“വാൾസ്ട്രീറ്റിൽ എത്രത്തോളം സമയം കൂടുതലായി ഞാൻ ചിലവഴിക്കുന്നുവോ അത്രത്തോളം കൂടുതലായി മാർക്സാണ് ശരിയെന്ന് എനിക്ക് ബോധ്യപ്പെടുകയാണ്..”
ജോൺ കാസ്സിഡി
( ദി ന്യൂയോർക്കർ, 1997 ഒക്ടോബർ 20 )
സമകാലിക ലോകസാഹചര്യത്തിൽ മാർക്സിന്റെ ഏറ്റവും വർദ്ധിതമായ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നതിനുവേണ്ടി ലോകപ്രശസ്ത ചിന്തകനായ സ്ലാവോയ് സിസെക്ക് ഏറെ പ്രസക്തമായ ഒരു കഥ ഉദ്ധരിക്കുന്നുണ്ട്. ജൊഹാൻ പീറ്റർ ഹെബൽ എന്ന ജർമ്മൻ എഴുത്തുകാരന്റെ “അപ്രതീക്ഷിതമായ പുനഃസമാഗമം” (The Unexpected Reunion) എന്ന കഥയായാണ് അത്. കഥയുടെ ചുരുക്കം ഇതാണ്: ഇനി വിവാഹത്തിന് ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. വളരെ ദരിദ്രനായ ഒരു യുവ ഖനിത്തൊഴിലാളിയായിരുന്നു വരൻ. കൽക്കരിപ്പാടങ്ങളിലായിരുന്നു അവൻ പണിയെടുത്തിരുന്നത്. വിവാഹത്തിന് തലേദിവസവും പതിവുപോലെ പണിയെടുക്കുന്നതിനുവേണ്ടി അവൻ കൽക്കരിപ്പാടത്തിലേക്ക് യാത്രയായി. എന്നാൽ കൽക്കരിപ്പാടത്തുനിന്നും അവൻ പിന്നീട് തിരിച്ചെത്തിയില്ല. കൽക്കരിപ്പാടത്തെവിടെയോവെച്ച് അവൻ മരണപ്പെട്ടിട്ടുണ്ടാകാമെന്ന് വീട്ടുകാരും നാട്ടുകാരും കരുതി.
അതിനുശേഷം അമ്പതുവർഷങ്ങൾ അങ്ങനെ കടന്നുപോയി. ഒരു ദിവസം ആ കൽക്കരി ഖനിയുടെ ഒരു ഭാഗം തകർന്നുവീണു. തകർന്നുവീണ കൽക്കരി ഖനിയുടെ ഒരുഭാഗത്ത് ഒരു മൃതശരീരം പ്രത്യക്ഷമായി. ആ മൃതശരീരം ഇപ്പോൾ നന്നായി തെളിഞ്ഞുകാണാം. അമ്പതുവർഷങ്ങൾക്കുമുമ്പേ മരിച്ചുപോയ ആ യുവാവായ ഖനിത്തൊഴിലാളിയുടെ മൃതശരീരമായിരുന്നു അത്. മരിച്ചപ്പോഴുണ്ടായിരുന്ന അതേ രൂപത്തിൽ, ഒരു ദിവസം പോലും പ്രായം കൂടുതൽ തോന്നിക്കാത്തവിധമായിരുന്നു.
ആ മൃതശരീരം കൽക്കരിഖനിക്കുള്ളിലെ ഒരു ദ്രാവകത്തിനുള്ളിൽ ഇത്രയും കാലം കിടന്നിരുന്നത്. മരിച്ചപ്പോൾ ഏതു രൂപത്തിലായിരുന്നോ അതേ രൂപത്തിൽ ആ ഖനിത്തൊഴിലാളിയെ കാത്തുസൂക്ഷിച്ചത് ഈ ദ്രാവകമായിരുന്നു. ആ മൃതശരീരത്തെക്കാണാൻ ഒരുപാടുപേർ തടിച്ചുകൂടി.
