കായികരംഗത്ത് ലോകോത്തര നിലവാരമുള്ള നിരവധി താരങ്ങളെ സ്കൂൾ തലത്തിൽ നിന്നും സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ചിട്ടയായ ശാസ്ത്രീയ കായിക പരിശീലനത്തിലൂടെയാണ് ഇത്തരം മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുള്ളത്.ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പിക്സിനോളം ചരിത്രവും പാരമ്പര്യവും ബഹുസ്വരകാഴ്ചപ്പാടും അവകാശപ്പെടാൻ കെൽപ്പുള്ള മറ്റൊരു കായികമേളയുമില്ലായെന്ന് അസന്നിഗ്ധമായി പറയാം. സാംസ്കാരികവും രാഷ്ട്രീയവും ദേശീയവുമായ വിഭജനങ്ങളെ മറികടക്കാൻ സാധിക്കുന്ന ശക്തവും ഫലപ്രദവുമായ ഉപാധിയായി സ്പോർട്സിനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയിൽ നിന്നാണ് ഈ വിശാല കാഴ്ചപ്പാട് രൂപപ്പെട്ടത്. വ്യക്തിയുടെയും സമൂഹത്തിന്റെയും ശാരീരികവും സാമൂഹികവും മാനസികവുമായ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സർഗാത്മകതയുടെ പ്രധാന ഘടകമായ സ്പോർട്സ് മനുഷ്യസംസ്കാരത്തിന്റെ പ്രധാനഭാഗമാണ്. ആദിമകാല അതിജീവന രീതികളിൽ നിന്നും സങ്കീർണമായ സാംസ്കാരിക പ്രതിഭാസത്തിലേക്കുള്ള പരിണാമമാണ് സ്പോർട്സിന്റെ ആത്യന്തിക നെടുന്തൂൺ. ഒളിമ്പിക്സ് മുന്നോട്ടുവയ്ക്കുന്ന ഉദാത്തമായ ആശയങ്ങളെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കിടയിലേക്കും പ്രചരിപ്പിക്കേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് സംസ്ഥാന സർക്കാർ ഈ വർഷത്തെ സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചത്. കൗമാര കായികതാരങ്ങളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായിക സംഗമവേദികളിലൊന്നായി ഇതു മാറി. കേരളപ്പിറവി മുതൽ ആരംഭിച്ച ഈ മഹത്തായ സംരംഭം ഓരോ അക്കാദമിക വർഷവും വളരെ കൃത്യതയോടെയാണ് നടന്നുവരുന്നത്. മുൻവർഷം വരെ വ്യത്യസ്ത കാലയളവുകളിൽ ഇതര മത്സരവേദികളിൽ നടന്നിരുന്ന സ്കൂൾ കായികമേള ഒരേ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജില്ല കേന്ദ്രീകരിച്ചുകൊണ്ട് നടന്നു എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രധാന പ്രത്യേകത. ഓരോ വർഷവും സംസ്ഥാനത്തൊട്ടാകെ 5 ലക്ഷത്തിലധികം വിദ്യാർത്ഥികൾ കായികമേളയുടെ ഭാഗമാകുന്നുണ്ട്. 2016ൽ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് കായികമേളയെ ‘കായികോത്സവം’ എന്ന നിലയിലേക്ക് പരിവർത്തനപ്പെടുത്തിയത്. ഇത്തവണ മുതൽ ഒളിമ്പിക്സ് മാതൃകയിൽ ഒരു ജില്ല കേന്ദ്രീകരിച്ച് ‘കേരള സ്കൂൾ കായികമേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഒളിമ്പിക്സ് മാതൃകയിൽ ദേശീയനിലവാരത്തോടെ വളരെ സമഗ്രവും വിശാലവുമായരീതിയിൽ കായികമേള സംഘടിപ്പിച്ചത്. അണ്ടർ 14,17,19 കാറ്റഗറികളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടന്ന വിവിധ മത്സരങ്ങളിൽ ആകെ 24860 താരങ്ങളാണ് കൗമാരകായികപ്പോരാട്ടത്തിൽ അണിനിരന്നത്. കേരള സ്കൂൾ സ്പോർട്സ് മാന്വലിൽ ഉൾപ്പെടുത്തിയിട്ടുള്ള 39 കായിക ഇനങ്ങളിൽ നിന്നും 1578 മത്സരങ്ങളാണ് അത്ലറ്റിക്സ്, അക്വാട്ടിക്സ്, ഗെയിംസ് എന്നിങ്ങനെ വിവിധ ഇവന്റുകളായി നടന്നത്. പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളോടുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമായി സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക മത്സരമായ ഇൻക്ലൂസീവ് സ്പോർട്സും മേളയുടെ സർവ്വപ്രധാനഭാഗമായി. സ്കൂൾ കായികമേളയുടെ മത്സര ചരിത്രത്തിൽ ആദ്യമായി ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിക്കുന്ന ആറു വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 50 യുവകായികപ്രതിഭകൾ മേളയുടെ ഭാഗമായി. മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്ക്, കടവന്ത്ര രാജീവ് ഗാന്ധി റീജിയണൽ സ്പോർട്സ് സെന്റർ ഉൾപ്പെടെ ദേശീയ,അന്തർദേശീയ നിലവാരമുള്ള 17 കായിക വേദികളിലാണ് മത്സരങ്ങൾ നടന്നത്.
