Friday, October 18, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്റിക്കാർഡോയുടെ താർക്കികപ്പിഴവുകൾ

റിക്കാർഡോയുടെ താർക്കികപ്പിഴവുകൾ

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 49

ഭൂഗോളത്തെ രണ്ടായി പകുക്കുകയാണെങ്കിൽ കൊളോണിയൽ കാലംമുതൽക്ക് വടക്കൻ രാജ്യങ്ങൾ സമ്പന്നവും തെക്കൻ രാജ്യങ്ങൾ താരതമ്യേന ദരിദ്രവുമായിരുന്നു. സമ്പന്നരായ വടക്കൻ രാജ്യങ്ങൾക്ക് തെക്കൻ രാജ്യങ്ങളുടെമേലുള്ള നേരിട്ടുള്ള ആധിപത്യത്തിന് കൊളോണിയൽ യുഗത്തിന്റെ അന്ത്യത്തോടെ തിരശീല വീണുവെങ്കിലും അന്താരാഷ്ട്ര മൂലധനത്തിന്റെ കേന്ദ്രമായി വടക്കൻ രാജ്യങ്ങൾ തുടർന്നും നിലകൊള്ളുകയും അവ പരോക്ഷമായ പല മാർഗങ്ങളിലൂടെ തെക്കൻ രാജ്യങ്ങളുടെമേൽ ചൂഷണാധിഷ്ടിതമായ നിയന്ത്രണങ്ങൾ തുടരുകയും ചെയ്തുപോരുന്നു. കൊളോണിയൽ കാലത്തും കൊളോണിയൽ അധിനിവേശാനന്തര കാലത്തും അന്താരാഷ്ട്ര മൂലധനം ലക്ഷ്യമിട്ടിരുന്നത് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉല്പന്നങ്ങൾ കയറ്റിയയക്കുകയും തങ്ങൾക്കാവശ്യമുള്ള ചരക്കുകളും അസംസ്കൃത വസ്തുക്കളും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും ചെയ്യുക എന്നതായിരുന്നു. ഈ സാമ്രാജ്യത്വ ചൂഷണത്തെ സാധൂകരിക്കാനുതകുന്ന ആശയമണ്ഡലം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ആദ്യകാലംമുതൽക്കേ ബോധപൂർവമായും അല്ലാതെയും നടന്നുവരുന്നുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തെ സംബന്ധിക്കുന്ന അർത്ഥശാസ്ത്ര സിദ്ധാന്തങ്ങൾ പലതും ഇതിനുതകുന്നവയാണ്. വടക്കൻ മെട്രോപൊളിറ്റൻ രാജ്യങ്ങൾ തെക്കൻ പ്രാന്തവത്കൃത രാജ്യങ്ങൾക്കു മേൽ നടത്തുന്ന ചൂഷണത്തെ സാധൂകരിക്കാൻ ഉതകുന്നവയാണ് വളരെ ശാസ്ത്രീയമായി അവതരിപ്പിക്കപ്പെടുന്ന ഈ സിദ്ധാന്തങ്ങൾ പലതും. ചരക്കുല്പാദനത്തിലെ താരതമ്യ മികവിനെ ആസ്പദമാക്കിയുള്ള വ്യാപാര സിദ്ധാന്തം (Trade theory based on comparative cost advantage) ഇത്തരത്തിൽ രൂപമെടുത്ത ഒന്നാണ്. പ്രത്യക്ഷത്തിൽ വളരെ യുക്തിസഹമെന്ന് തോന്നുന്ന ഈ സിദ്ധാന്തം സൂക്ഷമമായ തർക്കിക വിശകലനത്തിൽ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും. ഡേവിഡ് റിക്കാർഡോയുടെ അന്താരാഷ്ട്ര വ്യാപാരത്തെ സംബന്ധിച്ച സിദ്ധാന്തത്തെ ഈ രീതിയിൽ വിശകലനം ചെയ്യുന്ന ഒരു കുറിപ്പാണിത്. ഉത്സാ പട്നായക് ഇതുസംബന്ധിച്ച ഒരു വിശദമായ പ്രബന്ധം, Ricardo’s fallacy എന്ന പേരിൽ 2005ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്സയുടെ നിരീക്ഷണങ്ങൾ കൂടി ഈ വിശകലനത്തിൽ അടിസ്ഥാനമായെടുക്കുന്നുണ്ട്.

