Saturday, November 23, 2024

ad

Homeചിത്രകലവർണങ്ങൾ രൂപങ്ങളാകുമ്പോൾ

വർണങ്ങൾ രൂപങ്ങളാകുമ്പോൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ലാരംഗത്ത്‌ പ്രത്യേകിച്ച്‌ കേരളീയ ചിത്ര‐ശിൽപകലയിൽ ചിന്താപരമായ മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും തുടക്കമിട്ടുകൊണ്ട്‌ നവദൃശ്യഭാഷ സ്വരൂപിക്കപ്പെടുന്നത്‌ അറുപതികളിലാണ്‌. നമ്മുടെ കാഴ്‌ചയും ചിന്തയുമൊക്കെ സർഗാത്മകമായി ആവിഷ്‌കരിക്കപ്പെടുകയും മൂർത്തവും അമൂർത്തവുമായ രൂപങ്ങളായി അവ മാറുകയും ബൗദ്ധികമായ വികാസത്തിന്റെ ഒരു കാലഘട്ടം രൂപപ്പെടുകയുമായിരുന്നു. പാശ്ചാത്യ കലാദർശനങ്ങളും സങ്കേതങ്ങളും അക്കാല കലാകാരന്മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും നമ്മുടെ നാടിന്റെ സംസ്‌കാരവും പാരന്പര്യവുമായി ഇണങ്ങിനിന്നുകൊണ്ടുള്ള രചനകളായിരുന്നു അധികവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഒപ്പം നമ്മുടെ സൗന്ദര്യശാസ്‌ത്ര ചിന്തകളെ അതിജീവിച്ച്‌ പുതിയൊരു സംവേദനശീലം പ്രദാനം ചെയ്യാനും കലാകാരന്മാർ ശ്രദ്ധിച്ചിരുന്നതായി കാണാം. നിലവിലുള്ള നിയതമായ ചിന്തകൾക്കും കാഴ്‌ചകൾക്കുമപ്പുറം ലാവണ്യനിയമങ്ങളെ അതിജീവിച്ചുകൊണ്ടുള്ള സഞ്ചാരപഥങ്ങളാണവർ സ്വീകരിച്ചിരുന്നത്‌. അക്കൂട്ടത്തിൽ ശ്രദ്ധേയരായ യുവചിത്രകാരിലൊരാളാണ്‌ ഷിബു ശിവറാം.


