2024 നവംബർ 18, 19 തീയതികളിലായി ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ച് നടന്ന ജി 20 ഉച്ചകോടി സമാപിച്ചത്, പട്ടിണിയും ദാരിദ്ര്യവും ഉന്മൂലനം ചെയ്യുന്നതടക്കമുള്ള ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങൾ സാക്ഷാത്‌കരിക്കുന്നതിനായി സാമ്പത്തികം കണ്ടെത്തുന്നതിന് അതിസമ്പന്നരുടെടെയും കോർപറേറ്റുകളുടെും കൈയിൽനിന്ന് നികുതി ഈടാക്കുകയെന്ന പ്രഖ്യാപനമടക്കം നടത്തിക്കൊണ്ടായിരുന്നു. ജി 20 അംഗീകരിച്ച ലീഡേഴ്‌സ് ഡിക്ലറേഷനിലായിരുന്നു ഈ ആഹ്വാനമുണ്ടായിരുന്നത്. ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോളസഖ്യത്തിന് തുടക്കമിട്ടു; 82 രാജ്യങ്ങൾ അതിന്റെ ഭാഗമായി 19 ജി 20 രാജ്യങ്ങളിൽ 18 രാജ്യങ്ങളും ഈ സംരംഭത്തിൽ അണിചേർന്നു. നിലവിൽ ജാവേർ മിലിയുടെ നേതൃത്വത്തിൽ തീവ്ര വലതുപക്ഷ ഗവൺമെന്റ് ഭരിക്കുന്ന അർജന്റീന മാത്രം ഇതിൽനിന്നും വിട്ടുനിന്നു. ഈ സംരംഭവും ലീഡേഴ്‌സ് ഡിക്ലറേഷനിലെ മറ്റ് നിരവധി കാര്യങ്ങളും ‘‘സോഷ്യലിസ്റ്റാ’’ണ് എന്നായിരുന്നു അർജന്റീനയുടെ വിമർശം.
അസമത്വം കുറയ്‌ക്കുവാനും സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്താനും ബജറ്റ് കൂടുതൽ മെച്ചപ്പെടുത്തുവാനും, ശക്തവും സുസ്ഥിരവും സന്തുലിതവും സാർവത്രികവുമായ വളർച്ച സാധ്യമാക്കുവാനുമുള്ള പ്രധാനായുധങ്ങളിലൊന്നായാണ് പ്രോഗ്രസീവ് ടാക്‌സേഷനെ കാണുന്നതെന്ന് ഡിക്ലറേഷനിൽ ജി 20 വ്യക്തമാക്കുന്നുണ്ട്.
ഇതോടൊപ്പംതന്നെ ആഗോള ഭരണനിർവഹണത്തിൽ വേണ്ട പരിഷ്‌കരണത്തിനും കാലാവസ്ഥാ വ്യതിയാനാത്തെ ചെറുക്കുന്നതിന് ആഗോള സഹകരണത്തിനും ജി 20 ആഹ്വാനം ചെയ്‌തു. ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും ഉക്രെയ്‌നിലെ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും ജി 20 ആവശ്യപ്പെട്ടു. l