വടക്കെ മലബാറിൽ കെട്ടിയാടുന്ന നൂറുകൂട്ടം തെയ്യക്കോലങ്ങളിൽ ഒന്നുമാത്രമാണ് പൊട്ടൻ തെയ്യം. സാധാരണ നിലയിൽ തെയ്യക്കോലങ്ങൾക്ക് മുഖത്തെഴുത്തും ആടയാഭരണങ്ങളും ഏറെ കലാത്മകമായി രൂപപ്പെടുത്തിയതായിരിക്കും. മണിക്കൂറുകൾ നീണ്ടുനിൽക്കുനന മുഖത്തെഴുത്തിന് കോലം കെട്ടിയാടുന്ന ആൾ ഓലകൊണ്ട് മറയുണ്ടാക്കിയ പന്തലിനകത്ത് മുഖത്തെഴുത്തുകാരന്റെ മടിയിൽ തലവെച്ച് മുഖത്തെഴുത്തിന് പാകത്തിൽ കിടന്നുകൊടുക്കുകയാണ് പതിവ്. നിലത്ത് വിരിച്ചുവെച്ച ഓലച്ചീളുകളിലോ കുരുത്തോല വിരിച്ചതിലോ മുഖത്തെഴുത്തിന് സാധ്യമാകുന്ന നിലയിൽ മലർന്നു കിടന്നുകൊടുക്കുകയും ചെയ്യാറുണ്ട്. പ്രകൃതിവർണങ്ങൾ (അരച്ചു പാകപ്പെടുത്തിയത്) ചാലിച്ചെടുത്ത് ഈർക്കിൽ മുറിച്ചെടുത്ത് നിറപ്രയോഗത്തിന് പാകത്തിൽ ചെത്തി മിനുക്കിയയെടുക്കും. കൂർത്ത സൂചിപോലുള്ള ബ്രഷും ഈ നിലയിൽ ഈർക്കിൽകൊണ്ട് നിർമിക്കാറുണ്ട്. വളരെ സൂക്ഷ്‌മതയോടെ നിർവഹിക്കേണ്ടുന്ന ജോലിയാണ് മുഖത്തെഴുത്ത്. എന്നാൽ പരിചയസമ്പന്നരായ മുഖത്തെഴുത്തുകാർ വളരെ വേഗത്തിൽ ഈ കൃത്യം നിർവഹിക്കാറുണ്ട്. ചുവപ്പിന്റെ അതിപ്രസരം പൊതുവെ എല്ലാ തെയ്യക്കോലങ്ങളുടെയും മുഖത്തെഴുത്തിൽ പ്രധാനപ്പെട്ടതാണ്. ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളുടെ വിതാനങ്ങളാണ് കോലം കെട്ടിയാടുന്ന ആളുകളുടെ മുഖത്തും ശരീരത്തിലും നിർവഹിക്കുന്നത്.
കേരളത്തിൽ വിശേഷിച്ച് വടക്കൻ കേരളത്തിൽ നൂറ്റാണ്ടുകൾക്ക് മുന്നേ കൊടികുത്തിവാണിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങൾ ചരിത്രപഠനത്തിൽ നമുക്ക് ബോധ്യമാകുന്നതാണ്. എന്നാൽ ഇത്തരം അനീതിക്കെതിരെ അതിനെല്ലാം വിധേയരായവർ പ്രതികരണത്തിന്റെ ശംഖനാദം മുഴക്കുമെന്ന് മേലാളർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാലങ്ങളായി അനുഭവിക്കേണ്ടിവന്ന അടിച്ചമർത്തലുകൾക്കെതിരെ കീഴാളജനത നടത്തിയ ചെറുത്തുനിൽപ്പ് വിവിധ രൂപങ്ങളിൽ പ്രകടമായിരുന്നു. ഇതിൽ ഒരുകാര്യം എല്ലാ മനുഷ്യരും സമന്മാരാണെന്നു വിളിച്ചുപറയാൻ കീഴ്‌ജാതിക്കാരനാണ് ധൈര്യം കാട്ടിയിരുന്നത്. ഇങ്ങനെ പ്രതികരിച്ച കീഴ്‌ജാതിക്കാരനെക്കുറിച്ചുള്ള ഐതിഹ്യമാണ് പൊട്ടൻ തെയ്യത്തിന് പിറകിലുള്ളത്. മലയർ, പുലയർ, പാണർ തുടങ്ങിയവരാണ് പൊതുവെ പൊട്ടൻ തെയ്യം കെട്ടിയാടുന്നത്.
