Thursday, September 19, 2024

ad

Homeരാജ്യങ്ങളിലൂടെഇറ്റാലിയൻ ഇടതുപക്ഷം 
ഫാസിസത്തിനെതിരെ

ഇറ്റാലിയൻ ഇടതുപക്ഷം 
ഫാസിസത്തിനെതിരെ

റോസ

ഫാസിസത്തിൽനിന്നും മോചനം നേടിയതിന്റെയും രണ്ടാം ലോക യുദ്ധകാലത്ത് നാസി ജർമനിക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പിൽ വിജയം കൈവരിച്ചതിന്റെയും എഴുപത്തിയെട്ടാമത് വാർഷികദിനമായ ഏപ്രിൽ 25ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റ് വിവിധ ഫാസിസ്റ്റുവിരുദ്ധ വിദ്യാർത്ഥി യുവജന സംഘടനകളും ട്രേഡ് യൂണിയനുകളും ചേർന്ന് ഇറ്റലിയിലുടനീളം വിമോചനദിന പരിപാടികൾ സംഘടിപ്പിച്ചു. രണ്ടാം ലോക യുദ്ധകാലത്ത് ഇറ്റലി ഉയർത്തിയ ചെറുത്തുനിൽപ്പിൽ ധീരമായി പൊരുതി മൺമറഞ്ഞ ധീരനായകരെ അനുസ്മരിച്ചുകൊണ്ട് ഇറ്റലിയിലെ പുരോഗമന സംഘടനകൾ ഏപ്രിൽ 24, 25 തീയതികളിലായി വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾ നടത്തി. ഈ പ്രകടന പരിപാടികളിൽ അവർ ജോർജിയ മെലോണി നയിക്കുന്ന തീവ്ര വലതുപക്ഷ ഗവൺമെന്റ് ഇറ്റലിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളിവിരുദ്ധ സാമ്രാജ്യത്വാനുകൂല നയങ്ങൾക്കെതിരായി ശബ്ദമുയർത്തുകയും ചെയ്തു. ഏപ്രിൽ 24 തിങ്കളാഴ്ച ഇറ്റലിയിലെ പ്രധാന നഗരമായ ടൂറിനിൽ തൊഴിലാളിവർഗ്ഗ വിഭാഗങ്ങൾ ഒന്നിച്ചു നടത്തിയ നഗരപര്യടനത്തെ പൊലീസ് ബലം പ്രയോഗിച്ച് നേരിടുകയുണ്ടായി. ഈ അടിച്ചമർത്തലിനെതിരെ ഫാസിസ്റ്റുവിരുദ്ധ വിഭാഗങ്ങൾ പ്രതിഷേധിച്ചു. റഷ്യക്കെതിരായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ ഉക്രൈനിൽ നടത്തുന്ന യുദ്ധത്തിൽ ഇറ്റലി പങ്കുചേർന്നതിനെ അനുകൂലിച്ചുകൊണ്ട് നാറ്റോയുടെ കൊടികൾ ഉയർത്തി പ്രകടനം നടത്തിയവരെയും ഈ ഫാസിസ്റ്റുവിരുദ്ധ വിഭാഗങ്ങൾ ചെറുക്കുകയുണ്ടായി.

രണ്ടാം ലോക യുദ്ധത്തിൽ റെഗ്ഗിയോ എമിലിയയിലെ ലിഗോന്‍ചിയോയിൽവെച്ച് 145 -മത് ഗരിബാൽദി ബ്രിഗേഡ് ഫാസിസ്റ്റുകളോടും നാസികളോടും പൊരുതിയ ഐതിഹാസിക പാതകളെ അനുഗമിച്ചുകൊണ്ടായിരുന്നു ഏപ്രിൽ 22 മുതൽ 24 വരെയുള്ള തീയതികളിൽ ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് യൂത്ത് ഫ്രണ്ട്‌ ഓർമ പുതുക്കിയത്‌.

പാർട്ടിക്കാരായ യുവാക്കളുടെ ത്രിദിന മാർച്ച് സംഘടിപ്പിച്ചത്. 1945 ഏപ്രിൽ 25നാണ് ഇറ്റലിയിലെ ദേശീയ വിമോചന സമിതി (National Liberation Committee) ജർമ്മനിയിലെ പാവഭരണകൂടത്തിനെതിരായും ഫാസിസ്റ്റുകളുമായി കൂട്ടുചേർന്ന വടക്കേ ഇറ്റലിക്കെതിരായുമുള്ള യുദ്ധം പ്രഖ്യാപിച്ചത്; അതേദിവസംതന്നെയാണ് ബെനിറ്റോ മുസ്സോളിനി അടക്കമുള്ള ഫാസിസ്റ്റ് നേതാക്കളെ വധശിക്ഷയ്ക്ക് വിധിക്കുന്ന റേഡിയോ അനൗൺസ്മെന്റും അവർ നടത്തിയത്; അതുകൊണ്ടാണ് ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പുരോഗമന വിഭാഗങ്ങൾ രാജ്യത്തിന്റെ വിമോചന ദിനമായി ഏപ്രിൽ 25 ആചരിക്കുവാൻ തീരുമാനിച്ചത്. 1945 ഏപ്രിൽ 28 നുതന്നെ ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസോളിനിയെ കൊലപ്പെടുത്തുകയും ചെയ്തു.

ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഏടാണ് ഫാസിസത്തിന്റെയും നാസിസത്തിന്റെയും ഉദയവും വാഴ്ചയും; അങ്ങേയറ്റം മനുഷ്യവിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങളെ അനുഗമിക്കുന്ന ഈ രണ്ട് പ്രത്യയശാസ്ത്രങ്ങൾ 1920കളിലാണ് ഇറ്റലിയിലും ജർമ്മനിയിലും ഉദയം കൊള്ളുന്നത്. ഇറ്റലിയിൽ മുസോളിനിയുടെ നേതൃത്വത്തിൽ ഫാസിസവും ജർമ്മനിയിൽ നാസിസത്തിന്റെ പതാകവാഹകനായി ഹിറ്റ്ലറും അണിനിരന്നപ്പോൾ അത് ലോകത്തിന്റെയും മനുഷ്യരാശിയുടെയും നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറി. ഒടുവിൽ സോവിയറ്റ് യൂണിയന്റെ ചെമ്പടയും (Red Army) വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പുരോഗമന ജനകീയ പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്ന് നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന് ഈ രണ്ട് ശക്തികളെയും നിലംപരിശാക്കുവാന്‍ സാധിച്ചു. ലോകത്ത് സമാധാനം പുനസ്ഥാപിച്ചുകൊണ്ട് 1945 ൽ രണ്ടാം ലോകയുദ്ധത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. മൂലധനം കൊടികുത്തി വാഴുന്ന, മനുഷ്യൻ മനുഷ്യനുനേരെ നടത്തുന്ന ചൂഷണം അതിന്റെ സർവ്വസീമകളും കടന്ന് അത്രമേൽ അതിക്രമിച്ചു നിൽക്കുന്ന ഈ നവലിബറൽക്കാലത്ത് വീണ്ടും ഇത്തരം തീവ്ര ഫാസിസ്റ്റ് ശക്തികൾ ലോകത്തെ പല രാജ്യങ്ങളിലും ഉയർന്നുവരുന്നതും ഭരണത്തിലേറുന്നതുമാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. നവലിബറൽ മുതലാളിത്തത്തിന്റെ പ്രതിസന്ധിയെ മറികടക്കാൻ ഇത്തരം തീവ്രവാസിസ്റ്റ് ആശയങ്ങൾ ബോധപൂർവ്വം സമൂഹത്തിലും ഭരണസംവിധാനത്തിലും കടത്തിവിട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്. അതിന്റെ ഒരുദാഹരണമാണ് ഇന്ത്യയിലെ ബിജെപി ഗവൺമെന്റ്.

ദശകങ്ങൾനീണ്ട രാഷ്ട്രീയ പ്രതിസന്ധിയും കോവിഡ് മഹാമാരി സൃഷ്ടിച്ച തകർച്ചയും മുതലെടുത്തുകൊണ്ട് 2022 സെപ്റ്റംബറിലാണ് ഇറ്റലിയിൽ ജോർജിയ മെലോണി എന്ന തീവ്ര വലതുപക്ഷവാദി അധികാരത്തിൽ വരുന്നത്. ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന മെലോണിയുടെ പാർട്ടി പിന്തുടരുന്നത് ഒരുകാലത്ത് ഇറ്റലിയിലെ ജനങ്ങൾ ഒന്നാകെനിന്ന് തുടച്ചുനീക്കിയ മുസോളിനിയുടെ ഫാസിസ്റ്റ് ആശയങ്ങളെയാണ്. യാഥാസ്ഥിതികത്വവും തീവ്രദേശീയതയും കുടിയേറ്റവിരുദ്ധതയും സ്ത്രീവിരുദ്ധതയുമടക്കമുള്ള എല്ലാവിധ പിന്തിരിപ്പൻ ആശയങ്ങളും മെലോനിയുടെ ഗവൺമെന്റ് രാജ്യത്ത് നടപ്പാക്കിവരുന്ന ഘട്ടത്തിലാണ് ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പുരോഗമന ശക്തികളൊന്നാകെ ചരിത്രത്തെ വീണ്ടെടുക്കുന്നത്.

Potera al Popolo (അധികാരം ജനങ്ങൾക്ക്) ഏപ്രിൽ 25 ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയും ഇങ്ങനെ പറയുന്നു, “പാർട്ടിക്കാർ പൊരുതിയത് ഒരു സ്വതന്ത്ര രാജ്യത്തിനു വേണ്ടിയാണ്: സ്വേച്ഛാധിപത്യത്തിന്റെ ഭീകരതയിൽ നിന്നും സ്വതന്ത്രമായ, ദശലക്ഷകണക്കിന് സ്ത്രീകളെയും പുരുഷന്മാരെയും ഉന്മൂലനം ചെയ്യുന്ന വംശീയ സിദ്ധാന്തങ്ങളിൽനിന്നും മുക്തമായ, ലക്ഷക്കണക്കിന് പുരുഷന്മാരെ കൊന്നൊടുക്കുകയും രണ്ട് ലോകയുദ്ധങ്ങളിലായി ലക്ഷക്കണക്കിന് ജീവിതങ്ങൾ നശിപ്പിക്കുകയും ചെയ്ത ലോക അധികാര ശക്തികളുടെ നുകത്തിൽനിന്നും സ്വതന്ത്രമായ, ഫാസിസ്റ്റ് ആധിപത്യത്തിന് കീഴിൽ നടത്തുന്ന ചൂഷണത്തിൽനിന്നും സ്വേച്ഛാധിപത്യത്തിൽനിന്നും മുക്തമായ ഒരു സ്വതന്ത്ര രാജ്യത്തിനു വേണ്ടിയാണ് അവർ പോരാടിയത്. അവരുയർത്തിയ ആ ചെറുത്തുനിൽപ്പിന്റെ മൂല്യങ്ങൾ വീണ്ടും ഓർമ്മിച്ചടുക്കേണ്ടത് ഏറെ അനിവാര്യമായിരിക്കുന്ന കാലമാണിത്. റിപ്പബ്ലിക്കൻ ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും തീവ്രവലതുപക്ഷ സ്വഭാവം പുലർത്തുന്ന മെലോണി ഗവൺമെന്റിനെതിരായും Potera al Popolo പ്രസ്താവനയിൽ ശബ്ദമുയർത്തുന്നു. തൊഴിലാളികൾക്കും അവരുടെ കൂലിക്കുംനേരെ കടുത്ത കടന്നാക്രമണം നടത്തുന്ന, വംശീയതയെ പ്രോത്സാഹിപ്പിക്കുകയും കുടിയേറുന്ന മനുഷ്യരോട് വിവേചനം പുലർത്തുകയും അവരുടെ പ്രത്യേക സംരക്ഷണം ഇല്ലാതാക്കുകയും ചെയ്യുന്ന, ലിബിയയിലെ കോൺസെൻട്രേഷൻ ക്യാമ്പുകൾക്ക് പണമിറക്കുന്ന, അഭയാർത്ഥികൾക്കും ആലംബഹീനർക്കും നേരെ യുദ്ധം പ്രഖ്യാപിക്കുന്ന, സ്ത്രീകളുടെ അവകാശങ്ങൾക്കും എൽജിബിടിക്യു+ സമൂഹത്തിനുമെതിരായ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ പിന്തിരിപ്പൻ ആശയം മുന്നോട്ടുവയ്ക്കുന്ന, ഉക്രൈനിലെ യുദ്ധത്തിന് പണം മുടക്കുന്ന, സൈനിക കാര്യങ്ങൾക്ക് കൂടുതൽ ചെലവഴിക്കൽ നടത്തുന്ന, മനുഷ്യരാശിയെയും ഭൂമിയെയുമാകെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വൻകിട കമ്പനികളും ബഹുരാഷ്ട്ര കുത്തകകളും മുന്നോട്ടുവയ്ക്കുന്ന ഇരപിടിയൻ നയങ്ങളെ കൂടുതൽ ശക്തമായി പിന്തുടരുന്ന മെലോണി ഗവൺമെന്റിനെതിരായ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.

ഇറ്റലിയിലും യൂറോപ്പിലാകെയുമുള്ള ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായ തകർച്ചയെ നേരിടുന്നതിനുവേണ്ടി എന്ന പേരിൽ നടപ്പിലാക്കുന്ന ചെലവുചുരുക്കൽ നയവും നവലിബറൽ ഗവൺമെന്റുകൾ ഈ രാജ്യങ്ങളിൽ നടത്തുന്ന യൂറോപ്യൻ യൂണിയന്റെ സാമൂഹിക സാമ്പത്തിക നയങ്ങളും വലിയ പ്രതിസന്ധിയിലാണ്, യൂറോപ്യൻ രാജ്യങ്ങളെ കൊണ്ടെത്തിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ ഉയർന്നുവന്ന ജനരോഷത്തെ മുതലെടുത്തുകൊണ്ട് കടുത്ത തീവ്ര വലതുപക്ഷ വിഭാഗങ്ങൾ അധികാരത്തിൽ വന്നതും, വംശീയതയും തീവ്രദേശീയതയും പോലെയുള്ള വിനാശകരമായ നയങ്ങൾ അവ പിന്തുടരുന്നതും എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമായിരിക്കുന്നു. ബ്രിട്ടനും ഫ്രാൻസുമടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെല്ലാംതന്നെ വലിയ രീതിയിലുള്ള ജനകീയ സമരങ്ങളും ചെറുത്തുനിൽപ്പുകളും ഉയർന്നുവന്നു കൊണ്ടിരിക്കുകയാണ്. ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റു തൊഴിലാളി വർഗ്ഗ സംഘടനകളും രാജ്യത്ത്‌ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ അഭയാർത്ഥി വിരുദ്ധ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് ഉയർത്തിക്കൊണ്ടുവരുന്നത്. രാജ്യത്ത് അധികാരത്തിലിരിക്കുന്ന കൂട്ടുമുന്നണി നടപ്പാക്കുന്ന തീവ്ര സാമ്രാജ്യാനുകൂല നയങ്ങളെയും പ്രത്യയശാസ്ത്രത്തെയും ഇക്കൂട്ടർ വലിയ രീതിയിൽ എതിർക്കുന്നു. എന്നിരുന്നാലും, നിലവിൽ ഇറ്റാലിയൻ പാർലമെന്റിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രാതിനിധ്യമില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് റീ ഫൗണ്ടേഷൻ പാർട്ടി നേതാവും പീപ്പിൾസ് യൂണിയൻ നേതാവുമായ മൗറീഷ്യൻ അസർബോ, വിമോചന ദിനത്തിന്റെ പരേഡിന് തൊട്ടുമുൻപ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞത്, മെലോണിയും അദ്ദേഹത്തിന്റെ ഒപ്പമുള്ള വലതുപക്ഷ ഗ്രൂപ്പുകളും ഹിറ്റ്ലറോടും മുസോളിനിയോടും കൂട്ടുകൂടിയ വഞ്ചകരുടെ പിന്തുടർച്ചക്കാരാണ് എന്നും അതുകൊണ്ടുതന്നെ ഇറ്റലിയിലെ തൊഴിലാളിവർഗ്ഗ പാർട്ടിക്കാർ നയിച്ച ചെറുത്തുനിൽപ്പിന്റെ ഫലമായ വിമോചനത്തെ ഉയർത്തിക്കാട്ടുവാനുള്ള അവകാശം അവർക്ക് ഒട്ടുംതന്നെ ഇല്ല എന്നുമാണ്.

Sourceറോസ
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + three =

Most Popular