Tuesday, April 23, 2024

ad

Homeലേഖനങ്ങൾകോൺഗ്രസിന്; ജനിതക മാറ്റം വിരിയുന്നത് താമര..!

കോൺഗ്രസിന്; ജനിതക മാറ്റം വിരിയുന്നത് താമര..!

പി എസ് പ്രശാന്ത്

ന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് ഉയർന്നു കേൾക്കുന്ന പ്രധാന ചോദ്യം കോൺഗ്രസ് വിടുന്നവരെല്ലാം എന്തു കൊണ്ട് ബി ജെ പി യിലേയ്ക്ക് പോകുന്നു എന്നതാണ്.!
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വളരെ എളുപ്പത്തിൽ ഉത്തരം കിട്ടുന്ന ചോദ്യമാണത്. അധികാരത്തിനായി ഓരോ കാലത്തിനും അനുസരിച്ചുള്ള വിത്തുകൾ പാകി കോൺഗ്രസ് വളർത്തിയെടുത്തതാണ് ഇന്ത്യയിലെ ഇന്നത്തെ ഹിന്ദുത്വ രാഷ്ടീയ സംസ്കാരം. കോൺഗ്രസിലൂടെ വളർന്ന ഹൈന്ദവ രാഷ്ട്രീയം ജനിതക മാറ്റം വന്ന് ബി ജെ പിയായി മാറി താമര വിരിയുന്ന കാഴ്ചയാണ് ആധുനിക ഭാരതം കണ്ടുകൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം 1948 ൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ബാബ രാഘവ് ദാസ് അതിതീവ്രമായി വർഗ്ഗീയത ഇളക്കിവിട്ടായിരുന്നു പ്രചരണം നടത്തിയത്. ഉത്തർപ്രദേശിലെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ വല്ലഭ പന്ത് അധികാരം നിലനിർത്താൻ ഉപയോഗിച്ചത് ഭൂരിപക്ഷ വർഗ്ഗീയത ആളിക്കത്തിക്കുക എന്ന തന്ത്രമായിരുന്നു. എന്നിട്ടും 1300 വോട്ടിനാണ് രാഘവ് ദാസ് ജയിച്ചത്.

അന്നത്തെ ഉപതിരഞ്ഞെടുപ്പ് നൽകിയ വിജയോൻമാദത്തിൽ 1949 ഡിസംബർ 22 ന് ഇരുട്ടിന്റെ മറവിൽ ചിലർ പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് രാമ വിഗ്രഹങ്ങൾ സ്ഥാപിച്ചു. ബാബ രാഘവ് ദാസിന്റെ അറിവോടുകൂടി സ്ഥാപിച്ച രാമ വിഗ്രഹങ്ങൾ പള്ളിക്കകത്ത് സ്വയംഭൂവായിരിക്കുന്നു എന്ന കളളക്കഥ പ്രചരിപ്പിക്കുകയും ചെയ്തു.
അന്നവിടെ ബാബ രാഘവ് ദാസിന്റെ ഗൂഢാലോചനയിൽ വിതച്ച വിത്താണ് പിൽക്കാലത്ത് ബാബറി മസ്ജിദിന്റെ തകർച്ചയിലേയ്ക്ക് വഴിവച്ചത്.

