ഹത്രാസിനെ നേരത്തെ ലോകം ശ്രദ്ധിച്ചത് നിസ്സഹയായ ഒരു ദളിത് പെൺകുട്ടിയെ സവർണ ഠാക്കൂർപ്രമാണിമാർ ബലാത്സംഗം ചെയ്ത് നിഷ്ഠുരമായി കൊലചെയ്ത സ്ഥലമെന്ന നിലയിലായിരുന്നു. എന്നാൽ ഇതാ ഇപ്പോൾ ഹത്രാസിനെ ആൾദൈവ ആരാധനയുടെ ഉന്മാദങ്ങളിൽപ്പെട്ട ഒരു ജനക്കൂട്ടം തിക്കിലും തിരക്കിലുംപെട്ട് തങ്ങളിൽപ്പെട്ട 122 ഓളം പേരെ മരണത്തിലേക്ക് തള്ളിവിട്ട നാടെന്ന നിലയിലാണ് ലോകം ചർച്ചചെയ്യുന്നത്. ഹത്രാസ്, ഇറ്റാ ജില്ലകളുടെ അതിർത്തിയായ സിക്കന്ദ്രറാവു പട്ടണത്തിലെ രതിബാൻപൂർ ഗ്രാമത്തിലാണ് ജൂലായ് 2-ന് ദാരുണമായ ഈ സംഭവമുണ്ടായത്.
യു.പിയിലെ ആൾദൈവങ്ങളിൽ പ്രമുഖനായ നാരായൺഹരിയെന്ന ഭോലെബാബയും അദ്ദേഹത്തിന്റെ ഭാര്യയും സംഘടിപ്പിച്ച സത്സംഗിലാണ് 122 ഓളം പേരുടെ ജീവൻ നഷ്ടപ്പെടുകയും 200 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കാതെയാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന ആൾദൈവ പരിപാടി സംഘടിപ്പിച്ചത്! ബാബയുടെ അനുയായികൾ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതിനുശേഷം പുറത്തേക്ക് കടക്കാൻ തിരക്കുകൂട്ടിയതാണ് ഈ ദാരുണസംഭവത്തിന് കാരണമായതെന്നാണ് അലിഗഢ് റെയ്ഞ്ച് ഐ.ജി ശലഭ് മാത്തൂർ പറഞ്ഞത്.
യഥാർത്ഥത്തിൽ സത്സംഗ് വേദിയിലേക്കും പുറത്തേക്കും ഒറ്റ വഴി മാത്രമാണ് ഉണ്ടായിരുന്നത്. യാതൊരുവിധ സുരക്ഷാ കരുതലുമില്ലാതെ ഓടയുടെ മുകളിൽ നിർമ്മിച്ച താൽക്കാലിക വഴി തകർന്ന് ആളുകൾ അതിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വരുന്നവർ ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. നെഞ്ചിൽ ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണ് ഈ കൂട്ടമരണം ഉണ്ടായത്. ഇതിനെ ഒരർത്ഥത്തിലും ഒരു കൈത്തെറ്റായി ചുരുക്കിക്കാണാൻ കഴിയില്ല. ഇത്രയധികം ആളുകൾ കൂടുന്ന ഒരു ആൾദൈവ പരിപാടിക്ക് വേണ്ട സുരക്ഷ ഒരുക്കിയില്ല എന്നത് മനുഷ്യജീവന്റെ മൂല്യത്തെ ക്രൂരമായി അവഗണിക്കുന്ന ഒരധികാരവ്യവസ്ഥയുടെ പതിവുപരിപാടിയായിത്തന്നെ കാണണം.
സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതിന്റെ അനിവാര്യഫലമെന്നനിലയ്ക്കാണ് ഹത്രാസിലെ സത്സംഗ്‌വേദിയിലെ ഈ കൂട്ടമരണം ഉണ്ടായതെന്നുതന്നെ കാണണം. ഒന്നരലക്ഷത്തോളം പേർ ഒത്തുചേരുന്ന ആൾദൈവ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത് മാനവ് മംഗൾ മിലൻ സത്ഭാവന സമാഗം സമിതി ആയിരുന്നു. യു.പി സർക്കാരും സംഘാടകരും ഈ ദുരന്തത്തിന്, ജീവൻ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളുടെ ദുഃഖത്തിനും മറുപടി പറയേണ്ടതുണ്ട്. ലക്ഷങ്ങൾ ഒഴുകിയെത്തുന്ന ആൾദൈവ പരിപാടിക്ക് ആവശ്യമായ സുരക്ഷാസൗകര്യങ്ങളോ യു.പിയിലെ കൊടുംചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ചൂട് സഹിക്കാൻ കഴിയാതെയാണ് ആളുകൾ പുറത്തേക്ക് പോകാൻ വ്യഗ്രത കാണിച്ചത്.
