Saturday, June 22, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കേരളത്തിലെ ആദ്യത്തെ 
കമ്യൂണിസ്റ്റുകാരി

കേരളത്തിലെ ആദ്യത്തെ 
കമ്യൂണിസ്റ്റുകാരി

കെ ബാലകൃഷ്ണൻ

വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 10

പി. യശോദയെ, അഥവാ യശോദടീച്ചറെ കേരളത്തിലെ ആദ്യത്തെ പത്രലേഖികയെന്നാണോ വിശേഷിപ്പിക്കേണ്ടത്. അല്ല കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരിയെന്നുതന്നെയാണ്. 1943ൽ കോഴിക്കോട്ട് കമ്യൂണിസ്റ്റുപാർട്ടിയുടെ ഒന്നാം കേരളസംസ്ഥാന സമ്മേളനം നടന്നപ്പോൾ വനിതകളുടെ വോളന്റിയർ സംഘടനയെ നയിച്ചത് യശോദടീച്ചറാണ്. അതേവർഷം ബോംബെയിൽ ചേർന്ന ഒന്നാം പാർട്ടി കോൺഗ്രസ്സിൽ കേരളത്തിൽനിന്നുള്ള വനിതാപ്രതിനിധി അവരായിരുന്നുവെന്ന് മാത്രമല്ല, മഹിളാ പ്രസ്ഥാനത്തെക്കുറിച്ച് സംഘടനാചർച്ചയിൽ പങ്കെടുത്തത് അവരായിരുന്നു. 1943‐ൽ ഹൈദരാബാദിൽ ചേർന്ന അഖിലഭാരത വനിതാ കോൺഗ്രസിലും അതേവർഷം കറാച്ചിയിലെ സിന്ധിൽ ചേർന്ന ആൾ ഇന്ത്യാ വിമൻസ് കോൺഫറൻസിലും 1949ൽ കൊൽക്കത്തയിൽചേർന്നഏഷ്യാറ്റിക് വിമൻസ് കോൺഫറൻസിലും കേരളത്തിൽനിന്നുള്ള പ്രതിനിധികളെ നയിച്ചത് അവരായിരുന്നു. പോലീസിന്റെയും ഗുണ്ടകളുടെയും ഭീഷണി വകവെക്കാതെ അതിസാഹസികമായാണ് ഈ സമ്മേളനങ്ങളിൽ സംബന്ധിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പാപ്പിനിശ്ശേരി കീച്ചേരിയിലെ അടിയേരി വീട്ടിൽ ജാനകിയുടെയും ധർമടത്തെ പയ്യനാടൻവീട്ടിൽ ഗോവിന്ദന്റെയും രണ്ടാമത്തെ മകളായി 1916 ഫെബ്രുവരി 12നാണ് യശോദയുടെ ജനനം. ഗോവിന്ദന്റെ മരണത്തെ തുടർന്ന് ജാനകിയും രണ്ട് മക്കളും ധർമടത്തെ വീട്ടിൽനിന്ന് തിരസ്കൃതരാകുന്നു. പിന്നീട് പാപ്പിനിശ്ശേരിയിലായി താമസം. പ്രയാസങ്ങൾ കാര്യമാക്കാതെ തന്റേടത്തോടെ നിലകൊണ്ട ജാനകി മക്കളെ പഠിപ്പിച്ചു. കല്യാശ്ശേരി ഹയർ എലമെന്ററി സ്കൂളിൽ ഇ.എസ്.എൽ.സി പഠിച്ച, പാസായ ആദ്യത്തെ വനിതയാണ് യശോദ. ആ ഒരേയൊരു കുട്ടി മാത്രമാണ് പെൺവിഭാഗത്തിൽ അക്കാലത്ത് പ്രൈമറിക്ക് മേലെ പഠിക്കാൻ ചേർന്നത്. ക്ലാസിൽ ഒരു പെൺകുട്ടി മാത്രമായതിനാൽ രാവിലെയും വൈകിട്ടും യഥാക്രമം വൈകി എത്താനും നേരത്തെ പോകാനും അനുമതി നൽകിയിരുന്നു. മുതിർന്ന പെൺകുട്ടി, അതും അവർണസമുദായത്തിൽപ്പെട്ട പെൺകുട്ടി സ്കൂളിൽ പോകുന്നതിനെ തടയാനും അപവദിക്കാനും ആളുകൾ മത്സരിക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ യശോദയും അമ്മ ജാനകിയും അതിനെ ശക്തമായി പ്രതിരോധിച്ചു. എട്ടാം ക്ലാസ് പാസായ യശോദ സാമൂഹ്യമായ വിലക്കുകൾ ലംഘിച്ചുകൊണ്ടുതന്നെ കല്യാശ്ശേരി‐ പാപ്പിനിശ്ശേരി മേഖലയിലെ ആദ്യത്തെ അധ്യാപികയാവുന്നു. 1931ൽ പതിനഞ്ചാം വയസ്സിൽ കാരാടന്റെ സ്കൂൾ എന്നറിയപ്പെട്ട, പിൽക്കാലത്തെ കല്യാശ്ശേരി സൗത്ത് എൽ.പി.സ്കൂളിൽ ടീച്ചർ. അക്കാലത്ത് പൂവാലന്മാർ ആക്ഷേപിച്ചപ്പോൾ യശോദ ഒരു പ്രതിജ്ഞയെടുത്തു. കണ്ണെഴുതില്ല, പൊട്ടുതൊടില്ല, അണിഞ്ഞൊരുങ്ങില്ല. ജീവിതാവസാനംവരെ അതു പാലിക്കുകയുംചെയ്തു.

ജീവിതസഖാവായ കാന്തലോട്ട് കുഞ്ഞമ്പുവിനൊപ്പം ചില സായാഹ്നങ്ങളിൽ കണ്ണൂർ നഗരത്തിലൂടെ യശോദ നടക്കാറുണ്ടായിരുന്നു. വെള്ള മൽമുണ്ടും വെള്ള ഫുൾകൈ ഷർട്ടുമായി കാന്തലോട്ട്. വെള്ള മുണ്ടും വെള്ള ബ്ലൗസുമായി യശോദടീച്ചർ. നരച്ചതും പൊളിഞ്ഞതുമായ ഓരോ കുടയുമെടുത്ത്. ടീച്ചറുടെ ബ്ലൗസിന് കുടുക്കില്ല. പകരം അത് മുകളിലും താഴെയും കെട്ടിയിടുകയോ പിൻകൊണ്ട് തുന്നിവെക്കുകയോ ആണ്. എന്താണതിന് കാരണമെന്ന് അറിയുന്നവർ വളരെ കുറവായിരുന്നു. ബ്ലൗസിന് ബട്ടണില്ലാത്തതിന് വലിയൊരു കാരണമുണ്ടായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകപ്രസ്ഥാനത്തിന്റെയും മഹിളാപ്രസ്ഥാനത്തിന്റെയും നേതാവെന്നതിനൊപ്പം പാർട്ടിയുടെ മുഖപത്രത്തിന്റെ വടക്കേമലബാർ ലേഖികയുമായിരുന്നു ടീച്ചർ. 1948‐ൽ എം.എസ്.പി.യുടെയും കോൺഗ്രസ്സിന്റെയും കണ്ണിലെ കരടായിരുന്നു അവർ. പാർട്ടി നിരോധിക്കപ്പെട്ടകാലത്ത് ഒരു രാത്രിയിൽ പോലീസും കോൺഗ്രസ് സേവാദൾ വോളന്റിയർമാരും യശോദടീച്ചറുടെ വീടുവളഞ്ഞു. ദേശാഭിമാനിക്ക് എഴുതിയ ലേഖനങ്ങളുൾപ്പെടെ പിടിച്ചെടുക്കാൻ റെയിഡ്. അമ്മയുടെയും സഹോദരീപുത്രന്റെയും മുമ്പിലിട്ട് അവർ ടീച്ചറെ ക്രൂരമായി തല്ലിച്ചതച്ചു. എം.പി.ഗോവിന്ദൻ എന്ന കോൺഗ്രസ് ഗുണ്ടാനേതാവിന്റെ നേതൃത്വത്തിൽ അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി അവരെ വലിച്ചിഴച്ചുകൊണ്ടുപോയി. പൂട്ടിയിട്ട കണ്ടത്തിലെ കട്ടകൾക്കിടയിലൂടെ ടീച്ചറെ വലിച്ചുവലിച്ചുകൊണ്ടുപോയി. ജീവച്ഛവമായപ്പോൾ മരിച്ചെന്നുകരുതി കണ്ടത്തിൽ ചവിട്ടിയെറിഞ്ഞു. പോലീസും ഗുണ്ടകളും സംയുക്തമായാണ് ക്രൂരമർദനം നടത്തിയത്. അവർ പോയശേഷം മാത്രമാണ് നാട്ടുകാർക്ക് അങ്ങോട്ടടുക്കാൻ സാധിച്ചത്.

മറ്റൊരിക്കൽ പറശ്ശിനി മടപ്പുരയിലും പരിസരത്തെ വീടുകളിലുമായി ഒളിവിൽ കഴിയുന്ന സന്ദർഭം. പാപ്പിനിശ്ശേരിയിലെ ഒരുവീട്ടിൽവെച്ച് പോലീസിന്റെ പിടിയിലാകുന്നു. എസ്.ഐ. രയരപ്പൻനമ്പ്യാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടീച്ചറുടെ മുണ്ടും ബ്ലൗസും കീറിയെറിഞ്ഞു. ലാത്തികൊണ്ടുള്ള ക്രൂരമർദനം, തൊഴി. പിന്നെ ലാത്തികൊണ്ടും ഈർക്കിൽകൊണ്ടും ജനനേന്ദ്രിയത്തിൽ ആക്രമണം. ഗർഭപാത്രം തകർന്ന് ചോരപ്രളയമായി. പോലീസിന്റെ ഭീകരതാണ്ഡവം കഴിഞ്ഞ് ദീർഘനേരത്തിന് ശേഷമാണ് ടീച്ചറെ രക്ഷിക്കാനായത്. ഒരു തോണിയിൽ കയറ്റി ആൾതാമസമില്ലാത്ത ഒരു കുടിലിലാക്കുകയായിരുന്നു. നാട്ടുചികിത്സ മാത്രമാണന്ന് കിട്ടുമായിരുന്നത്. അതുകൊണ്ടും ഫലമായില്ല. ഒരു അമ്മയാവുന്നതിനുള്ള സാധ്യത ഇല്ലാതായി. ആ കൊടുംക്രൂരതയുടെ സമയത്താണ് ആ വിപ്ലവകാരിയുടെ മനസ്സിൽ പ്രതിജ്ഞയുണ്ടായത്. ഇനി ബ്ലൗസിൽ കുടുക്കുവേണ്ട.

