Tuesday, April 16, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഅസമിൽ വിദ്യാർത്ഥി പ്രക്ഷോഭം

അസമിൽ വിദ്യാർത്ഥി പ്രക്ഷോഭം

സംഗീത ദാസ്‌

ചോദ്യപ്പേപ്പർ ചോർത്തിയതിനും ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ SEBA (Secondary Education Board of Assam) യെ തകർക്കാനുള്ള ഗൂഢാലോചനയ്ക്കുമെതിരെ ആസാമിൽ എസ്എഫ്ഐ വിദ്യാർത്ഥികൾ മാർച്ച് 20ന്‌ നിരാഹാരസമരം ആരംഭിച്ചു. ചോദ്യപ്പേപ്പർ ചോർന്ന സംഭവം അന്വേഷിക്കാൻ ഒരു റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ കമ്മീഷൻ രൂപീകരിക്കുക, SEBA പ്രിൻസിപ്പലും വിദ്യാഭ്യാസ സെകട്ടറിയും വിദ്യാഭ്യാസമന്ത്രിയും രാജിവെക്കുക, വിദ്യാർത്ഥികളെ അപമാനിച്ച ധൽപൂർ പൊലീസ് സ്റ്റേഷൻ ഓഫീസറെ സസ്പെൻഡ് ചെയ്യുക എന്നീ ആവശ്യങ്ങളാണ്‌ വിദ്യാർഥികൾ ഉയർത്തിയത്. സമരം ആറു ദിവസം പിന്നിട്ടപ്പോൾ നിരാഹാരം കിടന്ന വിദ്യാർഥികളുടെ ആരോഗ്യനില അതിവേഗം വഷളായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ്, ഡോ. ഹിരൺ ഗോഹിയാൻ ഉൾപ്പെടെയുള്ള ബുദ്ധിജീവികളും, വിദ്യാഭ്യാസ വിചക്ഷണരും സാമൂഹ്യബോധമുള്ള സിവിൽ സമൂഹവും ഉൾപ്പെടെയുളളവരുടെ അഭ്യർഥനപ്രകാരമാണ് ആറുദിവസത്തിനുശേഷം വിദ്യാർത്ഥികൾ നിരാഹാരസമരം അവസാനിപ്പിച്ചത്. നിരാഹാരസമരത്തിന് ഐക്യദാർഢ്യവും പിന്തുണയും നൽകിയ എല്ലാ വ്യക്തികളെയും സംഘടനകളെയും ഉൾപ്പെടുത്തി ഒരു ഫോറം രൂപീകരിച്ചു. ഈ ഫോറം സമരം തുടരുകയും SEBA യെയും പൊതുവിദ്യാഭ്യാസത്തെയും സംരക്ഷിക്കുന്നതിനായുള്ള ഭാവിപോരാട്ടങ്ങൾക്ക് രൂപം നൽകുകയും ചെയ്യും. നിരാഹാരത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ ആരോഗ്യനില വളരെ മോശമായിക്കഴിഞ്ഞിരുന്നു. അതിലൊരാൾക്ക് ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആ അവസ്ഥയിൽപോലും ഭരണ സമിതി പലതരത്തിലും തടസ്സങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിച്ചത്.അര മണിക്കൂറോളം ആംബുലൻസ് ലഭ്യമാക്കിയില്ല. പകരം പൊലീസ് സമരം നടത്തിയവരെ പരിഹസിക്കുകയാണുണ്ടായത്. സർക്കാരിന്റെ ഏകപക്ഷീയമായ നിയന്ത്രണങ്ങൾക്കെതിരെയും പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുവേണ്ടിയും അവസാന ശ്വാസംവരെ പോരാടാൻ തങ്ങൾ മനസ്സുകൊണ്ട് തയ്യാറാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ബുദ്ധിജീവി സമൂഹത്തിന്റെയും വിദ്യാഭ്യാസ വിചക്ഷണരുടെയും സാധാരണ ജനങ്ങളുടെയും അഭ്യർത്ഥനമാനിച്ച് സമരം ഇപ്പോൾ അവസാനിപ്പിച്ചെങ്കിലും വരുംനാളുകളിൽ സമരം ഇനിയും ശക്തമാക്കുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. വിദ്യാർത്ഥികളും ഡോ. ഹിരൺ ഗോഹിയാൻ ഉൾപ്പടെയുളള ബുദ്ധിജീവികളും വിദ്യാഭ്യാസവിചക്ഷണരും സാധാരണക്കാരും ഉൾപ്പടെ ഒന്നിച്ചുചേർന്ന് പ്രകടനം നടത്തി. പ്രതിഷേധയോഗത്തിൽ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമുയർന്നു. സമരം അവസാനിക്കുവോളവും അതിനോട് സർക്കാർ കടുത്ത നിസ്സംഗത പുലർത്തിയതിൽ വിദ്യാർഥികൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. മുതിർന്ന സിപിഐ എം നേതാവ് ഹേമൻ ദാസ്, പ്രതിപക്ഷ നേതാവ് ദേവബ്രത സൈകിയ, എഐഎസ്എഎസ് പ്രസിഡന്റ് സുബ്രത്‌ താലൂക്ദാർ തുടങ്ങിയവർ നിരാഹാര വേദിയിലെത്തിയിരുന്നു. സമരത്തിലുന്നയിക്കപ്പെട്ട ആവശ്യങ്ങൾ പ്രതിപക്ഷ നേതാവ് ദേവബ്രത സൈകിയ കത്തുമുഖാന്തരം ചീഫ് സെക്രട്ടറിയെ അറിയിച്ചു.
നിരാഹാരസമരത്തിനുശേഷം എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഉൾപ്പെടെ എട്ട്‌ വിദ്യാർഥി യുവജനസംഘടനകൾ ചേർന്ന്‌ ‘ശിക്ഷാ അധികാർ സുരക്ഷാ മഞ്ച, ആസാം’ എന്ന പേരിൽ ഒരു സംയുക്തവേദിക്ക്‌ രൂപംനൽകി. തുടർ പ്രക്ഷോഭങ്ങൾക്ക്‌ ഈ വേദി ആഹ്വാനം നൽകി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + four =

Most Popular