Friday, April 19, 2024

ad

Homeസിനിമവേനൽമറന്ന്‌ പൂക്കാലത്തെ പുൽകുന്ന ‘ഫീൽ ഗുഡ്‌’ സിനിമ

വേനൽമറന്ന്‌ പൂക്കാലത്തെ പുൽകുന്ന ‘ഫീൽ ഗുഡ്‌’ സിനിമ

രാധാകൃഷ്‌ണൻ ചെറുവല്ലി

‘ആനന്ദം’ എന്ന സിനിമയ്‌ക്കുശേഷം ഗണേഷ്‌രാജ്‌ സംവിധാനം ചെയ്‌ത ‘പൂക്കാലം’ ഒരു ‘ഫീൽ ഗുഡ്‌’ സിനിമയെന്ന ഗണത്തിൽപെടുത്തി നിരവധി വിലയിരുത്തലുകൾ ഇതിനകം വന്നുകഴിഞ്ഞു. കാണുന്നവരിൽ ‘സന്തോഷം നിറയ്‌ക്കുന്ന’ എന്ന അർഥമാണ്‌ ‘ഫീൽ ഗുഡ്‌’ എന്ന പദസമുച്ചയത്തിന്‌ നൽകാനാവുന്നത്‌. വളരെ സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽപെട്ട മനുഷ്യരെയെല്ലാം സന്തുഷ്‌ടരാക്കുക എന്നത്‌ ഒരു വ്യാജ നിർമിതിയാണ്‌. ചുരുക്കത്തിൽ വസ്‌തുതയുടെ എല്ലാം വെളിപ്പെടുത്താതെ പൊതിഞ്ഞുവച്ച്‌ കാര്യങ്ങൾ അവതരിപ്പിക്കുലാണത്‌. വർഗവിഭജിത സമൂഹത്തിൽ വർഗവൈരുദ്ധ്യങ്ങളെ ഒളിപ്പിച്ചുപിടിക്കുകയെന്ന ദൗത്യം നിർവഹിക്കുകകൂടിയാണ്‌ പ്രേക്ഷകനിൽ സന്തോഷം നിറയ്‌ക്കുന്ന സിനിമകൾ ചെയ്യുന്നത്‌. എല്ലാരെയും തൃപ്‌തിപ്പെടുത്തുകയെന്നാൽ ആരെയും പൂർണമായി തൃപ്‌തിപ്പെടുത്തുന്നില്ല എന്നുകൂടി അർഥമുണ്ട്‌.

‘ഫീൽ ഗുഡ്‌’ വിട്ട്‌ സിനിമയിലേക്ക്‌ കടക്കാം. ആൺകോയ്‌മ നടമാടുന്ന ഒരു കുടുംബത്തിന്റെ ഒളിച്ചുപിടിക്കപ്പെട്ട ഭൂതകാലത്തെയാണ്‌ ഈ സിനിമ കേന്ദ്രസ്ഥാനത്തു നിർത്തുന്നത്‌. നൂറ്‌ വയസ്സിനോടടുക്കുന്ന ഇട്ടൂപ്പ്‌ എന്ന എല്ലാവരുടെയും പ്രിയപ്പെട്ട ഇച്ചാപ്പനും അതിനടുത്ത വയസ്സുള്ള കൊച്ചുത്രേസ്യാമ്മ എന്ന ഇച്ചാമ്മയുമാണ്‌, സാമ്പ്രദായികാർഥത്തിൽ, നായികാ നായകന്മാർ. കൊച്ചുമകളുടെ വിവാഹനിശ്ചയ ചടങ്ങിന്‌ എല്ലാവരും ഒരുങ്ങുമ്പോഴാണ്‌ തട്ടിനുമുകളിലെ ഭൂതകാലപ്പെട്ടിയിൽനിന്നും ഒരു പ്രണയലേഖനം!

