Friday, December 13, 2024

ad

Homeരാജ്യങ്ങളിലൂടെഗ്രീസിൽ പൊതുപണിമുടക്ക്‌

ഗ്രീസിൽ പൊതുപണിമുടക്ക്‌

ആര്യ ജിനദേവൻ

ഗ്രീസിൽ 2024 നവംബർ 20ന്‌ തൊഴിലാളികൾ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്ക്‌ വൻ വിജയമായിത്തീർന്നു. രാജ്യത്തെയാകെ സ്‌തംഭിപ്പിച്ച ഈ പണിമുടക്കിൽ വിദ്യാഭ്യാസം, ആരോഗ്യം, നിർമാണം, പൊതുഗതാഗതം, ലോജിസ്റ്റിക്‌സ്‌ തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികൾ അണിനിരന്നു. തൊഴിൽസമയം നീട്ടുക, തൊഴിലാളികളുടെ കൂലി വെട്ടിക്കുറയ്‌ക്കുകയും പിടിച്ചുവെക്കുകയും ചെയ്യുക, കൂട്ടായി വിലപേശാനുള്ള തൊഴിലാളികളുടെ അവകാശത്തിനുമേൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നിവയടക്കംവരുന്ന തുടർച്ചയായ തൊഴിലാളിവിരുദ്ധ നിയമങ്ങൾ ഗവൺമെന്റ്‌ പിൻവലിക്കണമെന്നും, തൊഴിലാളികൾക്ക്‌ ന്യായമായ കൂലി ലഭ്യമാക്കുകയും തൊഴിൽസാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്യണമെന്നുമാവശ്യപ്പെട്ടുകൊണ്ടായിരുന്നു പണിമുടക്ക്‌. കഴിഞ്ഞ ഏതാണ്ട്‌ ഒരു ദശകത്തോളമായി മാറിമാറിവരുന്ന എല്ലാ ഗവൺമെന്റുകളും, ഇപ്പോൾ പ്രധാനമന്ത്രി കിരിയക്കോസ്‌ മിത്‌സൊതാക്കിസിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രസി പാർട്ടി ഗവൺമെന്റടക്കം, വിപുലമായ ചെലവുചുരുക്കൽ നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്‌; യൂറോപ്യൻ യൂണിയന്റെയും ഐഎംഎഫ്‌ അടക്കമുള്ള അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും സമ്മർദത്തിനു വഴങ്ങിക്കൊണ്ട്‌ ഗവൺമെന്റ്‌ ഇങ്ങനെ ചെലവുചുരുക്കൽ നയങ്ങൾ നടപ്പാക്കുമ്പോൾ അത്‌ രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുകയാണ്‌; ട്രേഡ്‌ യൂണിയനുകൾ പറയുന്നതനുസരിച്ച്‌, ഈ നയങ്ങൾ രാജ്യത്തെ ജനങ്ങളുടെ വരുമാനത്തിൽ വലിയ കുറവാണുണ്ടാക്കുന്നത്‌. അതായത്‌ 2011ലേതിനേക്കാൾ 14% താഴ്‌ന്ന നിരക്കിലാണ്‌ ഇപ്പോൾ തൊഴിലാളികളുടെ കൂലി നിൽക്കുന്നത്‌.