വൈവിധ്യങ്ങളാൽ സമ്പന്നമായ കൊച്ചി
ഒളിമ്പിക്സിൽ ഏറ്റവും ആകർഷകമായി നടക്കുന്നത് ഉദ്ഘാടന-സമാപന ചടങ്ങുകളാണ്. സമാനമായി കൊച്ചിയുടെ കലാസാംസ്കാരിക സമ്പന്നതയുടെ മികവുറ്റ അവതരണമായിരുന്നു കേരള സ്കൂൾ കായികമേളയുടെയും ഉദ്ഘാടന-സമാപന ചടങ്ങുകളിൽ ഉണ്ടായിരുന്നത്. കായികമേളയുടെ ഉദ്ഘാടന- സമാപന വേദി മഹാരാജാസ് കോളേജ് സ്റ്റേഡിയമായിരുന്നു. 10000ത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത മെഗാ ഡിസ്പ്ലേ,മ്യൂസിക് ബാൻഡ്, കേരളത്തിന്റെ തനത് കലാസാംസ്കാരിക രൂപങ്ങളുടെ അവതരണം ഉൾപ്പെടെയുള്ളവ മത്സരാർത്ഥികൾക്കും കാണികൾക്കും ഒരുപോലെ മികച്ചകാഴ്ച്ചാനുഭവമാണ് സമ്മാനിച്ചത്. ഒളിമ്പിക്സിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് സമാനമായ നിലയിൽ സ്ഥിരം ലോഗോ, ഭാഗ്യചിഹ്നം, പ്രോമോ വീഡിയോ, ബ്രാൻഡ് അംബാസിഡർ തുടങ്ങിയവ കേരള സ്കൂൾ കായികമേളയിലും ഉണ്ടായിരുന്നു. ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായികമേള സംഘടിപ്പിച്ചതിലൂടെ പ്രതിഭാധനരായ താരങ്ങൾക്ക് കൂടുതൽ ആവേശത്തോടെയും അർപ്പണബോധത്തോടെയും കായികരംഗത്ത് തുടരുവാൻ ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ഉറപ്പുനൽകുവാൻ കഴിഞ്ഞു. കേരളത്തിന്റെ മഹത്തായ കായികസംസ്കാരം, അടിസ്ഥാന സൗകര്യ വികസനം, പ്രതിഭാ വികസനം, സാമൂഹിക ഇടപെടൽ എന്നിവയ്‌ക്ക് വിശാലമായ മാനം നൽകുന്നതിന് ഈ നൂതന സമീപന രീതി വഴിത്തിരിവായിട്ടുണ്ടെന്നാണ് കായിക വിദഗ്ധരുടെയും നിരീക്ഷകരുടെയും അഭിപ്രായം. പകൽസമയത്തെ അധികഠിനമായ ചൂടുകാരണം മത്സരങ്ങൾ രാവിലെയും രാത്രിയുമായി ഫ്ലഡ്‌ലൈറ്റിലാണ് സംഘടിപ്പിച്ചത്. പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ഇതിഹാസതാരം ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ആണ് ബ്രാൻഡ് അംബാസിഡർ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യവും പ്രചോദനം പകരുന്ന വാക്കുകളും ഉദ്ഘാടന ചടങ്ങിന് കൂടുതൽ മികവേകി. സവിശേഷതകളാൽ സമ്പന്നമായ മാർച്ച് പാസ്റ്റിലും ദീപശിഖാ പ്രയാണത്തിലും മറ്റു താരങ്ങളോടൊപ്പം ഭിന്നശേഷി കുട്ടികൾ അവരുടെ പരിമിതികളെയെല്ലാം മറികടന്നുകൊണ്ട് പങ്കെടുത്തത് വേറിട്ട കാഴ്ചയായി. കേരളത്തിന്റെ കായിക സംസ്കാരത്തിന് കരുത്ത് പകരുന്ന നിലയിലാണ് ചരിത്രമേളയിൽ ദീപശിഖ തെളിയിച്ചത്. മേളയുടെ ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ പി.ആർ ശ്രീജേഷിനും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കുമൊപ്പം ഭിന്നശേഷി വിദ്യാർഥി പ്രതിനിധി ശ്രീലക്ഷ്മിയും ചേർന്ന് കായിക ദീപത്തിലേക്ക് തിരിതെളിയിച്ചപ്പോൾ അത് പുത്തൻ കായിക സംസ്കാരത്തിനും വിവേചനരഹിതമായ ലോകകാഴ്ചപ്പാടിനും വെളിച്ചം പകർന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള കായികോത്സവമാന്വൽ പ്രകാരമാണ് മത്സരങ്ങളുടെ സംഘാടനം നടന്നത്. മത്സരം നടന്ന എല്ലാ വേദികളിലും ഡിജിറ്റൽ ബോർഡുകളും പ്രത്യേക വീഡിയോ സ്ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്ത് എവിടെയുമുള്ള കായിക പ്രേമികൾക്ക് മത്സരങ്ങൾ വീക്ഷിക്കുന്നതിനുവേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു. നിർമിതബുദ്ധിയുടെ അനന്തസാധ്യതകൾ മത്സരവിധി നിർണയത്തിനും മത്സരഫലങ്ങളുടെ കൃത്യതക്കുംവേണ്ടി മേള നടന്ന 17 വേദികളിലും ഉറപ്പാക്കിയിരുന്നു. കേരള സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കാസർകോട് നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണവും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പിന്റെ യാത്രയും തൃപ്പൂണിത്തുറയിൽ ഒരുമിച്ച് സംഗമിച്ചശേഷമാണ് ഉദ്ഘാടന വേദിയായ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.
കുട്ടികളുടെ കൂട്ടുകാരനായ തക്കുടു
ഒളിമ്പിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര കായിക മത്സരങ്ങളിൽ മേളപ്പെരുമയുടെ പ്രതീകമായി ഭാഗ്യചിഹ്നത്തെ അവതരിപ്പിക്കാറുണ്ട്. കായിക മത്സരങ്ങളുടെ ബ്രാൻഡിങ്ങിന്റെ ഭാഗമായും സാംസ്കാരികമായ പ്രചരണത്തിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. ഭാഗ്യചിഹ്നങ്ങൾ ഉപയോഗിക്കുന്ന രീതി പുരാതന നാഗരികതകളിൽ നിന്നാണ് ആരംഭിച്ചത്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായികമേളകളിൽ കായിക താരങ്ങൾക്കും കാണികൾക്കും സംഘാടകർക്കും ഊർജ്ജസ്വലമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനാണ് ഭാഗ്യചിഹ്നങ്ങളെ പൊതുവായി ഉപയോഗപ്പെടുത്തുന്നത്. സൗഹൃദം,സ്ഥിരോൽസാഹം, ബഹുമാനം,സമാധാനം, ഐക്യം, പ്രത്യാശ തുടങ്ങിയ സർവ്വലൗകിക വിഷയങ്ങളും ഇതിന്റെ അവതരണത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. 1972ൽ ജർമ്മനിയിലെ മ്യൂണിക്കിൽ വച്ച് നടന്ന ഒളിമ്പിക്സിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച ആദ്യ ഔദ്യോഗിക ഭാഗ്യചിഹ്നമായ വാൽഡി അവതരിപ്പിക്കപ്പെട്ടു. കേരള സ്കൂൾ കായികമേളയുടെ ഭാഗമായി ‘തക്കുടു’ എന്ന അണ്ണാറക്കണ്ണനെയാണ് ഭാഗ്യചിഹ്നമായി കേരള സർക്കാർ അവതരിപ്പിച്ചത്. സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഭാഗ്യചിഹ്നം രൂപപ്പെടുത്തിയത്. സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അണ്ണാൻ കേരളത്തിൽ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു ജീവി കൂടിയാണ്. ഓർമ്മ, പ്രശ്നപരിഹരണശേഷി തുടങ്ങിയ ഗുണങ്ങൾ ഏറെയുള്ള ഒരു ജീവി കൂടിയാണിത്. കേരളത്തിൽ മനുഷ്യവാസകേന്ദ്രങ്ങളോടൊപ്പം ഇഴുകിച്ചേർന്ന് ജീവിക്കുന്ന പ്രകൃതമാണിതിനുള്ളത്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ജീവി എന്ന നിലയിൽ സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിനെ കേരളം ഹൃദയത്തോട് ചേർത്ത് സ്വീകരിച്ചു. ഏറ്റവും ആകർഷകമായ നിലയിൽ തക്കുടുവിന്റെ വലിയ രൂപം പ്രധാന വേദിയിൽ സ്ഥാപിച്ചിരുന്നു.
കായിക കേരളത്തിന്റെ പരിച്ഛേദമാമായ ലോഗോ
പ്രാദേശിക തലം മുതൽ അന്തർദേശീയതലം വരെയുള്ള വ്യത്യസ്ത തരം കായികമത്സരങ്ങളിൽ വിവിധ സവിശേഷതകളോടുകൂടിയ ലോഗോകൾ അവതരിപ്പിക്കാറുണ്ട്. ഒളിമ്പിക് റിംഗ് എന്നറിയപ്പെടുന്ന വ്യത്യസ്ത നിറങ്ങളിലുള്ള 5 വളയങ്ങളാണ് ഒളിമ്പിക്സിന്റെ ലോഗോ. ലോകത്തിലെ അഞ്ച് പ്രധാന ഭൂഖണ്ഡങ്ങളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഒരു കായിക മത്സരവേദിയുടെ അടിസ്ഥാന തത്വങ്ങളുടെ ചിഹ്നമാണിത്. കായിക മേഖലയുടെ ആത്യന്തികവും സാർവത്രികവുമായ ആശയങ്ങളെയാണ് ഇത് പ്രതീകപ്പെടുത്തുന്നത്. 1913ൽ ആധുനിക ഒളിമ്പിക്സിന്റെ പിതാവായ ബാരൻ പിയറി ഡി കുബേട്ടിനാണ് ആധുനിക ഒളിമ്പിക്സ് ലോഗോ അവതരിപ്പിച്ചത്.രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും അഖണ്ഡതയും ഏകോപനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ ലോഗോ അവതരിപ്പിച്ചത്. 1920ൽ ബെൽജിയത്തിലെ ആന്റ് വെർപ്പിൽ നടന്ന ഒളിമ്പിക്സിലാണ് ഈ ലോഗോ ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചത്. സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ അത്ഭുതങ്ങളുടെ സവിശേഷമായ സമ്മിശ്രണത്തിന് പേരുകേട്ട സംസ്ഥാനമായ കേരളത്തിന്റെ കായിക കരുത്ത് വർദ്ധിപ്പിക്കുന്നതിൽ സവിശേഷമായ പങ്കുവഹിച്ചിട്ടുള്ള സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥമാണ് കേരളത്തിന്റെ ആകൃതിയിലുള്ള പുതിയ ലോഗോ അവതരിപ്പിച്ചത്. നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്ന ജല കായിക മത്സരയിനങ്ങൾ, അത്ലറ്റിക്സ് മത്സരങ്ങൾ, വിവിധ ഗെയിംസിനങ്ങൾ, ഇൻക്ലൂസീവ് സ്പോർട്സ് തുടങ്ങിയവയെല്ലാം പ്രതിനിധാനം ചെയ്യുന്ന നിലയിലാണ് ലോഗോയുടെ ആകൃതി.
കിരീടവുമണിഞ്ഞ് മെഡൽ ഏറ്റുവാങ്ങി ജേതാക്കൾ
ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ഒലിവ് ഇലകൊണ്ട് നിർമ്മിച്ച കിരീടമണിയിക്കുന്ന പാരമ്പര്യം ഗ്രീസിലെ ഒളിമ്പ്യയിൽ ബി.സി 776 നടന്ന പുരാതന ഒളിമ്പിക് ഗെയിംസിലാണ് ആരംഭിച്ചത്. ഗ്രീക്ക് ജനത ഈ സാമ്പ്രദായികരീതിയെ പരമോന്നത ബഹുമതിയായിട്ടാണ് പ്രതീകപ്പെടുത്തുന്നത്. 1896ൽ ഗ്രീസിലെ ഏതൻസിൽ നടന്ന ആദ്യ ആധുനിക ഒളിമ്പിക്സിലും 2004 ൽ ഏതൻസിൽ നടന്ന ഒളിമ്പിക്സിലും ഒലിവ് ഇല കൊണ്ട് നിർമ്മിച്ച കിരീടധാരണം മത്സരവിജയികളുടെ വിക്ടറി സെറിമണിയുടെ ഭാഗമായിരുന്നു. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയികളാകുന്ന താരങ്ങൾക്ക് ഒളിമ്പിക്സ് സമ്മാനവിതരണ രീതിയിൽ വിക്ടറി സെറിമണി സമയത്ത് കിരീടധാരണം കൂടി സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വർക്ക് എഡ്യൂക്കേഷൻ പ്രൊഡക്ഷൻ യൂണിറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്സും ചേർന്നാണ് കിരീടത്തിന്റെ മാതൃക രൂപകൽപ്പന ചെയ്തത്. ഒന്നാം സ്ഥാനക്കാർക്ക് മെറൂൺ കിരീടവും രണ്ട് മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം നീല,ഓറഞ്ച് കിരീടവുമാണ് നൽകുന്നത്. കേരള സ്കൂൾ കായികമേളയുടെ ഭാഗമായി 5700 കിരീടങ്ങൾ മത്സരവിജയികൾക്ക് വിതരണം ചെയ്തു.
മേളയിൽ നൂതന ആകർഷണമായി ഇൻക്ലൂസീവ് സ്പോർട്സ്
ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേളയിൽ ഔദ്യോഗികമായി ആദ്യം നടന്ന കായിക പോരാട്ടം സവിശേഷ പരിമിതരായ കുട്ടികൾ പങ്കെടുത്ത ഇൻക്ലൂസീവ് സ്പോർട്സ് ആയിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് അവരുടെ പരിമിതിയുടെ തലത്തിൽ നിന്നുകൊണ്ടുതന്നെ കായികമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത് കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ്. ഇത് സാധ്യമാക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ സവിശേഷപരിഗണന ആവശ്യമുള്ള കുട്ടികൾക്കും കായികപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ അവസരം ലഭ്യമാക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ഇൻക്ലൂസീവ് സ്പോർട്‌സ് മാന്വൽ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. ഇന്ത്യയിൽ ആദ്യമായി കേരളമാണ് സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികൾക്കുവേണ്ടി പ്രത്യേക മാന്വൽ തയ്യാറാക്കി നടപ്പിലാക്കിയത്. സ്കൂൾ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്‌സിൽ 14 ജില്ലകളുടെ പ്രതിനിധികളായി 1369 കായികതാരങ്ങൾ പങ്കെടുത്തു. സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് സുരക്ഷിതമായി പങ്കെടുക്കാൻ കഴിയുന്നരീതിയിൽ ഓരോ കായികവേദികളും ഭിന്നശേഷി സൗഹൃദമായനിലയിലാണ് സജ്ജീകരിച്ചത്. സവിശേഷ പരിമിതരായ കുട്ടികൾക്ക് മത്സരശേഷം കൊച്ചിയുടെ നഗരക്കാഴ്ചകൾ കാണാനും അനുഭവിച്ചറിയാനുമുള്ള അവസരംകൂടി സംഘാടകർ ഒരുക്കി. ഇതിനായി കൊച്ചി മെട്രോയിലും കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ്സിലും ഉൾപ്പെടെ പ്രത്യേക യാത്രകൾ സംഘടിപ്പിച്ചു. ഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി വിക്ടറി സെറിമണി ചടങ്ങും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മെമോന്റോയും വിതരണം ചെയ്തു.
പ്രകടന നിലവാര മികവിലേക്കുയർന്ന മേള
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കായിക മേഖലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ മികച്ച ഫലമാണ് കേരള സ്കൂൾ കായിക മേള സമ്മാനിച്ചത്. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ഗെയിംസ് എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയാണ് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിംഗ് സ്വർണക്കപ്പ് സ്വന്തമാക്കിയത്. കോതമംഗലം എം.എ കോളേജിൽ വച്ച് നടന്ന അക്വാട്ടിക് മത്സരത്തിൽ തലസ്ഥാന ജില്ല ഓവറോൾ കിരീടം നേടി. 35 മീറ്റ് റെക്കോർഡുകൾ ആണ് നീന്തൽക്കുളത്തിൽ നിന്നുംപിറവിയെടുത്തത്. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയത്തിൽ നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ നിന്നും 9 പുതിയ മീറ്റ് റെക്കോർഡുകൾ കുറിക്കപ്പെട്ടു. എറണാകുളവും പാലക്കാടും കാലങ്ങളായി അടക്കി വച്ചിരുന്ന മെഡൽ മേഖലകളിലേക്ക് ആഞ്ഞടിച്ചുകൊണ്ടാണ് അത്‌ലറ്റിക്സിൽ മലപ്പുറം ജില്ല ഓവറോൾ കിരീടം സ്വന്തമാക്കിയത്. ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആധിപത്യം പുലർത്തി മലപ്പുറം ജില്ലയിലെ ഐഡിയൽ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻ പട്ടം മൂന്നാം തവണയും സ്വന്തമാക്കി. സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഗവ. ജി.വി രാജ സ്പോർട്സ് സ്കൂൾ മികച്ച രണ്ടാമത്തെ കായിക വിദ്യാലയമായി മാറി.
സവിശേഷമാണ് ഈ കായികമേള
സംസ്ഥാന സർക്കാർ ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായികമേള നടത്തുവാൻ നിലപാട് സ്വീകരിച്ച തീരുമാനത്തെ നിരവധിപേർ വിമർശിച്ചിരുന്നു. എറണാകുളം പോലുള്ള തിരക്കേറിയ നഗരത്തിൽ കാൽലക്ഷത്തോളം കായിക താരങ്ങളെയും അധ്യാപകരെയും ഒഫീഷ്യൽസിനെയും ഉൾക്കൊള്ളുവാനും പരിഗണിക്കുവാനും കഴിയുമോ എന്ന വിമർശകരുടെ ആശങ്കയെ പൂർണ്ണമായും അതിജീവിച്ചുകൊണ്ടാണ് യാതൊരു പിഴവുകളുമില്ലാതെ പൊതു വിദ്യാഭ്യാസ വകുപ്പ് കായികമേള വിജയകരമായി പൂർത്തീകരിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ,സ്പോർട്സ് ഓർഗനൈസർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം രണ്ടുമാസത്തോളം എറണാകുളം കേന്ദ്രീകരിച്ചുകൊണ്ട് നടത്തിയ കഠിനാധ്വാനത്തിന്റെയും നിരന്തരമായ ഏകോപനത്തിന്റെയും ഫലമായാണ് കായികമേള വൻ വിജയമായിത്തീർന്നത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുമായുള്ള ഏകോപനം സമയബന്ധിതമായി ഫലപ്രദമാക്കുവാൻ കഴിഞ്ഞതും വിജയത്തിന് കരുത്ത് പകർന്നു. ഏഷ്യയിലെ ഏറ്റവും വലിയ പുരോഗമന അധ്യാപക പ്രസ്ഥാനമായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഏറ്റെടുത്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 പ്രധാന കേന്ദ്രങ്ങളിലാണ് താരങ്ങൾക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്തത്. ഓരോ കേന്ദ്രത്തിനും കൊച്ചിയുടെ തനതായ രീതിയിലുള്ള പേരുകളും നൽകിയിരുന്നു. കഠിനമായ കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് അനുഗുണമാകുന്ന നിലയിലുള്ള സ്പോർട്സ് ന്യൂട്രീഷൻ മെനു പ്രകാരമുള്ള ഭക്ഷണമാണ് വിതരണം ചെയ്തത്. ഭാഗ്യചിഹ്നമായ തക്കുടുവിനെ എറണാകുളം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വൻജനപങ്കാളിത്തത്തോടെ പരിചയപ്പെടുത്തുന്ന പരിപാടിയിലൂടെ കായികമേളയുടെ പ്രചരണവും വിപുലമാക്കി. എല്ലാ മത്സരവേദികളിലും വോളണ്ടിയേഴ്സിനെയും കായികതാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ലഹരിക്കെതിരായ പ്രതിജ്ഞ സംഘടിപ്പിച്ചു. നേത്രദാനത്തിന്റെ മഹത്തായ സന്ദേശം സമൂഹമാകെ വ്യാപിപ്പിക്കുക എന്നുള്ള ലക്ഷ്യത്തെ മുൻനിർത്തി ‘ഒരു ലക്ഷം-ഒരു ലക്ഷ്യം’ എന്ന പേരിലുള്ള നേത്രദാന ക്യാമ്പയിനും നടന്നു. മത്സരം നടക്കുന്ന മുഴുവൻ വേദികളിലും വിവിധ മെഡിക്കൽ ടീമുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. സ്പോർട്സ് മെഡിസിൻ, സ്പോർട്സ് ആയുർവേദ, ഹോമിയോപ്പതി ഉൾപ്പെടെയുള്ള വിവിധ വിങ്ങുകൾ പ്രവർത്തിച്ചിരുന്നു. യോഗ്യരും അനുഭവസമ്പത്തുള്ളവരുമായ ഡോക്ടർമാർ മറ്റു സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെ മുഴുവൻസമയ സേവനം ലഭ്യമായിരുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം തയ്യാറാക്കിയ പ്രത്യേക മൊബൈൽ ആപ്പിലൂടെയായിരുന്നു മേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളുടെയും രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കിയത്. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട 52 വിദ്യാലയങ്ങളിലാണ് കുട്ടികൾക്ക് ആവശ്യമായ താമസസൗകര്യങ്ങൾ ക്രമീകരിച്ചിരുന്നത്. താമസസ്ഥലം, മത്സരവേദി, ഭക്ഷണവിതരണകേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസുകളുടെ ലഭ്യതയും ഉറപ്പാക്കിയിരുന്നു.
സമാപനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം
സംഘാടനം, ആസൂത്രണം എന്നിവകൊണ്ട് ലോകശ്രദ്ധയിലേക്കുയർന്ന കായികമേള യാതൊരു പിഴവുമില്ലാതെയാണ് പൂർത്തിയാക്കിയത്. ഇതിനിടയിൽ മികച്ച സ്കൂളിന് നൽകുന്ന സമ്മാനത്തിന്റെ പേരിൽ തിരുനാവായ നാവാമുകുന്ദ സ്കൂൾ,എറണാകുളം മാർ ബേസിൽ എന്നീ സ്കൂളുകളുടെ അധികൃതരുടെ നേതൃത്വത്തിൽ അനാവശ്യമായ വിവാദം സൃഷ്ടിച്ചു. സ്കൂളുകളുടെ പരാതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന പൊതു വിദ്യാഭ്യാസ മന്ത്രിയുടെ വാക്കിനെ അവഗണിച്ചുകൊണ്ടാണ് അനാവശ്യ പ്രതിഷേധം ഉണ്ടാക്കിയത്. സാംസ്കാരിക പരിപാടി തടയാനും വോളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. ലോകത്ത് ഏത് കായികമേള നടന്നാലും തർക്കങ്ങൾ പരിഹരിക്കുവാൻ വ്യവസ്ഥാപിതമായ പരിഹാര കമ്മിറ്റികൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിൽ അനാവശ്യ കാരണമുണ്ടാക്കി കായികമേളയുടെ സദ്കീർത്തി നഷ്ടപ്പെടുത്തുവാൻ ബോധപൂർവ്വമായ ശ്രമം സ്വീകരിച്ചത്. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കായികമേളയിൽ കേരള സ്കൂൾ സ്പോർട്സ് മാന്വൽ പ്രകാരം സ്കൂളുകൾ തമ്മിൽ യാതൊരു തരത്തിലുള്ള വേർതിരിവുകളും ചാമ്പ്യൻ പട്ടം നൽകുന്നതിൽ പരിഗണിക്കാറില്ല. തീവ്രമായ മത്സരങ്ങൾക്കതീതമായി കൂട്ടായ്മയ്ക്കും പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന വികാരമാണ് പൊതുവിൽ രൂപപ്പെടുത്തേണ്ടത്.
ഓരോ കായികവേദികളിലും താരങ്ങൾ മാന്യമായ രീതിയിൽ കളിക്കുവാനും ധാർമികമായ പെരുമാറ്റം സ്വീകരിക്കുവാനും പ്രതിബദ്ധമാകുന്ന നിലയിൽ പ്രവർത്തിക്കേണ്ടതാണ്. കായികരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരോടും ഏറ്റവും മാന്യവും ഉദാരവുമായ പെരുമാറ്റത്തിലൂടെ ധാർമികമാനം കൊണ്ടുവരിക എന്ന സവിശേഷമായ സ്വഭാവരീതി ഉടലെടുക്കണം. പുരാതന ഗ്രീസിലെ ഒളിമ്പിക്സ് മത്സരങ്ങൾ പരിശോധിക്കുമ്പോൾ പരസ്പര ബഹുമാനത്തിന്റെയും സാഹോദര്യത്തിന്റെയും ശരിയായ ആശയം പകരുന്ന നിലയിലുള്ള ഇടപെടലുകളാണ് ഉണ്ടായിരുന്നത്. മത്സരഫലം ജയമോ പരാജയമോ എന്നു പരിഗണിക്കാതെ ബഹുമാനം, നീതി എന്നിവ ഉൾക്കൊള്ളുന്ന സമഗ്രതലമാണ് ഇവിടെ പരിഗണിച്ചിരുന്നത്. ഇതിലൂടെ കൈവരിക്കുന്ന അന്തർലീനമായ മനോഭാവം സ്പോർട്സിന്റെ മത്സരാവേശത്തിനും അപ്പുറത്തേക്ക് പരസ്പര ബഹുമാനത്തിന്റെയും ഉദാത്തമായ പെരുമാറ്റ രീതിയുടെയും സംസ്കാരം വളർത്തുന്നു.
കായികമത്സരങ്ങൾ ആരോഗ്യകരമായ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് എതിരാളിയെ പൂർണ്ണമായും ഉൾക്കൊള്ളുകയും അവരുടെ കഴിവുകളെയും പരിശ്രമത്തെയും മത്സരിക്കുവാനുള്ള അവകാശത്തെയും അംഗീകരിക്കുന്നതും ഏറ്റവും പ്രധാനമാണ്.ഏതൊരു കായിക മത്സരത്തിന്റെയും കാതലായ അംശം ഫെയർ പ്ലേ എന്ന തത്വത്തിൽ അധിഷ്ടിതമാണ്. ഇവിടെ അത്ലറ്റുകൾ ഒരു കൂട്ടം നിയമങ്ങൾക്കുള്ളിൽ മത്സരിക്കുകയും കളിയുടെ ഉന്നതമായ നിലവാരത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളും പ്രകടിപ്പിക്കേണ്ട ധാർമികവും മാന്യവുമായ പെരുമാറ്റവുമാണിത്. മത്സരങ്ങൾ സമഗ്രതയോടും ബഹുമാനത്തോടും സമത്വത്തോടും കൂടി നടത്തപ്പെടുന്നുവെന്നും നിയമങ്ങൾ പാലിക്കൽ, എതിരാളികളോടുള്ള ബഹുമാനം തുടങ്ങിയവ പാലിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നു. മത്സരത്തിനിടയിൽ ഉണ്ടാകുന്ന തെറ്റുകൾ സമ്മതിക്കുക, അനാവശ്യമായ നേട്ടങ്ങൾ ഉണ്ടാക്കുവാൻ തന്ത്രങ്ങൾ മെനയാതിരിക്കുക തുടങ്ങിയവ സ്പോർട്സിലെ സത്യസന്ധതയുടെയും സുതാര്യതയുടെയും നേർസാക്ഷ്യമാണ്. മത്സര വിജയത്തിൽ അമിതമായി ആഹ്‌ളാദിക്കുകയോ എതിർ കളിക്കാരെ ഇകഴ്ത്തുകയോ തോൽവിയിൽ നിരാശപ്പെടുകയോ ചെയ്യാതിരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ടീമിന്റെ പരിപൂർണ്ണമായ ചലനാത്മകതയ്ക്ക് സംഭാവന നൽകിക്കൊണ്ട് ഐക്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ബോധം വളർത്തുന്ന ടീം വർക്കാണ് പൊതുവിൽ രൂപപ്പെടേണ്ടത്. സ്പോർട്സ് എല്ലായ്‌പ്പോഴും മാനുഷിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും പ്രതിഫലനമാണ് ലോകത്തിനുകാട്ടിത്തരുന്നത്.
അടുത്തവർഷം കൂടുതൽ കരുത്തോടെ കരുതലോടെ കാണാമെന്ന പ്രതീക്ഷയുമായി
ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ കായികമേള സംഘടിപ്പിച്ചതിലൂടെ കേരളത്തിന്റെ ജനാധിപത്യം മതേതര കാഴ്ചപ്പാടുകൾക്ക് കായിക മേഖലയിലൂടെ കൂടുതൽ മാനം നൽകാമെന്ന ആശയമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിന്റെ കായിക മികവിന്റെ പ്രകാശഗോപുരമായി എന്നും നിലകൊള്ളുന്ന മഹത് സംരംഭമാണ് കേരള സ്കൂൾ കായികമേള. കേരളത്തിന്റെ ശക്തമായ കായിക പൈതൃകം നിലനിർത്തുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. സ്‌കൂൾ കായികമേളയിൽനിന്നും പിറവികൊണ്ട നിരവധി ദേശീയ, അന്തർദേശീയ പ്രതിഭകൾ രാജ്യത്തിന്റെ അഭിമാന താരങ്ങളായി ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലെ മികച്ച കായിക പ്രതിഭകളെ ഒരുമിച്ച് കൊണ്ടുവരുന്ന അഭിമാനകരമാം മത്സര സംഗമവേദി കൂടിയായി കൊച്ചിയിലെ ഓരോ കായികവേദിയും മാറി. താരങ്ങൾ തമ്മിലുള്ള ഒരുമയുടെയും നിശ്ചയദാർഢ്യത്തിന്റെയും മികവിന്റെയും പരമോന്നത പോരാട്ട ഭൂമി കൂടിയായി ഇത് മാറപ്പെട്ടു. ആയിരക്കണക്കിന് താരങ്ങളുടെ കായികശക്തിയും സംസ്ഥാനത്തിന്റെ ഐക്യവും ഒത്തുചേർന്ന കേന്ദ്രമായിമാറാൻ കൊച്ചിയ്ക്ക് സാധിച്ചു. പുതുകാഴ്ചപ്പാടോടെയും വ്യക്തമായ ലക്ഷ്യത്തോടെയും ഒത്തുചേരുന്ന താരങ്ങൾക്ക് പ്രതീക്ഷയ്ക്കതീതമായ നേട്ടങ്ങൾ കൈവരിക്കുവാനും സാധിച്ചു. ജനങ്ങൾ പരിപൂർണമായി ഏറ്റെടുത്ത ഈ മഹാമേള വരുംവർഷങ്ങളിലും സമാന മാതൃകയിൽ നടത്തുവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അടുത്തവർഷം കേരള സ്കൂൾ കായികമേളയുടെ സംഘാടനത്തിന് തലസ്ഥാനജില്ല ആതിഥ്യം വഹിക്കുവാനൊരുങ്ങുമ്പോൾ കൊച്ചിയിലുണ്ടാക്കിയ മികവിനെ കൂടുതൽ പ്രൗഢിയിലേക്ക് ഉയർത്തുവാൻ കഴിയുമെന്നുറപ്പാണ്.