Sunday, September 8, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍മാർക്‌സിസ്റ്റ്‌ ആചാര്യനായ കെ ദാമോദരൻ

മാർക്‌സിസ്റ്റ്‌ ആചാര്യനായ കെ ദാമോദരൻ

കെ ദാമോദരൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 42

കേരളമാർക്സ് എന്നും കേരളത്തെ മാർക്സിസം പഠിപ്പിച്ച അധ്യാപകനെന്നും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവുമെന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട, മലയാളിയായ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി അംഗം, കെ.ദാമോദരൻ തിരൂരിനടുത്ത് പൊറൂർ ഗ്രാമത്തിലെ കീഴേടത്ത് എന്ന ജന്മികുടുംബത്തിൽ 1912 ഫെബ്രുവരി അഞ്ചിനാണ് ജനിച്ചത്. 1929ൽ കോഴിക്കോട് സാമൂതിരി കോളേജിൽ പഠിക്കാനെത്തുന്നതോടെയാണ് ദാമോദരൻ രാഷ്ട്രീയത്തിൽ ആകൃഷ്ടനാകുന്നത്. എന്നാൽ അതിനുമുമ്പ് സ്വന്തം വീട്ടിലുണ്ടായ ഒരനുഭവം ജന്മിത്തത്തിനെതിരായ ഉറച്ച നിലപാടിലേക്കെത്തിച്ചു. സ്കൂൾ വിദ്യാർഥിയായിരിക്കെയാണ് സംഭവം. എന്തോ പിഴവ് ആരോപിച്ച് ഒരു തൊഴിലാളിയെ കാരണവർ തല്ലുകയും പിന്നീട് മരത്തിൽ കെട്ടിയിടുകയുംചെയ്തു. കാരണവർ അവിടെനിന്ന് മാറിയ ഉടൻ ദാമോദരൻ ആ തൊഴിലാളിയുടെ അടുത്തെത്തുകയും കെട്ടഴിച്ചുവിടാൻ ശ്രമിക്കുകയുമാണ്. അപ്പോൾ ആ തൊഴിലാളി കേണപേക്ഷിക്കുകയാണ്, കെട്ടഴിച്ചുവിട്ടേക്കരുത്. തമ്പ്രാനാണ് എനിക്കെല്ലാമെല്ലാം, രക്ഷകൻ… തലമുറകളായി സൃഷ്ടിക്കപ്പെട്ട അടിമത്തബോധത്തെക്കുറിച്ച് മനസ്സിലാക്കുകയായിരുന്നു ആ കുട്ടി.

സാമൂതിരി കോളേജിൽ പഠിക്കാനെത്തിയ ദാമോദരൻ മിഠായിത്തെരുവിൽച്ചെന്ന് ഒരു ഓലക്കുടയുമായാണ് ആദ്യദിവസത്തെ ക്ലാസിനെത്തിയത്. അതിവേഗം ശ്രദ്ധേയനായിത്തീർന്ന ദാമോദരൻ വിദ്യാർഥികളുടെ സംഘടന രൂപവൽക്കരിക്കുന്നതിനുള്ള ശ്രമത്തിൽ മുഴുകി. അസാധാരണമായ ധിഷണാശക്തി പ്രകടിപ്പിച്ച അദ്ദേഹം പഠനത്തിലും പഠനേതരപ്രവർത്തനത്തിലും ഒന്നാമതായിരുന്നു. ഉപ്പ് സത്യാഗ്രഹത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്ന സന്ദർഭത്തിൽ ആ വിദ്യാർഥി കെ.കേളപ്പനടക്കമുള്ളവരെ കണ്ട് തന്നെയും സമരജാഥയിൽ ചേർക്കണമെന്നഭ്യർഥിച്ചു. എന്നാൽ 18 വയസ്സ് തികയാത്തതിനാലും (18 വയസ്സു തികയാത്ത കെ.മാധവനെ പ്രായം തെറ്റായി രേഖപ്പെടുത്തിയാണ് ജാഥയിൽ ചേർത്തത്) ജാഥാംഗങ്ങളുടെ എണ്ണം കൂടിയതിനാലും സമരത്തിൽ ചേർത്തില്ല.

