Sunday, September 8, 2024

ad

Homeചിത്രകലമനുഷ്യസ്‌നേഹത്തിന്റെ സൗന്ദര്യദർശനങ്ങൾ

മനുഷ്യസ്‌നേഹത്തിന്റെ സൗന്ദര്യദർശനങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

വിൻസന്റ്‌ വില്യം വാൻഗോഗ്‌ എന്ന വാൻഗോഗ്‌ കലാലോകത്തോട്‌ വിടപറഞ്ഞത്‌ 1890 ജൂലൈ 29നാണ്‌. തന്റെ 37‐ാം വയസ്സിൽ അകാലമൃത്യു വരിച്ച്‌ 124 വർഷം പിന്നിടുകയാണിപ്പോൾ. ജീവിച്ചിരുന്ന കാലം, കലാരംഗത്ത്‌ വേണ്ടത്ര പ്രശസ്‌തനല്ലാതിരുന്ന വാൻഗോഗ്‌ മരണശേഷമാണ്‌ കൂടുതൽ കൂടുതൽ പ്രശസ്‌തിയിലേക്കുയർന്നത്‌. ശൈലീസങ്കേതങ്ങളുടെ പിൻബലത്തിൽ തിരിച്ചറിയപ്പെടുന്നതും കലാനിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയതുമായ പഠനാർഹമായ വാൻഗോഗ്‌ ചിത്രങ്ങൾ വിലയേറിയതുമാണ്‌.

മനുഷ്യനെ സ്‌നേഹിക്കുന്നതിനേക്കാൾ മഹത്തരമായ കലയില്ലെന്ന്‌ വിശ്വസിക്കുകയും അതിനനുസരിച്ച്‌ ജീവിക്കുകയും ചെയ്‌ത വിൻസന്റ്‌ വാൻഗോഗ്‌ കലാചരിത്രത്തിലെ ഒരു മഹാ ജീനിയസ്സായിരുന്നു. നിറങ്ങളോടും ജീവിതത്തോടും ഒരുപോലെ സത്യസന്ധത പുലർത്തിയ വിശ്വോത്തരനായ കലാകാരൻ തന്റെ ജീവിതം സ്വയം ഒരു വെടിയുണ്ടയിൽ അവസാനിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ പരാജയപ്പെട്ടുപോയ കലാകാരന്റെ, ഭാവിയിലേക്കുള്ള വർണാഭമായ ചിന്തകളും അവയുടെ സൗന്ദര്യദർശനവുമായിരുന്നു വാൻഗോഗ്‌ കലാലോകത്തിന്‌ നൽകിയത്‌. മരണത്തിനെ അതിജീവിക്കാൻ കലാസൃഷ്ടികൾക്ക്‌ കഴിയുമെന്ന്‌ അദ്ദേഹം തെളിയിച്ചു, സ്വന്തം രചനകളിലൂടെ.

1890ൽ അദ്ദേഹം മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഏകാംഗ പ്രദർശനങ്ങൾ നടത്തിയിരുന്നില്ല. 1912ൽ ഫ്രാൻസിൽ നടന്ന പ്രദർശനത്തിലാണ്‌ വിൻസന്റ്‌ വാൻഗോഗിന്റെ നൂറിലധികം ചിത്രങ്ങൾ കലാസ്വാദകർ കാണുന്നത്‌. പോസ്റ്റ്‌ ഇംപ്രഷണിസത്തിന്റെ ഉപജ്ഞാതാവായ പോൾ സെസാന്റെ ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. പോസ്റ്റ്‌ ഇംപ്രഷണിസ്റ്റ്‌ കലാ പ്രസ്ഥാനത്തിലുള്ള വാൻഗോഗ്‌ ചിത്രങ്ങളെ വിലയിരുത്താനും ചിത്രകാരന്റെ മാനസികമായ ഉൾക്കാഴ്‌ചയെക്കുറിച്ച്‌ പഠിക്കാനും കാറൽ യാസ്‌പേഴ്‌സ്‌ എന്ന സൈക്യാട്രിസ്റ്റ്‌ ഡോക്ടർ തയ്യാറായി. മാനസികരോഗമുള്ള ഒരു മനുഷ്യന്റെ വികൃതമായ വരകളുടെയും വർണങ്ങളുടെയും ഇഴചേരലല്ല വാൻഗോഗ്‌ ചിത്രങ്ങളെന്നും ജീവിതയാഥാർഥ്യങ്ങളുടെ യഥാതഥമായ കാഴ്‌ചകളുടെ നവീനമായ ആവിഷ്‌കാരങ്ങളാണവയെന്നും യാസ്‌പേഴ്‌സ്‌ എഴുതി. വിൻസന്റ്‌ വാൻഗോഗിന്റെ കലയെക്കുറിച്ചുള്ള ആദ്യത്തെ പുസ്‌തകവും അദ്ദേഹത്തിന്റേതായിരുന്നു. അതിനുശേഷമാണ്‌ വാൻഗോഗിനെ ലോകം അറിയാൻ തുടങ്ങുന്നത്‌. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാനും പഠിക്കാനും ആസ്വാദകർ സജീവമാകുന്നത്‌.