പാർപ്പിടത്തിനും ഭക്ഷണത്തിനും മറ്റെല്ലാ സാധനസേവനങ്ങൾക്കും ഉയർന്ന തുക നൽകേണ്ടിവരുന്ന തൊഴിലാളികൾക്ക്‌ ലഭിക്കുന്ന മിനിമം കൂലി ഏതാണ്ട്‌ 900 യൂറോയാണ്‌. ടൂറിസത്തിനും ആയുധക്കച്ചവടത്തിനും അമിതപ്രാധാന്യം നൽകുന്ന മിത്‌സൊതാക്കിസ്‌ ഗവൺമെന്റ്‌ രാജ്യത്തെ പാവപ്പെട്ട ജനതയ്‌ക്കുവേണ്ടി ഒന്നുംചെയ്യാൻ തയ്യാറാകുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, വെള്ളം, ഗതാഗതം, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹികസുരക്ഷ, ഊർജം, പ്രകൃതിദുരന്തങ്ങളുടെ ഘട്ടത്തിൽ ലഭ്യമാക്കേണ്ട സിവിൽ സംരക്ഷണ സേവനങ്ങൾ എന്നിങ്ങനെ എല്ലാ നിർണായകമേഖലകളുടെയും പ്രവർത്തനത്തെ ഗവൺമെന്റ്‌ ചരക്കുവത്‌കരിക്കുകയാണെന്ന്‌ ആൾ വർക്കേഴ്‌സ്‌ മിലിറ്റന്റ്‌ ഫ്രണ്ട്‌ (PAME) പറയുന്നു. സാധാരണക്കാരന്റെ അടിസ്ഥാനാവകാശങ്ങളെല്ലാംതന്നെ സ്വകാര്യ കുത്തകകൾക്ക്‌ തീറെഴുതിക്കൊടുക്കുന്ന ഗവൺമെന്റ്‌ നാറ്റോയിലൂടെ ദശലക്ഷക്കണക്കിനു യൂറോയുടെ സൈനിക ചെലവഴിക്കലാണ്‌ നടത്തുന്നത്‌. ‘‘നാറ്റോയുടെ ആയുധങ്ങൾക്കും മിസൈലുകൾക്കും യുദ്ധക്കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും വേണ്ടി ഞങ്ങളുടെ അടിസ്ഥാന ദൈനംദിനാവശ്യങ്ങൾ ബലികഴിപ്പിക്കുവാൻ ഞങ്ങൾ തയ്യാറല്ല… ലക്ഷക്കണക്കിനു യൂറോയാണ്‌ ചെങ്കടലിൽ യുദ്ധക്കപ്പലുകൾക്കുവേണ്ടി ഗവൺമെന്റ്‌ ചെലവഴിക്കുന്നത്‌; അതായത്‌ ഒരാശുപത്രിയുടെ വാർഷിക ബജറ്റിനു തത്തുല്യമായ തുക’’‐ PAME പറയുന്നു.

ഗ്രീസിലെ ഈ തൊഴിലാളി പണിമുടക്കിനെ വളരെ വ്യത്യസ്‌തമാക്കിയ ഒരു സവിശേഷത, അവിടെ നടന്ന മാധ്യമ പണിമുടക്കാണ്‌. നവംബർ 20, ബുധനാഴ്‌ച നടക്കുന്ന തൊഴിലാളി പണിമുടക്കിനു മുന്നോടിയായി നവംബർ 19, ചൊവ്വാഴ്‌ച രാജ്യത്തെ ജേണലിസ്റ്റ്‌ യൂണിയനുകൾ നടത്തിയ പണിമുടക്ക്‌ വൻവിജയമായിരുന്നു, ശ്രദ്ധേയവും. തൊട്ടടുത്ത ദിവസം തൊഴിലാളികൾ നടത്തുന്ന രാജ്യവ്യാപക പൊതുപണിമുടക്കിൽ പങ്കാളികളാവുകയായിരുന്നു രാജ്യത്തെ മാധ്യമങ്ങൾ. രാജ്യത്തുടനീളമുള്ള പൊതു‐സ്വകാര്യ മാധ്യമസ്ഥാപനങ്ങൾ മെച്ചപ്പെട്ട കൂലിക്കുവേണ്ടിയുള്ള ജനങ്ങളുടെ ആവശ്യത്തോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2010‐18 കാലത്തെ സാന്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ മരവിപ്പിച്ച ‘‘കൂട്ടത്തോടെ വിലപേശാനുള്ള അവകാശം’’ ഗവൺമെന്റ്‌ പുനഃസ്ഥാപിക്കണമെന്ന്‌ ജേണലിസ്റ്റ്‌ യൂണിയനുകൾ ആവശ്യപ്പെട്ടു. പ്രിന്റ്‌, ബ്രോഡ്‌കാസ്റ്റ്‌, ഓൺലൈൻ എന്നീ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം പണിമുടക്ക്‌ വൻ വിജയമായിത്തീർന്നു. ഇത്തരത്തിൽ തങ്ങളുടെ അവകാശങ്ങൾക്കും അതിജീവനത്തിനുംവേണ്ടി തൊഴിലാളികൾ ആഹ്വാനംചെയ്‌ത പണിമുടക്കിൽ ഗ്രീസിലെ മാധ്യമങ്ങളും കൂട്ടായി അണിനിരന്നുവെന്നത്‌ സാമ്രാജ്യത്വലോകത്തെ വലതുപക്ഷ മാധ്യമ കുപ്രചരണങ്ങളുടെ കാലത്ത്‌ തികച്ചും വ്യത്യസ്‌തമായൊരു അനുഭവമാണ്‌. തൊഴിലാളിസമരങ്ങളെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും നാമാവശേഷമാക്കാനുള്ള ഭരണകൂടത്തിന്റെയും ബൂർഷ്വാ രാഷ്‌ട്രീയപാർട്ടികളുടെയും തന്ത്രങ്ങൾക്ക്‌ യാതൊരുളുപ്പുമില്ലാതെ കുടപിടിക്കുന്ന ‘നാലാം തൂണി’ന്റെ ഈ കാലത്ത്‌ ഇത്‌ തികച്ചും വ്യത്യസ്‌തമാണ്‌.

