1991ൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും ഒരേസമയത്താണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർധന്യഘട്ടത്തിലാണ് ആകസ്‌മികമായി പി കെ കുഞ്ഞച്ചൻ രോഗബാധിതനായതും എല്ലാവരെയും ഞെട്ടി ച്ചുകൊണ്ട് ജൂൺ 14ന് നമ്മെ വിട്ടുപിരിഞ്ഞതും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റംഗം, കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരവെയാണ് കുഞ്ഞച്ചനെ മരണം അപഹരിച്ചത്. വിദ്യാർഥി ഫെഡറേഷനിലൂടെ പൊതുപ്രവർത്തന രംഗത്തുവന്ന കുഞ്ഞച്ചന്റെ ജീവിതം അനീതിയോടുള്ള ചെറുത്തുനിൽപ്പിന്റേതായിരുന്നു. ഏത് പ്രതികൂല സാഹചര്യത്തെയും അപാരമായ ഇച്ഛാശക്തികൊണ്ടും അപൂർവങ്ങളിലപൂർവമായ ആത്മശക്തികൊണ്ടും നേരിട്ടതിന്റെ നേരനുഭവമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
പഴയ തിരുവല്ല താലൂക്കിലെ എഴുമറ്റൂർ വില്ലേജിൽ വലിയകുന്നം എന്ന സ്ഥലത്ത് 1925 ഒക്‌ടോബറിലാണ് കുഞ്ഞച്ചന്റെ ജനനം. പിതാവ് പുളിച്ചിമാവുങ്കൽ കുമാരൻ കുഞ്ഞിര. അമ്മയുടെ പേര് മാണി. ഇ ദമ്പതികളുടെ ആറു മക്കിൽ.അഞ്ചാമനായിരുന്നു കുഞ്ഞച്ചൻ.
വീടിനു സമീപമുള്ള നോയൽ മെമ്മോറിയൽ പ്രൈമറി സ്‌കൂളിലാണ് കുഞ്ഞച്ചന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. മൂന്നും നാലും ക്ലാസുകൾ എഴുമറ്റൂർ എൻഎസ്‌എസ് സ്‌കൂളിലും തുടർന്നുള്ള മൂന്നുവർഷം തീയാടിക്കൽ എൻഎസ്‌എസ് സ്‌കൂളിലുമാണ് അദ്ദേഹം പഠിച്ചത്. കുഞ്ഞച്ചൻ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയായ സമയത്താണ് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ആവേശം നാട്ടിലാകെ പടരുന്ന സമയം. ഹരിജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെ ലഷ്യമാക്കി വിവിധ സ്‌കൂളുകിൽ.കുട്ടികൾക്ക് ഹോസ്റ്റലുകൾ സ്ഥാപിക്കപ്പെട്ടു.
അതിന്റെ ഭാഗമായി 1941‐42 സ്‌കൂൾവർഷത്തിൽ തിരുവനന്തപുരത്ത് എസ്‌എംവി സ്‌കൂളിൽ ഫോർത്ത് ഫോമിൽ കുഞ്ഞച്ചന് പ്രവേശനം ലഭിച്ചു. ജ്യേഷ്‌ഠൻ രാമനുമൊച്ചിച്ച് ഹരിജൻ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്. വല്ലപ്പോഴും വീട്ടിൽ പോകുന്നതും തിരിച്ചു സ്‌കൂളിൽ വരുന്നതും നടന്നായിരുന്നു. രണ്ടുദിവസം രാത്രിയും പകലും നടന്നായിരുന്നു അവർ എത്തിയിരുന്നത്. വീട്ടിൽനിന്നുള്ള നടത്തത്തിൽ പാളയിൽ പൊതിഞ്ഞ ചോറും കറികളുമായിരുന്നു അവർക്ക് ഊർജം നൽകിയത്.
സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ അവസാനവർഷം തടിയൂർ എൻഎംഎസ് ഹൈസ്‌കൂളിലാണ് കുഞ്ഞച്ചൻ പഠിച്ചത്. വീട്ടിൽനിന്ന് മണിക്കൂറുകൾ നടന്നാലേ സ്‌കൂളിലെത്താൻ കഴിയൂ. എങ്കിലും വീട്ടിൽ താമസിച്ച് സ്‌കൂളിൽ പോകുകയും വരുകയും ചെയ്യാം എന്ന സൗകര്യം പരിഗണിച്ചാണ് അവിടെ അദ്ദേഹം ചേർന്നത്. നല്ല മാർക്കു വാങ്ങി ഇഎസ്‌എൽസി അദ്ദേഹം പാസ്സായി. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. അച്ഛനും അമ്മയും ജ്യേഷ്‌ഠന്മാരും കൂലിപ്പണിയെടുത്ത് കിട്ടുന്ന പണംകൊണ്ടാണ് കുഞ്ഞച്ചനെ പഠിപ്പിച്ചത്.
ഇന്റർമീഡിയറ്റിന് രണ്ടാംവർഷം പഠിക്കുമ്പോൾ പൈലറ്റാകണമെന്ന മോഹം കുഞ്ഞച്ചനെ പിടികൂടി. വീട്ടുകാരുടെ അനുവാദമില്ലാതെ അദ്ദേഹം ഇന്ത്യൻ എയർ ട്രെയ്‌നിങ് കോർപ്‌സ് (ഐഎടിസി) കോഴ്‌സിന് ചേർന്നു. നാലുമാസത്തെ പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി വീട്ടിൽ വന്നപ്പോൾ അച്ഛനും ജ്യേഷ്‌ഠന്മാരും പിണങ്ങി. അവരോട് പ്രതിഷേധിച്ച് തുടർവിദ്യാഭ്യാസം അവസാനിപ്പിച്ചു.
പുനലൂർ പേപ്പർ മില്ലിൽ കുഞ്ഞച്ചന് ജോലി ലഭിച്ചു. താമസിയാതെ ഒരു സെക്‌ഷന്റെ സൂപ്രണ്ടായി പ്രൊമോഷൻ ലഭിക്കുകയും ചെയ്‌തു. എന്നാൽ കടുത്ത ജാതിവിവേചനം കുഞ്ഞച്ചന് നേരിടേണ്ടിവന്നു. സഹപ്രവർത്തകരായ സവർണർ ആസൂത്രിതമായി അദ്ദേഹത്തെയും സഹോദരനെയും വധിക്കാൻവരെ പദ്ധതി തയ്യാറാക്കി. അതിൽ അവർ വിജയിച്ചില്ലെങ്കിലും കള്ളക്കേസുകളിൽ കുരുക്കി ജോലി ഉപേക്ഷിക്കാൻ അദ്ദേഹത്തെയും സഹോദരനെയും നിർബന്ധിതരാക്കുന്നതിൽ അവർ വിജയിച്ചു. കുഞ്ഞച്ചനും ജ്യേഷ്‌ഠനും ജോലി രാജിവെച്ച് പുനലൂർ പേപ്പർ മില്ലിന്റെ പടിയിറങ്ങി.
സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ടിൽ കുഞ്ഞച്ചന് ജോലി ലഭിച്ചു. തിരുവിതാംകൂർ ട്രാൻസ്‌പോർട്ട് തൊഴിലാളി യൂണിയന്റെ പ്രവർത്തകനായി അദ്ദേഹം വളരെവേഗം മാറി. കുട്ടിക്കാലം മുതൽ കമ്യൂണിസ്റ്റ് പാർട്ടി പ്രസിദ്ധീകരിച്ച ലഘുലേഖകളും പുസ്‌തകങ്ങളും തൊഴിലാളിവർഗ രാഷ്‌ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണയിലെത്തിക്കഴിഞ്ഞിരുന്നു. 1947ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.