ആദ്യം അൺട്രെയിൻഡായും രണ്ടുവർഷത്തിനുശേഷം ട്രെയിനിങ്ങ് കഴിച്ചും യശോദ അധ്യാപികയായി പ്രവർത്തിക്കാൻ തുടങ്ങിയശേഷമാണ് ചിറക്കൽ താലൂക്കിൽ സ്ത്രീകൾ കൂടുതലായി അധ്യാപനരംഗത്തേക്ക് ആകർഷിക്കപ്പെട്ടത്. അധ്യാപകസംഘടനയുടെ രൂപീകരണകാലം മുതൽക്കുള്ള നേതാവായിരുന്നു യശോദ. ടീച്ചർ പ്രവർത്തിച്ചുകൊണ്ടിരുന്ന കല്യാശ്ശേരി സൗത്ത് യു.പി.സ്കൂളിൽ 1934 ഓഗസ്റ്റ് 23ന് ടി.സി.നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് ആദ്യത്തെ അധ്യാപകസംഘടനായോഗം ചേർന്നത്. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ്്് പാർട്ടിയുടെ നേതാവായിത്തീർന്ന കെ.വി.നാരായണൻ നമ്പ്യാരടക്കം നാലുപേർ ആ സ്കൂളിൽനിന്നും വേറെ ഒമ്പത് പേരുമാണ്‌ ആ യോഗത്തിൽ പങ്കെടുത്തത്. ചിറക്കൽ താലൂക്ക് അധ്യാപകയൂണിയൻ നിലവിൽവന്നത് 1934 സെപ്തംബറിലാണ്. താലൂക്കിൽ സംഘടനയിൽ ചേർന്ന ഏക അധ്യാപിക യശോദയായിരുന്നു. 1935 ഫെബ്രുവരിയിലാണ് തലശ്ശേരിയിൽ മലബാർ എയിഡഡ്് എലമെന്ററി സ്കൂൾ അധ്യാപകയൂണിയൻ നിലവിൽവന്നത്. പി.എം.കുഞ്ഞിരാമൻ നമ്പ്യാർ പ്രസിഡന്റും പി.ആർ. നമ്പ്യാർ സെക്രട്ടറിയും.

അധ്യാപക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽനടന്ന സമരസംഘടനാപ്രവർത്തനങ്ങളിൽ മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ച ടീച്ചർക്ക് അതിന്റെ പേരിൽ ഏറെ അപവാദങ്ങൾ കേൾക്കേണ്ടിവന്നു. എന്നാൽ വിപ്ലവകാരിയായ അവരെ അതുകൊണ്ടൊന്നും തോൽപ്പിക്കാനാവുമായിരുന്നില്ല. അധ്യാപകർക്ക് രാഷ്ട്രീയം പാടില്ലെന്ന ഉത്തരവിനും മാനേജർമാരുടെ ചൂഷണത്തിനുമെതിരെ 1939‐ൽ നടന്ന സൂചനാപണിമുടക്കിലും തുടർന്ന്‌ നടന്ന അനിശ്ചിതകാല പണിമുടക്കിലും പിക്കറ്റിങ്ങുകളിലും യശോദടീച്ചർ നേതൃസ്ഥാനത്തുപ്രവർത്തിച്ചു. ചിറക്കൽ താലൂക്കിൽമാത്രം 180 അധ്യാപകരെ പിരിച്ചുവിട്ടു. നിരവധി അധ്യാപകരുടെ യോഗ്യതാ സർട്ടിഫിക്ക് റദ്ദാക്കി. ചിറക്കൽ താലൂക്കിൽ പിരിച്ചുവിടപ്പെട്ട, സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ട ഏക അധ്യാപിക യശോദയായിരുന്നു. അധ്യാപകജോലി നഷ്ടപ്പെട്ടതോടെ (1939 ഡിസമ്പർ 23) കർഷക‐തൊഴിലാളി പ്രസ്ഥാനത്തിന്റെയും മഹിളാപ്രസ്ഥാനത്തിന്റെയും മുഴുവൻസമയ പ്രവർത്തകയായി. 1942ൽ ദേശാഭിമാനി വാരികയായി പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ വടക്കേ മലബാർ മേഖലയിലെ വാർത്തകൾ തയ്യാറാക്കി അയക്കാൻ പാർട്ടി അവരെ ചുമതലപ്പെടുത്തി. സമരഭൂമികളിൽ അവർ നിർഭയം കടന്നുചെന്നു. ചിറക്കൽ താലൂക്കിലെ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെക്കുറിച്ച്, ജന്മിത്ത ചൂഷണത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ച്, പോലീസിന്റെയും ഗുണ്ടകളുടെയും അതിക്രമത്തെക്കുറിച്ച് അതിശക്തമായ ഭാഷയിൽ അവർ വാർത്തകളും ലേഖനങ്ങളും എഴുതി. മലബാറിലെന്നല്ല, കേരളത്തിലാകെത്തന്നെ ഒരു പത്രത്തിന് ലേഖികയുണ്ടാവുകയായിരുന്നു.

മലയാളത്തിലെ ആദ്യത്തെ പത്രലേഖികയായ പി.യശോദയുടെ ഏറ്റവും ശ്രദ്ധേയമായറിപ്പോർട്ട് 1943 മാർച്ച് 29നാണ് ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയത്. രണ്ടുദിവസംമുമ്പ് അവർ പ്രത്യേക അനുമതി വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിൽ കയ്യൂർ സഖാക്കളെ കണ്ട് നടത്തിയ ഹൃദയസ്പർശിയായ അഭിമുഖം. അത് അച്ചടിച്ചുവന്ന രാത്രി പുലരുന്നതിനുമുമ്പാണ് ധീരവിപ്ലവകാരികളായ സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ എന്നിവരെ തൂക്കിക്കൊന്നത്. ‘‘ഞങ്ങൾ ഭീരുക്കളായല്ല കൊലമരത്തിൽ കയറിയതെന്ന് നാട്ടുകാരോട് പറയണം. ഞങ്ങൾ എന്തിനുവേണ്ടി ജീവിച്ചുവെന്നും മരിക്കുന്നത് എന്തിനാണെന്നും മറക്കരുതെന്ന് ഓർമിപ്പിക്കണം. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടം തുടരണം. സഖാക്കളോട് ഉത്കണ്ഠപ്പെടാതിരിക്കാൻ പറയണം. അവരെ ഉന്മേഷഭരിതരാക്കുക, ഞങ്ങൾ നാടിനുവേണ്ടി ആത്മാഭിമാനത്തോടെ ജീവത്യാഗം ചെയ്തുവെന്നറിയിക്കുക’’‐ യശോദ ടീച്ചർ കയ്യൂർ സഖാക്കളുമായി നടത്തിയ അഭിമുഖത്തിൽ എഴുതി.

മഹിളാസംഘം ഉഷാറാക്കുക ‐കയ്യൂർ സഖാക്കളുടെ ആഹ്വാനം എന്ന പേരിൽ മറ്റൊരു വാർത്തയും യശോദ എഴുതി. അതിൽ ഇങ്ങനെ പറഞ്ഞു. “സ്ത്രീകൾക്കാണ് സ്വാതന്ത്ര്യം തീരെയില്ലാത്തത്. നിങ്ങളാണ് മുന്നിട്ടിറങ്ങി സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ടതെന്ന് കയ്യൂർ സഖാക്കൾ പറഞ്ഞു. കയ്യൂരിൽനിന്നുള്ള സ്ത്രീകളുടെ പ്രതിനിധികളടക്കമുള്ള സംഘത്തോടൊപ്പമാണ് യശോദ ടീച്ചർ സഖാക്കളെ കണ്ടത്. യശോദ ടീച്ചർ അവരോട് പറഞ്ഞു’. ഞങ്ങൾ നിങ്ങളെ സ്മരിച്ചുകൊണ്ട് നിങ്ങൾ തുടങ്ങിവെച്ച പ്രവൃത്തി മുഴുമിപ്പിക്കുമെന്ന്‌ കേരള മഹിളാസംഘം പ്രവർത്തകയെന്നനിലയിൽ ഞാനുറപ്പ് നൽകുന്നു’.

മാർച്ച് 23ന് ഉച്ചക്കാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽസെക്രട്ടറി പി.സി.ജോഷി, സംസ്ഥാന സെക്രട്ടറി പി.കൃഷ്ണപിള്ള, കേന്ദ്രകമ്മിറ്റി അംഗവും കേരളസംസ്ഥാന ഘടകത്തിന്റെ ചുമതലക്കാരനുമായ പി.സുന്ദരയ്യ എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലെത്തി കയ്യൂർ സഖാക്കളെ കാണുന്നത്. കോഴിക്കോട്ട് പാർട്ടിയുടെ ഒന്നാം സംസ്ഥാനസമ്മേളനം കഴിഞ്ഞതിന്റെ പിറ്റേദിവസമാണത്. വികാരനിർഭരമായ ആ കൂടിക്കാഴ്ചയ്ക്ക് ദേശാഭിമാനി ലേഖിക എന്ന നിലയിൽ യശോദ സാക്ഷിയാണോ എന്ന് വ്യക്തമല്ല. എന്നാൽ ആ ചരിത്രസംഭവത്തിന്റെ റിപ്പോർട്ട്് വൈകാരികത അല്പംപോലും ചോരാതെ റിപ്പോർട്ട് ചെയ്തത് അവരാണ്. നേരിട്ടു കണ്ടതോ ഒരുപക്ഷേ കൃഷ്ണപിള്ള പറഞ്ഞുകൊടുത്തതോ ആവാം. യശോദ കയ്യൂർ സഖാക്കളെ ഇന്റർവ്യു ചെയ്യുന്നത് മൂന്നുദിവസംകൂടി കഴിഞ്ഞാണ്.