ആദ്യം മുഖ്യധാരാ അർത്ഥശാസ്ത്രം മുന്നോട്ടുവെയ്ക്കുന്ന വ്യാപാര സിദ്ധാന്തത്തെ ഹ്രസ്വമായി പരിചയപ്പെടുത്താം. 1817ൽ പ്രസിദ്ധീകരിച്ച Principles of political economy and taxation എന്ന ക്ലാസിക്കൽ ധനശാസ്ത്ര ഗ്രന്ഥത്തിലാണ് റിക്കാർഡോ അന്താരാഷ്ട്ര വ്യാപാരത്തെ സംബന്ധിക്കുന്ന തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്നത് (അർത്ഥശാസ്ത്രജ്ഞൻ എന്നതിനേക്കാളുപരി ലക്ഷപ്രഭുവായ സ്റ്റോക്ക് ബ്രോക്കർ ആയിരുന്നു റിക്കാർഡോ). മുഖ്യധാരാ ധനശാസ്ത്ര പുസ്തകങ്ങളിൽ പല മാറ്റങ്ങളോടെയും അവതരിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര വ്യാപാര സിദ്ധാന്തത്തിന്റെ (Principle of comparative advantage) മൂലരൂപമാണ് റിക്കാർഡോ മുന്നോട്ടുവെച്ചത്. വളരെ ലളിതമായ ഒരുദാഹരണത്തിലൂടെ അദ്ദേഹം തന്റെ സിദ്ധാന്തം അവതരിപ്പിച്ചു. വൈനും തുണിയും ഉല്പാദിപ്പിക്കുന്ന രണ്ടു രാജ്യങ്ങൾ, ഇംഗ്ലണ്ടും പോർച്ചുഗലും, തമ്മിലുള്ള വ്യാപാര സാധ്യതകളെയാണ് അദ്ദേഹം വിശകലനം ചെയ്തത്. ഏറ്റവും ഉല്പാദനക്ഷമതയോടെ തുണി നിർമിക്കാൻ കഴിയുക ഇംഗ്ലണ്ടിലാണെങ്കിൽ വൈൻ നിർമ്മാണം കാര്യക്ഷമമായി നടക്കുക പോർച്ചുഗലിലാണ്. തന്റെ വാദത്തിന്റെ അടിസ്ഥാന വസ്തുതയായി (premise) റിക്കാർഡോ എടുത്തത് ഇതാണ്. അങ്ങനെയെങ്കിൽ ഈ രണ്ടു രാജ്യങ്ങളും ചെയ്യേണ്ട സംഗതി തങ്ങൾക്ക് മികവുള്ള ഉല്പന്നത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മറ്റ് ഉത്പന്നങ്ങൾ മറ്റേ രാജ്യത്തിൽ നിന്നും ഇറക്കുമതി ചെയ്യുകയുമാണ്. എന്നു പറഞ്ഞാൽ ഇംഗ്ലണ്ട് തുണിയുണ്ടാക്കുക, പോർച്ചുഗൽ വൈൻ ഉണ്ടാക്കുക. പോർച്ചുഗലിലേക്ക് ഇംഗ്ലണ്ട് തുണി കയറ്റി അയക്കുക; വീഞ്ഞ് ഇറക്കുമതി ചെയ്യുക. പോർച്ചുഗലാകട്ടെ വീഞ്ഞ് കയറ്റി അയക്കുക; തുണി ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്യുക. ഈ വാദത്തെ കൂടുതൽ വികസിപ്പിക്കാനാവും. ഏതെങ്കിലും ഒരു രാജ്യത്തിന് രണ്ടുല്പന്നങ്ങളും കൂടുതൽ കാര്യക്ഷമമായി ഉല്പാദിപ്പിക്കാനാവുകയാണെങ്കിൽപോലും അവർ ചെയ്യേണ്ടത് തങ്ങൾക്ക് മികവുള്ള ഉല്പന്നത്തിൽ ഉത്പാദനം കേന്ദ്രീകരിക്കുകയും മറ്റുള്ളത് മറ്റേ രാജ്യത്തിൽ നിന്നും ഇറക്കുമതി ചെയ്യുകയുമാണ്. ഉല്പാദന കാര്യക്ഷമത കുറഞ്ഞ രാജ്യവും ചെയ്യണ്ടത് അതുതന്നെയാണ്. ഈ സമീപനം കൈക്കൊണ്ടാൽ മൊത്തം ഉല്പാദനം വർദ്ധിക്കും, അത് ഇരു രാജ്യങ്ങൾക്കും ഗുണകരമാവുകയും ചെയ്യും. ഇതാണ് അന്താരാഷ്ട്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനും (അടിച്ചേൽപ്പിക്കാനും) സൈദ്ധാന്തികമായി ന്യായീകരിക്കാനും ഇന്നും ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തിൽ യുക്തിഭദ്രമെന്ന് തോന്നുന്ന ഈ വാദഗതിയുടെ കുഴപ്പമെന്താണ്?

