അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് ഊബറിലും (uber) ലിഫ്‌റ്റിലും (lyft) രജിസ്റ്റർ ചെയ്‌ത് ഓടുന്ന റൈഡ്‌ഷെയർ ഡ്രൈവർമാർ 2024 നവംബർ 20, ബുധനാഴ്‌ച പണിമുടക്ക് നടത്തി. ന്യായമായ കൂലിയും മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്കിലേർപ്പെട്ട ഡ്രൈവർമാർ, യഥാർഥത്തിൽ ഗതാഗതമേഖലയിൽ ഈ റൈഡ്‌ഷെയർ കന്പനികൾ നടത്തുന്ന കൊള്ളയെയും ചൂഷണത്തെയും പൊതുസമക്ഷമെത്തിക്കുകയായിരുന്നു. അടുത്തകാലത്ത് രൂപീകൃതമായ ടെന്നസി ഡ്രൈവേഴ്‌സ് യൂണിയന്റെ (ടിഡിയു) നേതൃത്വത്തിലാണ് ഡ്രൈവർമാർ പണിമുടക്കിയത്.
ഓരോ ഓട്ടത്തിനും യാത്രക്കാരിൽനിന്നും ഈടാക്കുന്ന തുകയിൽനിന്നും 60 ശതമാനം മുതൽ 80 ശതമാനംവരെ ഊബർ, ലിഫ്‌റ്റ് എന്നീ റൈഡ്‌ഷെയർ കന്പനികൾ ഊറ്റുകയാണെന്ന് ടിഡിയു പറയുന്നു. അതായത് ഉദാഹരണത്തിന്, ഒരു ഓട്ടത്തിന് യാത്രക്കാരനിൽനിന്ന് 52.72 ഡോളർ ഈടാക്കിയാൽ അതിൽനിന്നും ഈ റൈഡ്‌ഷെയർ കന്പനികളുടെ കീഴിൽ വണ്ടിയോടിച്ച ആ ഡ്രൈവർക്ക് ലഭിക്കുന്നത് 12.58 ഡോളർ മാത്രമാണ്. ഇവിടെ യാത്രക്കാരിൽനിന്ന് ഭീമമായ തുക ഈടാക്കുകയും ഡ്രൈവർമാർക്ക് തുച്ഛമായ കൂലിമാത്രം നൽകുകയും ചെയ്യുന്ന ഈ കന്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ദിവസേന 12 മണിക്കൂറും ആഴ്‌ചയിൽ ഏഴുദിവസവും പണിയെടുത്തിട്ടും ഡ്രൈവർമാർക്ക് ജീവിതം കഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകാനേ കഴിയുന്നുള്ളൂ. ഊബറും ലിഫ്‌റ്റും തങ്ങൾക്ക് തോന്നിയതുപോലെയാണ് ഡ്രൈവർമാരുടെ കൂലിനിരക്ക് നിശ്ചയിക്കുന്നത്. അതായത് ഒരേ ഓട്ടത്തിന് രണ്ട് ഡ്രൈവർമാർക്ക് വ്യത്യസ്‌ത നിരക്ക് നൽകുന്നു. നിയമത്തിലെ അപര്യാപ്‌തതമൂലം അഥവാ നിയമം അക്കാര്യത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താത്തതുമൂലം, ഇങ്ങനെ വ്യത്യസ്‌ത നിരക്കുകൾ ചുമത്തുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഈ കന്പനികൾക്ക് വെളിപ്പെടുത്തേണ്ടതായും വരുന്നില്ല. അതുപോലെതന്നെ സംസ്ഥാനത്തിനകത്ത് ഓടണമെങ്കിൽ ഡ്രൈവർമാർക്ക് ടെന്നസി ലൈസൻസ് പ്ലേറ്റ് വേണമെന്ന നിർദേശത്തിൽ വെള്ളംചേർക്കാൻ ശ്രമിച്ചുകൊണ്ട് സംസ്ഥാനത്തിന് പുറത്തുനിന്ന് ഡ്രൈവർമാരെ കൂട്ടത്തോടെ കൊണ്ടുവരുന്നതിനുള്ള ശ്രമവും ഊബറും ലിഫ്‌റ്റും നടത്തുന്നുണ്ട്. ഇത് ഡ്രൈവർമാർക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. പുറം സംസ്ഥാനത്തുനിന്നുള്ള ഡ്രൈവർമാരെ ടെന്നസിയിലെ ഭരണകൂടം വിലക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു.
റൈഡ്‌ഷെയർ ഡ്രൈവർമാരുടെ ഈ സമരം ഉപഭോക്താക്കളിൽനിന്ന്, അതായത് യാത്രക്കാരിൽനിന്നും ഇനിയും അമിത തുക ഈടാക്കുന്നതിനുവേണ്ടിയല്ല; മറിച്ച് ഇപ്പോൾ യാത്രക്കാരിൽനിന്നും ഈടാക്കുന്ന തുക ഊബറും ലിഫ്‌റ്റും പിടുങ്ങുകയാണ്; അതായത് ഡ്രൈവർമാർക്ക് ഈ കന്പനികൾ തുച്ഛമായ തുകയാണ് നൽകുന്നത്; ഡ്രൈവർമാർ കൊള്ളയടിക്കപ്പെടുകയാണ്. അതിനെതിരെയാണ് ഇവരുടെ സമരം. ഇത് ടിഡിയുവിന്റെ ഭാരവാഹികളും വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. l