വാൻഗോഗിന്റെ ജീവിതം കലാപകലുഷിതവും കലഹനിർഭരവുമായിരുന്നു. സമൂഹത്തിന്റെയും കുടുംബത്തിന്റെയും വേദപുസ്‌തകത്തിന്റെയും കെട്ടുപാടുകളിൽ നിന്ന്‌ പുറത്തുകടക്കാനുള്ള ശ്രമമായിരുന്നു വാൻഗോഗ്‌ നടത്തിയത്‌. ഹോളണ്ടിലെ ചെറിയൊരു പ്രൊട്ടസ്റ്റന്റ്‌ പള്ളിയിലെ വികാരിയായിരുന്നു വാൻഗോഗിന്റെ പിതാവ്‌. പള്ളിയുടെ ശീലങ്ങളിൽ വിശ്വസിച്ച്‌ ജീവിക്കുന്ന പിതാവിന്റെ മുന്നിൽ വാൻഗോഗ്‌ അനുസരണയില്ലാത്ത കുട്ടിയായിരുന്നു. പള്ളിയിൽ ശീലിക്കേണ്ട കാര്യങ്ങളും യേശുവിന്റെ ജീവിതവഴിയുമൊക്കെ പിതാവിൽനിന്ന്‌ മനസ്സിലാക്കിയെങ്കിലും യേശുദേവന്റെ ജീവിതദർശനങ്ങളേക്കാൾ യേശുക്രിസ്‌തുവിന്റെ ദയാവായ്‌പും വാത്സല്യവും സ്‌നേഹവുമാണ്‌ വാൻഗോഗിനെ ഏറെ സ്വാധീനിച്ചിട്ടുള്ളതെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. സ്വന്തം പിതാവിൽനിന്നും പള്ളി അധികാരികളിൽനിന്നും തൊഴിലുടമയിൽനിന്നും മുതിർന്ന കലാകാരരിൽനിന്നുമുള്ള ഇടപെടലുകളോട്‌ വാൻഗോഗിന്‌ പൊരുത്തപ്പെടാനായില്ല. ഈ പൊരുത്തക്കേടുകളും പിണക്കങ്ങളുമൊക്കെ വർണമേളനങ്ങളായാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. അതൊക്കെ വിഭ്രാത്മകമായ നിറങ്ങളായിട്ടാണ്‌ ക്യാൻവാസുകളിൽ ജീവസ്സുറ്റതാക്കിയത്‌.

തന്റെ അക്കാല മാനസികമായ ചിന്തകളും അനുഭവങ്ങളുമൊക്കെ മനസ്സു തുറക്കുന്നത്‌ സ്വന്തം ഇളയ സഹോദരൻ തിയോയുടെ മുന്നിൽ മാത്രമായിരുന്നു. കുടുംബത്തെ ഉപേക്ഷിച്ചുപോയ വാൻഗോഗ്‌, തിയോവിനയച്ച കത്തുകളിലൊന്ന്‌ ഇങ്ങനെ ‘നാമിപ്പോൾ പൂർണ വളർച്ചയെത്തിയ മനുഷ്യരാണ്‌. അച്ഛന്റെയും അമ്മയുടെയും തലമുറയിൽപെട്ടവരല്ല നാം. നമ്മൾ വിശ്വസ്‌തത പുലർത്തേണ്ടത്‌ പഴയ ആശയങ്ങളോടല്ല, പകരം പുതിയ ആശയങ്ങളോടും ചിന്തകളോടുമാണ്‌. പഴയ ആശയങ്ങളിലേക്ക്‌ തിരികെപ്പോവുക ഏറ്റവും അപകടകരമായ പ്രവണതയാണ്‌. മുതിർന്നവർ അത്‌ മനസ്സിലാക്കുന്നില്ലെങ്കിൽ അത്‌ നമ്മെ ആകുലപ്പെടുത്തേണ്ടതില്ല. അവരുടെ ഇച്ഛയ്‌ക്കെതിരായി നാം നമ്മുടെ യാത്ര തുടരുകതന്നെ വേണം. ഒടുവിൽ അവർ പറയും‐ അതെ നിന്റെ മാർഗം ശരിയായിരുന്നു എന്ന്‌’.

സ്വന്തം പിതാവുമായുള്ള അഭിപ്രായവ്യത്യാസം അഗാധമായിരുന്നു. അതുപോലെ ഒരു യഥാർഥ പുരോഗമനവാദിയുടെ സ്വരം കൂടിയായിരുന്നു. അതേക്കുറിച്ചും വാൻഗോഗിന്റെ കത്ത്‌ തിയോക്ക്‌ ലഭിച്ചിരുന്നു.

‘‘ഏതെങ്കിലുമൊരു ഫ്രഞ്ച്‌ പുസ്‌തകം എന്റെ കൈയിൽ കണ്ടാൽ സദാചാരവിരുദ്ധമായതെന്തോ ആണെന്നാണ്‌ പിതാവ്‌ കരുതുന്നത്‌. പിതാവിന്റെ ഉപദേശങ്ങളേക്കാൾ കരുത്തുള്ള, വിലപ്പെട്ട കാര്യങ്ങളാണ്‌ ഈ ഗ്രന്ഥങ്ങളിൽനിന്ന്‌ കിട്ടുന്നതെന്ന്‌ അങ്ങ്‌ മനസ്സിലാക്കൂ’’.

പീഡിതരോടുള്ള അനുകമ്പയും അവരോടൊത്ത്‌ അവരിലൊരാളായി ജീവിക്കാനുള്ള താൽപര്യവുമാണ്‌ വാൻഗോഗിനെ ബൽജിയത്തിലെ ഖനിത്തൊഴിലാളികളുടെ ഇടയിലേക്ക്‌ എത്തിച്ചത്‌. നരകയാതന അനുഭവിക്കുന്ന ഖനിത്തൊഴിലാളികളെ ശുശ്രൂഷിച്ച്‌ സുവിശേഷകനെപ്പോലെ കഴിഞ്ഞുവെങ്കിലും പള്ളിയുടെ അധികാരികൾ അദ്ദേഹത്തെ അവിടെ കഴിയാനും അനുവദിച്ചില്ല. പള്ളിക്കാരുമായും പിണങ്ങിയതാകാം ദൈവമാണ്‌ യഥാർഥ ശത്രുവെന്ന്‌ വാൻഗോഗിന്‌ തോന്നാൻ കാരണം. അതാണ്‌ തിയോക്കയച്ച കത്തുകളിലത്‌ പ്രതിഫലിക്കുന്നതും. വാൻഗോഗ്‌ ആരാധനയോടെ കണ്ടിരുന്ന ഇംപ്രഷണിസ്റ്റ്‌ ചിത്രകാരനായ പോൾ ഗോഗിനോടുള്ള ബന്ധത്തിലും പൊരുത്തക്കേടുകളുണ്ടായി. തനിക്കുനേരെ വാൻഗോഗ്‌ ആക്രമണത്തിന്‌ മുതിർന്നതായും സ്വപ്‌നസദൃശ്യമായ ഒരു കഥപോലെ പോൾ ഗോഗിൻ കുറിച്ചിട്ടുണ്ട്‌.

സ്‌നേഹത്തിനുവേണ്ടി ദാഹിച്ച പച്ചമനുഷ്യനായിരുന്നു വാൻഗോഗ്‌. സ്‌നേഹത്തിന്റെ ദീപ്‌തമായ അവസ്ഥ മനസിലൊളിപ്പിച്ചുകൊണ്ടാണ്‌ മാതാപിതാക്കളെയും ജീർണിച്ച സദാചാരവ്യവസ്ഥകളെയും ഒഴിവാക്കി ഏകാന്തതയുടെ നിറച്ചാർത്തിലേക്ക്‌ അദ്ദേഹം ഓടിയൊളിച്ചത്‌. അപ്പോഴും സാന്ത്വനമായി സഹോദരനയയ്‌ക്കുന്ന കത്തുകളിലൂടെ അദ്ദേഹം തന്റെ ബന്ധങ്ങളെയും സംഘർഷപൂരിതമായ സമൂഹത്തെയും ഓർത്തെടുത്തു.

