Wednesday, October 9, 2024

ad

Homeലേഖനങ്ങൾമതവിശ്വാസികളില്ലാതാകുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങൾ

മതവിശ്വാസികളില്ലാതാകുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങൾ

കെ എ വേണുഗോപാലൻ

“ജനങ്ങളെ മയക്കുന്ന കറുപ്പാണ് മതം ” എന്ന സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു കൊച്ചു വാചകം കൊണ്ട് മതത്തെ സംബന്ധിച്ച മാർക്സിസ്റ്റ് വിലയിരുത്തലിനെ ലളിതവത്കരിച്ചു കാണിക്കാനാണ് എക്കാലത്തും മാർക്സിസ്റ്റ് വിരുദ്ധർ മുതിർന്നിട്ടുള്ളത്. “നിയമ ദർശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന’യുടെ ആമുഖത്തിലാണ് മാർക്സ് മതത്തെ വിശകലനം ചെയ്തിരിക്കുന്നത്. അത് ഇപ്രകാരമാണ്: “മതപരമായ സന്താപമെന്നത് അതേസമയം തന്നെ യഥാർത്ഥ സന്താപത്തിന്റെ ഒരു ബഹിർസ്ഫുരണവും യഥാർത്ഥ സന്താപത്തിനെതിരായ പ്രതിഷേധവും കൂടിയാണ്. മതം മർദ്ദിത ജീവിയുടെ നിശ്വാസമാണ്;ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പാണത്.’

കറുപ്പിനെപ്പോലെ മായികലോകം സൃഷ്ടിക്കാൻ കഴിവുള്ളത് എന്ന അർത്ഥത്തിലാണ് മാർക്സ് മതത്തെ കറുപ്പിനോട് ഉപമിച്ചത്. ഒപ്പം മർദ്ദിതനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നുമാണത്. ഹൃദയമില്ലാത്ത ലോകത്തിലെ ഹൃദയവും ഉന്മേഷരഹിതമായ സാഹചര്യത്തിലെ ലഹരിയുമായാണ് മതം മനുഷ്യനിൽ പ്രവർത്തിക്കുന്നത്. തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതിന്റെയും നിയന്ത്രിക്കാൻ ആവുന്നതിന്റെയും അപ്പുറത്തെന്ന് തോന്നിക്കുന്ന സാഹചര്യങ്ങളിൽ അകർമണ്യതയിലേക്ക് പിൻവാങ്ങി എല്ലാം വിധിക്ക് വിട്ടുകൊടുത്ത് മയങ്ങിയിരിക്കാൻ ജനങ്ങളെ പ്രാപ്തമാക്കുന്ന മയക്കുമരുന്നായി മതം പ്രവർത്തിക്കുന്നു.

മതത്തെ സംബന്ധിച്ച മാർക്സിസ്റ്റ് ധാരണ അതിന്റെ മൊത്തം ദാർശനികതയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മനുഷ്യബോധത്തെ നിയന്ത്രിക്കുന്നതെന്ത് എന്ന അടിസ്ഥാനപരമായ ദാർശനിക പ്രശ്നത്തിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ബോധത്തെ നിർണയിക്കുന്നത് അവന്റെ സാമൂഹികപരിത:സ്ഥിതിയാണ്. അർത്ഥശാസ്ത്ര വിമർശനം ഒരാമുഖത്തിൽ മാർക്സ് പറഞ്ഞതിങ്ങനെയാണ്. “മനുഷ്യരുടെ അസ്തിത്വത്തെ നിർണയിക്കുന്നത് അവരുടെ ബോധമല്ല; മറിച്ച് അവരുടെ സാമൂഹികാസ്തിത്വമാണ് അവരുടെ ബോധത്തെ നിർണയിക്കുന്നത്. “അതുകൊണ്ടാണ് “മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്;അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത് ’ എന്ന് വ്യക്തമാക്കിയത്. മനുഷ്യബോധത്തിന്റെ മറ്റേത് ബഹിർ പ്രകടനത്തെയും പോലെ മതവും മനുഷ്യന്റെ സാമൂഹികാസ്തിത്വത്തിന്റെ ഉത്പന്നമാണ് എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