പുലചാമുണ്ഡി, പുലമാരുതൻ, പുലപ്പെട്ടൻ എന്നിങ്ങനെ മൂന്ന് തരം പൊട്ടൻ തെയ്യം ഉണ്ടായിരുന്നു. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നിടത്ത് ഉത്തരം മുട്ടിപ്പോകുന്നവരെ വിവരദോഷിയായി സാധാരണ ഗണിച്ചുപോരാറുണ്ട്. ഇത്തരക്കാരെയാണ് പൊട്ടൻ എന്ന് വിളിച്ചുപോരാറ്. ഉത്തരം മുട്ടുന്നതോടെ തമാശയും അൽപം കാര്യവും എല്ലാം ചേർത്ത് എന്തെങ്കിലും ഉത്തരമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി രക്ഷപ്പെടുന്ന രീതിയാണ് പൊട്ടൻ തെയ്യം. ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ എന്തെങ്കിലും പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കുന്നത് ദൈവശക്തി ഉള്ളതുകൊണ്ടാണെന്ന് കരുതുന്നു. ഈ പ്രകാരത്തിലാണ് പൊട്ടൻ തെയ്യം എന്ന് പേര് കിട്ടിയത് എന്ന് കരുതിപ്പോരുന്നു.
കണ്ണൂർ ജില്ലയിലെ പെരിങ്ങോം എന്ന സ്ഥലമാണ് പൊട്ടൻ തെയ്യത്തിന്റെ ആവിഭാവത്തിന് കാരണമായത് എന്നു കരുതുന്നു. അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമധ്യേ ശങ്കരാചാര്യർ എത്തിച്ചേർന്നു എന്നും ആലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം ഉണ്ടായിയെന്നുമാണ് അനുമാനിക്കുന്നത്. ശങ്കരാചാര്യർ അവിടെ കൂടിനിന്ന ആൾക്കാരുടെ മുമ്പാകെ അദ്വൈത തത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയുണ്ടായി. അകലെ കുന്നിൻ ചെരുവിൽ ഇരുന്ന അലങ്കാരൻ ഇത് കേൾക്കുകയും പിറ്റേന്ന് തലക്കാവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് തീണ്ടലിനെപ്പറ്റി വാഗ്വാദം നടത്തുകയുയായിരുന്നു. അലങ്കാരാന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ പോയ ശങ്കരാചാര്യർ സമദർശിയായി മാറുകയായിരുന്നു എന്നും കീഴ്‌ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും പറയുന്നുണ്ട്.
രാത്രിയിൽ ആരംഭിക്കുന്ന പൊട്ടൻ തെയ്യത്തിന്റെ തോറ്റംപാട്ട് സമയത്ത്, പുളിമരം, ചെമ്പകമരം എന്നിവയുടെ വിറകുകൾ ഉയരത്തിൽ കൂട്ടിയിട്ട് കത്തിക്കുമായിരുന്നു. ഇങ്ങനെ വിറകുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനെ മേലേരി എന്നാണ് പറഞ്ഞുവരുന്നത്. പുലർകാലെ (സൂര്യോദയത്തിന് മുമ്പേ) ആവുമ്പോഴേക്കും മേലേരി കത്തിത്തീർന്നിട്ടുണ്ടാകും. എന്നാൽ ഇതിന്റെ കനൽ നിറഞ്ഞുനിൽക്കുന്നുണ്ടാകും. ഈ കനൽകൂനയിലേക്ക് പൊട്ടൻ തെയ്യം കിടന്നുരുളുകയാണ് ചെയ്യുക. കനത്ത തീയെ പ്രതിരോധിക്കാൻ കുരുത്തോല കൊണ്ടുള്ള ‘ഉട’ ഉണ്ടാകും. പക്ഷേ പലർക്കും തീയുടെ ആധിക്യത്താൽ നന്നായി പൊള്ളലേൽക്കാറുണ്ട്. കുരുത്തോല കൊണ്ടുള്ള പാവാട ചുറ്റുപോലെ ഉടുത്ത് നല്ല കട്ടിയിൽ നിരവധി തവണ വരിഞ്ഞുചുറ്റിയിട്ടുണ്ടാവും. തീയിൽ വെന്തുരുകുന്ന മട്ടിൽ ചൂട് അനുഭവിക്കുമ്പോഴും ‘‘കുളുര്‌ന്ന്… വല്ലാതെ കുളിര്‌ന്ന്…’’ എന്നാണ് പൊട്ടൻ തെയ്യം വളിച്ചുപറയാറ്.