ഉപ്പുസത്യാഗ്രഹജാഥയിൽ അണിചേരാനാവാത്തതിൽ നിരാശയുണ്ടായിരുന്നെങ്കിലും ദാമോദരൻ അടങ്ങിയിരിക്കുകയല്ല ചെയ്തത്. സാമൂതിരികോളേജ് കേന്ദ്രീകരിച്ച് കോഴിക്കോട്ടെ വിദ്യാർതികളുടെ ഒരു സംഘടന രൂപീകരിക്കുകയായിരുന്നു ആദ്യം. കേരളവിദ്യാർഥിസംഘം എന്ന പേരിൽ രൂപപ്പെട്ട ആ സംഘടന കേരളത്തിലെ ആദ്യത്തെ പുരോഗമന വിദ്യാർഥിസംഘടനയാണെന്ന് പറയാം. 1930‐31 കാലത്ത് മൂന്ന് ചെറിയ പുസ്തകങ്ങൾ കേരളവിദ്യാർഥിസംഘം പ്രസിദ്ധപ്പെടുത്തി. മൂന്നും ദാമോദരൻ എഴുതിയത്. നെഹ്റു, ഗാന്ധിജി (ഏകവഴി), മാർക്സ് എന്നീ പുസ്തകങ്ങൾ. സാമൂതിരികോളേജിൽ പഠിച്ചുകൊണ്ടിരിക്കെ കോഴിക്കോട്ടെ മാത്രമല്ല തിരൂർ, പൊന്നാനി മേഖലയിലെയും ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇടപഴകിപ്പോന്നു. അങ്ങനെയിരിക്കെയാണ് 1931 ഡിസംബറിൽ തിരൂരിൽവെച്ച് നിയമലംഘിച്ച് പ്രസംഗിച്ചതിന് അറസ്റ്റിലാകുന്നത്. 19‐കാരനായ ദാമോദരനെ 23 മാസത്തെ തടവിന് ശിക്ഷിച്ച് ജയിലിലടച്ചു. ആദ്യം കോയമ്പത്തൂർ ജയിലിൽ. ജയിൽവാസം ആഴത്തിലുള്ള വായനയ്‌ക്കും ഭാഷാപഠനത്തിനും സഹായകമായി. ഹിന്ദിയും തമിഴും നന്നായി പഠിക്കാൻ കോയമ്പത്തൂർ ജയിൽക്കാലം പ്രയോജനപ്പെട്ടു. ഇക്കാലത്താണ് ദാമോദരൻ കഥാകൃത്തുമായത്. 1933‐ അവസാനം ജയിൽമുക്തനായ ദാമോദരൻ തുടർന്ന് പഠിക്കാതിരിക്കരുതെന്ന് കെ.പി.കേശവമേനോനും കേളപ്പനും കെ.മാധവൻനായരുമടക്കമുള്ളവർ നിർബന്ധിച്ചു. കോഴിക്കോട്ട് നഗരത്തിലെ കോൺഗ്രസ് പ്രവർത്തനത്തിൽ മുഴുകിയ അദ്ദേഹം ഈ കാലയളവിൽ മാതൃഭൂമിയിൽ ലേഖനങ്ങളും കഥകളും എഴുതിപ്പോന്നു. ബനാറസ്സിൽ ആചാര്യ നരേന്ദ്രദേവിന്റെയും മറ്റും നേതൃത്വത്തിൽ നടത്തിപ്പോരുന്ന വിശ്വവിദ്യാപീഠത്തിൽ ദാമോദരൻ ചേരുന്നത് നന്നാവുമെന്ന് അഭ്യുദയകാംക്ഷികൾ അഭിപ്രായപ്പെട്ടു. അങ്ങോട്ടുപോകാനുള്ള ചെലവിനും മറ്റുമായി കണ്ടെത്തിയ വഴി ദാമോദരന്റെ അതേവരെയുള്ള കഥകളും ലേഖനങ്ങളുമെല്ലാം ചേർത്ത് ഒരു പുസ്തകമാക്കി (കണ്ണുനീർ) അച്ചടിച്ചുവിൽക്കലാണ്. മാതൃഭൂമി പ്രസ്സിൽനിന്ന് സൗജന്യമായി അടിച്ചുകൊടുത്ത പുസ്തകം ദാമോദരൻതന്നെ നടന്നുവിറ്റു. കാശിയിലെത്തിയ ദാമോദരൻ മാതൃഭൂമിയുടെ പാർട്ട്‌ടൈം ലേഖകനെപ്പോലെ പ്രവർത്തിച്ച് ചെറിയ പ്രതിഫലം പറ്റിപ്പോന്നു.