നഗരങ്ങളെക്കാൾ ഗ്രാമങ്ങളെ ഇഷ്ടപ്പെട്ട വാൻഗോഗ്‌ വ്യാവസായിക വിപ്ലവത്തോടെ ശക്തിപ്രാപിച്ച നഗരാധിപത്യ സംസ്‌കാരത്തെ വെറുത്തു. വിശാലമായ ഗ്രാമത്തിന്റെ പ്രകൃതിഛായയിൽ, കടുത്ത ചൂടിലും മരവിപ്പിക്കുന്ന തണുപ്പിലും ആഘോഷപൂർവം അദ്ദേഹം ചിത്രങ്ങൾ വരച്ചു. തിയോക്കയച്ച കത്തുകളിലും പ്രകൃതിയുമായുള്ള ആത്മബന്ധം പ്രകടമാണ്‌. ഒരു കത്ത്‌ ഇങ്ങനെയാണ്‌: ‘‘പ്രകൃതിയിൽനിന്ന്‌ പഠിക്കുക, പ്രകൃതിയോട്‌ യുദ്ധം ചെയ്യുക. വർഷങ്ങളോളം ഞാനിത് തുടരുകതന്നെ ചെയ്യും. പ്രകൃതിയോട്‌ മല്ലിട്ടുകൊണ്ട്‌ സ്വന്തം നിറക്കൂട്ടുകൾ സൃഷ്ടിച്ചുകൊണ്ട്‌ ചിത്രീകരണം (യുദ്ധം) തുടങ്ങും. ഒടുവിൽ പ്രകൃതി, നിറങ്ങൾക്കു കീഴടങ്ങുന്നു; അനുസരിക്കുന്നു. പ്രകൃതിയോടുള്ള ഈ പെരുമാറ്റം നിഷ്‌ഫലമാകുന്നില്ല‐ പകരം പ്രകൃതിയോട്‌ നമ്മെ അടുപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പ്രകൃതിയെയും പ്രകൃതിവസ്‌തുക്കളെയും കുറിച്ചുള്ള ഉയർന്ന അവബോധം നമ്മിലുണ്ടാക്കുന്നു’’. സ്‌ത്രീകളും പ്രകൃതിയുമായുള്ള ഇഴചേരൽ വാൻഗോഗിലും അടക്കാനാവാത്ത അഭിനിവേശമാണ്‌ ഉണർത്തിയിട്ടുള്ളത്‌. തന്നെക്കാൾ പ്രായമുള്ള സ്‌ത്രീകളോട്‌ അദ്ദേഹം പ്രത്യേക സ്‌നേഹം പ്രകടിപ്പിച്ചു.

അമ്മയുടെ സ്‌നേഹവും സുരക്ഷിതത്വബോധവുമാഗ്രഹിച്ച്‌ നിരവധി സ്‌ത്രീകളുമായി വാൻഗോഗ്‌ സൗഹൃദത്തിലായിരുന്നു. (സൗഹൃദത്തിലായ പെൺകുട്ടിക്ക്‌ തന്റെ ചെവി മുറിച്ചുനൽകിയ കഥ പ്രശസ്‌തമാണല്ലോ!) ഓരോ ബന്ധങ്ങളുടെ തകർച്ചയിലും നീറുന്ന മനസ്സുമായാണ്‌ നിറങ്ങളെ അദ്ദേഹം ചേർത്തുപിടിച്ചത്‌. കാൻവാസും ഈഡിലുമായി വിശാലമായ ഭൂഭാഗങ്ങളിലേക്ക്‌ വാൻഗോഗ്‌ നടന്നുകയറി, വർണങ്ങൾ ഉത്സവമാക്കി മാറ്റിയ ചിത്രങ്ങളിലൂടെ. വർണങ്ങളുടെ വൈവിധ്യമാർന്ന പ്രയോഗം സ്വീകരിച്ചുവെങ്കിലും സ്വന്തം വൈകാരികമായ അവസ്ഥകളെ മഞ്ഞയിലൂടെ അദ്ദേഹം ആവാഹിച്ച്‌ അവതരിപ്പിച്ചു. ‘എത്ര മനോഹരമാണ്‌ മഞ്ഞ’ എന്നു പറഞ്ഞ അദ്ദേഹത്തിന്റെ സൂര്യകാന്തി സീരീസ്‌ അടക്കമുള്ള നിരവധിയായ മഞ്ഞയുടെ ആധിക്യമുള്ള ചിത്രങ്ങൾ. വാൻഗോഗിന്റെ മറ്റൊരു പ്രത്യേകത ഛായാചിത്രങ്ങളാണ്‌. സ്വന്തം ഛായാചിത്രങ്ങളുടെ നീണ്ട നിര തന്നെ അദ്ദേഹം വരച്ചിട്ടുണ്ട്‌. ഭാവതീവ്രതയോടെ, അതീന്ദ്രീയമായ ഉൾക്കാഴ്‌ചയുടെ, ഭ്രമാത്മകമായ ചിന്തകളുടെയൊക്കെ നിഴൽവീണ മുഖരൂപങ്ങൾ, അതിനിണങ്ങുന്ന പശ്ചാത്തല നിർമിതി‐ അങ്ങനെ പറയാൻ സവിശേഷതകളേറെയുണ്ട്‌. പ്രകൃതി‐വാസസ്ഥലങ്ങൾ ഇവയൊക്കെ ചിത്രീകരിച്ച നൂറുകണക്കിന്‌ ചിത്രങ്ങളും പ്രശസ്‌തങ്ങളാണ്‌.

അന്വേഷണതൃഷ്‌ണയോടെ കാലത്തെ അടയാളപ്പെടുത്തുന്ന നവീനമായ ചിന്തയും കാഴ്‌ചയും മനസ്സും വാൻഗോഗ്‌ സ്വരൂപിക്കുമ്പോഴും പ്രകൃതിയെയും മനുഷ്യരെയും അറിയുമ്പോഴും തന്റെ ഒപ്പമുള്ള തന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സറിയാൻ ഈ മഹാപ്രതിഭയ്‌ക്ക്‌ വേണ്ടത്ര കഴിഞ്ഞിരുന്നോ എന്ന്‌ കലാനിരൂപകർ സൂചിപ്പിക്കുന്നു.

സ്വന്തം ചിത്രങ്ങളെക്കുറിച്ച്‌ തിയോക്കെഴുതിയ കത്തിലെ ഒരു ഭാഗം ഇങ്ങനെ‐ ‘‘എന്റെ ജീവിതവും സൗഭാഗ്യങ്ങളും ദുഃഖങ്ങളും സംഘർഷങ്ങളുമൊക്കെ ഉരുക്കിയൊഴിച്ചതാണ്‌ എന്റെ കാൻവാസിലെ നിറക്കൂട്ടുകൾ’’. ചിത്രകലയെ അതിന്റെ പൂർണതയോടെ മനസ്സിലാക്കി, അതിന്റെ കലാസാങ്കേതിക വൈവിധ്യങ്ങളെ അറിഞ്ഞുകൊണ്ട്‌ ദുരന്തങ്ങളുടെയും സംഘർഷങ്ങളുടെയും ഭൂമികയിലേക്ക്‌ സ്വയം നടന്നുനീങ്ങിയ വിൻസന്റ്‌ വാൻഗോഗ്‌ ഒടുവിൽ ജീവിതത്തോടും പിണങ്ങിയാണ്‌ സ്വന്തം ഹൃദയത്തിലേക്ക്‌ നിറയൊഴിക്കുന്നത്‌. സ്വന്തം ആത്മാവിന്റെ സമർപ്പണം കൂടിയാകുന്നു സ്വയം തിരഞ്ഞെടുത്ത വിടവാങ്ങൽ, ഒരിക്കലും ഒളിമങ്ങാത്ത സർഗപ്രപഞ്ചം ലോകത്തിന്‌ സമ്മാനിച്ചുകൊണ്ട്‌.

മനുഷ്യനെയും പ്രകൃതിയെയും സ്‌നേഹിക്കുന്നതിനേക്കാൾ മഹത്തരമായ കലയില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ ജീവിതാനുഭവങ്ങളെ പ്രകൃതിയുമായി ചേർത്തുപിടിച്ച വിശ്വോത്തര ചി
ത്രകാരനായിരുന്നു വിൻസന്റ്‌ വാൻഗോഗ്‌. അദ്ദേഹത്തിന്റെ കലാജീവിതത്തെക്കുറിച്ചുള്ള വായനയിൽനിന്നാണ്‌ ഈ കുറിപ്പ്‌ തയ്യാറാക്കിയത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular