അമേരിക്കയിലെ വാഷിങ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിക്കെതിരെ വിവിധ വിഭാഗം ജനങ്ങളുടെ കൂട്ടായ പ്രതിഷേധം നടക്കുകയുണ്ടായി. ജൂലൈ 9 മുതൽ 11 വരെ അമേരിക്കൻ തലസ്ഥാനത്ത് നടന്ന ഉച്ചകോടിക്കെതിരായി ജൂലൈ ആറിനും ഏഴിനുമാണ് യുദ്ധവിരുദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും അടക്കമുള്ള വലിയൊരു നേതൃനിരയ്ക്ക് കീഴിൽ നൂറുകണക്കിനാളുകൾ സംഘടിച്ചത്. 60 ഓളം യുദ്ധവിരുദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടനകളും അടങ്ങുന്ന കൂട്ടായ്മയായ റെസിസ്റ്റ് നാറ്റോ കോയലീഷൻ (Resist NATO Coalition)സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളിലൊന്ന് ജൂലൈ ആറിന് നടന്ന ജനകീയ ഉച്ചകോടിയും മറ്റൊന്ന് ജൂലൈ 7ന് തലസ്ഥാനത്തേക്ക് നടത്തിയ റാലിയുമായിരുന്നു. 75‐ാമത് നാറ്റോ ഉച്ചകോടി നടക്കവേ യുദ്ധോത്സുകതയും സാമ്രാജ്യത്ത താൽപര്യങ്ങളും അധിനിവേശ ആശയങ്ങളും പിന്തുടരുന്ന നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന സംഘടനയ്ക്കെതിരായി അതിനു നേതൃത്വം കൊടുക്കുന്ന അമേരിക്കയുടെ തലസ്ഥാനത്തുതന്നെ ഇത്തരത്തിൽ ഒരു വമ്പൻ പ്രതിഷേധ പരിപാടി അരങ്ങേറി എന്നുള്ളത് പ്രതീക്ഷാവഹമാണ്.
ഉക്രൈനിനുമേൽ റഷ്യ നടത്തുന്ന കടന്നുകയറ്റം യൂറോപ്പിലെ സമാധാനത്തെ സമാധാനം തകർക്കും എന്നും യൂറോ അറ്റ്ലാൻറിക് സെക്യൂരിറ്റിക്കേൽക്കുന്ന കനത്ത ഭീഷണിയാണതെന്നും മറ്റും വലിയ വായിൽ പ്രഖ്യാപനം നടത്തുമ്പോൾ ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിട്ടത് നാറ്റോ തന്നെയാണ് എന്നും തുടക്കം മുതൽ ഇതുവരെ യഥാർത്ഥത്തിൽ ഉക്രൈൻ മണ്ണിൽ സാമ്രാജ്യത്വം റഷ്യയ്ക്ക്നേരെ നടത്തുന്ന കടന്നുകയറ്റമാണതെന്നുള്ളതും നാറ്റോ സൗകര്യപൂർവ്വം വിസമ്മതിക്കുന്നു.
വാഷിംഗ്ടണ്ണിൽ നാറ്റോയ്ക്കെതിരായ എതിരായ പ്രതിഷേധം സംഘടിപ്പിച്ച കൂട്ടായ്മയിൽ അംഗമായിട്ടുള്ള സംഘടനകളിൽ യുഎസ് ചാപ്റ്റർ ഓഫ് ദി ഇൻറർനാഷണൽ ലീഗ് ഓഫ് പീപ്പിൾസ് സ്ട്രഗിൾ, പാലസ്തീനിയൻ യൂത്ത് മൂവ്മെൻറ്, BAYAN-USA, റെസിസ്റ്റ് യുഎസ് ലെഡ്-വാർ മൂവ്‌മെന്റ്, യുണൈറ്റഡ് നാഷണൽ ആന്റിവാർ കോയലീഷൻ, പാൻ ആഫ്രിക്കൻ കമ്മ്യൂണിറ്റി ആക്ഷൻ, നോടുറ്റൽ ഫോർ കൊറിയൻ കമ്മ്യൂണിറ്റി ഡെവലപ്മെൻറ്, പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ തുടങ്ങിയവ ഉൾപ്പെടുന്നു. സാമ്രാജ്യത്വവും ലോകത്തുടനീളം വംശഹത്യയും സൈനികവത്കരണവും നടപ്പാക്കുന്ന നാറ്റോയെ ഈ സംഘടനകൾ ശക്തമായി തള്ളിപ്പറഞ്ഞു. അതിജീവനത്തിനുവേണ്ടി പൊരുതുന്ന ലോകമെമ്പാടുമുള്ള ജനതയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന നാറ്റോയുടെ സമീപനം തികച്ചും അപലപനീയമാണെന്ന് അവ കൂട്ടായി പറഞ്ഞു. BAYAN-USA ചെയർപേഴ്സൺ ആയിട്ടുള്ള ആന്റൻ ബോണിഫാഷിയോ ജൂലൈ 7ന് നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്, ‘‘ഫിലിപ്പൈൻസ് പോലെയുള്ള ഏഷ്യൻ രാജ്യങ്ങളെ അടുത്ത ഉക്രൈൻ ആക്കുവാനാണ് നാറ്റോ ശ്രമിക്കുന്നത്’’ എന്നാണ്. ഏഴാം തീയതിയിലെ റാലിയിൽ പങ്കെടുത്ത പലസ്തീൻ യൂത്ത് മൂവ്മെന്റിന്റെ അംഗമായ ഒരാൾ ചൂണ്ടിക്കാണിച്ചത്, വിമോചന പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്ന ജനോസിഡ് ജോയും ബ്ലഡി ബ്ലിംഗനും ചേർന്ന് നയിക്കുന്ന, അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്തത്തിന്റെ സായുധ സംഘടനയാണ് നാറ്റോ എന്നാണ്. പലസ്തീൻ യൂത്ത് മൂവ്മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് നാറ്റോയുടെ അംഗരാജ്യങ്ങൾ വംശഹത്യയും യുദ്ധങ്ങളും തൊടുത്തുവിട്ടത് പലസ്തീനു നേരെ മാത്രമല്ല മറിച്ച് സിറിയയ്ക്കും ഇറാഖിനും ലിബിയക്കും നേരെയും അവർ അതു പ്രയോഗിച്ചു’ എന്നാണ്.
അതേസമയം ഈ ജനകീയ പ്രതിഷേധങ്ങളും നാറ്റോയ്ക്ക് ബദലായി ജനങ്ങൾ നടത്തിയ ജനകീയ ഉച്ചകോടിയും ഒന്നും യുദ്ധോൽസുകമായ സാമ്രാജ്യത്വ നയങ്ങളെ പുണരുന്നതിൽ നിന്നും നാറ്റോയെ ഒട്ടുംതന്നെ പിന്തിരിപ്പിച്ചിട്ടില്ല എന്നാണ് ജൂലൈ 9 മുതൽ 11 വരെ നടന്ന നാറ്റോ ഉച്ചകോടിയുടെ പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്. റഷ്യയെ വലയം ചെയ്യാനും അടിച്ചമർത്തി അധീനതയിലാക്കുവാനുമുള്ള ശ്രമങ്ങൾ വീണ്ടും തുടരുവാൻ തന്നെയാണ് നാറ്റോ രാജ്യങ്ങളുടെ തീരുമാനം. സാമ്രാജ്യത്ത വിരുദ്ധ ആശയം പിന്തുടരുന്ന രാജ്യങ്ങളെയാകെ ഒറ്റപ്പെടുത്തുവാനും അവയെ സമ്മർദ്ദത്തിലാഴ്ത്തിയും ആയുധം പ്രയോഗിച്ചും അധീനതയിലാക്കുവാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് തന്നെയാണ് ഈ പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്. സർവ്വോപരി ആഗോള സാമ്രാജ്യത്വത്തിന് നിരന്തര വെല്ലുവിളിയാകുന്ന സോഷ്യലിസ്റ്റ് ചൈനയെ എല്ലാ അർത്ഥത്തിലും വലയം ചെയ്യുന്നതിനും കീഴ്‌പ്പെടുത്തുന്നതിനുമുള്ള വക്രബുദ്ധി പ്രയോഗങ്ങൾ തുടരുവാൻ തന്നെയാണ് ഉച്ചകോടിയിൽ തീരുമാനിച്ചിട്ടുള്ളത് എന്നതും ഈ സംഘടന സാമ്രാജ്യത്ത താല്പര്യങ്ങൾക്ക് വേണ്ടി ലോകത്തെയാകെ അരക്ഷിതത്വത്തിലേക്ക് തള്ളിവിടുകമാത്രമേ ചെയ്യുകയുള്ളൂ എന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. ♦