Thursday, March 28, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർഇരുട്ടിന്റെ മറവിൽ പതിയിരുന്നാക്രമണം

ഇരുട്ടിന്റെ മറവിൽ പതിയിരുന്നാക്രമണം

ജി വിജയകുമാർ

തൃശൂരിൽ അയ്യന്തോളിനടുത്ത്, കേരളവർമ കോളേജിലെ ഇ കെ ബാലനെ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തി യതിനും മൂന്നുവർഷംമുമ്പാണ് തൃശൂർ ഗവൺമെന്റ് കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ കെ ആർ തോമസിനെ ആർഎസ്എസുകാർ തൃശൂർ കണിമംഗലത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു കെ ആർ തോമസ്. ബ്രാഞ്ച് യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് 1981 നവംബർ 3ന് രാത്രി കണിമംഗലം വലിയുലുക്കൽ ജംഗ്ഷനടുത്തുള്ള നെടുപുഴ റോഡിൽ വെച്ച് സംഘപരിവാർ അക്രമികൾ വെട്ടിവീഴ്ത്തിയത്. തയ്യിൽ ബാലൻ, അയാളുടെ മക്കളായ സുരേഷ്, സുകേഷ്, സന്തോഷ് എന്നിവരും മറ്റ് അഞ്ചുപേരുമടങ്ങിയ ആർഎസ്എസ് സംഘമാണ് ഈ അരുംകൊല നടത്തിയത്. തയ്യിൽ ബാലന്റെ വീടിനടുത്തുവെച്ചാണ് വടിവാൾ, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളുമായി തോമസിനെ വളഞ്ഞിട്ടാക്രമിച്ചത്. തോമസിനോടൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ ലോഹിതാക്ഷൻ അക്രമികളുടെ ആക്രമണത്തിൽ പെടാതെ രക്ഷപ്പെട്ടു.

കഴുത്തിലും തലയിലും മറ്റുമായി മാരകമായ എട്ട് മുറിവുകളേറ്റ് തോമസിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏറെ താമസിയാതെ ആ ചെറുപ്പക്കാരൻ അന്ത്യശ്വാസം വലിച്ചു. കഴുത്തിലേറ്റ ആഴമേറിയ മുറിവുകളാണ് മരണകാരണമായത്.

നെടുപുഴ പൊലീസ് സ്റ്റേഷനടുത്തുവെച്ചാണ് കെ ആർ തോമസിനെ ആർഎസ്എസ് ക്രിമിനലുകൾ പതിയിരുന്നാക്രമിച്ചത്. തോമസിനെ ആർഎസ്എസുകാർ വെട്ടിവീഴ്ത്തിയ വിവരം അപ്പോൾ തന്നെ നാട്ടുകാരും സഹപ്രവർത്തകരും പൊലീസിൽ അറിയിച്ചെങ്കിലും ഒരു പൊലീസുകാരനും അവിടേക്ക് തിരിഞ്ഞുനോക്കുകയോ കുറ്റവാളികളെ പിടികൂടാൻ ശ്രമിക്കുകയോ ചെയ്തില്ല.

പ്രകോപനപരമായ എന്തെങ്കിലും സംഭവമോ സംഘർഷാവസ്ഥയോ അന്നോ അതിനുമുമ്പുള്ള ദിവസങ്ങളിലോ തൃശൂർ ഗവൺമെന്റ് കോളേജിലും തോമസ് താമസിച്ചിരുന്ന കണിമംഗലം പ്രദേശത്തും ഉണ്ടായിരുന്നില്ല. തോമസിനാകട്ടെ രാഷ്ട്രീയമായ എതിർപ്പല്ലാതെ ആരോടും വ്യക്തിപരമായ ശത്രുതയോ വൈരാഗ്യമോ ഉണ്ടായിരുന്നതുമില്ല. തോമസ് ഒരക്രമസംഭവത്തിലും ഉൾപ്പെട്ടിരുന്നതുമില്ല. ബിഎ പാസായ തോമസ് എൽഎൽബിക്കു ചേരാനിരിക്കവെയാണ് ആർഎസ്എസുകാർ ആ യുവാവിന്റെ ജീവനെടുത്തത്. 22 കാരനായ തോമസ് കോളേജിലും നാട്ടിലും എല്ലാ വിഭാഗത്തിനും സ്വീകാര്യനായിരുന്നു, കക്ഷിരാഷ്ട്രീയത്തിനതീതമായി. അത്തരത്തിലൊരു യുവ കമ്യൂണിസ്റ്റ് പ്രവർത്തകൻ, മികച്ച സംഘാടകൻ വളർന്നുവരുന്നത് തടയുക എന്ന ഗൂഢലക്ഷ്യമായിരിക്കണം ഈ അരുംകൊലയ്ക്ക് സംഘി കാട്ടാളന്മാരെ പ്രേരിപ്പിച്ചത്.