റിക്കാർഡോ മുന്നോട്ടുവെച്ച ഉദാഹരണത്തെ ആദ്യമെടുക്കാം. രണ്ടു രാജ്യങ്ങളിലും, ഇംഗ്ലണ്ടിലും പോർച്ചുഗലിലും, രണ്ടുൽപ്പന്നങ്ങളും നിർമിക്കാനാകും എന്ന പൂർവ്വപക്ഷമാണ് (premise) ഈ സിദ്ധാന്തത്തിന്റെയും വാദത്തിന്റെയും അടിസ്ഥാനം. പക്ഷെ ഇത് യാഥാർഥ്യത്തിന് നിരക്കുന്ന ഒന്നല്ല എന്നതാണ് വസ്തുത. ഇംഗ്ലണ്ടിന് തങ്ങളുടെ കാലാവസ്ഥയിൽ വീഞ്ഞുല്പാദനം സാധ്യമല്ല. ചൂട് കൂടിയ കാലാവസ്ഥയിലെ അത് സാധ്യമാകൂ. എല്ലാ ഉല്പന്നങ്ങളും എല്ലാ രാജ്യങ്ങളിലും ഉല്പാദിപ്പിക്കാനാകും എന്ന പരികല്പനയുടെ മുകളിലാണ് ഈ വ്യാപാരസിദ്ധാന്തം പടുത്തുയർത്തിയിരിക്കുന്നത്. ഇതൊരു താർക്കികപ്പിഴവ് (Fallacy) ആയി പര്യവസാനിക്കുന്നത് അതുകൊണ്ടാണ്.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ മാത്രം ഉല്പാദിപ്പിക്കാൻ കഴിയുന്ന നിരവധി കാർഷികോത്പന്നങ്ങൾ ശീതമേഖലാ പ്രദേശങ്ങളിൽ ഉത്പാദിപ്പിക്കുക സാധ്യമല്ല. ഉഷ്ണമേഖലാപ്രദേശങ്ങളിൽപെട്ട തെക്കൻ രാജ്യങ്ങളിൽ ഉല്പാദിപ്പിക്കുന്ന നിരവധി ഉല്പന്നങ്ങൾ ശീതമേഖലാ പ്രദേശങ്ങളിൽപെട്ട വടക്കൻ രാജ്യങ്ങൾക്ക് കൂടിയേ കഴിയൂ. ഈ വസ്തുതയെ അവഗണിച്ചുകൊണ്ടാണ് അന്താരാഷ്ട്ര വ്യാപാരത്തെ സംബന്ധിക്കുന്ന സിദ്ധാന്തങ്ങൾ മുഖ്യധാരാസാമ്പത്തികശാസ്ത്രം പടച്ചുവിടുന്നത്. രണ്ടു നൂറ്റാണ്ടിനുമുമ്പ് തുടങ്ങിയ അതേ രീതി ഇന്നും തുടരുകയാണ്. സ്വതന്ത്രവ്യാപാരം എല്ലാവർക്കും ഒരുപോലെ ഗുണംചെയ്യുന്ന ഒന്നാണ് എന്ന വാദം ഇന്ന് ഏതാണ്ടൊരു മതവിശ്വാസംപോലെ എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു.