ആർക്കും ആ മൃതശരീരത്തെ തിരിച്ചറിയാനായില്ല. ആ ഖനിത്തൊഴിലാളിയെ കാണാതായതിനുശേഷം തുടർന്നുള്ള വർഷങ്ങളിൽ ആ കുടുംബത്തിലെ എല്ലാവരും മരിച്ചുപോയിരുന്നു. എന്നാൽ നരച്ചമുടിയുള്ള വൃദ്ധയായ ഒരു സ്ത്രീ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ആ മൃതശരീരം കാണാൻ അവിടെയെത്തി. അവർ ആ മൃതദേഹത്തിനടുത്തു ചെന്നു. പെട്ടെന്നുതന്നെ ആ മൃതശരീരം ആരുടേതാണെന്ന് ആ വൃദ്ധയായ സ്ത്രീ തിരിച്ചറിഞ്ഞു. ഈ സ്ത്രീയുമായിട്ടായിരുന്നു അമ്പതുവർഷങ്ങൾക്കുമുമ്പ് ആ ഖനിത്തൊഴിലാളിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്..!
പിന്നീട് ശവസംസ്കാര ചടങ്ങ് നടന്നു. തന്റെ വിവാഹദിനമെന്നോണം അവർ ആ സംസ്കാരചടങ്ങിൽ പങ്കെടുത്തു. അവന്റെ ശരീരം ശവക്കുഴിയിലേക്ക് താഴുമ്പോൾ അവൾ പറഞ്ഞു: ഈ തണുത്തുറഞ്ഞ വിവാഹമഞ്ചത്തിൽ ഒരു ദിവസം കൂടി അങ്ങ് ഉറങ്ങിക്കൊള്ളൂ… അല്ലെങ്കിൽ ഒരാഴ്ച…അതുമല്ലെങ്കിൽ വിദൂരമായ കാലത്തേയ്ക്ക്…. സമയത്തെ ഒരു ഭാരമായി കാണാൻ അങ്ങ് ഒരിക്കലും അനുവദിക്കരുത്. എനിക്ക് കുറച്ചുകാര്യങ്ങൾകൂടി ചെയ്യാൻ ബാക്കിയുണ്ട്. അതുകഴിഞ്ഞാൽ എത്രയും വേഗം അങ്ങയോടൊപ്പം ഞാൻ കൂടിച്ചേരും.
ആ സുദിനം എത്രയും പെട്ടെന്നുതന്നെ പൊട്ടിവിരിയും.
മാർക്സുമായി ഇത്തരത്തിലുള്ളാരു അതിതീവ്രവും അപ്രതീക്ഷിതവുമായ ഒരു പുനഃസമാഗമത്തിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് സിസെക്ക് നിരീക്ഷിക്കുന്നുണ്ട്. മാർക്സുമായി ഈയൊരു പുനഃസമാഗമം നമ്മൾ നടത്തുന്നത് മാർക്സിനെ ശവക്കല്ലറയ്ക്കുള്ളിൽ കുഴിച്ചുമൂടുന്നതിനല്ല. മറിച്ച്, പുതിയ കാലഘട്ടത്തിന്റെ വിമോചനരാഷ്ട്രീയ സ്വപ്നങ്ങളെ വീണ്ടും മാർക്സിസവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും തീക്ഷ്ണവും സാധ്യവുമായ പുതുവഴികൾ തേടുന്നതിനുവേണ്ടിയാണ്. അതിനുവേണ്ടി വീണ്ടും നമ്മൾ മാർക്സിനെ വായിക്കേണ്ടതുണ്ടെന്നും സസെക്ക് വിശദീകരിക്കുന്നു (Reading Marx, Polity Press,2018 ).ഈയൊരർത്ഥത്തിൽ, സമകാലിക സന്ദർഭത്തിൽ നമ്മൾ നടത്തേണ്ട സൈദ്ധാന്തികവും പ്രായോഗികവുമായ സമരതീക്ഷ്ണതകളെ, മാർക്സ് തന്റെ കാലഘട്ടത്തിൽ നടത്തിയ സൈദ്ധാന്തിക പ്രായോഗിക സമരങ്ങളിലേക്ക് ഉൾച്ചേർക്കുന്ന ഏറ്റവും ശ്രദ്ധേയമായ അന്വേഷണമാണ് പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ജി.വിജയകുമാറിന്റെ “മാർക്സിന്റെ സമരങ്ങൾ” (ചിന്ത പബ്ലി ഷേഴ്സ്, 2019) എന്ന പുസ്തകം.