അയോധ്യയിൽ ശ്രീരാമ വിഗ്രഹങ്ങൾ സ്വയംഭൂവായിരിക്കുന്നു എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി വല്ലഭ് പന്ത് അറിയിക്കുന്നു. വിഗ്രഹങ്ങൾ സരയു നദിയിലേക്ക് ഒഴുക്കാനും അതിക്രമിച്ച് വിഗ്രങ്ങൾ സ്ഥാപിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുവാനുമാണ് നെഹ്റു നിർദ്ദേശിച്ചത്. അത് ഉൾക്കൊള്ളുവാനുള്ള ദീർഘവീക്ഷണം വല്ലഭ് പന്ത് കാട്ടിരുന്നുവെങ്കിൽ ബാബറി മസ്ജിദ് പിൽക്കാലത്ത് തകർന്നു വിഴുമായിരുന്നില്ല. നെഹ്റുവിന്റെ നിർദ്ദേശം വല്ലഭ പന്ത് കേട്ടില്ലെന്ന് മാത്രമല്ല പൂജ നടത്തുവാനുള്ള സകല സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു.
1983 ൽ മുസാഫർനഗറിൽ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച ഹിന്ദുസമ്മേളനത്തിൽ അയോധ്യയിൽ ക്ഷേത്ര നിർമ്മാണം പരസ്യമായി ആവശ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ പാർട്ടി കോൺഗ്രസ്സായിരുന്നു. യു പി യിലെ കോൺഗ്രസ് മന്ത്രിയായിരുന്ന ദാവു ദയാൽ ഖന്നയും, ആക്ടിംഗ് പ്രധാനമന്ത്രിയുമായിരുന്ന ഗുൻസാരി ലാൽ നന്ദയും ഈ സമ്മേളനത്തിൽ പങ്കെടുത്തത് യാദൃച്ഛികമല്ല.തകർന്ന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് മൂന്ന് ഉത്തരേന്ത്യൻ മസ്ജിദുകൾ നിർമ്മിച്ചതെന്നും അതുകൊണ്ട് മധുര,കാശി, അയോധ്യ മസ്ജിദുകൾ തകർത്ത് ക്ഷേത്രങ്ങൾ പണിയണമെന്നും ദയാൽ ഖന്ന പ്രസംഗിച്ചു.ഇക്കാര്യം ആവശ്യപ്പെട്ട് 1983 മെയ് മാസത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തെഴുതുകയും ചെയ്തു. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത് ഖന്നയാണ്. പിന്നീടാണ് ഓർഗനൈസറും വിശ്വഹിന്ദു പരിഷത്തും ഏറ്റെടുക്കുന്നത്.

2020 ൽ പുറത്തുവന്ന വിനയ് സേതുപതിയുടെ ‘ജുഗൽബന്ദി: മോദിക്ക് മുൻപുള്ള ബിജെപി ‘ എന്ന പുസ്തകം ഇത്തരം ചരിത്ര വസ്തുതകൾ അക്കമിട്ട് നിരത്തുന്നു..മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ ജീവചരിത്രം “ഹാഫ് ലയൺ” എഴുതിയ എഴുത്തുകാരനാണ് വിനയ് സേതുപതി.

1983ൽ ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് തുറന്നു കൊടുക്കാൻ ഇന്ദിരാഗാന്ധി ആലോചിച്ചിരുന്നതായിപ്പോലും വിനയ് സേതുപതി പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ആർ എസ് എസ്സിനെ നിരോധിക്കുകയും ആർ എസ് എസ് മേധാവി ദേവറസിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു..എന്നിട്ടും അടിയന്തരാവസ്ഥയെ പാടി പുകഴ്ത്താനും, സജ്ഞയ് ഗാന്ധിയുടെ കുപ്രസിദ്ധമായ ഇരുപതിന പരിപാടിയെ പിന്തുണക്കാനും, ഇന്ദിരാഗാന്ധിയുമായി ബന്ധം സ്ഥാപിക്കുവാനും ബാബ സാഹേബ് ദേവറസ് ഉൾപ്പടെയുള്ള ആർ എസ്സ് എസ്സ് നേതാക്കൾ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. നിർബന്ധിത വന്ധ്യംകരണത്തെ മുസ്ലിംങ്ങൾക്കെതിരായ നീക്കമാണെന്ന നിലയിൽ ആർ എസ് എസ് പൂർണ്ണമായി പിന്തുണക്കുകയും ചെയ്തു.

ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് കോൺഗ്രസിന്റെ പുറത്ത് കരിനിഴൽ വീഴ്-ത്തിയ സിഖ് വംശഹത്യയെ അന്ധമായി ന്യായീകരിച്ച അപൂർവ്വം നേതാക്കളിൽ ഒരാൾ ആർ എസ് എസ് നേതാവ് നാനാജി ദേശ്-മുഖായിരുന്നു. മാത്രമല്ല
1989 ൽ നടന്ന ലോക്സഭാ ഇലക്ഷനിൽ രാജീവ് ഗാന്ധിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുവാൻ ആർഎസ്എസിന്റെ ആഹ്വാനവും ഉണ്ടായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ എസ് എസ് മേധാവി ദേവറസുമായി രാജീവ് ഗാന്ധി ഉടമ്പടി ഉണ്ടാക്കിയിരുന്നു എന്നായിരുന്നു അന്നത്തെ വാർത്തകൾ.അയോധ്യയിൽ ശിലാന്യാസത്തിനും ജൻമഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിനും അനുമതി നൽകണം എന്നായിരുന്നുവത്രേ രഹസ്യകരാർ. ഈ കൂടിക്കാഴ്ചക്കുപിന്നിൽ താനായിരുന്നുവെന്ന് നാഗ്പൂർ എം പി ബെൻവാരിലാൽ പുരോഹിത് പീന്നീട് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