കാശി വിശ്വവിദ്യാപീഠത്തിൽ സംസ്കൃതസാഹിത്യത്തിലും ദർശനങ്ങളിലുമുള്ള ആഴത്തിലുള്ള പഠനം‐ പിൽക്കാലത്ത് പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി ദാമോദരന്റെ ക്ലാസ്‌മേറ്റ്. സംസ്കൃതത്തോടൊപ്പം ഉറുദു, ബംഗാളി ഭാഷകളും സ്വായത്തമാക്കാൻ കാശിവാസം സഹായിച്ചു. വിശ്വവിദ്യാപീഠത്തിലെ മുതിർന്ന വിദ്യാർഥിയായ ഓംകാർനാഥ് ശാസ്ത്രിയാണ് ദാമോദരനെ സോഷ്യലിസത്തിലേക്കും മാർക്സിസത്തിലേക്കും ആകർഷിക്കുന്നത്. കിട്ടാവുന്നേടത്തോളം മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ വായിച്ച് ഉറച്ച കമ്യൂണിസ്റ്റായിക്കഴിഞ്ഞ ദാമോദരന് അന്നത്തെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ആർ.ഡി.ഭരദ്വാജ് പാർട്ടിയിൽ അംഗത്വം നൽകി. അങ്ങനെ ശാസ്ത്രി പരീക്ഷയും പാസായി, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് അംഗവുമായി 1936 ആദ്യം കോഴിക്കോട്ടേക്ക് തിരിച്ചെത്തുകയാണ് ദാമോദരൻ. പ്രേംചന്ദ് അടക്കമുള്ള പ്രമുഖ എഴുത്തുകാരുമായി അടുത്ത സൗഹൃബന്ധവുമുണ്ടായിരുന്നു ദാമോദരന്.

അപ്പോഴേക്കും മലബാറിൽ കോൺഗ്രസ്സിലെ ഇടതുപക്ഷക്കാർ സി.എസ്.പി.യുടെ ഭാഗമായി പ്രവർത്തനം തുടങ്ങിയിരുന്നു. കർഷകപ്രസ്ഥാനം രൂപപ്പെട്ടിരുന്നു, ട്രേഡ് യൂണിയൻ പ്രസ്ഥാനവും പിച്ചവെക്കുകയായിരുന്നു. ട്രേഡ് യൂണിയൻ രംഗത്ത് കൃഷ്ണപിള്ളയ്ക്കും കെ.പി.ഗോപാലനുമടക്കമുള്ളവർക്കുമൊപ്പം ദാമോദരനും ചേർന്നു. ഫറോക്കിലെ ഓട്ടു കമ്പനി സമരത്തിന്റെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. ഈ സമയത്ത് കോഴിക്കോട്ടെ സോപ്പ് കമ്പനിയിൽ ടി.കെ.രാജുവിന്റെ നേതൃത്വത്തിൽ യൂണിയൻ രൂപീകരിക്കാൻ ശ്രമം നടക്കുകയായിരുന്നു. ദാമോദരൻ ആ പ്രവർത്തനത്തിൽ പ്രധാന പങ്കുവഹിച്ചു. ദാമോദരനും കമ്പനിയിലെ തൊഴിലാളികൂടിയായ രാജവും നേതൃത്വംനൽകി യൂണിയനുണ്ടാക്കി. അതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട രാജു പിന്നീട് മുഴുവൻസമയ ട്രേഡ് യൂണിയൻ പ്രവർത്തകനും പാർട്ടിനേതാവുമായി.

