക്ഷ നന്നായി എഴുതിയ വിദ്യാർഥികളെ മാനസികമായി തളർത്തി. പിജി നെറ്റ് പരീക്ഷ റദ്ദാക്കി 12 മണിക്കൂറിനുള്ളിൽ സിഎസ്‌ഐആർ നെറ്റ് പരീക്ഷയും റദ്ദുചെയ്‌തു. ബീഹാറിലും ഝാർഖണ്ഡിലും മറ്റ് പല സ്ഥലങ്ങളിലും ചോദ്യപേപ്പർ ചോർന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്നാണിത്. വിദ്യാർഥിസമൂഹത്തിനു മേൽ കടുത്ത മാനസിക സമ്മർദം സൃഷ്ടിക്കുന്ന ഈ സംഭവങ്ങൾക്ക് ഉത്തരവാദി എൻടിഎ ആണെന്ന് വിദ്യാർഥിസമൂഹം ഒന്നടങ്കം കുറ്റപ്പെടുത്തുന്നു. പരീക്ഷാ നടത്തിപ്പിൽ ആവർത്തിച്ചു പരാജയപ്പെട്ട എൻടിഎ, പ്രവേശനപരീക്ഷകൾ നടത്തുന്നതിനു പറ്റിയ സ്ഥാപനമല്ല എന്നും ഇപ്പോൾ നടന്ന സംഭവങ്ങൾ വെളിവാക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് ഈ സംവിധാനം അവസാനിപ്പിക്കാത്തത് എന്നത് സംശയമുണർത്തുന്നു. ഇതിലെ അംഗങ്ങളും ബിജെപി ഗവൺമെന്റും തമ്മിലുള്ള ചില സാമ്പത്തികമായ ധാരണകൾ ഇതിനു പിന്നിലുള്ളതായി പറയപ്പെടുന്നു.
ഈ കൊടിയ അഴിമതിക്കെതിശര രാജ്യമെമ്പാടും വിദ്യാർഥികളുടെ പ്രതിഷേധം ഉയരുകയാണ്. പശ്ചിമബംഗാളിൽ വിദ്യാർഥികൾ നെറ്റ്, നീറ്റ്, ടെറ്റ് അഴിമതികൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. സർക്കാർ സ്‌കൂളിൽ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് ടെറ്റ്. ഭരണകക്ഷിയായ തൃണമൂൽ കോഴ വാങ്ങി നിയമനം നടത്തിയ സംഭവം പുറത്തുവന്നിരുന്നു.
എസ്‌എഫ്‌ഐയും മറ്റ് ഇടതുപക്ഷ വിദ്യാർഥി സംഘടനകളും അഴിമതിക്കെതിശര മാത്രമല്ല വിദ്യാഭ്യാസാവകാശത്തിനായും സംസ്ഥാനത്തുടനീളം നിരന്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ്. ജൂൺ 24ന് കൊൽക്കത്തയിലെ ശലൊംബസാർ മുതൽ കോളേജിനു മുന്നിൽവരെ നീണ്ട പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇടതു വിദ്യാർഥി സംഘടനകളായ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, പിഎസ്‌യു എന്നീവ സംയുക്തമായാണ് റാലിക്ക് ആഹ്വാനം നൽകിയത്. പ്രധാനമന്ത്രി മോദി, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, സംസ്ഥാന വിദ്യാഭ്യാസമന്ത്രി സുകാന്ത മജുംദാർ എന്നിവരുടെ കോലം കത്തിച്ചു. എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ ബിശ്വാസും മറ്റ് വിദ്യാർഥി നേതാക്കളും റാലിക്ക് നേതൃത്വം നൽകി. മമതയുടെ പൊലീസ് വിദ്യാർഥികളെ തടയാൻ ശ്രമിച്ചെങ്കിലും എണ്ണംകൊണ്ടു ശക്തരായ വിദ്യാർഥിസംഘത്തെ തടയാൻ അവർക്കായില്ല. എൻടിഎ സംവിധാനം എടുത്തുകളയണമെന്നും വിദ്യാഭ്യാസവകുപ്പ് ഈ പ്രശ്‌നത്തെ ഗൗരവപൂർവം കൈകാര്യം ചെയ്യണമെന്നും എസ്‌എഫ്‌ഐ നേതാക്കൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും അവർ പറയുന്നു. ♦