എന്തായാലും വർഷങ്ങളായി അടഞ്ഞു കിടന്ന ബാബറി മസ്ജിദിന്റെ കവാടം 1986 ഫെബ്രുവരിയിൽ ആർ എസ് എസിന് തുറന്ന് കൊടുത്തത് സാക്ഷാൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.

1989 നവംബർ 9 ന് രാജീവ് ഗാന്ധിയുടെ കാലത്തുതന്നെയാണ് ഹൈന്ദവ ഏകീകരണവും പ്രീണനവും ലക്ഷ്യമിട്ട് അയോധ്യയിൽ ശിലാന്യാസം നടത്തിയതും .

ശിലാന്യാസത്തിന് ഒരാഴ്ച മുൻപ് ആഭ്യന്തര മന്ത്രി ബൂട്ടാസിങ്ങിനും യു പി മുഖ്യമന്ത്രി എൻ ഡി തിവാരിക്കുമൊപ്പം രാജീവ് ഗാന്ധി തന്റെ ആത്മീയ ഗുരുവായ ദിയോറ ബാവയെ സന്ദർശിച്ചു. അയോധ്യ വിഷയത്തിൽ ഉപദേശം തേടിയ രാജീവ് ഗാന്ധിക്ക് ” മകനെ അത് സംഭവിക്കട്ടെ’ എന്ന് കൃത്യമായി നിർദ്ദേശം നൽകിയാണത്രേ യാത്രയാക്കിയത്.

ശിലാന്യാസം നടന്നത് തർക്കഭൂമിയിലാണ് എന്ന് വളരെ കൃത്യമായി റിപ്പോർട്ട് ചെയ്തത് ദേശാഭിമാനിയാണ്.”തർക്കഭൂമിയിൽ ശിലയിട്ടു, സർക്കാർ കൂട്ടുനിന്നു ’ എന്ന തലക്കെട്ടോടെ ഒന്നാം പേജിൽ ജോൺ ബ്രിട്ടാസിന്റതായി റിപ്പോർട്ട് ധൈര്യപൂർവ്വം ദേശാഭിമാനി പ്രസിദ്ധീകരിച്ചു. അലഹബാദ് ഹൈക്കോടതി തർക്കഭൂമിയെന്ന് വിധിച്ച സ്ഥലത്ത് തന്നെയാണ് വിശ്വഹിന്ദു പരിഷത് ശിലാന്യാസം നടത്തിയത്.
വിശ്വഹിന്ദു പരിഷത്തും ആർ എസ് എസും രചിച്ച തിരക്കഥയിലൂടെയാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും,ആഭ്യന്തര മന്ത്രി ബുട്ടാസിങ്ങും,യു പി യിലെ മുഖ്യമന്ത്രി എൻ ഡി തിവാരിയും സഞ്ചരിച്ചത്.

അന്നത്തെ യു പി മുഖ്യമന്ത്രി എൻ ഡി തിവാരി ഹൈന്ദവ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. യു പി യിലെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു എൻ ഡി തിവാരി.ആ എൻ ഡി തിവാരി ആണ് കോൺഗ്രസിൽ നിന്ന് ജനിതകമാറ്റത്തിലൂടെ ബിജെപി യിലേക്ക് പോയ ആദ്യ മുഖ്യമന്ത്രി.

ശിലാന്യാസത്തിലൂടെ കോൺഗ്രസ് മുൻകൂട്ടിക്കണ്ടത് രണ്ട് ലക്ഷ്യങ്ങളാണ്. ഹിന്ദുക്കളെ പ്രീണിപ്പിക്കാൻ ശിലാന്യാസം. ശിലാന്യാസം തർക്കഭൂമിക്ക് പുറത്താണെന്ന പ്രചാരണം നടത്തി മുസ്ലിംങ്ങളെ ആശ്വസിപ്പിക്കുക. എന്നാൽ തർക്കഭൂമിയിൽ തന്നെ ശിലാന്യാസം നടത്തിക്കൊണ്ട്, എക്കാലവും വിശ്വസിച്ച് കൂടെ നിന്ന വലിയ വോട്ടു ബാങ്കിനെ കോൺഗ്രസ് വഞ്ചിച്ചു.