1940ലും 1946ലും നടന്ന ഐതിഹാസികമായ ആറോൺ മിൽ സമരത്തിന്റെ വാർത്തകളും ജനങ്ങളിലേക്കെത്തിച്ചത് യശോദടീച്ചറാണ്. 1940ൽ ദേശാഭിമാനി ഇല്ലായിരുന്നു. പക്ഷേ അതിന്റെ ആവേശകരമായ അനുഭവങ്ങൾ 1943 മുതലുള്ള കാലത്ത് യശോദടീച്ചർ ദേശാഭിമാനിയിൽ എഴുതിക്കൊണ്ടിരുന്നു. സംഭവം നടക്കുമ്പോൾ മാത്രമല്ല ഒരു വാർത്ത വാർത്തയാവുന്നത്, അതിന് തുടർച്ചകളുണ്ട്. ആറോൺമിൽ സമരം മുപ്പതുകളിലും നാല്പതുകളിലുമായി മൂന്ന്് ഘട്ടങ്ങളിലായി നടന്നതാണ്. അതിൽ 1940ലെയും 1946ലെ 110 ദിവസത്തെയും സമരത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചവരിലൊരാളായിരിക്കെത്തന്നെ അതിന്റെ ഭാഗമായി റിപ്പോർട്ടുകൾ തയ്യാറാക്കി അയച്ചതും യശോദ ടീച്ചറാണ്. 1940 സെപ്റ്റംബർ 15ന് മൊറാഴ സംഭവം നടന്ന ശേഷം ചിറക്കൽ താലൂക്കിലാകെ പോലീസിന്റെ ഭീകരവാഴ്ചയാണുണ്ടായത്. അക്കാലത്ത്് കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിലെ പുരുഷന്മാരെല്ലാം ജയിലിലോ ഒളിവിലോ ആയ ഘട്ടത്തിൽ പ്രവർത്തകർക്കും നേതാക്കൾക്കും വിവരങ്ങൾ കൈമാറുന്നതടക്കം ഏകോപനത്തിന്റെ ചുമതലയും യശോദടീച്ചർക്ക് നിർവഹിക്കേണ്ടിവന്നു. കമ്മ്യൂണിസ്റ്റ്‌ പാർട്ടി രൂപീകൃതമായ സമയത്തുതന്നെ പാപ്പിനിശ്ശേരിയിലെ അരോളി സെല്ലിൽ ടീച്ചർ അംഗമായി. മഹിളാസംഘടന കെട്ടിപ്പടുക്കുന്നതിനുള്ള വിശേഷാൽ ചുമതലയും ടീച്ചർക്കായി.

പാർട്ടിയുടെ സംഘടനാചുമതലകൾക്ക് പുറമെയുള്ള ചുമതലയാണ് ദേശാഭിമാനിപ്രവർത്തനം. ദിവസം ഇരുപതോ മുപ്പതോ കിലോമീറ്റർ നടന്ന് കാടുംമേടുംതാണ്ടിയാണവർ പത്രപ്രവർത്തനം നടത്തിയത്. നാൽപതുകളിൽ കയരളം, കണ്ടക്കൈ, ഏരുവേശ്ശി, കാവുമ്പായി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് ഭീകരവാഴ്ച നടത്തിയ കേന്ദ്രങ്ങളിൽ കടന്നുചെന്ന് വിവരങ്ങൾ ശേഖരിച്ച് എഴുതിത്തയ്യാറാക്കി അവർ ദേശാഭിമാനിക്കയച്ചു. ആ റിപ്പോർട്ടുകൾ മലബാറിലെ തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിന്റെ വളർച്ചയിൽ രാസത്വരകങ്ങളായി.

അത്തരം യാത്രകളിലൊന്നിനെക്കുറിച്ച് യശോദടീച്ചർ പിന്നീട് എഴുതി‐ “കണ്ടക്കൈ കയരളം പ്രദേശങ്ങൾ ഞങ്ങൾ നിരവധി തവണ സന്ദർശിച്ചു. അവിടെ വേളത്തം കോട്ടയാട്ടു ക്യാമ്പ്‌ ചെയ്‌താണ് എം.എസ്.പിക്കാർ നരനായാട്ടിന് നേതൃത്വംനൽകിയത്. ഗ്രാമങ്ങളിലെ പുരുഷന്മാർ അധികവും ഒളിവിലായിരുന്നു. സ്ത്രീകൾ കണ്ണീരോടെ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. ഗർഭിണിയായ സ്‌ത്രീയെവരെ ഇറക്കിവിട്ട് വീട് മുദ്രവെച്ചതും പ്രസവിച്ച സ്ത്രീയെ കുളിപ്പിക്കാനുള്ള വെള്ളം തിളപ്പിക്കുന്ന കലമടക്കം എം.എസ്.പിക്കാർ തച്ചുടച്ചതും ഞങ്ങൾ കണ്ടു. കണ്ടക്കൈയിലെ സ്ത്രീകൾ നടത്തിയ കലംകെട്ടുസമരത്തിന് നേതൃത്വംകൊടുത്തതിന് അറസ്റ്റിലായ കുഞ്ഞാക്കമ്മയെയും ഞാൻ കണ്ടിരുന്നു.

‘മഹിളാസംഘം പ്രവർത്തകരെന്നനിലയ്ക്ക് ഞങ്ങൾ സ്ത്രീകൾക്ക് ധൈര്യം പകർന്നു. പട്ടിണിയും രോഗവും പടർന്നുപിടിച്ച പ്രദേശങ്ങളിൽ വേൾഡ് റിലീഫ് കമ്മിറ്റിയിൽനിന്ന് ലഭിച്ച റിലീഫ് വിതരണംചെയ്തു. എം.എസ്.പി. കേമ്പുകൾക്കിടയിലൂടെ ഒളിച്ചും പതുങ്ങിയുമായിരുന്നു യാത്ര.

‘കണ്ടക്കൈയിലെത്തുന്നതിനു മുമ്പുതന്നെ വളരെ അകലെനിന്ന് അവിടെ കടവത്ത് ആളുകൾ തടിച്ചുകൂടിയിട്ടുള്ളതും ആളുകളുടെ കയ്യിൽ പാറിക്കളിക്കുന്ന ചുകപ്പുകൊടിയും ഞങ്ങൾ കണ്ടു. ഞങ്ങളുടെ തോണിയുടെ മുമ്പിലുള്ള ചുകപ്പുകൊടി അവരും കണ്ടിട്ടുണ്ടായിരിക്കണമെന്നു തീർച്ചയാണ്. അവരുടെ കയ്യിൽ ചുകപ്പുകൊടി കണ്ടപ്പോൾ ഞങ്ങൾക്കോ, ഞങ്ങളുടെ ചുകപ്പുകൊടി കണ്ടപ്പോൾ അവർക്കോ കൂടുതൽ ആഹ്ലാദവും അഭിമാനവും രോമാഞ്ചവുമുണ്ടായതെന്ന് തീർത്തുപറയാൻ വയ്യ.