ഈ ധാരണയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ സ്വയം നിലനിൽക്കുന്ന ഒന്നല്ല മതം എന്ന് കാണാനാവും.മതത്തിന് സാമൂഹിക ജീവിതത്തിൽ നിന്നും വേറിട്ടൊരു നിലനിൽപ്പില്ല. അതാത് കാലത്ത് സമൂഹത്തിൽ നിലനിന്നിട്ടുള്ള വൈരുദ്ധ്യങ്ങളെല്ലാം മതത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഏകലവ്യന്റെ പെരുവിരൽ മുറിച്ചു മാറ്റുന്ന ദ്രോണർ ചാതുർവർണ്യ വ്യവസ്ഥയുടെ പ്രതിഫലനമാണ്. അന്നത് ന്യായീകരിക്കപ്പെടുന്നത് അന്ന് നിലവിൽ ഉണ്ടായിരുന്ന ചൂഷണ വ്യവസ്ഥയുടെ ഭാഗമായാണ്. മതം അന്നന്നത്തെ സാമൂഹിക വ്യവസ്ഥയുടെ ഉപകരണമായി ഭരണവർഗത്തിന്റെ കൈകളിൽ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ലിഖിത ചരിത്രത്തിൽ ഉടനീളം മതം പ്രത്യയശാസ്ത്രത്തിന്റെ അധീശരൂപമായാണ് പ്രവർത്തിച്ചിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥക്കു കീഴിൽ പ്രവർത്തിച്ചുവരുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ മതം ദുർബലപ്പെടുകയും മതവിശ്വാസികളുടെ എണ്ണത്തിൽ കുറവു വരികയും ചെയ്യുന്നത് ? സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്ന് പറഞ്ഞാൽ മുഖ്യമായി വരുന്നത് ഡെന്മാർക്ക്,നോർവെ, സ്വീഡൻ എന്നിവയാണ്. കൂടുതൽ വിശാലമായെടുത്താൽ ഫിൻലാന്റ്, ഐസ്-ലാന്റ്, ഫറോ ദ്വീപുകൾ, ഗ്രീൻലാന്റ് എന്നിവയും അതിൽ വരും. ഇവിടങ്ങളിലെ ആകെ ജനസംഖ്യ 27 ദശലക്ഷം മാത്രമാണ്. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളാണിവ. ബ്രിട്ടണിലേതുപോലെ രാജാവ് പേരിന് ഭരണാധിപനും എന്നാൽ ജനാധിപത്യ വ്യവസ്ഥ നിലനില്ക്കുന്നതും അല്ലാതെ ജനാധിപത്യ റിപ്പബ്ലിക്കുകൾ ആയിട്ടുള്ളതുമാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ. ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ് ഇവിടത്തെ ജനാധിപത്യ വ്യവസ്ഥ. ജനസംഖ്യയിൽ മുപ്പതു ശതമാനം പേർ സർക്കാർ – പൊതുമേഖലാ ജീവനക്കാരാണ്. കയറ്റുമതി അധിഷ്ഠിതമാണ് സമ്പദ് വ്യവസ്ഥ. ആയുർദൈർഘ്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണിവർ. 2040 ൽ 80 വയസ്സു കഴിഞ്ഞവർ ജനസംഖ്യയുടെ 8.4 ശതമാനമായി വർധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പഴയ ക്ഷേമ രാഷ്ട്ര സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും സ്കാൻഡിനേവിയൻ രാജ്യങ്ങൾ അവയുടെ സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തിയിട്ടുള്ളത്. നവലിബറൽ സാമ്പത്തിക നയങ്ങളുടെ കടന്നുകയറ്റം ഇവിടെയും നടക്കുന്നുണ്ട്. മറ്റു മുതലാളിത്ത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി 70 ശതമാനം തൊഴിലാളികളും ട്രേഡ് യൂണിയൻ അംഗങ്ങളും സജീവ പ്രവർത്തകരുമാണ് എന്ന് മാത്രമല്ല തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിൽ തൊഴിലാളികൾക്ക് നിർണായകമായ പങ്കും ഈ രാജ്യങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. (ഇന്ത്യയിൽ ആകെ തൊഴിലാളികളുടെ 36% മാത്രമാണ് ട്രേഡ് യൂണിയൻ അംഗത്വമുളളവർ. ) തൊഴിലാളികളുടെയും മുതലാളിമാരുടെയും പ്രതിനിധികളും സർക്കാർ പ്രതിനിധികളും ഉൾക്കൊള്ളുന്ന സമിതിയാണ് സേവന വേതന വ്യവസ്ഥകൾ ചർച്ച ചെയ്തു തീരുമാനിക്കുന്നത്. ജനാധിപത്യത്തിൽ ആനുപാതിക പ്രാതിനിധ്യവ്യവസ്ഥയാണ് നിലനിൽക്കുന്നത് എന്നതിനാൽ നിർണായക സ്വാധീനമുള്ള തൊഴിലാളി വർഗ്ഗത്തിനെ മറികടന്നുകൊണ്ട് ഭരണകൂടത്തിന് കാര്യമായി മുതലാളിത്ത പ്രീണനം നടത്താനാവുകയില്ല. മാത്രവുമല്ല തൊഴിൽ രഹിതരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ട്രേഡ് യൂണിയനുകൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. പ്രായാധിക്യം ഉള്ളവരുടെ ആരോഗ്യ കാര്യങ്ങൾ നോക്കുന്നതിനും അവർക്ക് ജീവിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും ഒക്കെ സർക്കാർ സംവിധാനവും നിലവിലുണ്ട്. തൊഴിലാളി സംഘടനകളുടെ സ്വാധീനവും ജനസമ്മതിയുമാണ് സാധാരണ ജനങ്ങൾക്ക് സുരക്ഷാ കവചമൊരുക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ അരക്ഷിതാവസ്ഥയിൽ നിന്ന് സുരക്ഷിത ബോധത്തിലേക്ക് ജനങ്ങളെ നയിക്കാൻ സംഘടിത തൊഴിലാളി വർഗത്തിന് കഴിയുന്നതു കൊണ്ടാണ് ദൈവത്തിന്റെയും മതത്തിന്റെയും ആശ്രിതത്വത്തിൽ നിന്ന് രക്ഷനേടാൻ സ്കാൻഡിനേവിയൻ ജനതയ്ക്ക് വിശിഷ്യാ സ്വീഡൻ ജനതയ്ക്ക് കഴിഞ്ഞത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 5 =

Most Popular