വരിഞ്ഞുമുറുകുന്ന സാമ്പത്തിക പ്രതിസന്ധികളുടെയും ആകാശം മുട്ടുന്ന അസമത്വങ്ങളുടെയും നിലനിൽപ്പിനെത്തന്നെ അസാധ്യമാക്കുന്ന പാരിസ്ഥിതിക നശീകരണങ്ങളുടെയും ഭ്രാന്തമായ തീവ്രവലതുപക്ഷ മുന്നേറ്റങ്ങളുടെയും പുതിയൊരു ഭീകരകാലം ലോകത്താക മാനം പത്തിവിടർത്തിയാടിക്കൊണ്ടിരിക്കുന്ന ഒരു സന്ദർഭമാണിത്. മുതലാളിത്തക്രമം അതിന്റെ സമസ്തതലങ്ങളിലും ഇത്രയധികം പ്രതിസന്ധികളാൽ ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു ഘട്ടവും മുതലാളിത്ത ചരിത്രത്തിലുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, എന്തുകൊണ്ടാണ് മുമ്പെങ്ങുമില്ലാത്തതലങ്ങളിൽ ഇപ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നുള്ള പൊള്ളുന്ന അന്വേഷണങ്ങളും നിലയ്ക്കാത്ത പോരാട്ടങ്ങളും മറ്റൊരു ഭാഗത്ത് കനത്തുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഈയൊരു ചരിത്രസന്ദർഭത്തിനിടയിലാണ് മുതലാളിത്ത ഉൽപ്പാദനക്രമത്തിന്റെ ഏറ്റവും വലിയ സൈദ്ധാന്തികനും വിമർശകനുമായ കാൾ മാർക്സ് വീണ്ടും മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. പുതിയ കാലഘട്ടത്തിൽ മാർക്സിന്റെ ചിന്താലോകത്തിന് കൈവന്നിരിക്കുന്ന ഈയൊരു സവിശേഷമായ മേൽക്കൈയെ അതിന്റെ സമഗ്രതയിൽ അഭിസംബോധന ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങളാണ് വിവിധ ഭാഷകളിലായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയത്. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. മലയാളത്തിലും അതിന്റെ അലയൊലികൾ പടരുകയായിരുന്നു.
ഇതിനിടയിലായിരുന്നു മാർക്സിന്റെ മൂലധനത്തിന്റെ നൂറ്റമ്പതാം വാർഷികവും ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാർഷികവും മാർക്സിന്റെ ഇരുന്നൂറാം ജന്മവാർഷികവും കടന്നെത്തിയത്.
ഈയൊരു സന്ദർഭവും മാർക്സ് വായനകളെ വീണ്ടും അതിവിപുലവും അതിതീക്ഷ്ണവുമാക്കിത്തീർത്തു. ഇത്തരമൊരു ചരിത്രസന്ദർഭത്തിന്റെ തീക്ഷ്ണതകളെയാകമാനം ആവാഹിച്ചുകൊണ്ടുകൂടിയായിരുന്നു ജി. വിജയകുമാറിന്റെ “മാർക്സിന്റെ സമരങ്ങ”ളും പിറവിയെടുക്കുന്നത്.
“മറ്റ് എന്തിനെക്കാളുമപ്പുറം മാർക്സ് ഒരു വിപ്ലവകാരിയായിരുന്നു ” എന്ന് അടിവരയിട്ടത് മാർക്സിന്റെ എക്കാലത്തെയും ഏറ്റവും അടുത്ത ബൗദ്ധിക സുഹൃത്തും സഖാവുമായിരുന്ന ഫ്രെഡറിക് എംഗൽസായിരുന്നു. യഥാർത്ഥത്തിൽ, എംഗൽസ് ഏറ്റവും കൃത്യമായി നിരീക്ഷിച്ച മാർക്സിന്റെ ആ വിപ്ലവജീവിതത്തിന്റെ നൈരന്തര്യത്തെ അതിസൂക്ഷ്മമായി വരച്ചിടാനുള്ള പരിശ്രമമാണ് ജി.വിജയകുമാർ “മാർക്സിന്റെ സമരങ്ങ”ളിലൂടെ നിർവ്വഹിക്കുന്നത്. മാർക്സ് തന്റെ ജീവിതകാലഘട്ടത്തിലുടനീളം നടത്തിയ വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സമരപോരാട്ടങ്ങളുടെ ഉള്ളറകളിലേയ്ക്കുള്ള എത്തിനോട്ടമാണ് ഈ പുസ്തകം. തൊഴിലാളിവർഗ്ഗത്തിന്റെ വിമോചനത്തിനുള്ള ഏറ്റവും ശാസ്ത്രീയവും സമഗ്രവുമായ ദാർശനികവിപ്ലവപരിപ്രേക്ഷ്യങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിനുവേണ്ടി സ്വന്തം ജീവിതത്തെ ഒരു പോരാട്ടക്കളമാക്കി മാർക്സ് മാറ്റുകയായിരുന്നു. ഒരിക്കലും അവസാനിക്കാത്ത പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും സമരങ്ങളുടെയും അസാമാന്യമായ ആവിഷ്ക്കാരമായിരുന്നു ആ ജീവിതം. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ജീവിതസായാഹ്നത്തിലെ അവസാനനിമിഷം വരെ ചരിത്രത്തിലൊരിടത്തും മുൻ സമാനതകളില്ലാത്തവിധം ബൗദ്ധികമായും പ്രായോഗികമായും ഒരു വിപ്ലവപോരാളിയായി മാർക്സ് നിറഞ്ഞുനിൽക്കുകയായിരുന്നു.