റിക്കാർഡോയുടെ വളരെ വ്യക്തമായ ഈ താർക്കികപ്പിഴവ് മറച്ചുപിടിക്കാൻ ഉത്പന്നങ്ങളിൽ ചെറിയൊരു മാറ്റം വരുത്തിക്കൊണ്ടാണ് പോൾ സാമുൽസൺ തന്റെ വിഖ്യാതമായ സാമ്പത്തികശാസ്ത്ര പാഠപുസ്തകത്തിൽ അന്താരാഷ്ട്ര വ്യാപാര സിദ്ധാന്തം അവതരിപ്പിക്കുന്നത്. വീഞ്ഞിനെ അദ്ദേഹം ഭക്ഷ്യോത്പന്നം (food) എന്നാക്കി മാറ്റി. എങ്കിലും ഇവിടെയും ഈ സിദ്ധാന്തത്തെ താങ്ങിനിർത്തുന്ന പൂർവ്വപക്ഷത്തിന് (premise), രണ്ടു രാജ്യങ്ങളിലും എല്ലാ രണ്ടുല്പന്നങ്ങളും നിർമിക്കാനാവും എന്ന സങ്കല്പത്തിന്, വ്യത്യാസമില്ല. വസ്തുതാപരമായ താർക്കികപ്പിഴവാണിത് (material fallacy). തർക്കശാസ്ത്രത്തിൽ ഇതിനെ converse fallacy of accident എന്നു വിളിക്കും. വളരെ സവിശേഷവും പരിമിതവുമായ പൂർവ്വപക്ഷത്തെ (specific and restrictive premise) ആധാരമാക്കി പൊതുവായ നിഗമനങ്ങൾ അവതരിപ്പിക്കുക. വീഞ്ഞിന്റെയും തുണിയുടെയും ഉദാഹരണം വെച്ചുകൊണ്ടുള്ള പൊതുവൽക്കരണം റിക്കാർഡോ നടത്തിയത് ഇങ്ങിനെയാണ്. സംവാദങ്ങളിൽ പലരും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. ഒറ്റനോട്ടത്തിൽ വളരെ യുക്തിസഹമെന്ന് തോന്നും. പക്ഷേ വസ്തുതകൾ അടർത്തിയെടുത്ത് പരിശോധിച്ചാൽ കള്ളി വെളിച്ചത്താകും.

റിക്കാർഡോയ്ക്ക് ശേഷമുള്ള മുഖ്യധാരയിലെ അന്താരാഷ്ട്ര വ്യാപാര സിദ്ധാന്തങ്ങളെല്ലാം പഴയ പാത പിന്തുടരുന്നവയാണ്. അന്താരാഷ്ട്രവ്യാപാരം ഉല്പാദന വർധനയുണ്ടാക്കുമെന്ന സിദ്ധാന്തമാണ് സ്വതന്ത്ര വ്യാപാരത്തിന്റെ വക്താക്കൾ ആണയിട്ട് പറയുന്നത്. എല്ലാ രാജ്യങ്ങളിലും എല്ലാ ഉല്പന്നങ്ങളും നിർമിക്കുക സാധ്യമാണെങ്കിൽ മാത്രമേ ഈ വാദത്തിന് അടിസ്ഥാനമുള്ളൂവെന്നത് ഇവിടെ സൗകര്യപൂർവം മറക്കുന്നു. ഞങ്ങൾ വികസിതരാഷ്ട്രങ്ങൾ സാങ്കേതിക മികവ് ആവശ്യമുള്ള ഉപകരണങ്ങളും മറ്റും നിർമിച്ചു തരാം, നിങ്ങൾ അവികസിത രാഷ്ട്രങ്ങൾ കാർഷികോല്പന്നങ്ങളും വിലകുറഞ്ഞ മറ്റുൽപ്പങ്ങളും മാത്രം നിർമിക്കുക. വേണമെങ്കിൽ അസംസ്കൃതവസ്തുക്കൾ കയറ്റി അയക്കുക. സ്വെറ്റ് ഷോപ്പുകളിലും മറ്റും പണിയെടുക്കാനാവശ്യമായ അവിദഗ്ധ തൊഴിലാളികളെ വിട്ടുതരിക. വൈദഗ്ധ്യമേറെ ആവശ്യമുള്ള പണികൾ ഞങ്ങൾ നേരിട്ട് ചെയ്തുകൊള്ളാം. ഇതാണ് സമ്പന്നരായ വടക്കൻ രാജ്യങ്ങൾ പൊതുവെ പുലർത്തിപ്പോരുന്ന നിലപാട്. അതിന് സൈദ്ധാന്തിക കുടപിടിക്കാനായിട്ടാണ് മുഖ്യധാരാ സാമ്പത്തികശാസ്ത്രം comparative cost advantage പോലുള്ള സിദ്ധാന്തങ്ങൾ പടച്ചുവിടുന്നതും നാമത് വെള്ളം ചേർക്കാതെ വിഴുങ്ങുന്നതും.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 5 =

Most Popular