വി പി സിങ് സർക്കാരിനു ശേഷം പ്രധാനമന്ത്രിയായി അധികാരത്തിൽ വന്ന ചന്ദ്രശേഖർ, മസ്ജിദ്- –രാമജൻമഭൂമി തർക്കം ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ വളരെ വിജയകരമായി നടപ്പിലാക്കി വരികയായിരുന്നു. ആറ് മാസം കൂടി ചന്ദ്രശേഖർ സർക്കാരിന് കാലാവധി കിട്ടിയിരുവെങ്കിൽ രാമജൻമഭൂമി – മസ്ജിദ് തർക്കത്തിന്റെ പരിസമാപ്തി വളരെ ശുഭകരമാകരമായി മാറിയേനേ എന്ന് ശരത് പവാർ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രശേഖർ സർക്കാരിനുള്ള പിൻതുണ പിൻവലിക്കുവാൻ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചതും ഇക്കാര്യത്തിലെ ആശങ്ക ആയിരുന്നു എന്നാണ് ശരത് പവാർ പറയുന്നത്.

മതനിരപേക്ഷതയുടെ പര്യായമായ ജവഹർലാൽ നെഹ്റുവിന്റെ കാലം വരെ അതിന് പരിമിതികൾ ഉണ്ടായിരുന്നു.നെഹ്റുവിന് ശേഷം കോൺഗ്രസ് നേതാക്കളിൽ ഒളിഞ്ഞിരുന്ന ഹൈന്ദവ രാഷ്ട്രീയം പതിയെ പുറത്ത് വരാൻ തുടങ്ങി.യു പി യിലെ ആദ്യത്തെ മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പന്ത് മുതൽ കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രി എൻ ഡി തിവാരി ഉൾപ്പെടെ ഉള്ളവരുടെ ഉള്ളിൽ ഈ ഹൈന്ദവ രാഷ്ട്രീയ ജീനുകൾ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.

അങ്ങനെ, 1949 ഫെബ്രുവരി 22 യുപിയിലെ കോൺഗ്രസ് മുഖ്യമന്ത്രി വല്ലഭ പന്തിന്റെ കാലം മുതൽ 1992 ഡിസംബർ 6 ന് മസ്ജിദ് തകർന്നു വീണ നരസിംഹറാവുവിന്റെ കാലം വരെയുള്ള നേതാക്കൻമാരുടെ ഹൈന്ദവ രാഷ്ട്രീയ നീക്കങ്ങളാണ് ബാബറി മസ്ജിദിന്റെ തകർച്ചക്ക് കാരണമായത്. ആ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ജീനുകൾ ഇപ്പോഴും കോൺഗ്രസിനെ വേട്ടയാടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിന് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് ദിഗ്-വിജയ് സിംഗ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ് “അയോധ്യയിൽ ശിലാന്യാസം രാജീവ് ഗാന്ധി തന്നെ നേരത്തെ നടത്തി കഴിഞ്ഞതാണ്. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ഭാഗവാൻ രാമൻ. അതുകൊണ്ടാണ് അയോധ്യയിൽ രാമന്റെ ജൻമസ്ഥാനത്ത് ഒരു മഹാക്ഷേത്രം ഉയരണമെന്ന് നാം ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും അതുതന്നെയാണ് ആഗ്രഹിച്ചിരുന്നത്. ’

മാത്രമല്ല രാമക്ഷേത്ര നിർമ്മാണത്തിന് സ്വന്തം പോക്കറ്റിൽ നിന്ന് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ സംഭവനയും നൽകി.