ഇട്ടൂപ്പ്‌ എന്ന പേരിൽനിന്നാണ്‌ കൊച്ചുത്രേസ്യാമ്മയ്‌ക്ക്‌ ആ പ്രണയലേഖനം വന്നിരിക്കുന്നത്‌. എന്നാൽ കൊച്ചുത്രേസ്യാമ്മയുടെ ഭർത്താവായ ഇട്ടൂപ്പ്‌ അങ്ങനെയൊന്ന്‌ അയച്ചിട്ടില്ല. ഇട്ടൂപ്പിന്റെ ഭാര്യയായിരിക്കുമ്പോൾ തന്നെയാണ്‌ പ്രേമലേഖനം വന്നിട്ടുള്ളത്‌. അവർക്ക്‌ ഏകദേശം നാൽപത്‌ വയസ്സുണ്ടപ്പോൾ! തന്നോട്‌ വിശ്വാസവഞ്ചന കാട്ടിയ ഭാര്യയുമായി ഇനി ഒത്തുപോകാനാകില്ല, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്‌ നൂറിനോടടുത്ത പ്രായത്തിൽ ഇട്ടൂപ്പ്‌ കൊച്ചുത്രേസ്യാമ്മയുമായുള്ള വിവാഹത്തിൽനിന്നും മോചിതനാകാൻ പോകുന്ന വിവരം പ്രഖ്യാപിച്ചു. തമാശയായി കണ്ടവർക്ക്‌ തെറ്റി. ഇട്ടൂപ്പ്‌ കലിപ്പിലാണ്‌. എല്ലാ ആശ്വാസവചനങ്ങളും സാന്ത്വനപ്പെടുത്തലുകളും ന്യായീകരണങ്ങളും പരാജയപ്പെട്ടു. മക്കളും കൊച്ചുമക്കളും ഒരു വക്കീലിനെ ഏർപ്പെടുത്തുകയെന്ന ദൗത്യം നിർവഹിക്കാൻ മടിച്ചുനിൽക്കെ, ഇട്ടൂപ്പ്‌ സ്വയം ഒരാളെ കണ്ടെത്തി കോടതിയിൽ വാദിച്ച്‌ വിവാഹമോചനം നേടുന്നു. കൊച്ചുത്രേസ്യ താൻ തെറ്റുകാരിയാണെന്നു സമ്മതിച്ച്‌ പ്രതിരോധത്തിൽനിന്നും ഒഴിഞ്ഞുമാറി.

ഈ കേന്ദ്ര വിഷയത്തിനോടു ചേർന്ന്‌ കുടുംബം എന്ന ‘മഹാസംഭവത്തിന്റെ’ ഊടും പാവും വേറെയുണ്ട്‌. പ്രണയമെന്ന സംഭവത്തെ നമ്മുടേതുപോലൊരു സമൂഹം എങ്ങനെയാണ്‌ കണ്ടിരുന്നത്‌, അല്ലെങ്കിൽ കാണുന്നത്‌ എന്ന്‌ അൽപം തമാശ കലർത്തി സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്‌. കൊച്ചുമകൾ അവളുടെ കാമുകനോട്‌ താൻ കുറെയേറെപ്പേരെ പ്രണയിച്ചിട്ടുണ്ടെന്ന്‌ വീന്പുപറയുന്നത്‌ ഒരു ക്രെഡിറ്റായി കാണുമ്പോൾ അരനൂറ്റാണ്ടോളം മുന്പ് ഭാര്യയ്‌ക്ക്‌ ലഭിച്ച ഒരു പ്രണയലേഖനത്തിന്റെ പേരിൽ ഇട്ടൂപ്പ്‌ തലകുത്തി നിൽക്കുന്നത്‌ നാം കാണുന്നു. ദാന്പത്യമെന്ന മഹാ കുരുക്കിനുള്ളിൽ മറ്റൊരു സ്‌നേഹബന്ധങ്ങൾക്കും ഇടം അനുവദിക്കപ്പെട്ടിട്ടില്ലല്ലോ.

ഒരർഥത്തിൽ ആൺകോയ്‌മയുടെ ആഘോഷമാണ്‌ ഇട്ടൂപ്പ്‌. തന്റെ ഏകപുത്രൻ ഗൾഫിലേക്ക്‌ കള്ളവഞ്ചി കയറി കടലിൽ മുങ്ങിമരിക്കുമ്പോൾ ഇട്ടൂപ്പ്‌ സങ്കടക്കടലിൽനിന്നും മദ്യക്കടലിലേക്ക്‌ മാറി കുടുംബത്തെ കൊച്ചുത്രേസ്യാമ്മയുടെ ചുമലിലാക്കി. ആ കാലം പലതും മറച്ചുപിടിക്കുന്ന കാലവുമായിരുന്നു. അവർതന്നെ ഒരിക്കൽ വീടിനുള്ളിൽ കുഴിച്ചുമൂടപ്പെട്ട നിരവധി രഹസ്യങ്ങളുണ്ട്‌ അതവിടെ കിടക്കട്ടെ.

