Saturday, April 27, 2024

ad

Homeജൻഡർനിർമിത ബുദ്ധിയും ലിംഗനീതിയും

നിർമിത ബുദ്ധിയും ലിംഗനീതിയും

ആർ പാർവതി ദേവി

ചാറ്റ് ജിപിടി ഉൾപ്പടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ വിസ്ഫോടനം സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ ഉയരുന്ന ഒരു പ്രധാന ചോദ്യമാണ് നിർമിതബുദ്ധിക്ക് നീതിബോധം ഉണ്ടാകുമോ എന്നത്? ഇതുസംബന്ധിച്ച് സാമൂഹ്യശാസ്ത്രജ്ഞരും സമത്വബോധമുള്ള ഡിജിറ്റൽ സാങ്കേതികവിദ്യാവിദഗ്ധരും ആഴത്തിൽ പരിശോധിക്കുന്നുണ്ട്. ഈ പരിശോധനയുടെ ഒരു പ്രധാന ഭാഗമാണ്‌ ലിംഗനീതിയെക്കുറിച്ചുള്ളത്. ഇക്കാര്യത്തിൽ അത്രതന്നെ ശുഭകരമാവില്ല നിലവിലെ സ്ഥിതി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാരണം നിർമിതബുദ്ധിയുടെ അടിസ്ഥാനം അൽഗോരിതം ആണ്. അൽഗോരിതമാകട്ടെ ഡാറ്റയെ ആശ്രയിക്കുന്നു. ഡാറ്റയോ? മനുഷ്യനിർമിതവും . അങ്ങനെയാകുമ്പോൾ മനുഷ്യന്റെ സ്വതഃസിദ്ധവും ആർജിതവുമായ മുൻവിധികൾ ഡാറ്റയെ ബാധിക്കാതെ വയ്യ. അത് നിർമിതബുദ്ധിയുടെ വിലയിരുത്തലുകളെയും അനിവാര്യമായും ബാധിക്കുന്നു. നിലവിലുള്ള ചൂഷണാധിഷ്ഠിത, അസമമായ സമൂഹത്തിൽനിന്നും ഉരുത്തിരിയുന്ന ഡാറ്റയെ ആശ്രയിക്കുന്ന അൽഗോരിതത്തിനു മുൻവിധികളെ മറികടക്കാനുള്ള ‘അസാമാന്യ ബുദ്ധി’ തത്കാലം ഇല്ല.

മാത്രമല്ല, ഡോ മുനീറ ബാനോ എന്ന ഐടി വിദഗ്‌ധ പറയുന്നത് അൽഗോരിതം മുൻവിധികൾ തിരുത്തിയില്ലെങ്കിൽ അതിന്റെ കംപ്യൂട്ടേഷണൽ ശക്തി ഉപയോഗിച്ച് മുൻവിധികളെ ആവർത്തിക്കുക മാത്രമല്ല, പർവ്വതീകരിക്കുക കൂടി ചെയ്യും എന്നാണ്. ഡാറ്റയിൽ സ്ത്രീവിരുദ്ധത ഉണ്ടെങ്കിൽ അത് പ്രദർശിപ്പിക്കപ്പെടുക തന്നെ ചെയ്യും.

നിർമിതബുദ്ധിയുടെ തൊഴിൽസേന പുരുഷമേധാവിത്വപരമാണ്. മെഷീൻ ലേണിംഗ് കമ്പനികളിൽ 20% മാത്രമാണ് സ്ത്രീകൾ. യുനെസ്‌കോ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം നിർമിത ബുദ്ധിയിൽ ഗവേഷണം ചെയ്യുന്നവരിൽ 12% ആണ് സ്ത്രീകൾ . നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സോഫ്‌റ്റ്‍വെയർ വികസിപ്പിക്കുന്നവരിൽ ആകട്ടെ സ്ത്രീകൾ 6% മാത്രവും. ഇത് സ്ത്രീവിരുദ്ധ മുൻവിധികൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

ഗ്രോമിൻഗെൻ സർവകലാശാലയിലെ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് ആൻഡ് സൊസൈറ്റി പ്രൊഫസ്സറായ മാൽവിന നിസിം നിർമിത ബുദ്ധിയുടെ മുൻവിധികൾ സംബന്ധമായ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.

ഭാഷാ സാങ്കേതികവിദ്യ അത്ഭുതകരമായ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഓട്ടോ കറക്ഷൻ, ഗൂഗിൾ ട്രാൻസ്ലേറ്റ്, സിരി, അലക്സ തുടങ്ങിയവയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നമ്പർ ഡയൽ ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ട് സിരിയോടും അലക്സയോടും നമ്മൾ വീട്ടിലേക്ക് വിളിക്കാനും ഫാൻ ഓൺ ചെയ്യാനും കെപിഎസിയുടെ നാടകഗാനം കേൾപ്പിക്കാനും ആവശ്യപ്പെടുന്നു. ആജ്ഞാനുവർത്തികളായ ഈ ശബ്ദങ്ങൾ എല്ലാം സ്ത്രീകളുടെ ആണെന്നും അതിൽ തന്നെ സ്ത്രീ സേവികയാണെന്ന വാർപ്പുമാതൃക ആവർത്തിക്കുകയാണെന്നും ആരോപണം സ്ത്രീവാദ ചിന്തകരും പ്രവർത്തകരും ഉന്നയിക്കാറുണ്ട്.

