ആസ്ട്രിയയിലെ സാൾസ്ബുർഗിൽ ഏപ്രിൽ 23ന് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ആസ്ട്രിയ (KPO) നയിച്ച സഖ്യത്തിന് സുപ്രധാന വിജയം കൈവരിക്കുവാൻ സാധിച്ചു. സാൾസ്ബുർഗ് സംസ്ഥാനത്തെ സാൾസ്ബുർഗ് പ്രാദേശിക സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആകെ 36 സീറ്റിൽ നാലെണ്ണത്തിലേക്കാണ് ആസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച മുന്നണി വിജയിച്ചിരിക്കുന്നത്. മൊത്തം വോട്ടുകളിൽ 11.7 ശതമാനം വോട്ടും കെപിഒയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ലഭിച്ചു. 1949 നു ശേഷം ഇതാദ്യമായാണ് ലാൻഡ്താഗിലേക്ക് ആസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുക്കപ്പെടുന്നത് . Perspective Communisteയുടെ കണക്കുപ്രകാരം കെപിഒ രണ്ടാമത്തെ വലിയ പാർട്ടിയായി മാറിയിരിക്കുന്നു; 21.8 ശതമാനം വോട്ടും നേടിയിരിക്കുന്നു. അതേസമയം ഭരണപക്ഷം ആയിരുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റ് – ഗ്രീൻ – ലിബറൽ സഖ്യത്തിന് തിരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള തിരിച്ചടിയാണ് നേരിടേണ്ടി വന്നിട്ടുള്ളത്.ആസ്ട്രിയൻ പീപ്പിൾസ് പാർട്ടിയും(OVP) ഗ്രീൻ പാർട്ടിയും യഥാക്രമം 12ഉം 3ഉം സീറ്റുകൾ ഉറപ്പിച്ചപ്പോൾ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ആസ്ട്രിയ(SPO) 7 സീറ്റും വലതുപക്ഷ പോപ്പുലിസ്റ്റുകളായ ഫ്രീഡം പാർട്ടി ഓഫ് ആസ്ട്രിയക്ക് (FPO) 10 സീറ്റുമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. മൊത്തത്തിൽ പറഞ്ഞാൽ ഭരണപക്ഷ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു. ഒവിപിയിലേക്കാണ് (OVP) എല്ലാവരുടെയും കണ്ണുകൾ. എസ് പി ഓ യോടൊപ്പം നിൽക്കണമോ എഫ്പിഒയോടൊപ്പം നിൽക്കണമോ എന്ന ഒവിപിയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും പുതിയ ഭരണസഖ്യം രൂപപ്പെടുക.
ഫലപ്രഖ്യാപനത്തെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രിയയുടെ സാൾസ്‌ബുർഗ് കമ്മിറ്റി ഞായറാഴ്ച നടത്തിയ പ്രഖ്യാപനത്തെ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു, “ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം ജനങ്ങൾക്ക് വീണ്ടും വ്യത്യസ്തവും സത്യസന്ധവുമായ ഒരു നയം ആവശ്യമായി വന്നിരിക്കുന്നു എന്നതിന്റെ ശക്തമായ സൂചനയാണ്. അനിയന്ത്രിതമായി ഉയർന്നുകൊണ്ടിരിക്കുന്ന ഹൗസിങ് ചെലവുകളെയും ഊർജ്ജോല്പന്നങ്ങളുടെ വിലയേയും എല്ലാം അഭിസംബോധന ചെയ്യുവാൻ തയ്യാറാവുന്ന ഒരു നയം, ഒരു കുട്ടി പോലും ദാരിദ്ര്യത്തിന് കീഴിൽ ജീവിക്കുകയില്ല എന്നുറപ്പാക്കുന്ന ഒരു നയം ജനങ്ങൾക്ക് ആവശ്യമായി വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് ഫലം നിക്ഷിപ്‌ത താൽപര്യക്കാരായ പാർട്ടികൾക്ക് ഒരു താക്കീതാണ്.
ഓരോരോ യകാരണങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനുപകരം പ്രശ്നങ്ങളെയും വെല്ലുവിളികളെയും അവർ കൂടുതൽ ഗൗരവതരമായി കാണണം.