കുഞ്ഞച്ചൻ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിൽ കണ്ടക്ടറായിരുന്നു കാലത്തെ ഒരനുഭവം ഇ ബാലാനന്ദൻ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘‘1948 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലാണ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായത്. ഈ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയും പങ്കെടുത്തു. പലേടത്തും സ്ഥാനാർഥികളെ നിർത്തി. എല്ലായിടത്തും തോറ്റുപോയി. കുന്നത്തുനാട് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായി സി കെ അബ്ദുൾ ഖാദർ എന്ന തൊഴിലാളിയെയാണ് പാർട്ടി നിർത്തിയത്. ആലുവയിലെ ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ഞാനുമൊത്ത് ജോലി ചെയ്യുകയും യൂണിയൻ പ്രവർത്തനത്തിലൂടെ പാർട്ടിയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്‌ത ആളാണ്. തിരഞ്ഞെടുപ്പ് ദിവസം ആലുവ ചന്ത പോളിങ്ങ് ബൂത്തിൽ അബ്ദുൾ ഖാദറിന്റെ ഏജന്റായിരുന്നത് യുസി കോളേജ് വിദ്യാർഥിയായിരുന്ന ഐസക് തോമസ് ആയിരുന്നു.
‘‘പത്തു പതിനൊന്നു മണിയോടുകൂടി ചന്തയിലെ ചട്ടമ്പികൾ പോളിങ്ങ് ബൂത്തിൽനിന്ന് ഐസക് തോമസിനെ പിടിച്ചിറക്കി മർദിച്ചു പുറത്തുവിട്ടു. ഇതിൽ പ്രതിഷേധിക്കുന്നതിനായി പാർട്ടി ഒരു പൊതുയോഗത്തിന് ഏർപ്പാട് ചെയ്‌തു.
യുസി കോളേജിൽ കുറെ വിദ്യാർഥികളും ആലുവ പട്ടണത്തിലെ ബീഡിത്തൊഴിലാളികളും ഏതാനും ഫാക്ടറികളിലെ തൊഴിലാളികളുമാണ് പാർട്ടിയുടെ ആകെ ശക്തി. ഞാനും മറ്റേതാനും ബീഡിത്തൊഴിലാളികളും ഈ യോഗത്തിനുവേണ്ടി മെഗഫോണിൽ ആലുവ ടൗണിൽ പ്രചാരണം നടത്തി. വൈകുന്നേരം ആലുവ ചന്തമൈതാനത്താണ് യോഗം നടത്താൻ നിശ്ചയിച്ചത്. ഇതിനുവേണ്ടി ഏകദേശം നാലുമണിക്ക് യുസി കോളേജിൽനിന്നും വിദ്യാർഥികളുടെ ജാഥ പുറപ്പെട്ടു.
‘‘ടൗണിൽനിന്നുള്ള ബീഡിത്തൊഴിലാളികളും അതിൽ ചേർന്നു. ഞങ്ങൾ ജാഥയായി പാലാ സെൻട്രൽ ബാങ്ക് കവല (ഇപ്പോഴത്തെ ഫെഡറൽ ബാങ്ക് കവല)യിൽ എത്തിയപ്പോൾ ആലുവ ചന്തയിൽനിന്ന് ചട്ടമ്പികളുടെ നേതൃത്വത്തിൽ ചെണ്ടമേളത്തോടുകൂടി തെരണ്ടിവാലും കാളാമുണ്ടവും വടിയുമൊക്കെയായി കുറേ ആളുകൾ ഞങ്ങൾക്കെതിരായി എത്തി. ഈ കവലയിൽവെച്ച് അവർ ഞങ്ങളെ അടിച്ചോടിച്ചു. ഞങ്ങളിൽ പലർക്കും പരിക്കുപറ്റി. ഇതിനിടയ്‌ക്ക് പറവൂരിൽനിന്നു വന്ന സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് വണ്ടിയിൽ സഖാവ് കുഞ്ഞച്ചൻ ഈ കവലയിൽ ഇറങ്ങി. അദ്ദേഹം ബസിലെ കണ്ടക്ടറായിരുന്നു. അന്ന് ഓഫ് ഡ്യൂട്ടിയായിരുന്നു. ബസിറങ്ങിയപ്പോഴാണ് സഖാക്കളെ ചട്ടമ്പികൾ ഓടിച്ചിട്ടു തല്ലുന്നത് കുഞ്ഞച്ചൻ കണ്ടത്. കുഞ്ഞച്ചൻ ഒട്ടും ആലോചിക്കാതെ ബൽറ്റൂരി കുറച്ചാളുകളെ തല്ലി.
‘‘തിരിച്ചുതല്ലിന്റെ ചൂട് ചിലർക്കെങ്കിലും ഏറ്റു. ഉടൻതന്നെ വീണ്ടും പറവൂരിൽനിന്നും ബസ് സ്റ്റാൻഡിലേക്കു പോകുകയായിരുന്ന ട്രാൻസ്‌പോർട്ട് വണ്ടിയിൽ അദ്ദേഹം കയറിപ്പോവുകയും ചെയ്‌തു. ചന്തയിലെ ചട്ടമ്പികൾ കുഞ്ഞച്ചനെ തല്ലാൻ കുറച്ചുനാൾ അന്വേഷിച്ച് നടന്നു. കുഞ്ഞച്ചനെ അവർക്ക് കിട്ടിയില്ല. കുഞ്ഞച്ചനുമായി ആദ്യമായി ഞാൻ ബന്ധപ്പെട്ട സംഭവം ഇതായിരുന്നു.’’
1947ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ കുഞ്ഞച്ചൻ മുഴുവൻസമയവും പാർട്ടി പ്രവർത്തനത്തിനു നീക്കിവെക്കാൻ തീരുമാനിച്ചു. അതോടെ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ടിലെ കണ്ടക്ടർ ജോലി അദ്ദേഹം ഉപേക്ഷിച്ചു. തുടർന്ന് വിവിധ യൂണിയനുകളുടെ സംഘാടകനായി അദ്ദേഹം പ്രവർത്തിച്ചു.
ഗവൺമെന്റിനെ വിമർശിച്ചു പ്രസംഗിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കുഞ്ഞച്ചനെ അടച്ചു. പുന്നപ്ര‐വയലാർ സേനാനികളെ പാർപ്പിച്ച സ്ഥലത്തുതന്നെയായിരുന്നു കുഞ്ഞച്ചനെയും പാർപ്പിച്ചത്. 1948ൽ പുന്നപ്ര‐വയലാർ വാർഷികം ജയിലിനുള്ളിൽ ആചരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. ആചരണപരിപാടികൾ പത്തുദിവസത്തേക്കായിരുന്നു. ഓടിളക്കി ജയിൽ കെട്ടിടത്തിന്റെ പട്ടിക ഇളക്കി ഒടിച്ചെടുത്ത് കുഞ്ഞച്ചൻ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ ജയിലിനു മുകളിൽ ചെങ്കൊടി നാട്ടി.
ഇരുവരും മരിച്ചു എന്നു കരുതി ജയിൽ അധികൃതർ ഉപേക്ഷിച്ചുപോയി. അധികം താമസിയാതെ മുഹമ്മ അയ്യപ്പൻ അവിടെക്കിടന്ന് രക്തസാക്ഷിയായി.
കിരാതമായ മർദ്ദനത്തനിരയായ കുഞ്ഞച്ചന്റെ ആരോഗ്യം പാടെ തകർന്നു. ജയിൽമോചിതനായ അദ്ദേഹത്തിന് കുറേക്കാലം തുടർച്ചയായ ചികിത്സ ആവശ്യമായിവന്നു.
കുഞ്ഞച്ചനിലെ സംഘാടകനെ തിരിച്ചറിഞ്ഞ കമ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ തിരുവല്ല താലൂക്കിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനും കർഷകത്തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്നതിനും നിയോഗിച്ചു. തിരുവല്ല താലൂക്ക് കർഷകത്തൊളിലാളി യൂണിയന്റന് ഒന്നാംവാർഷികം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായതായിരുന്നു.
1954 ഫെബ്രുവരി 24ന് തിരു‐കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ ദ്വയാംഗ മണ്ഡലത്തിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി പി കെ കുഞ്ഞച്ചനും സി കെ രാഘവൻനായരും തിരഞ്ഞെടുക്കപ്പെട്ടു.