ഞെട്ടിപ്പിക്കുന്ന കാര്യം ദുരന്തം നടന്ന സ്ഥലത്തെ ആളുകളെ ആശുപത്രിയിലെത്തിക്കാനുള്ള ഒരു ആംബുലൻസ്‌പോലും ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. എന്നാൽ ദുരന്തമുഖത്തുനിന്നും ആൾദൈവം ഭോലേനാഥ് തന്റെ അനുയായികൾക്കൊപ്പം സുരക്ഷിതസ്ഥാനത്തേക്ക് രക്ഷപ്പെടുകയും ചെയ്തു. യു.പി സർക്കാർ ഒരുപക്ഷേ അവിടെ നടത്തിയ ഏക രക്ഷാപ്രവർത്തനം എന്നുപറയുന്നത് ക്രൂരമായ ഈ കൂട്ടമരണത്തിന് കാരണക്കാരനായ ഭോലേനാഥിനെ സുരക്ഷാസ്ഥലത്ത് എത്തിച്ചതാണ്!
സംഘപരിവാറിന്റെ മതരാഷ്ട്രീയവും കപടഭക്തിവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ ആൾദൈവ സംരക്ഷണ നിലപാടുകളുമാണ് ഹത്രാസ് ദുരന്തത്തിന് കാരണമായത്. ആഗോളവൽക്കരണവും മതരാഷ്ട്രീയവും സൃഷ്ടിച്ച കോർപ്പറേറ്റ് വർഗീയ സംയോജനത്തിലാണ് ഭോലേബാബയെപോലുള്ള ആൾദൈവങ്ങൾ വലിയ ജനസ്വാധീനമുണ്ടാക്കി ഭക്തിവ്യവസായ മേളകൾ സംഘടിപ്പിക്കുന്നത്. സാധാരണ മതത്തിനും മതാരാധനയ്ക്കും അതിന്റെ വ്യവസ്ഥാപിതമായ പുരോഹിതന്മാർക്കും നൽകാനാവാത്ത രോഗശാന്തിയും ദുരിതനിവാരണങ്ങളുമാണ് നവലിബറൽകാലത്തെ കോർപ്പറേറ്റ് വർഗീയ സ്വഭാവമുള്ള ആൾദൈവങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിൽപോലും ആൾദൈവങ്ങൾ മാസ്ഹിസ്റ്റീരിയയായി കഴിഞ്ഞിട്ടുണ്ടല്ലോ. അമൃതാനന്ദമയി മുതൽ പോട്ട വരെയുള്ള ആത്മീയ വാണിജ്യകേന്ദ്രങ്ങൾ എന്തെല്ലാം അത്ഭുത ഗുണഫലങ്ങളാണ് ദർശനവും സ്പർശനവും ഭക്തിഗാനാലാപങ്ങളും വഴി വാഗ്ദാനം ചെയ്യുന്നത്. ഇത്തരം ആത്മീയകേന്ദ്രങ്ങൾ അത്ഭുതരോഗശാന്തി മുതൽ അഭൗമമായ ആത്മീയശാന്തിയും ആനന്ദനിർവൃതിയുമൊക്കെയാണ് ഭക്തർക്ക് നൽകുന്നതുപോലും! പ്രാകൃതവും ആധുനികലോകബോധത്തെ പരിഹസിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനമെന്നപോലെ ആൾദൈവങ്ങളുടെ അത്ഭുതകരങ്ങളായ ആത്മശാന്തിയും രോഗനിവാരണവുമൊക്കെ വാഗ്ദാനം ചെയ്യുന്ന പ്രഭാഷണ ധ്യാനപരിപാടികളും നാടെങ്ങും കൂടിവരികയാണ്.