അതിനപ്പുറത്ത് സ്ത്രീവിരുദ്ധത പലപ്പോഴും വ്യക്തമാകുന്നുവെന്ന് ഉദാഹരണങ്ങൾ നിരത്തി പ്രൊഫ നിസിം സ്ഥാപിക്കുന്നു. ക്രെയോൺ എഐ എന്ന നിർമിത ബുദ്ധി പ്രോഗ്രാമിനോട് കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിൽ പ്രൊഫസറായ കണ്ണട വച്ച, തവിട്ടു നിറത്തിലെ ചുരുണ്ടമുടിയുള്ള വ്യക്തി എന്ന തരത്തിൽ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ നിസീമിന്റെ ഛായയിൽ ഒൻപത് വ്യത്യസ്ത പടങ്ങൾ വരച്ചു കിട്ടി. എന്നാൽ ഒമ്പത് പടവും വെളുത്ത നിറക്കാരനായ കണ്ണട വച്ച നീണ്ടചുരുണ്ട തവിട്ടു നിറമുള്ള മുടിയുള്ള പുരുഷന്റേത് ആയിരുന്നു.

നിങ്ങൾ നഴ്‌സ് എന്ന് പറയുമ്പോൾ സ്ത്രീ ആയും പുരുഷൻ എന്ന് പറഞ്ഞാൽ പുരുഷനായും ആണ് നിർമിത ബുദ്ധി കണക്കാക്കുക.

ഒരു പരീക്ഷണത്തിൽ മുഖം തിരിച്ചറിയുന്ന നിർമിതബുദ്ധിക്ക് 80% നഴ്സുമാരും സ്ത്രീകളാണ്. അതേസമയം സിഇഒമാരുടെ കാര്യത്തിൽ സ്ത്രീകൾ 10% അല്ലെങ്കിൽ 11% മാത്രം. അമേരിക്കയിൽ ആണ് ഈ പഠനം നടന്നത്. വാസ്തവത്തിൽ അമേരിക്കയിൽ 27% സിഇഒ മാർ സ്ത്രീകളാണ്.

മുനീറ ബാനോ മറ്റൊരു ഉദാഹരണം നൽകുന്നു. ഫാർസി, തുർക്കി ഭാഷകളിൽ ലിംഗവ്യത്യാസം ഇല്ലാതെ “(ഒരു വ്യക്തി) പാചകം ചെയ്യുന്നു’ “(ഒരു വ്യക്തി) പ്രസിഡന്റ്‌ ആണ്’ എന്നു പറയാൻ കഴിയും. അത് ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് തർജമ ചെയ്താൽ (ലിംഗ പദവി സൂചിപ്പിച്ചുകൊണ്ട്) അവൾ പാചകം ചെയ്യുന്നു’ “അയാൾ (he ) പ്രസിഡന്റ്’ എന്നായിരിക്കും തർജമ. യാഥാർഥ്യം ചിലപ്പോൾ മറിച്ചാകാം. എത്രയോ പുരുഷന്മാർ പാചകം ചെയ്യുന്നുണ്ട്. പല പ്രസിഡന്റുമാരും സ്ത്രീകളും ആണ്. ഇതേക്കുറിച്ച് അനു മഡ്‌ഗാവ്‌കാർ പറയുന്നത്, യഥാർത്ഥ ലോകം പോലും അല്ല ഇവിടെ പ്രതിഫലിപ്പിക്കപ്പെടുന്നത്, മറിച്ച്, യാഥാർഥ്യത്തെക്കുറിച്ചുള്ള മനുഷ്യരുടെ ധാരണയാണ് വെളിപ്പെടുന്നത് എന്നാണ്.

നിർമിതബുദ്ധിക്ക് ഭേദചിന്ത ഇല്ല എന്നും കൂടുതൽ സമത്വസുന്ദര ലോകമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക എന്നതും കെട്ടുകഥയാണെന്നാണ് സാങ്കേതികവിദ്യയുടെ സാമൂഹ്യവശം പരിശോധിക്കുന്ന വിദഗ്ദ്ധർ പറയുന്നത്. നിയമനം, നീതിന്യായ വ്യവസ്ഥ, ആരോഗ്യം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിൽ നിർമിതബുദ്ധി പ്രകടിപ്പിക്കുന്ന മുൻവിധികൾ, (ലിംഗപരം മാത്രമല്ല, വംശീയവും മതപരവും, വർണപരവുമായവ ഉൾപ്പടെ) അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

