ജൂലൈ എട്ടിന് മൂന്ന് ദിവസത്തേക്ക് ദക്ഷിണകൊറിയയിലെ സാംസങ് കമ്പനി തൊഴിലാളികൾ നടത്തിയ പണിമുടക്ക് മാനേജ്മെന്റിന്റെ തുടർച്ചയായ നിസ്സഹകരണ മനോഭാവത്തെയും അവഗണനയും തുടർന്ന് അനിശ്ചിതകാലത്തേക്ക് നീട്ടി. നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയന്റെ (NSEU) നേതൃത്വത്തിൽ സിയാവൂളിനടുത്തുള്ള സാംസങ് ഇലക്ട്രോണിക്സിന്റെ ഫാക്ടറിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തുകൊണ്ട് നടത്തിയ പണിമുടക്കാണ് രണ്ടാഴ്ച പിന്നിടുന്നത്. കൂലിയിൽ 5.6%ന്റെ വർദ്ധനവ് വരുത്തണം, യൂണിയന്റെ സ്ഥാപക ദിനത്തിൽ തൊഴിലാളികൾക്ക് ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണം, മുൻപും ഇപ്പോഴും പണിമുടക്കിലേർപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണം എന്നിവയാണ് എൻഎസ്ഇയു മുന്നോട്ടുവെച്ച ഡിമാൻഡുകൾ. തൊഴിലാളികളുടെ തികച്ചും ന്യായമായ ഈ ഡിമാൻഡുകൾ അംഗീകരിക്കുന്നതിനോ അവയ്ക്കുമേൽ സംയുക്ത യോഗമോ ചർച്ചയോ നടത്തുന്നതിനുള്ള മാനേജ്മെന്റിന്റെ പരാജയത്തെ തുടർന്നാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ മെമ്മറി ചിപ്പ് ഉത്പാദക കമ്പനിയും സൗത്ത് കൊറിയയുടെ ഏറ്റവും വലിയ കമ്പനിയുമായ സാംസങ്ങിലെ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നത്. എൻഎസ്ഇയു ന്റെ കണക്കനുസരിച്ച്, ഈ ആവളശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തങ്ങളുടെ യൂണിയന്റെ ബാനറിനുകീഴിൽ മൊത്തം 6000 തൊഴിലാളികൾ പണിമുടക്കിയിട്ടുണ്ട്. ഈ തൊഴിലാളികളിൽ അധികം പേരും സാംസങ്ങിന്റെ സെമികണ്ടക്റ്റർ ഉത്പാദന യൂണിറ്റിൽ നിന്നായതുകൊണ്ടുതന്നെ ഈ പണിമുടക്ക് സാംസങ്ങിന്റെ ഉത്പാദനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട് എന്നു യൂണിയൻ വ്യക്തമാക്കി. എന്നാൽ, ഈ വസ്തുത മാനേജ്മെന്റ് നിഷേധിക്കുകയാണ്. പണിമുടക്ക് ഫാക്ടറിയെ ബാധിച്ചിട്ടില്ലെന്നും തുടർന്ന് പണിമുടക്കുന്നവരെ പിരിച്ചുവിട്ടു പകരും ആളുകളെ എടുക്കുമെന്നുമുള്ള നിലപാടിലാണ് മാനേജ്മെന്റ്. ഈ ഭീഷണിയെ ഒട്ടുംതന്നെ വകവയ്ക്കാതെ നിശ്ചയദാർഢ്യത്തോടുകൂടി മുന്നോട്ടുപോക്കുകയാണ് തൊഴിലാളികൾ.
സാംസങ് കമ്പനി സ്ഥാപിച്ച് ദശകങ്ങളോളം മാനേജ്മെന്റ് യൂണിയൻ രൂപീകരിക്കുവാൻ അനുവദിച്ചിരുന്നില്ല. പിന്നീട് തൊഴിലാളികളുടെ ശക്തമായ സമരത്തെ തുടർന്നും സമ്മർദ്ദത്തെ തുടർന്നുമാണ് യൂണിയൻ രൂപീകരിക്കുവാൻ അനുവദിച്ചത്. ഇന്ന് എൻഎസ്ഇ യൂണിയനിൽ ഏതാണ്ട് മുപ്പതിനായിരത്തോളം പേർ അംഗങ്ങളായുണ്ട്. അതായത് സാംസങ് ഇലക്ട്രോണിക്സിലെ തൊഴിലാളികളുടെ 24 ശതമാനത്തോളം പേർ യുണിയനിൽ അംഗമാണ്. സാംസംഗ് കമ്പനിക്ക് താക്കീത് നൽകുന്നതിനുവേണ്ടി ജൂൺ മാസത്തിൽ യൂണിയൻ ഒരു ഏകദിന പണിമുടക്ക് നടത്തിയിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകളിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാതെ വന്നപ്പോഴാണ് യൂണിയൻ തുടർനടപടിയിലേക്ക് നീങ്ങിയത്. ഇപ്പോഴും മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളികൾക്ക് അത് അനിശ്ചിതകാലത്തേക്ക് നീട്ടേണ്ടിവന്നതും മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ സമീപനം ഒന്നുകൊണ്ടുമാത്രമാണ്. ആദ്യം 6.5 ശതമാനം വർദ്ധനവ് കൂലിയിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട യൂണിയൻ പിന്നീട് ഒരു ധാരണയിലെത്തുന്നതിന് വേണ്ടി അത് 5.6% എന്ന നിലയിലേക്ക് കുറയ്ക്കുവാനും തയ്യാറായി. എന്നാൽ 5.1 ശതമാനം വർദ്ധനവിൽ കൂടുതലായി ഒന്നുംതന്നെ ഞങ്ങൾ ചെയ്യുകയില്ല എന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ♦