‘കണ്ടക്കൈയിലെ വായനശാലയിലേക്കാണ് ഞങ്ങൾ പോയത്. ഇക്കഴിഞ്ഞതെല്ലാം സാരമില്ലെന്ന തന്റേടം കാണിക്കുന്ന മുഖഭാവത്തോടുകൂടിയ കർഷക കാരണവന്മാരെയും സങ്കടമോ സന്തോഷമോ പറയാൻ നിവൃത്തിയില്ലാത്ത അമ്മമാരെയും ദൃഢനിശ്ചയത്തിന് ഒട്ടും ഇളക്കംതട്ടാത്ത ചെറുപ്പക്കാരെയും ഞങ്ങളവിടെ കണ്ടു.

‘കണ്ടക്കൈ വായനശാലയെ എം.എസ്.പി.തല്ലിപ്പൊളിച്ചിരുന്നു. ഇരിക്കൂർ ഫർക്കയിൽ അങ്ങോളമിങ്ങോളമുള്ള എം.എസ്.പി.മർദനത്തിന്റെ ഉണങ്ങാത്ത വ്രണങ്ങളിൽ ഞങ്ങൾ ആദ്യംകണ്ടത് അതാണ്. തല്ലിപ്പൊളിച്ച ഒടിഞ്ഞ കഷണങ്ങളും പകരം ഓലമേഞ്ഞിട്ടുള്ളതും നാട്ടുകാർ ഞങ്ങൾക്ക് കാണിച്ചുതന്നു. മാത്രമല്ല, അകത്തുള്ള സിമെന്റ് ബ്ലാക്ക് ബോഡിൽ എം.എസ്.പിക്കാർ ബയണറ്റുകൊണ്ട് അപ്പ് എം.എസ്.പി. എന്ന് ഇംഗ്ലീഷിൽ കൊത്തിയിട്ടുണ്ട്.

‘ഒരു പത്തുകൊല്ലത്തേക്ക് ഇവിടെ വായനശാലയും സംഘവും ചെങ്കൊടിയും കാണില്ലെന്നാണത്രേ അന്ന് എം.എസ്.പി. വീമ്പിളക്കിയിരുന്നത്. എം.എസ്.പി. ഇപ്പോഴും കണ്ടക്കൈ അധികാരിയുടെ ബംഗ്ലാവിൽ കേമ്പ് ചെയ്യുന്നുണ്ട്. അപ്പ് എം.എസ്.പി എന്ന മുദ്രാവാക്യം ഇനിയും മായ്ച്ചുകളയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ചുവപ്പ് കൊടി വീണ്ടും പൊന്തിയിരിക്കുന്നു. വായനശാല വീണ്ടും നടക്കാൻ തുടങ്ങിയിരിക്കുന്നു. കണ്ടുകെട്ടിയ വടുകളെല്ലാം തിരിച്ചുകൊടുക്കേണ്ടിവന്നിരിക്കുന്നു.

‘കാരണം എം.എസ്.പി. തല്ലിപ്പൊളിച്ച ചട്ടിയും കലവും എടുത്തുകൊണ്ട്‌ അധികാരിയുടെ വീട്ടിലേക്ക് ഘോഷയാത്ര നയിച്ചതിന് കുടുംബത്തോടെ അറസ്റ്റ് ചെയ്യപ്പെട്ട വൃദ്ധമാതാവായ കുഞ്ഞാക്കമ്മയുടെയും എം.എസ്.പി. സാധുക്കളെ ദ്രോഹിക്കരുതെന്ന് ബോർഡെഴുതിവെച്ചതിന് പലതവണ പോലീസിന്റെ അടികൊള്ളേണ്ടിവന്ന പതിനാലുവയസ്സുള്ള കുഞ്ഞിരാമന്റെയും നാടാണ് കണ്ടക്കൈ. രണ്ടാളെയും ഞങ്ങൾ കണ്ടു. അവരുടെ ഓജസ്സിന്നും യാതൊരു കോട്ടവുമില്ല.

‘അവിടുന്നങ്ങോട്ട് ഞങ്ങൾ പോയ ഓരോസ്ഥലത്തും ഞങ്ങൾക്കിതുരണ്ടും കാണാൻ സാധിച്ചു. ഒരുഭാഗത്ത് നമുക്ക് ഊഹിക്കാൻ വയ്യാത്തത്ര ഭയങ്കരമായ മർദനത്തിന്റെ മുറിപ്പാടുകൾ. അതോടൊപ്പം അതെല്ലാം സഹിച്ചു തലയുയർത്തിപ്പിടിച്ചുനിൽക്കുന്ന കൃഷിക്കാർ. സ്ത്രീകളും കുട്ടികളും കാരണവന്മാരും’. ദേശാഭിമാനിയിൽ സ്വന്തം ലേഖിക 1947 സെപ്തംബർ ഏഴിന്റെ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലെ ഭാഗങ്ങളാണിത്.

1948 കാലത്ത് പറശ്ശിനിക്കടവിലെ ഒരു വീട്ടിൽ ഒളിവിൽകഴിയുമ്പോൾ ഭാവിജീവിതത്തെയാകെ തകർക്കുന്നതരത്തിൽ, ശാരീരികമായും മാനസികമായും പീഡനമനുഭവിച്ച യശോദടീച്ചറെ കെ.പി.ആറും മറ്റും ഇടപെട്ട് അടിയന്തരമായി കോഴിക്കോട്ടേക്ക് മാറ്റി. 1943‐കാലത്ത് കോഴിക്കോട്ട് പാർട്ടിയുടെ കമ്യൂണിൽ താമസിച്ച അനുഭവമുണ്ട് യശോദയ്ക്ക്. കൃഷ്ണപിള്ളയും ഇ.എം.എസ്സും കെ.സി.ജോർജും കേരളീയനുമടക്കമുള്ളവരോടൊപ്പം ടീച്ചറും താമസിച്ചിട്ടുണ്ട്. അക്കാലത്ത് ഒളിവിൽ കഴിയുമ്പോൾ തൃശ്ശൂർ ജില്ലയിലെ അന്തിക്കാട്ട് ട്രേഡ് യൂണിയൻ പ്രവർത്തനത്തിനും മഹിളാസംഘടനാ പ്രവർത്തനത്തിനുമായി ടീച്ചർ നിയോഗിക്കപ്പെട്ടിരുന്നു. അന്തിക്കാട്ട് ചെത്തുതൊഴിലാളിസമരത്തെ സഹായിക്കാൻ സമരസഹായസമിതി രൂപീകരിക്കുന്നതിലും മഹിളാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നേതൃത്വംനല്കിയവരിൽ പ്രധാനി യശോദടീച്ചറാണ്. 1948‐ലെ പ്രത്യേക സാഹചര്യത്തിൽ ടീച്ചർ പാലക്കാട്ടും തൃശ്ശൂരിലും പിന്നെ അന്തിക്കാട്ടുമായി പ്രവർത്തനരംഗം മാറ്റി. 1939ൽ ശനിയൻസഭാ ബഹിഷ്കരണവും പണിമുടക്കുമായി ബന്ധപ്പെട്ട് അധ്യാപകജോലി നഷ്ടപ്പെടുകയും സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുകയും ചെയ്ത ടീച്ചർക്ക് 1944ൽ സർട്ടിഫിക്കറ്റും ജോലിയും തിരിച്ചുകിട്ടിയിരുന്നു..1947 കാലത്ത് മദിരാശിയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽവന്നപ്പോൾ പത്രപ്രവർത്തകയെന്നനിലയിലുള്ള ഒരു അംഗീകാരവും ടീച്ചർക്ക് ലഭിച്ചു. അവാർഡല്ല. ഒരു അന്വേഷണകമ്മീഷൻ അംഗത്വം. മലബാറിൽ നടന്ന എം.എസ്.പി. അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ പത്രപ്രവർത്തകസംഘത്തെ സർക്കാർ നിയോഗിച്ചു. പാമ്പൻ മാധവൻ, തെരുവത്ത് രാമൻ, പി.യശോദ എന്നിവർ. പക്ഷേ ഇതെല്ലാമായിട്ടും പത്രപ്രവർത്തനചരിത്രത്തിൽ യശോദടീച്ചർക്ക് ഔദ്യോഗികപ്രവേശനമില്ല! ദേശാഭിമാനിയുടെ മാത്രമല്ല, കണ്ണൂരിൽ അമ്പതുകളിൽ ആരംഭിച്ച് 1964 വരെ നിലനിന്ന ജനമുന്നണി പത്രത്തിലെയും ലേഖികയായിരുന്നു യശോദ.

മലബാറിൽ അക്കാലത്ത്‐ 40‐കളിൽ രണ്ട് പത്രപ്രവർത്തകരാണ് പത്രപ്രവർത്തനത്തിന്റെ പേരിൽ ക്രൂരമായ പോലീസ് മർദനത്തിനും ഭേദ്യത്തിനും ഇരകളായത്. ഒന്ന് കയ്യൂർ സംഭവത്തിന്റെ പേരിൽ നീലേശ്വരം മേഖലയിലാകെ നടന്ന പോലീസ് ഭീകരവാഴ്ചക്കെതിരെ വാർത്തയെഴുതിയ മാതൃഭൂമി നീലേശ്വരം ലേഖകൻ പി.കെ.നാരായണൻ നമ്പ്യാരെ കസ്റ്റഡിയിലെടുത്ത് കിലോമീറ്ററുകളോളം ദൂരം നടത്തിച്ച് തല്ലിച്ചതച്ച സംഭവം. അത് പൂർണമായും പോലീസാണെങ്കിൽ യശോദടീച്ചറെ രണ്ടുഘട്ടങ്ങളിലായി പോലീസും ഗുണ്ടകളും സംയുക്തമായാണ് ആക്രമിച്ചത്. പൂട്ടിയിട്ട്, കട്ടയുടയാത്ത കണ്ടങ്ങളിലൂടെ, നഗ്നയാക്കി വലിച്ചിഴക്കുക… മരിച്ചെന്നുകരുതി വലിച്ചെറിയുക.

1939ൽ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് അധ്യാപകജോലി നഷ്ടപ്പെട്ട യശോദടീച്ചർ 1944ലാണ് വീണ്ടും അധ്യാപികയായത്. എന്നാൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന്് ഒളിവിലായതിനാൽ 1948ൽ വീണ്ടും ജോലി നഷ്ടപ്പെട്ടു. നിരോധനം പിൻവലിച്ചശേഷം 1952ലാണ് വീണ്ടും അധ്യാപികയായത്. ആ വർഷം മെയ്മാസമാണ് യശോദടീച്ചറും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സഹപ്രവർത്തകനും നേതാവുമായ കാന്തലോട്ട് കുഞ്ഞമ്പുവും തമ്മിലുള്ള വിവാഹംനടന്നത്. കണ്ണൂരിലെ ബീഡി തൊഴിലാളി യൂണിയൻ ഓഫീസിൽ നടന്ന വിവാഹചടങ്ങിന് നേതൃത്വംനൽകിയത് കെ.പി.ആർ.രയരപ്പൻ.