അതെന്തുകൊണ്ടാണെന്ന് പുരോഗമനശക്തികൾ വിശകലനവിധേയമാക്കേണ്ടതുണ്ട്. ജനങ്ങളിൽ വലിയൊരുവിഭാഗം എന്തുകൊണ്ടാവാം ആൾദൈവങ്ങളുടെ ഉപാസകരായി മാറുന്നത്? അതിന്റെ സാമൂഹ്യരാഷ്ട്രീയ കാരണങ്ങളെയും അതിലേക്ക് അവരെ നയിക്കുന്ന മനഃശാസ്ത്രപരമായ പ്രശ്‌നങ്ങളെയും ആഴത്തിൽതന്നെ മനസ്സിലാക്കിക്കൊണ്ടേ ഇത്തരം കോർപ്പറേറ്റ് ആത്മീയ വ്യവസായങ്ങളെ പ്രതിരോധിക്കാനാവൂ. നമ്മുടെ സമൂഹത്തിൽ ശക്തിപ്പെട്ടുവരുന്ന മതപുനരുത്ഥാനപരതയുടെ തുടർച്ചയും ഭാഗവുമാണ് വർദ്ധിച്ചുവരുന്ന ആൾദൈവ ഭക്തിവ്യവസായം.
എല്ലാവിഭാഗം ജനങ്ങളിലും ഈ ആൾദൈവ പ്രസ്ഥാനങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഹൃദയശൂന്യമായ കോർപ്പറേറ്റ് സാമ്പത്തികനയങ്ങൾ സൃഷ്ടിക്കുന്ന ദാരിദ്ര്യവും ജീവിതപ്രതിസന്ധികളും അരക്ഷിതത്വവുമാണ് സാധാരണക്കാരെ ആൾദൈവ ആരാധനയിലേക്ക് എത്തിക്കുന്നത്. മുതലാളിത്തത്തിന്റെ അനുദിനം ഭീകരവും യുക്തിരഹിതവും ഹൃദയശൂന്യവുമായ ഒരു ലോകത്ത് ജീവിക്കേണ്ടിവരുന്ന എല്ലാ വിഭാഗം ആളുകളും ഭീകരമായ അന്യവൽക്കരണവും അരക്ഷിതത്വവും പലതലങ്ങളിൽ അനുഭവിക്കുന്നവരാണ്. സമൂഹത്തിന്റെ ഉയർന്നപദവികളിലും സ്ഥാനങ്ങളിലുമെത്തുന്നവർവരെ അത്യന്തം ഒറ്റപ്പെട്ടവരും തങ്ങളുടെ വളർച്ചയ്ക്കായ് സ്വീകരിച്ച വഴികളിൽ കുറ്റബോധമുള്ളവരും ആകാനിടയുണ്ട്.
ഇത്തരക്കാർക്ക് അഭയവും ആശ്വാസവുമാകുന്ന ആചാരാനുഷ്ഠാനങ്ങളുടെ പുനരുജ്ജീവനവും ആൾദൈവ ആരാധനയുമെല്ലാം മൂന്നാംലോക രാജ്യങ്ങളിലെന്നപോലെ വികസിത മുതലാളിത്ത രാജ്യങ്ങളിലും വ്യാപകമായി കഴിഞ്ഞിട്ടുണ്ട്. ദൈവത്തിന്റെയും ജനങ്ങളുടെയും ഇടയിലുള്ള സന്ദേശവാഹകരായിട്ടാണ് ഈ ആൾദൈവങ്ങൾ പരക്കെ അംഗീകരിക്കപ്പെടുന്നത്. ദേരാസച്ചാസൗദ പോലുള്ള സംഘടനകളുടെയും റാംറഹീംസിംഗിനെപോലുള്ള കൾട്ടുകളുടെയും വളർച്ചയെക്കുറിച്ചുള്ള പഠനങ്ങൾ പറയുന്നത് കൊടുംക്രിമിനലുകളായ ഇത്തരം ആൾദൈവങ്ങൾ ദൈവത്തിനും മനുഷ്യർക്കുമിടയിലെ സന്ദേശവാഹകരെന്ന നിലയ്ക്കാണ് സ്വാധീനം നേടുന്നത് എന്നാണ്. ഗുർമിത്ത് റാംറഹീംസിംഗ് തന്നെ അദ്ദേഹത്തെക്കുറിച്ച് ‘മെസഞ്ചർ ഓഫ് ദി ഗോഡ്’ എന്ന പേരിൽ ഒരു സിനിമതന്നെ നിർമ്മിച്ചിരുന്നു. ഗുർമിത്തിനെപോലുള്ള ബലാത്സംഗവും ക്രിമിനൽപ്രവൃത്തികളും ജീവിതചര്യപോലെ കൊണ്ടുനടക്കുന്ന ആൾദൈവങ്ങൾ ദൈവത്തിന്റെ ഇടനിലക്കാരനെന്ന നിലക്കാണ് സാമൂഹ്യവിവേചനം നേരിടുന്ന സിക്ക് സമുദായത്തിലെ പിന്നോക്ക ജനവിഭാഗങ്ങളെ തന്റെ സ്വാധീനവലയത്തിലാക്കിയത്.