ചെങ്ങന്നൂർ, തിരുവല്ല, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളിലെ മോട്ടോർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് കുഞ്ഞച്ചൻ മുൻനിന്നു പ്രവർത്തിച്ചു. യൂണിയൻ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നെൽസൺ ബസിലെ ഡ്രൈവർ മലയിൽ അവറാച്ചനെ അകാരണമായി സബ് ഇൻസ്‌പെക്ടർ അമ്മാഞ്ചി ഗോപാലകൃഷ്‌ണൻ മർദിച്ചു. അതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കുഞ്ഞച്ചന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ടൗണിൽനിന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കുഞ്ഞച്ചൻ ഉൾപ്പെടെ 70 പേർക്കെതിരെ കേസെടുത്തു. പിടികൊടുക്കാതെ കുഞ്ഞച്ചൻ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയി. തൊളിലാളികളുടെ സമരം നീണ്ടു. മുതലാളിമാർ ഇടപെട്ട് സമരം ഒത്തുതീർപ്പാക്കി; കുഞ്ഞച്ചനും മറ്റും എതിരായ കേസ് പിൻവലിക്കുകയും ചെയ്‌തു.
സമരചരിത്രത്തിൽ എന്നും തിളങ്ങുന്ന അധ്യായമാണ് 1954ലെ ഐതിഹാസികമായ ട്രാൻസ്‌പോർട്ട് സമരം. അന്ന് എംഎൽഎയായിരുന്ന കുഞ്ഞച്ചന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരും മോട്ടോർ തൊഴിലാളി യൂണിയൻ പ്രവർത്തകരും ചെങ്ങന്നൂർ ട്രാൻസ്‌പോർട്ട് ബസ് സ്‌റ്റേഷനിൽ പിക്കറ്റിംഗ് നടത്തി. ജനപ്രതിനിധിയാണെന്ന പരിഗണനപോലുമില്ലാതെ കുഞ്ഞച്ചനെ പൊലീസ് ക്രൂരമായി മർദിച്ചു. സമരസഖാക്കളെ നടുറോഡിലിട്ട് പൊലീസ് വേട്ടയാടി. കുഞ്ഞച്ചനെ മർദിച്ചതിൽ സർക്കാരിനെതിരെ ജനങ്ങളിൽ കടുത്ത അമർഷവും പ്രതിഷേധവും വ്യാപകമായി. കുഞ്ഞച്ചനെന്ന കമ്യൂണിസ്റ്റിന്റെ, ട്രേഡ് യൂണിയൻ നേതാവിന്റെ ജനപ്രീതിയുടെ പ്രകടനംകൂടിയായിരുന്നു അത്.
1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞച്ചൻ മാവേലിക്കര നിയമസഭാ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1960ലും അദ്ദേഹം അവിടെനിന്ന് വിജയിച്ചു. 1964ലും അദ്ദേഹം മാവേലിക്കരയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേർന്നില്ല എന്നത് ചരിത്രം. 1967ലും 1970ലും പന്തളത്തുനിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടുതവണ രാജ്യസഭാംഗമായി കുഞ്ഞച്ചൻ പ്രവർത്തിച്ചു. 1973‐79 കാലത്തും പിന്നീട് 1988 മുതലും. രാജ്യസഭാംഗമായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
ഹരിജൻ വെൽഫെയർ ഇവാല്വേഷൻ കമ്മിറ്റി അംഗം, ബാക്ക്‌വേഡ് റിസർവേഷൻ കമ്മിറ്റി അംഗം, കേരള ഹൗസിംഗ് ബോർഡ് അംഗം എന്നീ നിലകളിലും വിവിധ കാലയളവുകളിലായി പി കെ കുഞ്ഞച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതലേ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടും കമ്യൂണിസ്റ്റ് പാർട്ടിയോടും ആഭിമുഖ്യം പുലർത്തിയ, മഹിളാ സംഘടനയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകയായി മാറിയ ഭാസുരാദേവിയെയാണ് കുഞ്ഞച്ചൻ ജീവിതസഖിയാക്കിയത്. ചെങ്ങന്നൂരിലെ പുരാതനമായ നായർ തറവാട്ടിൽ ജനിച്ച ഭാസുരാദേവി, ജാതീയമായി ഏറ്റവും താഴെത്തട്ടിലുള്ള സമുദായത്തിൽ ജനിച്ച കുഞ്ഞച്ചനെ ജീവിതപങ്കാളിയാക്കിയത് യാഥാസ്ഥിതികത്വത്തിനെതിരായി സ്വന്തം ജീവിതംകൊണ്ട് പോരാടിക്കൊണ്ടായിരുന്നു.
വിവാഹം
1957 ജൂണിലായിരുന്നു കുഞ്ഞച്ചന്റെയും ഭാസുരാദേവിയുടെയും വിവാഹം. അധ്യാപകനായിരുന്നു ഗോപാലൻനായരുടെയും ചെങ്ങന്നൂർ വലിയകൊട്ടാരത്തിൽ വീട്ടിൽ ലക്ഷ്‌മിപിള്ളയുടെയും മകളായാണ് ഭാസുരാദേവിയുടെ ജനനം. പാർട്ടി പ്രവർത്തനത്തിനിടയിലാണ് കുഞ്ഞച്ചൻ എന്ന നേതാവിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും.
പട്ടികജാതി‐പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ സ്ഥാപിച്ച പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു ഭാസുരാദേവി. എരുമേലിക്ക് സമീപം കനകപ്പലത്ത് ജോലി ചെയ്‌തുവരുമ്പോഴായിരുന്നു കുഞ്ഞച്ചന്റെയും ഭാസുര ടീച്ചറിന്റെയും വിവാഹം. ഡോ. പി കെ ജമീല, പി കെ ജയസിങ് എന്നിവരാണ് മക്കൾ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ കെ ബാലനാണ് ഡോ. ജമീലയുടെ ജീവിതപങ്കാളി.
1989ൽ ഹെഡ്‌മിസ്‌ട്രസായി വിരമിച്ച ഭാസുര ടീച്ചർ 1994 ആഗസ്‌ത് 6ന് അന്തരിച്ചു.
1964ൽ ഡിഐആർ റൂൾ അനുസരിച്ച് കുഞ്ഞച്ചൻ അറസ്റ്റു ചെയ്യപ്പെട്ടു. 1966ലാണ് ജയിൽവിമുക്തനായത്.
അടിയന്തരാവസ്ഥക്കാലത്ത് പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് കുഞ്ഞച്ചനാണ്. പൊലീസിനു പിടികൊടുക്കാതെ വളരെ സാഹസികമായാണ്, കടുത്ത അനാരോഗ്യം വകവെക്കാതെ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത്.
കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ എക്കാലവും മുൻനിന്നു പ്രവർത്തിച്ച കുഞ്ഞച്ചൻ അവരുടെ അനിഷേധ്യ നേതാവായിരുന്നു. കേരളം, ത്രിപുര, ആന്ധ്രപ്രദേശ്, തമിള്‌നാട്, പഞ്ചാബ് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ മാത്രം പ്രവർത്തിച്ചുവന്ന കർഷകത്തൊഴിലാളി യൂണിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടാക്കാൻ കുഞ്ഞച്ചൻ മുൻകൈയെടുത്തു. ബീഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾനാടുകളിൽ സഞ്ചരിച്ച് യൂണിയന്റെ സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു.
1991 ജൂൺ 14ന് അന്തരിക്കുമ്പോൾ കുഞ്ഞച്ചന് 65 വയസ്സ് പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. ♦
കടപ്പാട്:
ഭാസുരാദേവി എഴുതിയ പി കെ കുഞ്ഞച്ചൻ: ഭാസുര ഓർമ്മകൾ എന്ന പുസ്‌തകം. പ്രസാ: ചിന്ത പബ്ലിഷേഴ്‌സ്
കർഷകത്തൊഴിലാളി യൂണിയൻ 2003ൽ പ്രസിദ്ധീകരിച്ച പി കെ കുഞ്ഞച്ചൻ സ്‌മരണിക