ഈ സമയത്താണ് പ്രചാരണരംഗത്തും പ്രത്യയശാസ്ത്രരംഗത്തും കൂടുതൽ ശ്രദ്ധിക്കാൻ കോൺഗ്രസ്, പ്രത്യേകിച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി തീരുമാനിക്കുന്നത്. വായനശാലകൾ സംഘടിപ്പിക്കുക, നിശാപാഠശാലകൾ നടത്തുക എന്നിവ അടിയന്തരലക്ഷ്യമായി കണ്ട് പ്രവർത്തനമാരംഭിച്ചു. സാംസ്കാരികരംഗത്തെ ഈ പ്രവർത്തനങ്ങൾക്ക് ദാമോദരന് പ്രത്യേക ചുമതലനൽകി. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കേന്ദ്രസംഘമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടക്കം അതിനുശേഷമാണ്. തിരൂരിൽ തന്റെ നാട്ടിലെ വായനശാലയായ ഗ്രാമബന്ധു വായനശാലയിൽ വിളിച്ചുചേർത്ത മലബാറിലെ വായനശാല ഭാരവാഹികളുടെ യോഗത്തിൽവെച്ച് ഒരു തീരുമാനമെടുത്തു‐ മലബാറിലെ വായനശാലകളുടെ കേന്ദ്രസംഘടനയുണ്ടാക്കണം. അതിനായി കർമപരിപാടി തയ്യാറാക്കിയ യോഗം കെ.ദാമോദരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1937 ഏപ്രിൽ 17‐നായിരുന്നു തിരൂരിലെ യോഗം. ജൂൺ 11‐ന് കോഴിക്കോട്ട് വിപുലമായ സമ്മേളനം ചേരാൻ യോഗം തീരുമാനിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് വിഭാഗം അതിനുള്ള വിപുലമായ തയ്യാറെടുപ്പ് നടത്തി. കോഴിക്കോട് ടൗൺഹാളിൽ ജൂൺ 11‐ന് ചേർന്ന മലബാർ ലൈബ്രറി സമ്മേളനം കെ.കേളപ്പൻ ഉദ്ഘാടനംചെയ്തു. ഇ.രാമൻ മേനോൻ പ്രസിഡണ്ടും സി.കൃഷ്ണകുറുപ്പ് വൈസ് പ്രസിഡണ്ടും കെ.ദാമോദരൻ സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു. 1943‐ൽ മലബാർ ഗ്രന്ഥലയസംഘവും കൊച്ചിയിലെ ഗ്രാന്ഥാലയസംഘവും യോജിച്ച് കേരളഗ്രന്ഥാലയസംഘം രൂപീകരിക്കാൻ തീരുമാനിച്ചു. പിന്നീട് 1945‐ൽ മാത്രമാണ് പി.എൻ.പണിക്കരുടെ നേതൃത്വത്തിൽ കേരള ഗ്രന്ഥശാലാ സംഘം സർ സി.പി.യുടെ അനുഗ്രഹാശിസുകളോടെ രൂപീകരിക്കുന്നത്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ.പണിക്കരാണെന്ന് തെറ്റായി പ്രചരിപ്പിച്ചുവരികയാണിപ്പോൾ. വാസ്തവത്തിൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഏകോപനത്തിന് ആദ്യം നേതൃത്വംനൽകിയത് കെ.ദാമോദരനത്രെ.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകം രൂപീകരിക്കുന്നതിനുള്ള യോഗം കേന്ദ്രകമ്മിറ്റി അംഗമായ എസ്.വി.ഘാട്ടെയുടെ സാന്നിധ്യത്തിൽ കോഴിക്കോട്ട് ചേർന്നത് 1937‐ലാണ്. കൃഷ്ണപിള്ളയ്‌ക്കും ഇ.എം.എസ്സിനും എൻ.സി.ശേഖറും കെ.ദാമോദരനുമാണ് അതിൽ പങ്കെടുത്തത്. പാർട്ടി രൂപീകരണം പരസ്യപ്പെടുത്തുന്നത് പിണറായി പാറപ്രത്ത് 1939 അവസാനം നടന്ന സമ്മേളനവും കഴിഞ്ഞ് കുറേദിവസത്തിനുശേഷമാണ്.