എല്ലാത്തിനെയും ചരക്കുവൽക്കരിക്കുന്ന മുതലാളിത്തം ആൾദൈവങ്ങളിലൂടെയും ആത്മീയ വ്യവസായ സ്ഥാപനങ്ങളിലൂടെയും ഭക്തിയെ ചരക്കുവൽക്കരിച്ചിരിക്കുന്നു. നിയോലിബറലിസം ഭക്തിയെയും വിശ്വാസത്തെയും വാണിജ്യവൽക്കരിക്കുകയും വൻ ആത്മീയവ്യവസായമായി വളർത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മുതലാളിത്ത വളർച്ചയും അഭൂതപൂർവ്വമായ പിടിമുറുക്കവുമാണ് സാമൂഹ്യവികാസ ചരിത്രത്തിൽ മധ്യവർത്തികളെ സൃഷ്ടിച്ചത്. ഫ്രഞ്ച് ചരിത്രകാരനായ അലക്‌സിമുന്ദേരി നിരീക്ഷിക്കുന്നതുപോലെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും ഇടനിലക്കാർ നിയന്ത്രിക്കുന്ന അവസ്ഥയാണ് വിപണി സമ്പദ്ഘടന മനുഷ്യസമൂഹത്തിനുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.
സാമ്പത്തികരംഗത്ത് ഓഹരിദല്ലാളന്മാരും കച്ചവടക്കാരും എങ്ങനെയാണോ ഉൽപാദകരെയും ഉപഭോക്താക്കളെയും കൊള്ളയടിക്കുന്ന ഇത്തിൾക്കണ്ണികളായി വർത്തിക്കുന്നത്, അതിന് സമാനമായ രീതിയിലാണ് വിശ്വാസികൾക്കും ദൈവത്തിനുമിടയിൽ ആൾദൈവങ്ങളെന്ന ദല്ലാളന്മാർ പ്രവർത്തിക്കുന്നത്. മനുഷ്യമനസ്സുകളിൽ പ്രത്യേക പ്രാർത്ഥനകളിലൂടെയും ധ്യാനപരിപാടികളിലൂടെയും വിശ്വാസഭ്രാന്ത് സൃഷ്ടിച്ചാണ് ദൈവത്തിനും മനുഷ്യർക്കുമിടയിലെ ദല്ലാളന്മാരായ ആൾദൈവങ്ങൾ അരങ്ങ് തകർക്കുന്നത്. കടുത്ത മുതലാളിത്തം സൃഷ്ടിക്കുന്ന ദുരിതങ്ങളും വ്യക്തിസംഘർഷങ്ങളും അപമാനങ്ങളും ഏതോ അതീതശക്തിയുടെ ആശ്ലേഷത്തിലൂടെ പരിഹരിക്കാമെന്ന മിഥ്യാധാരണയാണ് ആൾദൈവ ആശ്ലേഷങ്ങളിലേക്ക് വിശ്വാസികളെ എത്തിക്കുന്നത്.
ജീവിതവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠ പ്രശ്‌നങ്ങൾക്ക് സാങ്കൽപികവും അയഥാർത്ഥവുമായ പരിഹാരത്തിന്റെ സത്സംഗ്‌വേദികളിലേക്ക് ആട്ടിത്തെളിക്കപ്പെടുകയാണ് പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനങ്ങൾ. അത്തരമൊരു ഉന്മാദാത്മകമായ അവസ്ഥയുടെ അനിവാര്യമായ ദുരന്തമുഹൂർത്തങ്ങളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നതെന്നാണ് ഹത്രാസ് സംഭവം സാക്ഷ്യപ്പെടുത്തുന്നത്. ♦