സൽസ് ബർഗിലെ ഈ തിരഞ്ഞെടുപ്പുകൾ നടന്നത് വർധിച്ചുവരുന്ന നാണയപെരുപ്പത്തിന്റെയും ഹൗസിംഗ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ആസ്ട്രിയയിലെ ശരാശരി നാണയപ്പെരുപ്പം 10.43% ആണ്. അതേസമയം പാർപ്പിടത്തിന്റെ വാടകയുടെ വർധനവ് 2023 ഫെബ്രുവരിയിൽ 6.4 ശതമാനംകണ്ട് വർധിച്ചു. ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് കഴിയാത്ത പ്രാദേശിക ഫെഡറൽ ഗവൺമെന്റുകൾക്കെതിരെ കമ്മ്യൂണിസ്റ്റുകാരും മറ്റു തൊഴിലാളി വർഗ്ഗ വിഭാഗങ്ങളും രാജ്യത്താകെ ശക്തമായ ക്യാമ്പയിനുകളും പ്രതിഷേധങ്ങളും നടത്തുകയുണ്ടായി. ഉക്രൈനിൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധവും യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കുമേൽ ചുമത്തിയ എണ്ണ ഉപരോധവും ആസ്ട്രിയയിലെ ജീവിത ചെലവ് വൻതോതിൽ വർധിപ്പിച്ചതും പ്രതിസന്ധിക്ക് കാരണമായി. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെപ്പോലെ ഉക്രൈനിന് ഏതെങ്കിലും വിധത്തിലുള്ള സുപ്രധാനമായ സൈനിക സഹായം നൽകുവാൻ ആസ്ട്രിയ തയ്യാറായിട്ടില്ല എങ്കിലും, മനുഷ്യത്വപരമായ പിന്തുണയും ഉക്രൈനിലെ കുഴിബോംബുകൾ നീക്കംചെയ്യുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതും രാജ്യത്തെ ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ അസംതൃപ്തിക്ക് കാരണമാണ്.
2021 സെപ്റ്റംബറിൽ രാജ്യത്ത് നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ സ്റ്റൈലിയ സംസ്ഥാനത്തിന്റെ തലസ്ഥാനവും രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമായ കൗൺസിലിനെ സിറ്റി കൗൺസിലിൽ ആസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ കക്ഷിയായി 28.9 ശതമാനം വോട്ടും 15 സീറ്റുകളും ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേടാനായി ഗ്രാസിലെ ആദ്യത്തെ വനിതാ മേയർ ആയി കെപിഓയിലെ കഹർ തിരഞ്ഞെടുക്കപ്പെട്ടു ഓസ്ട്രേലിയയുടെ ഒരു പ്രാദേശിക തലസ്ഥാനത്തിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റുമാണ് എൽകെ ഗ്രാസിലെ 17 ജില്ലാ കൗൺസിലുകളിൽ ഏഴ് എണ്ണത്തിലും കെപിഒ ഭൂരിപക്ഷം നേടി. 2017ൽ രാജ്യത്താകെ ആസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ 35 ആയിരുന്നെങ്കിൽ ഇപ്പോഴത് 52 പേരാണ്. 2019ൽ നടന്ന സ്റ്റൈരിയ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഓസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മൊത്തം വോട്ടുകളിൽ 6.2ശതമാനം വോട്ടും മൂന്നു സീറ്റും നേടാനായി. ഇത്തരത്തിൽ ആസ്ട്രിയയിലാകെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ചെറുതെങ്കിലും പ്രത്യാശയുണർത്തുന്ന മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാൾസ്ബുർഗിലെ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ വിജയം കൈവരിക്കുകയും ഗണ്യമായ വോട്ടിംഗ് ശതമാനം നേടാൻ കഴിയുകയും ചെയ്തതോടുകൂടി അടുത്തവർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ നാഷണൽ കൗൺസിലിലേക്ക് പ്രവേശിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആസ്ട്രിയയിലെ കമ്മ്യൂണിസ്റ്റുകാർ.
“ഇന്ന് നമ്മൾ അതിയായ സന്തോഷത്തിലാണ്; എന്നാൽ നാളെ മുതൽ അടുത്ത, കൂടുതൽ വലിയ വെല്ലുവിളിക്ക് തുടക്കംകുറിക്കുകയാണ്. താങ്ങാൻകഴിയുന്ന വാടക, നല്ല സംരക്ഷണം, ഫലപ്രദമായ വിദ്യാഭ്യാസ സംവിധാനം തുടങ്ങിയുള്ള ഒന്നുംതന്നെ മുന്നോട്ടുവെക്കുന്ന നയം നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഭൂരിപക്ഷം ഇപ്പോഴും നമുക്കില്ല. ഈ ഭൂരിപക്ഷം സാധ്യമാക്കുക എന്നത് വരാനിരിക്കുന്ന വർഷങ്ങളിലെ നമ്മുടെ കടമയാണ്. അതുകൊണ്ടുതന്നെ, അതിയായ ആത്മവിശ്വാസമോ വിശ്രമമോ പാടില്ല; കാരണം ഇത് ജനങ്ങളുടെ ജീവിതം ദിനംപ്രതി ദുഷ്കരമാക്കുന്ന യഥാർത്ഥ പ്രശ്നങ്ങളാണ്” – ആസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസ്താവന ഇപ്രകാരം കുറിക്കുന്നു. ♦