ഈ പ്രശ്നങ്ങളൊന്നും സാങ്കേതികവിദ്യയുടെ കുറ്റമല്ല, സമൂഹത്തിലെ ആധിപത്യം ചെലുത്തുന്ന മൂല്യവ്യവസ്ഥക്കു നേരെ പിടിക്കുന്ന കണ്ണാടിയായി നിർമിതബുദ്ധിയെ കാണാം. ഒരർത്ഥത്തിൽ അത് ഗുണകരവുമാണ്. എന്താണ് ആധിപത്യം ചെലുത്തുന്നതെന്ന് നിർമിതബുദ്ധി കാട്ടിത്തരുന്നു. മുൻപ് ഒരു പറച്ചിൽ ഉണ്ട് ‘ചരിത്രം വിജയികൾ എഴുതുന്നു’ എന്ന്. എന്നാൽ ഇന്ന് പറയുന്നത് ചരിത്രം എഴുതുന്നത് കീ ബോർഡ് കൈവശം ഉള്ളവരാണ് എന്നാണ്. അങ്ങനെ നോക്കുമ്പോൾ ലിംഗപരമായ വിടവ് ഡിജിറ്റൽ മേഖലയിൽ ശക്തമാണ് എന്ന് വ്യക്തമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള അവികസിത, വികസ്വര രാജ്യങ്ങളിൽ നിർമിത ബുദ്ധി ഈ വിടവ് വർധിപ്പിക്കുകയേ ഉള്ളൂ.

ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയിൽ കൂടുതൽ നീതിപൂർവകമായ ഡിജിറ്റൽ സാങ്കേതികവിദ്യക്കായി ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്നാണ് സാമൂഹ്യ ചിന്തകർ ഓർമിപ്പിക്കുന്നത്. യുനെസ്കോ 2020ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്‌ അതാണ് എടുത്തുപറയുന്നത്. ലിംഗപരമായ മുൻവിധികൾ ആഗോളതലത്തിൽ സ്ത്രീകളെ കൂടുതൽ പ്രാന്തവൽക്കരിക്കുമെന്ന് റിപ്പോർട്ട്‌ പറയുന്നു. നിർമിതബുദ്ധിയുടെ സാർവ്വലൗകികത കണക്കിലെടുക്കുമ്പോൾ ഈ മുൻവിധികൾ സ്ത്രീകളെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ പിന്തള്ളുമെന്നും യുനെസ്കോ റിപ്പോർട്ട്‌ മുന്നറിയിപ്പ് നൽകുന്നു. വളരെ സങ്കീർണമാണ് നിർമിതബുദ്ധിയുടെ സാങ്കേതികലോകമെന്നതിനാൽ ലിംഗനീതി ഉറപ്പാക്കുക അനായാസമാണെങ്കിലും അതിനുള്ള ചട്ടക്കൂട് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് യുനെസ്കോ അത്തരം ഒരു മുൻകൈ എടുത്തത്.

ഹാർവാർഡ് ബിസിനസ്സ് റിവ്യൂ, സിഎൻഎൻ ബിസിനസ്സ്, പുരോഗമന സ്വഭാവത്തെ പുലർത്തുന്ന സർവലകശാലകൾ, സാമൂഹ്യ, സാങ്കേതിക ശാസ്ത്രജ്ഞർ തുടങ്ങിവരൊക്കെ നിർമിതബുദ്ധിയുടെ മുൻവിധികളെക്കുറിച്ചും അതിൽ മാറ്റംവരുത്താനുള്ള സാധ്യതകളെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുന്നുണ്ട്. ഓട്ടോമേഷൻ, സ്ത്രീകളെ തൊഴിൽരംഗത്ത് നിന്നും പുറംതള്ളുന്ന പ്രശ്നവും ചർച്ച ചെയ്യപ്പെടുന്നുണ്ട് .

സാമൂഹ്യ അസമത്വം വർധിപ്പിക്കാൻ ഇടയുള്ള നിർമിതബുദ്ധിക്കു ചുറ്റും നിലനിൽക്കുന്ന നിയമപരമായ ശൂന്യതയും പരിഹരിക്കപ്പെടണം. നിർമിതബുദ്ധി ആഗോളമായതിനാൽ നിയന്ത്രണ സംവിധാനവും ആഗോളമാകേണ്ടിവരും.

ജനാധിപത്യ കേന്ദ്രീകൃതമായ നിർമിതബുദ്ധി എന്നത് അസാധ്യമല്ല എന്ന പ്രതീക്ഷയും ഈ മേഖലയിലെ വിദഗ്ദ്ധർ നൽകുന്നുണ്ട്. അതിനുള്ള കാഴ്ചപ്പാടും പ്രയോഗപദ്ധതിയും വേണം എന്നു മാത്രം.

അനുതാപം, ക്രിയാത്മകത, വിമർശനാത്മക ബുദ്ധി എന്നതൊന്നും യന്ത്രങ്ങൾക്കില്ല തന്നെ. അതുകൊണ്ടാണ് മനുഷ്യൻ സമം യന്ത്രം ആവില്ല ഒരിക്കലും എന്നും പറയേണ്ടി വരുന്നത് .

തൊഴിലിന്റെ അനിശ്ചിതത്വത്തിന്‌ ഇടയാക്കുന്ന നിർമിതബുദ്ധി, മുതലാളിത്തത്തിന്റെ ഉപകരണമായ നിർമിതബുദ്ധി ‘‘ഡിജിറ്റൽ വിടവ്’’ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 4 =

Most Popular