Sunday, November 24, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഉത്തർപ്രദേശിൽ ഈദ്‌ നമസ്‌കാരം നടത്തിവർക്കെതിരെ കേസ്‌

ഉത്തർപ്രദേശിൽ ഈദ്‌ നമസ്‌കാരം നടത്തിവർക്കെതിരെ കേസ്‌

മനേക്‌

ത്തർപ്രദേശിലെ ഹാംപൂരിൽ പെരുന്നാൾ ദിനത്തിൽ റോഡരുകിൽ ഈദ് നമസ്കാരം നടത്തിയതിന്റെ പേരിൽ പള്ളികമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 250 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പെരുനാൾ ദിനത്തിൽ നിസ്കരിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നതിനാൽ റോഡിലേക്ക് നിസ്കാരം നീണ്ടുപോയി. ഇതിനെതിരെ ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടാൽ റോഡിൽ മതപരമായ പരിപാടികൾ നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ്‌ അറസ്റ്റുണ്ടായത്‌. സെക്ഷൻ 144 ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമപ്രകാരവും ഇന്ത്യൻ പീനൽ കോഡ് (IPC) പ്രകാരവുമാണ് പൊലീസ് കേസെടുത്തത്.

എല്ലാവർക്കും ആരാധനാസ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് പൊലീസും സംഘപരിവാർ ഗ്രൂപ്പിലെ ചില അംഗങ്ങളും തങ്ങളെ ഇരകളാക്കി വേട്ടയാടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സമാധാന സമിതിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഈദ് പ്രാർഥനകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പ്രാദേശിക ഭരണകൂടം പുറപ്പെടുവിക്കുകയുണ്ടായി.

ഈദ്ഗാഹ് പരിസരത്തുതന്നെ നിസ്കരിക്കണമെന്നും തിരക്കുമൂലം ആർക്കെങ്കിലും ഈദ്ഗാഹിൽ നിസ്കരിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നുമുള്ള പെരുനാൾ നമസ്കാരം സംബന്ധിച്ച നിർദേശം നേരത്തേ നൽകിയിരുന്നു. ഈദ് ദിനത്തിൽ രാവിലെ 7.30ന് നമസ്കാരം ആരംഭിച്ച ഉടൻ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തി. അകം തിങ്ങിനിറഞ്ഞതിനെത്തുടർന്ന്‌ അവർ ഈദ്ഗാഹിന് പുറത്ത് തെരുവിൽ നിസ്കരിക്കാൻ തുടങ്ങി. ഇത് സെക്ഷൻ 144 ന്റെ ലംഘനമാണെന്നു പറഞ്ഞ് പൊലീസ് അവരെ റോഡിൽ നിന്നും നീക്കി. പിന്നീടവർ ഖബർസ്ഥാനിലും ഇദ്ഗാഹിനു സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തും പ്രാർത്ഥന നടത്തി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 186,188,283,341,353 വകുപ്പുകൾ പ്രകാരമാണ് കണ്ടാലറിയുന്ന 250 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തത്‌. റോഡിൽ പെരുനാൾ നിസ്കാരം നടത്തുന്നതിന്റെ വീഡിയോ പൊലീസ് പകർത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇനിയും ആളുകളെ കണ്ടെത്തുമെന്നും അവർക്കെതിരെ കേസെടുക്കുമെന്നുമാണ് ഇൻസ്പെക്ടർ സഞ്ജയ് പാണ്ഡെ മാധ്യമങ്ങളോടു പറഞ്ഞത്.

സംഭവത്തോടു പ്രതികരിച്ചുകൊണ്ട് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പ്രദേശവാസി പറഞ്ഞത്, “”ഏകദേശം 50‐70 പേർ ഈദ് നിസ്കാരത്തിന് വൈകിയെത്തി. നിസ്കാരത്തിന് ഈദ്ഗാഹിൽ ഇടംകിട്ടാത്തതുമൂലം അവർ പുറത്തു നിസ്കരിച്ചു.

പൊലീസ്‌ കേസെടുത്ത, ഈദ്ഗാഹ് മഹല്ല് കമ്മിറ്റി അംഗം പറഞ്ഞത്, ‘‘മഹല്ല് കമ്മിറ്റിയിൽ ഒൻപതംഗങ്ങളുണ്ട്. ഈ നിസ്കാരവുമായി ബന്ധപ്പെട്ട് ഞങ്ങൾ ജില്ലാ ഭരണകൂടവുമായി ഒന്നിലധികം യോഗം ചേർന്നു. അവർ നൽകിയ മാർഗനിർദേശങ്ങൾ അനുസരിക്കുമെന്നും ഞങ്ങൾ ഉറപ്പു നൽകിയിരുന്നു. സാധാരണ ഹാംപൂരിൽ ഇദ് ദിനത്തിൽ 6 പള്ളികളിലാണ് നിസ്കാരം നടക്കാറുണ്ടായിരുന്നത്. എന്നാൽ 144 പ്രകാരമുള്ള നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ആളുകൾ തെരുവിൽ നിസ്കരിക്കുന്നത് ഒഴിവാക്കാൻ ഇത്തവണ ഞങ്ങൾ 10 പള്ളികൾകൂടി ഈദ് നിസ്കാരത്തിൽ ഉൾപ്പെടുത്തി. എന്നിട്ടും തങ്ങൾക്ക് ഈദ് നമസക്ാരം നഷ്ടപ്പെടുമെന്നു ഭയന്ന് ഒരു കൂട്ടം പേർ അപ്രതീക്ഷിതമായി വന്നുചേർന്നു. പ്രാർഥന ലംഘിക്കാൻ പാടില്ലാത്തതിനാൽ ഞങ്ങൾക്ക് അവരെ തടയാൻ കഴിഞ്ഞില്ല.”

ഐപിസി 353 അടക്കം തങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള ഒരു വകുപ്പും ലംഘിച്ചിട്ടില്ലെന്നും ഒരക്രമവും നടത്തിയില്ലെന്നും സമാധാനപരമായാണ്‌ ഈദ് നമസ്കാരം നടത്തിയതെന്നും കമ്മിറ്റി അംഗം കൂട്ടിച്ചേർത്തു. എന്നിട്ടും ഏറെ വിചിത്രമാണ്, പൊലീസ് വീഡിയോ പകർത്തി അതിലുള്ളവർക്കെതിരെ കെസെടുത്തത്.

ഇതാരുടെ നിർദേശപ്രകാരമാണെന്നവർക്കറിയില്ല. ഇതാണ് യോഗി ആദിത്യനാഥിന്റെ ഡബിൾ എഞ്ചിൻ ഭരണം ‐ ഒരു എഞ്ചിൻ ഹിന്ദുത്വവാദികളെ സംരക്ഷിക്കാനും മറ്റേ എഞ്ചിൻ ന്യൂനപക്ഷ ‐ അപരമതത്തിൽപ്പെട്ടവരെ ഉന്മൂലനം ചെയ്യാനുമുള്ളത്‌.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + sixteen =

Most Popular