മുഖത്തെഴുത്ത്
സാധാരണ തെയ്യങ്ങൾക്ക് അതിസൂക്ഷ്‌മമായ മുഖത്തെഴുത്ത് ഉണ്ടാവാറുണ്ടെങ്കിലും പൊട്ടൻ തെയ്യത്തിന് പാളകൊണ്ടുള്ള മുഖാവരണമാണ് ഉപയോഗിക്കുന്നത്. മുഖത്തിന്റെ വലിപ്പത്തേക്കാൾ ഇരട്ടിയോളം വലിപ്പമുള്ള പാള (കവുങ്ങിൻ പാള) ഉപയോഗിച്ചാണ് മുഖാവരണം ഉണ്ടാക്കുന്നത്. ഇതിൽ മുഖരൂപം പൂർണമായും വരച്ചുണ്ടാക്കി നിറം നൽകുകയാണ് പതിവ്. അരി അരച്ചുണ്ടാക്കിയ ചാന്തുരൂപത്തിലാക്കിയ നിറക്കൂട്ടിലാണ് ശരീരത്തിൽ രൂപം വരച്ചുചേർക്കുന്നത്. തലയിൽ കുരുത്തോല കൊണ്ടുള്ള മുടി ചേർത്ത് കെട്ടിവെക്കുകയും ഉടുവസ്‌ത്രംപോലെ കുരുത്തോല മാത്രം ഉപയോഗിക്കുന്നതും ഗുളികൻ തെയ്യത്തിന്റെ പ്രത്യേകതയാണ്.
പൊട്ടൻ തെയ്യത്തിന്റെ തോറ്റം നടക്കുന്നതിനു മുന്പ് നിവേദ്യം സമർപ്പിക്കുന്ന ചടങ്ങുണ്ട്. രണ്ടു നിലവിളക്കുകളും ഉണക്കലരി, പുഴങ്ങലരി, തേങ്ങ, മലർ, വെറ്റില, അടയ്‌ക്ക, അവൽ എന്നിവയെല്ലാം നിവേദ്യ കൂട്ടത്തിൽ ഉൾപ്പെടുന്നു. മുഖത്തെഴുത്ത് സാധാരണ തെയ്യങ്ങൾക്ക് കുറെക്കൂടി സൂക്ഷ്‌മമായ തലത്തിൽ നിർവഹിക്കാറുണ്ടെങ്കിലും പൊട്ടൻ തെയ്യത്തിന്റെ മുഖപ്പാളയിലെ വര അത്രയും സൂക്ഷ്‌മമായിട്ടുള്ളതല്ല. അനീതിക്കും അടിച്ചമർത്തലുകൾക്കും എതിരായ ശബ്ദം ഒരു തെയ്യത്തിന്റെ വേഷത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് പൊട്ടൻ തെയ്യം കാണിച്ചുതരുന്നുണ്ട്. മുഖത്തെഴുത്തിനും ആടയാഭരണങ്ങളിലും ഉപയോഗിക്കുന്ന നിറങ്ങളിലെല്ലാം മറ്റ് തെയ്യക്കോലങ്ങളുശട നിറസാദൃശ്യം കണ്ടെന്നു വരാം. പക്ഷേ മനുഷ്യകുലത്തിന്റെ കൂടെ ഇതാ പതിരായ ഞങ്ങളും എന്ന് ആർത്തുവിളിച്ച് പറയുന്ന തെയ്യത്തിന്റെ ഓരോ ചടുലതയാർന്ന ചുവടുവെപ്പിലും കീഴ്‌പ്പെടുത്താനുള്ള വെന്പൽ കാണാം.
അഗ്നികുണ്ടത്തിൽ വീണുരുണ്ടും സ്‌ഫുടം ചെയ്‌തെടുത്ത പോലെ പിന്നെയും ഒരു പോറലും ഏൽക്കാതെ കുതിക്കുന്നവനായി പൊട്ടൻ തെയ്യത്തെ കാണിക്കുന്നത് നിശ്ചയദാർഢ്യത്തിന്റെ തനിപ്പകർപ്പ് ആയിട്ടുതന്നെയാണ്. ♦