കൊച്ചുത്രേസ്യാമ്മയുടെ കാമുകനെത്തേടി കൊച്ചുമക്കൾ നടത്തുന്ന അന്വേഷണയാത്രകൾ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്‌. മൂന്നു തലമുറകൾക്കുള്ളിൽ സ്‌ത്രീ‐പുരുഷ ബന്ധങ്ങളിൽ ബാഹ്യമായി വന്നിട്ടുള്ള മാറ്റം ചിത്രം അവിടെയും ഇവിടെയും കാണിക്കുന്നുണ്ട്‌. എങ്കിലും പാട്രിയാർക്കി എന്ന അധികാരവ്യവസ്ഥ കുടുംബത്തിലും അധീശത്ത വ്യവസ്ഥ എന്ന നിലയിൽ സമൂഹത്തിലും നിലനിൽക്കുന്നു. സ്‌ത്രീ ‘അന്യപുരുഷനുമായി’ സ്ഥാപിക്കുന്ന സൗഹൃദംപോലും ആൺ അഭിമാനത്തിന്‌ ക്ഷതമേൽപ്പിക്കുന്നു. സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തോടെ നിലവിൽവന്നു എന്ന്‌ എംഗൽസ്‌ നിരീക്ഷിച്ച കുടുംബവ്യവസ്ഥയ്‌ക്കുള്ളിൽ ഉരുവംകൊണ്ട ചാരിത്ര്യം എന്ന സങ്കൽപം ഇന്നും സമൂഹമനസ്സിൽ നിലനിൽക്കുന്നു. തന്റെ ‘യഥാർഥ’ പിൻഗാമിക്കുതന്നെ തന്റെ സ്വത്ത്‌ കൈമാറപ്പെടണമെങ്കിൽ ഭാര്യ മറ്റാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടരുതെന്ന മൂലവ്യവസ്ഥ മഹത്തായ ഭാരതത്തിൽ ഇന്നും പ്രബലമായ ആശയമായിത്തന്നെ നിലനിൽക്കുന്നു. കുടുംബമെന്ന വ്യവഹാരമണ്ഡലത്തിലാണ്‌ സകല പിന്തിരിപ്പൻ ആശയങ്ങളും വലിയ ഊനമൊന്നും തട്ടാതെ മഹത്വവൽക്കരിക്കപ്പെട്ട്‌ നിലകൊള്ളുന്നത്‌. അന്പതുകൊല്ലം കൊണ്ടെന്നും മാഞ്ഞുപോകുന്നതല്ല ആൺകോയ്‌മയുടെ അധികാരപ്രമത്തത.