തൊഴിലാളിവർഗ്ഗത്തിന്റെ തത്വശാസ്ത്രത്തിനുവേണ്ടി തന്റെ സമകാലികരായ ചിന്തകരോട് അദ്ദേഹം നിരന്തരം ഏറ്റുമുട്ടി. തൊഴിലാളി വർഗ്ഗത്തിന്റെ അർത്ഥശാസ്ത്രത്തിനുവേണ്ടി ബൗദ്ധികപോരാട്ടങ്ങളുടെ ഒരു മഹാസമുദ്രം തന്നെ അദ്ദേഹം തീർത്തു. തൊഴിലാളിവർഗ്ഗത്തിന്റെ സംഘടനക്കുവേണ്ടി അദ്ദേഹം വിയർത്തുകുളിച്ചു. സമകാലികമായ എല്ലാ ചിന്താപദ്ധതികളോടും നിരന്തരമെന്നോണം അദ്ദേഹം സമരത്തിലേർപ്പെട്ടുകൊണ്ടിരുന്നു.
ചരിത്രത്തിന്റെയും രാഷ്ട്രീയസംഭവവികാസങ്ങളുടെയും അകക്കാമ്പിലേക്ക് അദ്ദേഹം തുളച്ചുകയറിക്കൊണ്ടിരുന്നു. പ്രായോഗിക പ്രവർത്തങ്ങളെ കീറിമുറിച്ചു പരിശോധിച്ചു. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ പുതിയ വിപ്ലവബോധ്യങ്ങളെ ഇങ്ങനെയൊക്കെയായിരുന്നു മാർക്സ് നമുക്ക് സമ്മാനിച്ചത്. മാർക്സ് നടത്തിയ ഇത്തരം സമരപോരാട്ടപരിസരങ്ങളുടെ നേർചിത്രങ്ങളാണ് ജി.വിജയകുമാർ ഏറ്റവും ലളിതസുന്ദരമായ ഭാഷയിൽ നമുക്ക് മുന്നിൽ അടയാളപ്പെടുത്തുന്നത്.
സ്വന്തം കാലഘട്ടത്തിൽ മാർക്സ് നടത്തിയ സൈദ്ധാന്തികവും പ്രായോഗികവുമായ ആ സമർപോരാട്ടമേഖലകളെക്കുറിച്ചുള്ള അറിവും തിരിച്ചറിവും, പുതിയ കാലഘട്ടത്തിൽ നമ്മൾ നടത്തേണ്ട പോരാട്ടമേഖലകളിലേയ്ക്ക് കൂടുതൽ തെളിച്ചവും വെളിച്ചവും സമ്മാനിക്കും. അത്തരമൊരു തെളിച്ചവും വെളിച്ചവുമാണ് “മാർക്സിന്റെ സമരങ്ങൾ ” ഏറ്റവും തീക്ഷ്ണമായി നമ്മളിൽ സന്നിവേശിപ്പിക്കുന്നത്. അതാണ് ഈ പുസ്തകത്തെ സമകാലികപ്രാധാന്യമുള്ള ഒരു സമരപുസ്തകമാക്കി പരിവർത്തിപ്പിക്കുന്നതും.
അതുകൊണ്ടുതന്നെ, സമത്വസുന്ദരവും പ്രണയസാന്ദ്രവുമായ പുതിയൊരു ലോകത്തിന്റെ നിർമ്മിതിക്കുവേണ്ടി സ്വന്തം ചോരയും വിയർപ്പും കണ്ണീരും കൊണ്ട് പോരാടുന്നവരെ ഈ പുസ്തകത്തിന്റെ വായനയും പഠനവും ആവേശഭരിതരാക്കിത്തീർക്കും. ♦