രഹസ്യമായി പ്രവർത്തിക്കുകയായിരുന്ന പാർട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരം കർഷക‐തൊഴിലാളി സംഘടനകളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. അതിന്റെ ഭാഗമായി പൊന്നാനിയിൽ 1937‐ൽ താലൂക്ക് കർഷകസമ്മേളനം നടക്കുന്നു. ആ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരു നാടകം വേണമെന്ന് തീരുമാനിക്കുന്നു. അതെഴുതാനുള്ള ചുമതല കെ.ദാമോദരന്. പൊന്നാനി കുട്ടാടൻപാടത്ത് ആ നാടകം അവതരിപ്പിക്കുന്നു‐ പാട്ടബാക്കി. ദാമോദരനും എ.കെ.ജി.യും പ്രേംജിയുമെല്ലാം അഭിനയിച്ച നാടകം‐ കേരളത്തിലെ പുരോഗമന നാടകപ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്.

പൊന്നാനിയിലെ ബീഡിതൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള ചുമതലയാണ് പിന്നീട് ദാമോദരൻ നിർവഹിച്ചത്. പൊന്നാനിയിലെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുക പലതരത്തിലും പ്രശ്നബഹുലമായിരുന്നു. തൊഴിലാളികളും ഉടമകളും ഇസ്ലാം സമുദായത്തിൽപ്പെട്ടവരായിരുന്നു. പുറമേനിന്ന് അങ്ങോട്ടുപോയി സംഘടനയുണ്ടാക്കാൻ ശ്രമിച്ചപ്പോഴെല്ലാം തിരസ്കാരമായിരുന്നു ഫലം. കെ.ദാമോദരൻ ആ മേഖലയിലേക്ക് കടന്നുചെന്ന് തൊഴിലാളികളോടൊപ്പം താമസിക്കുകയും അവരുടെ പ്രിയം പിടിച്ചുവാങ്ങുകയുചെയ്തു. കടുത്ത ചൂഷണത്തിനിരയാവുകയായിരുന്നു പൊന്നാനിയിലെ ആയിരക്കണക്കായ ബീഡിത്തൊഴിലാളികൾ. യൂണിയൻ രൂപീകരിച്ച് ആനുകൂല്യങ്ങൾക്ക് നോട്ടീസ് കൊടുത്തതോടെ കാഫർ വന്ന് പ്രശ്നമുണ്ടാക്കുന്നുവെന്ന പ്രചരണത്തിലായി മുതലാളിമാർ. തൊഴിലാളികൾ അതൊന്നും വകവെക്കാതെ പിക്കറ്റിങ്ങ് തുടങ്ങി. സമരം തകർക്കാൻ വർഗീയമായ ആയുധങ്ങളാണ് മുതലാളിമാർ ഉപയോഗിച്ചത്. എന്നാൽ അതൊന്നും വിലപ്പോയില്ല. ഒടുവിൽ സമരം തകർക്കാൻ കണ്ട മാർഗം തൊഴിലാളികൾക്ക് ഹോട്ടലുകളിൽ പറ്റ് കൊടുക്കാതിരിക്കലും കടകളിൽനിന്ന് അനാദിസാധനങ്ങൾ കടംകൊടുക്കുന്നത് തടയലുമാണ്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് സമരം മുന്നോട്ടുപോയി. കടുത്ത മർദനവാഴ്ചയായി. കെ.ദാമോദരനെ അറസ്റ്റ്ചെയ്യാനെത്തിയ പോലീസ്‌ സംഘത്തെ തൊഴിലാളികൾ തടഞ്ഞു. വലിയ സംഘർഷമായി. ഒടുവിൽ അറസ്റ്റിലായ ദാമോദരനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പോലീസ് സ്റ്റേഷൻ വളഞ്ഞു. സാഹചര്യം നിയന്ത്രണാതീതമായി. സമരത്തെ തകർക്കാൻ ദാമോദരനെയും സംഘത്തെയും മതപരമായി ഒറ്റപ്പെടുത്താൻ ശ്രമിച്ച ഉടമകളെ തൊഴിലാളികൾ നേരിട്ടത് മതപരമായ മുദ്രാവാക്യവുംകൂടി വിളിച്ചാണ്.

കെ ദാമോദരനെ വിട്ടയക്കുക
മർദിച്ചവരോട് പകരം ചോദിക്കും
ഇങ്ക്വിലാബ് സിന്ദാബാദ്
അള്ളാഹു അക്ബർ…

സ്ഥിതി ഗുരുതരമായപ്പോൾ പോലീസിന്റെ അഭ്യർഥനപ്രകാരം ദാമോദരൻ പുറത്തുവന്ന് തൊഴിലാളികളെയും പൊതുജനങ്ങളെയും അഭിസംബോധനചെയ്ത് സംസാരിച്ചു. തൊഴിലാളികൾ ഉപരോധം മതിയാക്കി തിരിച്ചുപോകണം, സമരം തുടരുമെന്ന പ്രഖ്യാപനം.

1938ൽ ഐതിഹാസികമായ സമരത്തിനാണ് ആലപ്പുഴയിലെ തൊഴിലാളികൾ തുടക്കംകുറിച്ചത്. ആ സമരത്തിന്റെ ആലോചനായോഗങ്ങളിലും ബോധവൽക്കരണത്തിലും ദാമോദരൻ പ്രധാന പങ്കുവഹിച്ചു. പിന്നീട് പാർട്ടി നിർദേശപ്രകാരം തിരുവിതാംകൂറിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. ഉത്തരവാദഭരണപ്രക്ഷോഭം മന്ദീഭവിപ്പിക്കാൻ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വം ഇടപെട്ടപ്പോൾ ഇടതുപക്ഷ നേതൃത്വത്തിലുള്ള യൂത്ത്‌ ലീഗാണ് സക്രിയമായി രംഗത്തുവന്നത്. യൂത്തുലീഗിന്റെ നേതൃത്വത്തിൽ ആദ്യം നിയമലംഘനം നടത്തി എൻ.സി.ശേഖർ ജയിലിലായി. മലബാറിൽനിന്നെത്തേിയ എ.കെ.നാരായണനും ടി.കെ.രാജുവും വിദ്യാർഥികളെ സംഘടിപ്പിച്ചും യൂത്ത്‌ ലീഗിന്റെ സമരങ്ങൾക്ക് നേതൃത്വംനൽകിയും പോലീസിന്റെ പിടിയിലായി. കെ.ദാമോദരൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് സമരത്തിന് നേതൃത്വം നൽകി. ഈ ഘട്ടത്തിലാണ് പ്രസിദ്ധമായ തമ്പാനൂർ യോഗം. ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം സജീവമാക്കുന്നതിന് സ്റ്റേറ്റ് കോൺഗ്രസ്സിനെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മർദമായി വലിയൊരു റാലി യൂത്തുലീഗ് പ്ലാൻചെയ്തു. റാലി ഉദ്ഘാടനംചെയ്യാൻ സോഷ്യലിസ്റ്റ് നേതാവായ കമലാദേവി ചതോപാധ്യായയെ ക്ഷണിച്ചു. അവർ തമ്പാനൂരിൽ എത്തുന്നത് തടയാൻ പൊലീസ് കഴിയാവുന്നതെല്ലാം ചെയ്തു. ചെങ്കോട്ടയിൽവെച്ച് അവരെ തിരുവിതാംകൂറിൽ കടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പോലീസ് നൽകി. അവർ യാത്ര റദ്ദാക്കി ഇറങ്ങാൻ തയ്യാറായില്ല. തിരുവനന്തപുരം റെയിൽവേസ്റ്റേഷൻ സ്ഥലം തിരുവിതാംകൂർ വകയായിരുന്നില്ല, കേന്ദ്രസർക്കാർ വകയായിരുന്നു. അതിനാൽ അവർക്ക് സ്റ്റേഷനിൽ എത്താൻ സാധിച്ചു. അവിടെ വമ്പിച്ച സ്വീകരണം നൽകി. അടുത്തദിവസത്തെ യോഗം നടക്കുന്നതുവരെ സ്റ്റേഷനിലെ റിട്ടയറിങ്ങ് റൂമിൽ കഴിയുന്നതിനും തടസ്സമുണ്ടായില്ല. പിറ്റേന്ന് യോഗം തുടങ്ങുന്നതിന് മുൻപ് അവർ പുറത്തിറങ്ങിയപ്പോൾ, അതായത് സ്റ്റേഷന്റെ മുമ്പിൽ തിരുവിതാംകൂർ രാജാവിന്റെ അധികാരപരിധിയിൽ ഇറങ്ങിയപ്പോൾ അവരെ അറസ്റ്റുചെയ്തു. ജനങ്ങൾ മുദ്രാവാക്യം മുഴക്കി അവരെ യാത്രയയച്ചു. അതിനുശേഷമാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിലെ മൈതാനത്ത് യൂത്ത്‌ ലീഗിന്റെ റാലി തുടങ്ങിയത്. എൻ.ശ്രീകണ്ഠൻനായർ യോഗത്തിന്റെ പ്ലാറ്റ്ഫോമിൽ കയറിനിന്നുകൊണ്ട് പറഞ്ഞു‐ നിങ്ങളോട് വേറൊരു കമലാദേവി ഇവിടെ പ്രസംഗിക്കും.

ആ സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദൃക്‌സാക്ഷിയായിരുന്ന കെ.സി.ജോർജിന്റെ ഭാഷയിൽ താഴെ ചേർക്കുന്നു. (അക്കാലത്ത് കെ.സി.ജോർജ് സി.എസ്.പി.യിലോ യൂത്ത്‌ ലീഗിൽപ്പോലുമോ പരസ്യപ്രവർത്തനം തുടങ്ങിയിരുന്നില്ല) ‐ “അപരിചിതനായ ഒരു ചെറുപ്പക്കാരൻ. കാഴ്ചയിൽ ഏതാണ്ട് ഇരുനിറം. അഞ്ചരയടിയിൽ കുറഞ്ഞ ഉയരം. മീശപോലും ശരിയായി കിളുർത്തിട്ടില്ലാത്ത ഈ പയ്യനാണോ കമലാദേവിക്കുപകരം പ്രസംഗിക്കാൻ പോകുന്നതെന്ന് പലരും ചിന്തിച്ചിരിക്കണം. എന്നാൽ പ്രസംഗം ആരംഭിച്ച് നാലഞ്ചു മിനുട്ടായപ്പോഴേക്കും അന്തരീക്ഷം ആകപ്പാടെ മാറി. ഓരോ വാചകവും ശ്രോതാക്കളെയാകെ ആവേശംകൊള്ളിച്ചുകൊണ്ട് ആ പ്രസംഗം നീണ്ടുപോയി. ജനക്കൂട്ടം ആ കൊച്ചുപ്രസംഗകൻ പറഞ്ഞുകൊടുക്കുന്ന ഓരോ മുദ്രാവാക്യവും ഒറ്റസ്വരത്തിൽ ഏറ്റുപറയാൻ തുടങ്ങി. ആ ഒറ്റ പ്രസംഗംകൊണ്ട് രാത്രി പത്തുമണിയോടുകൂടി കോൺഫറൻസ് അവസാനിക്കുകയുചെയ്തു. എന്നാൽ ആവേശഭരിതരായി പിരിഞ്ഞുപോയ ജനങ്ങൾ അവരുടേതായ രീതിയിൽ ഒരു സമരം നടത്തിയാണ് പിരിഞ്ഞുപോയത്. മടക്കയാത്രയിൽ റെയിൽവേ സ്റ്റേഷൻ മുതൽ മ്യൂസിയം ജംഗ്‌ൻവരെയുള്ള വഴിവിളക്കുകളെല്ലാം അവർ തകർത്തുകളഞ്ഞു. തിരുവനന്തപുരത്തെ രാഷ്ട്രീയവേദികളിൽനിന്ന് മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രസംഗമായിരുന്നു മലബാറിൽനിന്ന് സോഷ്യലിസ്റ്റ് പാർട്ടി തിരുവിതാംകൂറിൽ പ്രവർത്തിക്കാനയച്ച അന്നത്തെ ആ കൊച്ചുദാമോദരൻ ചെയ്തത്. ദാമോദരന്റെ അന്നത്തെ ആ പ്രസംഗം പല ചെറുപ്പക്കാരെയും രാഷ്ട്രീയത്തിലിറക്കി എന്നുള്ളത് ഒരു പരമാർഥം മാത്രമാണ്. ദാമോദരൻ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആരംഭത്തിൽത്തന്നെ തിരുവിതാംകൂറിൽ പ്രവർത്തനമാരംഭിച്ചിരുന്നു. പക്ഷേ സ്റ്റേറ്റ് കോൺഗ്രസ്സിലല്ല. ആലപ്പുഴ തൊഴിലാളികളുടെയിടയിലും തുടർന്ന് തിരുവനന്തപുരത്ത് യൂത്ത്‌ ലീഗിലും. അതിനൊരു പ്രത്യേക കാരണവുമുണ്ടായിരുന്നു. അന്നത്തെ സ്ഥിതിയിൽ മലബാറിൽനിന്നും ദാമോദരന്റെ പ്രായത്തിലുള്ള ഒരാൾ വന്നാൽ പട്ടം താണുപിള്ളയും മറ്റും അവരോട് വേണ്ടവിധത്തിൽ സഹകരിക്കുമായിരുന്നില്ല. കെ.പി.സി.സിയെപ്പറ്റി, അതുമായി യാതൊരു ബന്ധവുമില്ലാത്ത മട്ടിൽ മലബാർ കോൺഗ്രസ് എന്ന്‌ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമരത്തിൽ കെ.പി.സി.സിക്കുള്ള താല്പര്യംതന്നെ അംഗീകരിക്കാത്തവിധത്തിൽ, കെ.പി.സി.സി. നേതൃത്വം അത് മനസ്സിലാക്കിയാണ് ദാമോദരനെ യൂത്ത്‌ ലീഗിൽ പ്രവർത്തിക്കാൻവേണ്ടി അയച്ചത്.’
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 2 =

Most Popular