കെ ആർ തോമസിന്റെ പിതാവ് നേരത്തെ മരിച്ചു. മാതാവ് റോസ രണ്ടു സഹോദരന്മാരും ഒരു സഹോദരിയും. കലാലയത്തിനുള്ളിൽ കൊലക്കത്തിയുമായി സംഘികൾ 1981ലെ ക്രിസ്മസ് അവധികഴിഞ്ഞ് കൊല്ലം എസ്എൻ കോളേജ് തുറന്നത്, മറ്റു കലാലയങ്ങൾക്കൊപ്പം ഒരു തിങ്കളാഴ്ചയായിരുന്നു 1982 ജനുവരി 4ന്. ആർഎസ്എസ്‐-എബിവിപി അക്രമങ്ങളെ തുടർന്ന് ക്രിസ്മസ് അവധിക്കു മുമ്പുതന്നെ എസ്എൻ കോളേജ് ഒരാഴ്ചയിലേറെ അടച്ചിട്ടിരിക്കുകയായിരുന്നു. അസ്വസ്ഥമായ അന്തരീക്ഷത്തിന് അറുതിയാ യിക്കാണും എന്ന പ്രതീക്ഷയോടെയാണ് ജനുവരി 4ന് വിദ്യാർഥികൾ കോളേജിൽ എത്തിയത്. പക്ഷേ, പുതിയ ടേമിന്റെ ആദ്യദിവസംതന്നെ ആ കലാലയത്തിലുള്ള സംഘപരിവാർ കൊലയാളികൾ കൗമാരക്കാരനായ ഒരു വിദ്യാർഥിയുടെ ജീവ നെടുക്കുകയാണുണ്ടായത്. എസ്എഫ്ഐ എസ്എൻ കോളേജ് യൂണിറ്റു പ്രസിഡന്റും ഒന്നാംവർഷ ബിഎ പൊളിറ്റിക്സ് വിദ്യാർഥിയുമായ കെ ശ്രീകുമാറിനെയാണ് ആർഎസ്എസ് ക്രിമിനൽ സംഘം വകവരുത്തിയത്‌.

ക്രിസ്മസ് അവധിക്കുമുമ്പു നടന്ന അക്രമങ്ങളുടെ പശ്ചാത്തല ത്തിൽ കോളേജ് ഗേറ്റിന് പുറത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പുറത്തുനിന്നുള്ള ആരും അകത്തു കടക്കാതിരിക്കുന്നതിന്. പത്തു മണിക്കുശേഷം, സാധാരണപോലെ കോളേജ് ക്ലാസുകൾ നടന്നുകൊണ്ടിരിക്കവെ എസ്എൻ കോളേജ് വിദ്യാർഥികളായ അഞ്ച് എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ള 15 ആർഎസ്എസുകാരും ചേർന്ന് വലിയ ദണ്ഡുകളിൽ കൊടികെട്ടി അവ ഉയർത്തിപ്പിടിച്ച് കോളേജിനകത്തേക്ക് കടക്കുമ്പോൾ പുറത്തു കാവൽ നിന്നിരുന്ന പൊലീസ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ഗേറ്റുകടന്ന് കോളേജ് കാമ്പസിലെത്തിയ ആർഎസ്എസ് ക സംഘം പ്രധാന കെട്ടിടത്തിന്റെ വരാന്തയിലൂടെ ദണ്ഡും വടിവാളും ഉൾപ്പെടെ മാരകായുധങ്ങളുമേന്തി പ്രകടനം നടത്തി. ക്ലാസുകൾക്കുള്ളിൽ കടന്ന് വിദ്യാർഥികളെ വിരട്ടി അടിച്ചിറക്കി. അധ്യാപകരെ ഭീഷണിപ്പെടുത്തി. ക്ലാസുകൾ പിരിച്ചുവിടീച്ചു. തുടർന്ന് പ്രധാന കെട്ടിടത്തിന്റെ രണ്ടുംമൂന്നും നിലകളിലേക്ക് ഈ ക്രിമിനൽ സംഘം കടന്നു കയറി.

ഈ ഘട്ടത്തിൽ പുറത്തുനിന്നുള്ള ആർഎസ്എസുകാർ കോളേജിൽ കയറിയതിൽ പ്രതിഷേധിച്ച് ക്ലാസിൽനിന്നും പുറത്തുവന്ന കുട്ടികൾ കോളേജ് അങ്കണത്തിൽ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. ക്ലാസ് മുറിയിൽനിന്ന് പുറത്തേക്ക് വരികയായിരുന്ന ശ്രീകുമാറിനെ, മുകളിലത്തെ നിലയിൽനിന്നും ഓടിയിറങ്ങിവന്ന അക്രമികൾ പിന്നിൽനിന്ന് ആക്രമിച്ചു. ദണ്ഡുകൊണ്ട് മർദിക്കുകയും കുത്തിവീഴ്ത്തുകയും ചെയ്‌തു. ശ്രീകമാറിനെ കുത്തിവീഴ്ത്തിയ ആർഎസ്എസ് അക്രമിസംഘം ഓംകാളി ഭദ്രകാളി വിളിച്ച് പൊലീസുകാരുടെ മുന്നിലൂടെ തന്നെ കടന്നുപോവുകയും ചെയ്തു. അറിയപ്പെടുന്ന ആർഎസ്എസുകാരനായ ശൈലേഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

മാരകമായി മുറിവേറ്റ് ചോരവാർന്ന ശ്രീകുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ അധ്യാപകരും സഹപാഠികളും ചേർന്ന് എത്തിച്ചെങ്കിലും ആ 18കാരന്റെ ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ ശ്രീകുമാർ അന്ത്യശ്വാസംവലിച്ചു.

പുറത്തുനിന്നും ആർഎസ്എസുകാർ പ്രകടനമായി കോളേജിൽ വന്നപ്പോൾ തന്നെ വിദ്യാർഥിനേതാക്കൾ പ്രിൻസിപ്പാളിനോട് പരാതിപ്പെടുകയുണ്ടായി. ആർഎസ്എസുകാർ ആയുധങ്ങളുമേന്തി കോളേജ് വരാന്തയിലൂടെ പ്രകടനംനടത്തുന്നത് നേരിട്ടുകണ്ട് ബോധ്യപ്പെട്ട പ്രിൻസിപ്പാൾ പി വിജയരാഘവൻ പൊലീസ് അധികാരികളെ വിവരം അറിയിച്ചെങ്കിലും ഗേറ്റിലുണ്ടായിരുന്ന പൊലീസ് സംഘം ആർഎസ്എസുകാർ ദൗത്യം പൂർത്തിയാക്കി പുറത്തുപോകുന്നതുവരെ അനങ്ങിയില്ല. അക്രമിസംഘം (കൊലയാളികൾ) രംഗംവിട്ടശേഷമാണ് പൊലീസിന് ജീവൻവച്ചത്. അവർ പാഞ്ഞ് കോളേജിനകത്തുകയറി ആർഎസ്എസ് ആക്രമണത്തിനിരയായ വിദ്യാർഥികളെ, പ്രതിഷേധപ്രകടനം തല്ലിപ്പിരിച്ച് വിരട്ടിഓടിക്കുകയാണുണ്ടായത്. കോളേജിനകത്തും പുറത്തും അക്രമപ്പേക്കൂത്ത് നടത്തി അഴിഞ്ഞാടിയ ആർഎസ്എസുകാർ നിരവധി വിദ്യാർഥികൾക്ക് പരിക്കേൽപിക്കുകയുണ്ടായി. കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകനും രണ്ടാംവർഷ പ്രീഡിഗ്രി വിദ്യാർഥിയുമായ സ്റ്റീഫനെ കർബല ജംഗ്ഷനിൽ വെച്ച് വെട്ടിവീഴ്ത്തി. ഗുരുതരമായ പരിക്കേറ്റ് സ്റ്റീഫന് ദീർഘകാലം ചികിത്സ വേണ്ടിവന്നു.

ആർഎസ്എസ് കാപാലികരുടെ കൊലക്കത്തിക്കിരയായ ശ്രീകുമാർ ചവറ കോട്ടയ്ക്കകം വാർഡിൽ തറമേൽ കുട്ടൻപിള്ളയുടെ മൂന്നാമത്തെ പുത്രനായിരുന്നു. നീണ്ടുമെലിഞ്ഞ് ശാന്തപ്രകൃതനായിരുന്ന ശ്രീകുമാർ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. സ്വഭാവനൈർമല്യവും ആദർശശുദ്ധിയും സേവനതൽപരതയുമുള്ള ഈ വിദ്യാർഥി സംഘടനാ പ്രവർത്തകൻ സംഘടനാ ഭേദമെന്യേ ഏവരുടെയും മിത്രമായിരുന്നു.

തോൽപിക്കാനായില്ലെങ്കിൽ, 
ജീവനെടുക്കും
2007 ജൂലൈ 20, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ നാട്ടു കാർക്ക് ഒരിക്കലും മറക്കാനാകാത്ത ദിനം. അന്നാണ് ആർഎസ്എസ് കാപാലികർ, നാട്ടുകാരുടെ കണ്ണിലുണ്ണിയും യുവതയുടെ ധീരസ്വരവുമായ അജയ്‌പ്രസാദ് എന്ന 23കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്. എസ്എഫ്ഐയുടെ കരുനാഗപ്പള്ളി ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു അജയപ്രസാദ്.

സംഭവദിവസം പകൽ 3.30ന് വീടിനു സമീപത്തെ പെട്ടിക്കടയിലേക്ക് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു അജയപ്രസാദ്. വീട്ടിൽനിന്നും രണ്ട് മൂന്ന് വാര അകലെവെച്ച്, മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ ആർഎസ്എസ് സംഘമാണ് അജയ്‌പ്രസാദിനെ ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് നിലത്തിട്ടശേഷം വടിവാൾകൊണ്ട് തലങ്ങനെയും വിലങ്ങനെയും വെട്ടി. ഓടിക്കൂടിയ നാട്ടുകാരെ അക്രമികൾ മാരകായുധങ്ങൾ കാട്ടി വിരട്ടിയോടിച്ചു. അജയ് മരിച്ചുവെന്ന് കരുതിയ സംഘം ബൈക്കിൽ സ്ഥലംവിട്ടു. അതിനുശേഷമാണ് പരിക്കേറ്റ്‌ മൃതപ്രായനായി കിടന്ന അജയ്‌യുടെ അടുത്തേക്ക് നാട്ടുകാർക്ക് എത്താനായത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ച അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും മുറിവുകൾ അത്രത്തോളം മാരകമായിരുന്നതിനാൽ രക്ഷപ്പെടുത്താനായില്ല. എസ്എഫ്ഐയുടെ ശക്തനായ വക്താവും മികച്ച സംഘാടകനുമായിരുന്ന അജയ്‌പ്രസാദിനെ വകവരുത്താൻ മുൻപും ആർഎസ്എസുകാർ ശ്രമിച്ചിരുന്നു. ക്ലാപ്പന എസ് വിഎച്ച്എസ്എസ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ചുമതലക്കാരനായിരുന്നു അജയ്. ആ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളും എസ്എഫ്ഐ നേടി. അതിൽ കുപിതരായ ആർഎ സ്എസുകാർ വിദ്യാർഥികളുടെ പ്രിയങ്കരനായ അജയ്‌പ്രസാദിനെതിരെ വധഭീഷണിയുയർത്തി. അജയ്‌യെ വധിക്കാൻ രണ്ടുതവണ ശ്രമം നടത്തിയെങ്കിലും അപ്പോഴെല്ലാം അത്‌ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. എല്ലാ ഭീഷണികളെയും അവഗണിച്ച് സംഘടനാരംഗത്ത് കൂടുതൽ സജീവമായി. എന്നാൽ മൂന്നാമത്തെ വധശ്രമത്തിൽ അവർ വിജയിച്ചു. നിരപരാധിയായ ഒരു ചെറുപ്പ ക്കാരനെ, എല്ലാവരോടും സ്നേഹമസൃണമായി പെരുമാറിയ, എസ്.എഫ്ഐയുടെ കരുത്തുറ്റ നേതാവിനെ, മനുഷ്യമുഖമുള്ള ക്രൂരമൃഗങ്ങളെപ്പോലെ ആർഎസ്എസുകാർ ആക്രമിച്ചു കൊലപ്പെടുത്തിയത് വളർന്നുവരുന്ന ആ നാമ്പിനെ മുളയിലേ നുള്ളിക്കളയുക എന്ന ലക്ഷ്യം വെച്ചുതന്നെയായിരുന്നു. അജയ് പ്രസാദ് എന്ന ധീരനായ ചെറുപ്പക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയതിലൂടെ, പ്രതിസ്വരങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന ആർഎസ്എസിന്റെ രീതി കൃത്യമായും നടപ്പാക്കുകയുമായിരുന്നു. കരുനാഗപ്പള്ളിയിലെ ക്ലാപ്പന തെക്ക് കുളങ്ങരത്ത് വീട്ടിൽ ശ്യാമപ്രസാദിന്റെയും തങ്കച്ചി യുടെയും മകനാണ് അജയ്‌ പ്രസാദ്. അജിത്പ്രസാദും ആര്യയും സഹോദരങ്ങൾ.

 

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + eight =

Most Popular