Thursday, November 21, 2024

ad

Homeരാജ്യങ്ങളിലൂടെവെള്ള വംശീയാതിക്രമങ്ങൾക്കെതിരെ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി

വെള്ള വംശീയാതിക്രമങ്ങൾക്കെതിരെ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി

ടിനു ജോർജ്‌

മേരിക്കയിൽ അതിരൂക്ഷമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വെള്ള വംശീയതയ്ക്കെതിരായി അമേരിക്കൻ കമ്യുണിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഫ്രിക്കൻ അമേരിക്കൻ ഇക്വാലിറ്റി കമ്മീഷനും പ്രസ്താവന ഇറക്കുകയുണ്ടായി. കറുത്ത വർഗ്ഗക്കാർക്കും മെക്സിക്കനോ ചിക്കനോ വിഭാഗത്തിലും പെട്ടവർക്കുമെതിരായും അമേരിക്കയിലെ ഭരണകൂടവും പോലീസും വെള്ള വംശീയവാദികളും നടത്തുന്ന അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചുവരികയാണ്. ഏപ്രിൽ 13ന് സഹോദരങ്ങളെ വിളിച്ചുകൊണ്ടുവരുവാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ 16 വയസ്സുകാരനായ കറുത്ത വർഗ്ഗക്കാരൻ റാൾഫ് യാർൽ വീടുമാറി മറ്റൊരു വീട്ടിൽ കയറി കോളിംഗ് ബെൽ അടിച്ചു. തുടർന്ന് 85കാരനായ വീട്ടുടമസ്ഥൻ വാതിൽ തുറന്നപാടെ 16 വയസ്സുള്ള ആ കുട്ടിക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് നിലത്തുവീണ റാൾഫിന്റെ നേർക്ക് ഒരു തവണകൂടി അയാൾ വെടിയുതിർത്തു. അവിടെനിന്ന് എണീറ്റ് ഓടിയ ആ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഭാഗ്യവശാൽ മരണം സംഭവിച്ചില്ല. കറുത്ത വർഗ്ഗത്തിൽപ്പെട്ടവർക്ക് നേരെ നടത്തുന്ന രൂക്ഷമായ ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് റാൾഫ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി പോലീസും വംശീയ ഭ്രാന്തന്മാരും ഭരണസംവിധാനത്തിന്റെ പിന്തുണയോടു കൂടി നടത്തുന്ന കടുത്ത വംശീയാതിക്രമങ്ങളെ അപലപിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത് .

അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും നടപ്പിലാക്കിവരുന്ന സ്റ്റാൻഡ് യുവർ ഗ്രൗണ്ട് എന്ന നിയമത്തെയും (stand your ground laws) കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി എതിർക്കുന്നു. കറുത്ത മനുഷ്യരെ നിഷ്കരണം കൊന്നൊടുക്കുന്ന വെള്ള വംശീയവാദികളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ നിയമം അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെടുന്നു. തന്റെ ജീവൻ അപകടത്തിൽ ആണെന്ന് ഒരാൾക്ക് തോന്നിയാൽ അയാൾക്ക് ആയുധങ്ങൾ (തോക്ക്°) ഉപയോഗിച്ച് എതിരെ നിൽക്കുന്നവനെ നിഷ്ക്കരണം കൊന്നുതള്ളാം എന്നതാണ് ഈ നിയമം മുന്നോട്ടുവയ്ക്കുന്ന പ്രൊവിഷൻ. 2012 ൽ ഫ്ലോറിഡയിലെ ട്രെയ്വോൻ മാർട്ടിനെ ഇതുപോലെ വെടിവെച്ചുകൊന്ന ജോർജ് സിമ്മർമാനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ ഉപയോഗിച്ചത് ഈ നിയമമാണ്. അടുത്ത കാലത്ത് 2020ൽ തെരുവിൽ പ്രതിഷേധിച്ച പ്രക്ഷോഭകാരികൾക്കുനേരെ വെടിയുതിർക്കുകയും രണ്ടുപേരെ കൊല്ലുകയും മറ്റുള്ളവർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത കൈൽ റിട്ടൻഹൗസിനെ നിയമത്തിന്റെ പരിധിയിൽനിന്ന് രക്ഷപ്പെടുത്താനും ഉപയോഗിച്ചത് ഈ ജനവിരുദ്ധ മനുഷ്യത്വ വിരുദ്ധ നിയമംതന്നെ. അമേരിക്കയിൽ റിപ്പബ്ലിക്കന്മാർ ഈ നിയമത്തെ പൂർണ്ണമായി പിന്തുണയ്ക്കുമ്പോൾ ഡെമോക്രാറ്റുകൾ ഇതിനെ വലിയ രീതിയിൽ എതിർക്കുന്നുമുണ്ട്. 2022ൽ നടന്ന ഒരു പഠനത്തിൽ കാണിക്കുന്നത്, മിസോറി സംസ്ഥാനത്തിൽ ‘സ്റ്റാൻഡ് യുവർ ഗ്രൗണ്ട്’ നിയമം നടപ്പാക്കിയ തോടുകൂടി നരഹത്യകൾ വൻതോതിൽ വർദ്ധിച്ചു എന്നാണ്. മിസോറി, അലബാമ ഫ്ലോറിഡ, ജോർജിയ തുടങ്ങി ‘സ്റ്റാൻഡ് യുവർ ഗ്രൗണ്ട്’ നിയമം നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെല്ലാംതന്നെ തോക്കുകൊണ്ടുള്ള നരഹത്യകൾ 16.2ശതമാനത്തിൽ നിന്ന് 33.5 ശതമാനമായി വർധിച്ചിരിക്കുന്നു എന്നാണ്. മനുഷ്യൻ മനുഷ്യനെ യാതൊരു കാരണവുമില്ലാതെ നിറത്തിന്റെയും സമ്പത്തിന്റെയും മറ്റ് സാമൂഹ്യ പദവിയുടെയും പേരിൽ കൊന്നൊടുക്കുന്ന വംശീയാശയങ്ങൾ മുതലാളിത്തത്തിന്റെ ശക്തികേന്ദ്രമായ അമേരിക്കയിൽ അനുദിനം കൂടുതൽ കൂടുതൽ പ്രബലമായിക്കൊണ്ടിരിക്കുകയാണ്. കറുത്ത വർഗ്ഗക്കാരും അധകൃത വിഭാഗങ്ങളും വൻതോതിലുള്ള മനുഷ്യത്വ വിരുദ്ധതയ്ക്കും ജനാധിപത്യവിരുദ്ധതയ്ക്കുമാണ് ഇരയാക്കപ്പെടുന്നത്. ഇത്തരത്തിലുള്ള പാവപ്പെട്ട മനുഷ്യരുടെ ജീവന് അമേരിക്കയിലെ ഭരണകൂടവും പോലീസ് സംവിധാനങ്ങളും വംശീയവാദികളും യാതൊരുവിധ വിലയും കൽപ്പിക്കുന്നില്ല. മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുന്ന, പാവപ്പെട്ടവന്റെ ജീവന് വിലയില്ലാത്ത തോക്ക് സംസ്കാരം അവസാനിപ്പിക്കണമെങ്കിൽ വെള്ള വംശീയതയ്ക്കും അതിന് നിയമപരീക്ഷയേകുന്ന ‘സ്റ്റാൻഡ് ഇൻ ഗ്രൗണ്ട്’ നിയമത്തിനും അറുതി വരുത്തണമെന്നാണ് അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെടുന്നത്.

അതുകൊണ്ടുതന്നെ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഫ്രിക്കൻ അമേരിക്കൻ ഇക്വാളിറ്റി കമ്മീഷൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “തൊലിയുടെ നിറമോ പൗരത്വ പദവിയോ കണക്കാക്കാതെ കറുത്തവനും തവിട്ടുനിറക്കാരനും ഏഷ്യൻ ജനതയും സ്ത്രീകളും കുടിയേറ്റക്കാരും നമ്മുടെ സമൂഹങ്ങളിൽ സുരക്ഷിതരായിരിക്കണം. ഇനിയും വെള്ള വംശിയാധിപത്യമുള്ള രാജ്യമായി അമേരിക്കയ്ക്ക് തുടരാൻ ആവുകയില്ല. മുതലാളിത്തത്തിന്റെ നെടുംകോട്ടയിൽ മനുഷ്യത്വം നിഷ്ക്കരുണം നിഷേധിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ് കറുത്തവരും തവിട്ടുനിറക്കാരുമായ ചെറുപ്പക്കാർ ഇങ്ങനെ കൊല്ലപ്പെടുന്നത്. നമ്മുടെ സമൂഹങ്ങളിൽ പൊലീസ് നടത്തുന്ന തേർവാഴ്ചയെ നിയന്ത്രിക്കുകയും അതിനെതിരെ സംഘടിക്കുകയും ചെയ്യാം. ഈ അരുംകൊലകൾക്ക് അവസാനം കുറിക്കുകയും ചെയ്യാം. പോലീസിനെ സാമൂഹികമായി നിയന്ത്രിക്കാനുള്ള ഈ സമരത്തിൽ പങ്കെടുക്കുന്നതിന് നാഷണൽ അലയൻസ് എഗെൻസ്റ്റ് റേസിസ്റ്റ് ആൻഡ് പോലീസ് റിപ്രഷനിലും (വംശീയ പോലീസ് അടിച്ചമർത്തലിനേതിരായ ദേശീയ സഖ്യം) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എ യിലും അണിചേരുക”.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + seven =

Most Popular