ഇട്ടൂപ്പിന്റെ പെൺമക്കൾ ദാരിദ്ര്യം ഭക്ഷിച്ച്‌ അപമാനങ്ങൾ സഹിച്ച്‌ കഴിയുമ്പോൾ അയാളാകട്ടെ, ‘ഏക പുരുഷപ്രജ’ മരണപ്പെട്ടതിലുള്ള ദുഃഖം ആഘോഷിക്കുകയായിരുന്നു. പെൺമക്കളുടെ ദുഃഖങ്ങൾ ഇട്ടൂപ്പിന്റെ മനസ്സിൽ പതിഞ്ഞില്ല. തികച്ചും നെഗറ്റീവായ ഇട്ടൂപ്പ്‌ എന്ന കഥാപാത്രത്തെ മഹത്വവൽക്കരിക്കാനായി സംവിധായകൻ അയാൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന ‘ജനപ്രിയത്വം’ വാസ്‌തവത്തിൽ പ്രത്യയശാസ്‌ത്രപരമായ കീഴടങ്ങലാണ്‌. ഇട്ടൂപ്പിനോളം ജീവൻ വെപ്പിക്കാൻ ത്രേസ്യാമ്മയുടെ കാര്യത്തിൽ സംവിധായകൻ ശ്രദ്ധിക്കാത്തതും ഈ പാട്രിയാർക്കിക്കൽ മനോഘടനമൂലമാകാം. ജനപ്രിയത എന്ന കമ്പോളതാൽപര്യത്തോട്‌ സംവിധായകൻ നടത്തുന്ന അനുരഞ്‌ജനം വാസ്‌തവത്തിൽ, കലാകാരൻ എന്ന നിലയിലുള്ള കീഴടങ്ങലാണ്‌. ഇവിടെ പുരുഷകേന്ദ്രീകൃത വ്യവസ്ഥയിൽ ആൺപക്ഷത്താണ്‌ അറിഞ്ഞോ അറിയാതെയോ സംവിധായകൻ നിലയുറപ്പിച്ചിട്ടുള്ളത്‌. കൊച്ചുത്രേസ്യാമ്മയുടെ പ്രണയത്തെ സംവിധായകൻ മിതത്വപ്പെടുത്തിയതും അവർ തമ്മിൽ ലൈംഗികവേഴ്‌ച ഉണ്ടായിട്ടില്ല എന്നു സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളതും പഴയ പതിവ്രത സങ്കൽപത്തിനെ പരിലാളിക്കുന്നതിനാലാണ്‌. ത്രേസ്യാമ്മയെ സഹായിക്കാനെത്തിയ മകളുടെ അധ്യാപകൻ എന്ന നിലയ്‌ക്കപ്പുറം ആഴമുണ്ടായിരുന്ന ആ ബന്ധത്തെ വിട്ടുകളയുകവഴി ആൺകോയ്‌മ എന്ന അധീശത്വ ആശയത്തെ മനസ്സാ വരിക്കുന്ന പ്രേക്ഷക ജനലക്ഷങ്ങളുടെ മനസ്സിനൊപ്പം നിന്ന്‌ അവരെ ആഹ്ലാദിപ്പിക്കുകയാണ്‌ സംവിധായകൻ ഇവിടെ. പ്രത്യക്ഷത്തിൽ മനുഷ്യത്വാഘോഷം എന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും കറകളഞ്ഞ പാട്രിയാർക്കിക്കൽ യുക്തിയാണ്‌ സിനിമ മുന്നോട്ടുവെക്കുന്നത്‌.

ഈ സിനിമയുടെ പ്രമേയം അത്ര പുതിയതല്ല. 2015ൽ പുറത്തിറങ്ങിയ ‘ബലശേക്ഷേ’ എന്ന ബംഗാളി സിനിമ വാർധക്യകാലത്തിന്റെ സമസ്യകളെ ഗൗരവപൂർവം സമീപിക്കുന്നുണ്ട്‌. വെറും ശീലങ്ങൾ മാത്രമായി പരിമിതപ്പെട്ടുപോയ വിവാഹബന്ധത്തിൽ നിന്നുമാണ്‌ ‘ബലശേക്ഷ’യിൽ സൗമിത്ര ചാറ്റർജി കൈകാര്യംചെയ്‌ത ബിശ്വനാഥ്‌ മജുംദാർ എന്ന കലാപാത്രം മോചനം നേടുന്നതെങ്കിൽ അത്തരത്തിലുള്ള യാതൊരു ‘നീറുന്ന’ പ്രശ്‌നവും ഇട്ടൂപ്പ്‌‐കൊച്ചുത്രേസ്യ ബന്ധത്തിൽ ഉള്ളതായി പൂക്കാലത്തിന്റെ സംവിധായകൻ കാണുന്നില്ല. പ്രണയവും പ്രണയലേഖനവും ഒഴിച്ചാൽ മറ്റൊക്കെ ഭദ്രമായിരുന്നു എന്ന തോന്നലാണ്‌ ഈ സിനിമ ഉൽപ്പാദിപ്പിക്കുന്നത്‌. പാട്രിയാർക്കൽ സമീപനങ്ങളോട്‌ കലഹിച്ച്‌ രാജ്യം വിട്ടുപോകുന്ന മൂത്തമകൾ മാത്രമാണ്‌ അൽപമെങ്കിലും ഒന്നു കുതറുന്നത്‌. ബാക്കിയെല്ലാവരും യാതൊരു കുതറലുമില്ലാതെ നടപ്പുശീലങ്ങളെ അപ്പടി പിൻപറ്റുകയാണ്‌. പ്രത്യക്ഷത്തിൽ ജനപ്രിയവും പ്രയോഗത്തിൽ കച്ചവടലക്ഷ്യപ്രധാനവുമാണ്‌ പൂക്കാലം. പേര്‌ സൂചിപ്പിക്കുംപോലെ വേനൽ മറക്കാൻ പ്രേരിപ്പിക്കുകയും പൂക്കാലത്തെ ഘോഷിക്കുകയും ചെയ്യുന്നു ഈ സിനിമ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − eleven =

Most Popular