ചിത്രകലാ വഴിയിലൂടെ ഷിബു ശിവറാം സഞ്ചരിച്ചു തുടങ്ങിയിട്ട്‌ വർഷങ്ങളായി. കലയുടെ വഴിയിലെ വർണാഭമായ ചിന്തകളും കാഴ്‌ചകളും പുതിയൊരു ആവിഷ്‌കാരഭംഗിയിലൂടെയാണ്‌ അദ്ദേഹം അവതരിപ്പിച്ചുവരുന്നത്‌. ഇവിടെ രൂപഭംഗിയേക്കാൾ നിറങ്ങൾക്കാണ്‌ അദ്ദേഹം പ്രാധാന്യം നൽകുക. ചിത്രതലത്തിലെ രൂപനിർമിതികളിൽ, വർണച്ചേരുവകളിൽ കാഴ്‌ചയുടെ സന്പന്നമായ അന്തരീക്ഷം സൃഷ്ടിക്കുന്ന രചനാരീതിയാണ്‌ ഷിബുവിന്റെ ചിത്രങ്ങളിലാകെ ദർശിക്കാനാവുക. സമകാലിക ചിത്ര‐ശിൽപകലയുടെ വിശാലമായ ലോകത്തേക്ക്‌ ഇനിയും തിരിച്ചറിയപ്പെടാത്ത പ്രകൃതിയെയും വസ്‌തുക്കളെയുമാണ്‌ രൂപപരിണാമപ്രക്രിയയിലൂടെ ഷിബു ശിവറാം അവതരിപ്പിക്കുന്നത്‌. ചോദ്യങ്ങളായി, ഉത്തരങ്ങളായി സംഘർഷാത്മകമായ ചുറ്റുപാടുകളെ, സമൂഹത്തെയാകെ നോക്കിക്കാണാൻ മനസ്സിനെ പരിമിതപ്പെടുത്താനുള്ള നിറക്കൂട്ടുകളാണീ ചിത്രതലങ്ങളിൽ കാണാനാവുക. തന്റെ ചിത്രങ്ങളെക്കുറിച്ച്‌ ചിത്രകാരന്റെ വാക്കുകൾ ഇങ്ങനെ‐ ‘‘മനുഷ്യകേന്ദ്രീകൃതമായ സത്യാന്വേഷണം ഉൺമയെ വെളിപ്പെടുത്തുന്നുണ്ടോ? ഇന്ദ്രിയങ്ങളുടെ നിഗമനങ്ങൾ എത്രമാത്രം പൂർണമാണ്‌? പഞ്ചേന്ദ്രീയ പാഠങ്ങളും ഓർമകളും നിർവചിക്കുന്ന സത്യങ്ങൾ ഇന്ദ്രിയപരമാകുമ്പോൾ ശാസ്‌ത്രത്തിന്റേതായാലും മതത്തെ സംബന്ധിച്ചായാലും ആത്മീയതയെക്കുറിച്ചായാലും മനുഷ്യകേന്ദ്രീകൃതമാകുന്നു. മനുഷ്യമസ്‌തിഷ്‌കത്തെ, ബോധത്തെ വിശ്വസിക്കാമെങ്കിൽ മാത്രമേ നമ്മുടെ സത്യങ്ങൾ സത്യങ്ങളാകുന്നുള്ളൂ. എന്നാൽ, നമ്മുടെ ബോധത്തെ സംശയിക്കുന്നതിലൂടെ ചോദ്യംചെയ്യുന്നതിലൂടെ ചോദ്യങ്ങളും ഉത്തരങ്ങളും നിരർഥകങ്ങളാകുന്നു. അജ്ഞേയ ജ്യാമിതി (Agnostic Geometry) നൽകുന്നത്‌ ഇത്തരം ചോദ്യങ്ങളോടഉത്തരങ്ങളോ ആണ്‌.’’

ചിത്രകാരന്റെ ഈ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ നോക്കിക്കാണണമെന്നില്ല. സ്വതന്ത്രമായ കാഴ്‌ചയും ചിന്തയുമുപയോഗിച്ച്‌ ഒരു കോമ്പോസിഷനായോ നിറങ്ങളുടെ ഫാന്റസിയായോ കാണാമെങ്കിലും ഷിബുവിന്റെ കൊച്ചുകൊച്ചു രൂപങ്ങൾ ചേരുന്ന വലിയ രൂപങ്ങൾ നമ്മോട്‌ ചോദ്യങ്ങൾ ചോദിക്കുന്നു‐ പശ്ചാത്തലമായി ടെക്‌സ്‌ച്ചറുകൾ ചേരുന്ന നിറരൂപങ്ങൾ ഉത്തരവും നൽകുന്നു… ശാന്തമായി.

തിരുവനന്തപുരം ഫ്രാൻസ്‌ അലയൻസിൽ സംഘടിപ്പിച്ചിട്ടുള്ള ഷിബു ശിവറാമിന്റെ പ്രദർശനം മെയ്‌ നാലുവരെ നിണ്ടുനിൽക്കും. പ്രൊഫ. കാട്ടൂർ നാരായണപിള്ള ഉദ്‌ഘാടന ചടങ്ങിൽ ഫ്രാൻസ്‌ അലയൻസ്‌ ഡയറക്ടർ ഏവ മാർട്ടിൻ (Eva Martin), ചിത്രകാരർ, ആസ്വാദകർ എന്നിവർ പങ്കെടുത്തു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + two =

Most Popular