മറ്റൊന്ന്‌, ഈ പണിമുടക്ക്‌ തികച്ചും സാർവദേശീയതയുടെ ആശയത്തെ അതിന്റെ ഓരോ നിശ്വാസത്തിലും ഒപ്പംചേർത്ത ഒന്നായിരുന്നു. പലസ്‌തീനിലെയും ലബനനിലെയും മനുഷ്യർക്കുനേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന്‌ പണിമുടക്ക്‌ പ്രക്ഷോഭം ആവശ്യമുയർത്തി. ഇസ്രായേലിന്‌ പിന്തുണയ്‌ക്കുന്ന ഗ്രീക്ക്‌ ഗവൺമെന്റിന്റെ നടപടിയെ ജനങ്ങൾ തള്ളിപ്പറഞ്ഞു. ഈ പൊതുപണിമുടക്കിന്റെ മുദ്രാവാക്യംപോലും ‘‘അറവുശാലകളെ തള്ളിക്കളയുക, പകരം ജനങ്ങൾക്ക്‌ കൂലിയും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുക’’ എന്നതായിരുന്നു. പലസ്‌തീൻ പതാകകൾ തൊഴിലാളികളുടെ റാലിയിൽ ഉയർത്തിയിരുന്നു; ഗാസയിലെയും മറ്റ്‌ അധിനിവേശ പ്രദേശങ്ങളിലെയും ജനങ്ങൾക്ക്‌ ഗ്രീസിലെ തൊഴിലാളികൾ പരിപൂർണ പിന്തുണ നൽകുന്നു എന്നുകൂടി വ്യക്തമാക്കിയ പണിമുടക്കായി ഇത്‌ മാറി.

കഴിഞ്ഞ ഏതാനും മാസങ്ങളായി കടത്തുതൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി ഗ്രീസിലെ വിവിധ വിഭാഗം ജനങ്ങൾ നടത്തിവന്ന പ്രക്ഷോഭപരിപാടികളുടെ ഫലംകൂടിയായി ഈ പണിമുടക്ക്‌ മാറുകയായിരുന്നു. തങ്ങളുടെ അവകാശങ്ങൾക്കായി തൊഴിലാളികൾ ഒന്നടങ്കം സംഘടിച്ചപ്പോൾ അത്‌ രാജ്യത്തെ സ്‌തംഭിപ്പിക്കുകയും ഗ്രീക്ക്‌ ഭരണകൂടത്തിന്‌ താക്കീതാവുകയും ചെയ്‌തിരിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − thirteen =

Most Popular