കേരളത്തിലെ മഹിളാപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു യശോദടീച്ചർ. 1927ൽ മാർഗരറ്റ് കസിൻസ് സ്ഥാപിച്ച അഖിലേന്ത്യാ വിമൻസ് കോൺഫറൻസ് എന്ന സംഘടനയിലൂടെയാണ് യശോദ ആദ്യം മഹിളാ സംഘടനാ പ്രവർത്തനത്തിലേക്കുവരുന്നത്. പാപ്പിനിശ്ശേരിയിലെ കോൺഗ്രസ് ഓഫീസിൽ മഹിളാസമാജം രൂപീകരിക്കാൻ അവർ നേതൃത്വംനൽകി. ഗ്രേസി ആറോണായിരുന്നു സംഘടനയുടെ രക്ഷാധികാരി. അഖിലേന്ത്യാ വിമൻസ് കോൺഫറൻസിന്റെ വില്ലേജ് സെക്രട്ടറിയാണ് ടീച്ചർ പ്രവർത്തനം തുടങ്ങിയത്. പിന്നീട് വലതുപക്ഷ കോൺഗ്രസ്സുകാരായ ഗ്രേസി ആറോൺ അടക്കമുള്ളവരോടുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സ്വന്തംനിലയ്ക്ക് പാപ്പിനിശ്ശേരിയിൽ ഇടതുപക്ഷ മഹിളാസംഘടന രൂപീകരിച്ച് പ്രവർത്തിക്കുകയായിരുന്നു യശോദ. ഈ സംഘടനയാണ് മലബാറിലാകെ ഇടതുപക്ഷ നേതൃത്വത്തിൽ മഹിളാസംഘടന രൂപീകരിക്കുന്നതിന്റെ തുടക്കം. അഖിലമലബാർ മഹിളാസംഘം രൂപീകരണ കൺവെൻഷൻ നടന്നത് ചെർപ്പുളശ്ശേരിയിൽ ആര്യാപള്ളത്തിന്റെ വീട്ടിൽവെച്ചാണ്. ശാരദാകൃഷ്ണൻ പ്രസിഡന്റും വി.പി.ദേവകി സെക്രട്ടറിയുമായാണ് സംഘം രൂപീകരിച്ചത്. പ്രവർത്തകസമിതിയിൽ വടക്കേമലബാറിൽനിന്ന് വി.പി.ദേവകിക്കുപുറമെ യശോദടീച്ചറും ടി.എസ്.തിരുമുമ്പിന്റെ ഭാര്യ പി.സി.കാർത്ത്യായനിക്കുട്ടിയമ്മയും അംഗങ്ങളായിരുന്നു. 1942ൽ കേരളമഹിളാസംഘം രൂപീകരിച്ചപ്പോൾ യശോദടീച്ചർ നേതൃനിരയിലുണ്ടായിരുന്നു.

യശോദടീച്ചറുടെ സമരോജ്ജ്വലജീവിതത്തിലേക്ക് വെളിച്ചംവീശുന്ന ജീവചരിത്രഗ്രന്ഥം ഏതാനുംവർഷം മുമ്പാണ് പ്രസിദ്ധപ്പെടുത്തിയത്. കാവുമ്പായി സമരസേനാനിയായ ഇ.കെ.രാഘവൻനമ്പ്യാരുടെ മകൾ, കാവുമ്പായി പോരാട്ടത്തെക്കുറിച്ചുള്ള ഡിസംബർ 30 എന്ന നോവലിന്റെ കർത്താവ്, ശാന്ത കാവുമ്പായിയാണ് ‘കനൽവഴികളിലെ ആദ്യ പഥിക’ എന്ന ജീവചരിത്രം രചിച്ചത്. പോളിയോ ബാധിച്ചതിനെത്തുടർന്ന് വീൽ ചെയറിലല്ലാതെ യാത്രചെയ്യാനാവാത്തതിനാൽ പ്രൈമറി സ്കൂളിൽവെച്ച്‌ പഠനം നിലച്ചുപോയ എന്നാൽ അസാമാന്യമായ ഇച്ഛാശക്തിയോടെ സ്വയം പഠനം തുടർന്ന് ബിരുദം നേടി പിന്നീട് അധ്യാപകപരിശീലനം പൂർത്തിയാക്കി സ്കൂൾ അധ്യാപികയായി പ്രവർത്തിച്ച ശാന്ത കാവുമ്പായി മലബാറിലെ വിവിധ ഭാഗങ്ങളിൽ ഏറെ പ്രയാസം സഹിച്ചെത്തി പഴയകാല പ്രവർത്തകരെ കണ്ട് വിവരശേഖരണം നടത്തിയാണ് യശോദടീച്ചറുടെ ജീവിതകഥ എഴുതിയത്. സ്വയം സഞ്ചാരശേഷിയില്ലാത്ത അവർ ത്യാഗപൂർവം നടത്തിയ ഒരു വിപ്ലവപ്രവർത്തനം തന്നെയാണത്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധപ്പെടുത്തിയ ആ പുസ്തകം ഈ ലേഖനം തയ്യാറാക്കുന്നതിന് ഏറെ സഹായകമായി.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular