Tuesday, April 23, 2024

ad

Homeസംസ്ഥാനങ്ങളിലൂടെരാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ വർദ്ധിക്കുന്ന ആക്രമണങ്ങൾ

രാജസ്ഥാനിൽ സ്ത്രീകൾക്ക് നേരെ വർദ്ധിക്കുന്ന ആക്രമണങ്ങൾ

റെയീസ

സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ രാജസ്ഥാനിൽ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദുർബല വിഭാഗങ്ങൾക്കുമേലുള്ള അതിക്രമങ്ങളും പീഡനവും നിർത്തുന്നതിന് രാജസ്ഥാനിലെ സംസ്ഥാന ഗവൺമെന്റ് മുഖ്യ പരിഗണന നൽകുന്നുണ്ട് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ അതിക്രമങ്ങൾ തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ സംഭവങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്നില്ലായെങ്കിലും, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ കേസുകൾ രജിസ്റ്റർ ചെയ്താലും നീതി ഉറപ്പാക്കപ്പെടുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇപ്പോഴും നമ്മൾ കാണുന്നത് നീതി ഉറപ്പാക്കുന്ന കാര്യത്തിൽ കാര്യമായ വർദ്ധനവ് ഒന്നുംതന്നെ ഉണ്ടായിട്ടില്ല എന്നാണ്. അതുകൊണ്ടുതന്നെ, അറസ്റ്റു ചെയ്യപ്പെട്ടാൽ ജാമ്യത്തിലിറങ്ങുന്ന പ്രതികൾക്ക് ഇരയെ വീണ്ടും ഉപദ്രവിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും യാതൊരു ഭയവുമില്ല. ഈ പ്രതികളും സമൂഹത്തിലെ തെമ്മാടികളും ചെലുത്തുന്ന സമ്മർദ്ദത്തിന്റെയും നടത്തുന്ന അഴിമതിയുടെയും ഭാഗമായി രജിസ്റ്റർ ചെയ്യുന്ന പോലീസ് കേസുകൾ അന്വേഷണത്തിനുശേഷം വ്യാജ പരാതികളാണെന്ന് പ്രഖ്യാപിക്കപ്പെടുന്നു.

രാജസ്ഥാൻ പോലീസിന്റെ ഏറ്റവും ഒടുവിലത്തെ ക്രൈം റിപ്പോർട്ടുപ്രകാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സ്ത്രീകൾക്കെതിരായി നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 29.2 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ഈ വളർച്ച കഴിഞ്ഞ ഒരുവർഷംകൊണ്ട് 10.41 ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ വർദ്ധനവ് ഭയമുളവാക്കുന്നതും ജനങ്ങളിൽ രോഷം വർദ്ധിപ്പിക്കുന്നതുമാണ്. 2020ൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ മൊത്തം രേഖപ്പെടുത്തപ്പെട്ട കേസുകളുടെ എണ്ണം 34368 ആയിരുന്നു. 2022ൽ അത് 44407 ആയി വർദ്ധിച്ചിരിക്കുന്നു. ബലാത്സംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ 2020ൽ 5310 ആയിരുന്നത് 2022ൽ 7093 ആയി വർദ്ധിച്ചു; അതായത് 33.58 ശതമാനത്തിന്റെ വർദ്ധനവുണ്ടായിരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 756 കേസുകളാണ് വർധിച്ചത്‌. അതായത് 11.93%. സമാനമായി, സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളുമായി (498A) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 2020ൽ 13,765 ആയിരുന്നത് 2022ൽ 18,847 ആയി വർധിച്ചു. 36.92% ശതമാനത്തിന്റെ വർദ്ധനവ്‌. 2021 മുതൽ 2022 വരെയുള്ള ഒരു വർഷത്തിൽ ഈ വർദ്ധനവ് 1898 ആയിരുന്നു- 11.20%ത്തിന്റെ വർധന. 2020ൽ സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ പട്ടികയിൽ 479 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ, 2022ൽ 451 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ കാര്യത്തിൽ -5.85% കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്; എന്നാൽ സ്ത്രീധനവുമായി ബന്ധപ്പെട്ട ആത്മഹത്യകളുടെ കേസുകൾ 2020ൽ 190 ആയിരുന്നത് 2022ൽ 210 ആയി വർധിച്ചിട്ടുണ്ട്, അതായത് 10.53%. 2021 മുതൽ 2022 വരെയുള്ള ഒരു വർഷം കൊണ്ട് സ്ത്രീധന ആത്മഹത്യയിൽ ഉണ്ടായ വർദ്ധനവ് 17 കേസുകളാണ്, അതായത് 8.81%. 2020ൽ പീഡനവുമായി ബന്ധപ്പെട്ട് 8661 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ 2022 അത് 9866 കേസുകളായി വർധിച്ചു. അതായത്, 13.91 ശതമാനത്തിന്റെ വർദ്ധന. 2020ൽ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 4739 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ 2022ൽ അത് 6600 ആയി വർദ്ധിച്ചു-‐ 39.27 ശതമാനത്തിന്റെ വർധന. സ്ത്രീകൾക്കുനേരെയുള്ള മറ്റുവിധത്തിലുള്ള ഉപദ്രവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ 2020ൽ 1224 ആയിരുന്നെങ്കിൽ 2022 രജിസ്റ്റർ ചെയ്യപ്പെട്ടത് 1340 ആയി- ഇവിടെയും 9.48 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 94 കേസുകളാണ് അധികമായുണ്ടായത്, അതായത് 7.54%.

സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട ഈ കേസുകളുടെ തീർപ്പുകൽപ്പിക്കലിലേക്ക് നമ്മൾ ഒന്നു നോക്കിയാൽ 2022 ജനുവരിമുതൽ ഡിസംബർവരെയുള്ള കാലയളവിൽ മൊത്തം രജിസ്റ്റർ ചെയ്യപ്പെട്ട 44407 കേസുകളിൽ 19091 കേസുകളും ‘അഡം വാക്ക്’ അതായത് വ്യാജമാണെന്ന് കണക്കാക്കിയാണ് എഫ്ഐആർ ചുമത്തപ്പെട്ടിട്ടുള്ളത്-. അതായത് 46.32% കേസുകളും വ്യാജമാണെന്ന് എഴുതിത്തള്ളി. ഇതിൽ 7093 ബലാത്സംഗ കേസുകളിൽ 2938 കേസുകൾ (43.83%) വ്യാജമാണെന്ന് എഴുതിത്തള്ളി. സ്ത്രീധനവുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങളുടെ കേസുകളിൽ, 45 ൽ 122 എണ്ണവും (22.11 %) വ്യാജമാണെന്ന് എഴുതിത്തള്ളി. സ്ത്രീധന ആത്മഹത്യകളുമായി ബന്ധപ്പെട്ട 210 കേസുകളിൽ 70 കേസുകളും (41.92%) എഴുതിത്തള്ളി. സ്ത്രീകൾക്ക് നേരെയുള്ള മറ്റ് അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട 11847 കേസുകളിൽ (498A) 7430 കേസുകളും (41.52%) ശതമാനവും വ്യാജ പരാതികൾ ആണെന്ന് കണക്കാക്കി എഴുതിത്തള്ളി. തട്ടിക്കൊണ്ടുപോകലിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട 6600 കേസുകളിൽ 3911 (67.20%) എണ്ണം കേസെടുത്തു. പീഡനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട 9866 കേസുകളിൽ 4009 കേസുകളും (43.13%) വ്യാജമാണെന്ന് എഴുതിത്തള്ളി. മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 1340 എണ്ണത്തിൽ 611 കേസുകളും (48.88 %) വ്യാജമാണെന്ന് കണക്കാക്കി എഫ്ഐആർ ക്ലോസ് ചെയ്തു. ഇത്തരത്തിൽ വളരെ ഗുരുതരമായ സാഹചര്യങ്ങൾ ആണ് രാജസ്ഥാനിൽ സ്ത്രീകൾ നേരിടുന്നത്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുകയും ഇരകൾക്ക് നീതി ഉറപ്പാക്കുകയും ചെയ്യുകവഴി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ അതിക്രമങ്ങൾക്ക് തടയിടുന്നതിനുപകരം കുറ്റവാളികൾക്കൊപ്പം നിൽക്കുകയും ഇരകൾക്ക് മാനുഷികമായ പരിഗണനപോലും നൽകാതിരിക്കുകയും ചെയ്യുന്ന രീതിയാണ് രാജസ്ഥാനിലെ പോലീസ് -ഭരണസംവിധാനങ്ങൾ സ്വീകരിച്ചുവരുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + fourteen =

Most Popular