ഭൂമിപൂജയ്ക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തതിലുള്ള പരിഭവം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് കമൽനാഥ് മധ്യപ്രദേശിലെ കോൺഗ്രസ് ആസ്ഥാനത്ത് രാമന്റെ ചിത്രം പ്രതിഷ്ഠിച്ച് ആരാധനയും നടത്തി.1989 ലെ , രാജീവ് ഗാന്ധി നടത്തിയ ശിലാന്യാസത്തെക്കുറിച്ച് മറക്കരുതെന്ന് ബിജെപിയെ കമൽനാഥ് ഓർമ്മിപ്പിക്കുകയും ചെയ്തു. റായ്ബറേലിയിലെ ഒരു കോൺഗ്രസ് എംഎൽഎ ക്ഷേത്ര നിർമ്മാണത്തിനായി 51 ലക്ഷം നൽകി.രാമക്ഷേത്രത്തിന് വേണ്ടി വരുന്ന പ്രത്യേക കല്ലുകൾ നൽകാൻ തയ്യാറായി രാജസ്-താൻ സർക്കാർ മുന്നോട്ടുവന്നു.

അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയാണെന്നും ക്ഷേത്ര നിർമ്മാണം തങ്ങളുടെ ലക്ഷ്യമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഈ ഓർമ്മപ്പെടുത്തൽ ഹൈന്ദവ ജീനുകളുടെ സ്മരണ പുതിയ തലമുറയിൽ നിലനിർത്താൻ വേണ്ടിയിട്ടാണ്. ആ ഓർമ്മകളിൽ അഭിരമിച്ചു കൊണ്ടാണ് ഹിന്ദുത്വ വാദികളുടെ കൈകളിലല്ല യഥാർത്ഥ ഹിന്ദുക്കളുടെ കൈയ്യിലാണ് ഭരണമേൽപ്പിക്കേണ്ടതെന്ന് പുതിയ തലമുറയിലെ രാജകുമാരൻമാർ ആർത്തുവിളിക്കുന്നത്. 1989ൽ ശിലാന്യാസത്തിന് നേതൃത്വം നൽകിയ എൻ ഡി തിവാരിയാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ ആദ്യമായി ബി ജെ പിയിൽ പോയത്. ഏറ്റവും ഒടുവിൽ പോയത് ആന്ധ്രയിലെ കിരൺ റെഡ്ഡിയും. പഞ്ചാബിലെ ചരൺ സിങ് ചന്നി പോകാൻ തയ്യാറായി നിൽക്കുന്നു ഒൻപത് മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും ജനിതകമാറ്റത്തിലൂടെ ഇതിനകം ബിജെപി ആയി മാറിക്കഴിഞ്ഞു.

2014 നുശേഷം ഏകദേശം 200 ഓളം കോൺഗ്രസ‌് എംഎൽഎമാരും എം പി മാരും ബിജെപിയിലേക്ക‌് ചേക്കേറി. കോൺഗ്രസിൽനിന്ന‌് കൂറുമാറി എത്തിയ എംഎൽഎമാരുടെ ബലത്തിലാണ‌് അരുണാചൽപ്രദേശ‌്, മണിപ്പൂർ, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറിയത‌്..‌ ബിജെപിയുടെ വടക്ക‌ുകിഴക്കൻ സംസ്ഥാനങ്ങളിലെ ഓപ്പറേഷൻ താമരയുടെ പ്രധാന ആസൂത്രകൻ കോൺഗ്രസിൽനിന്ന‌് ബിജെപിയിലെത്തിയ അസമിലെ ഹിമന്ത ബിശ്വ ശർമയാണ‌്. ഗുജറാത്തിൽ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലേക്ക് കുത്തൊഴുക്കാണ്. രാജസ്താനിലെയും മധ്യപ്രദേശിലെയും കോൺഗ്രസ‌് എംഎൽഎമാരിൽ പലരും മനസ്സുകൊണ്ട് ബി ജെ പിയാണ്. അരുണാചൽപ്രദേശിൽ 60 അംഗ നിയമസഭയിൽ കോൺഗ്രസിന് ആകെ ഉണ്ടായിരുന്ന 45 എംഎൽഎ മാരിൽ 44 പേരും പെമാ ഖണ്ഡുവിന്റെ നേതൃത്വത്തിൽ ജനിത മാറ്റം സംഭവിച്ചു ബിജെപിയിൽ എത്തിയവരാണ്.അങ്ങനെ ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള ജനിത മാറ്റം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഗാന്ധിജിയും നെഹ്റുവും കോൺഗ്രസിന് നൽകിയ വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷതയിലേയ്ക്ക് തിരിച്ചുപോയില്ലായെങ്കിൽ കോൺഗ്രസിനെ ആർക്കും രക്ഷിക്കാൻ കഴിയില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − one =

Most Popular