കുറിച്യരുടെ ജീവിതം ഓരോ പ്രദേശത്തെയും അവരുടെ ജീവിതവുമായും സംസ്‌കാരവുമായും ഏതർഥത്തിലും വ്യത്യാസപ്പെട്ടുകിടക്കുന്നതാണ്. ആചാരാനുഷ്‌ഠാനങ്ങൾ, ഒരാളുടെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ആയാൽപോലും അത് പാലിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു എന്ന് കണ്ണവം കുറിച്യരുടെ ജീവിതപരിസരം പരിശോധിക്കുമ്പോൾ വ്യക്തമാകും.
കുറിച്യ കുടുംബത്തിൽ ഒരു കുഞ്ഞ് പിറന്നാൽ ആ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അനുഷ്‌ഠാനബന്ധിതമായ ഒരുപാട് ജീവിതചര്യയിലൂടെയാണ് ആ കുഞ്ഞ് കടന്നുപോകുന്നത്. ജീവിതാവസാനം വരെ തുടരുന്ന ഈ ആചാരങ്ങൾ സാധാരണയായി ലംഘിക്കാൻ ആരും തയ്യാറാവാറില്ല. പ്രസവസമയത്ത് പൊക്കിൾക്കൊടി മുറിക്കുന്ന ചടങ്ങ് വിശേഷപ്പെട്ടതായി കരുതിപ്പോരുന്നു. പൊക്കിൾക്കൊടി മുറിക്കുമ്പോൾ ആൺകുട്ടിയാണെങ്കിൽ അമ്പും വില്ലും എടുത്ത് പരസ്‌പരം മുട്ടിക്കൊണ്ടിരിക്കും. ഈ ചടങ്ങ് തുടർന്ന് ഒടുവിൽ വെടിവെക്കുന്നതിന് സമാനമായ ചടങ്ങ് വരെ ഉണ്ടാകും. പൊതുവെ സമൂഹത്തിൽ ആണിനെ യേദ്ധാവായോ പോരാളിയായോ കരുതുന്നതിനാൽ തന്നെയാവണം ഇങ്ങനെ പൊരുതി നേടാനുള്ള പരിശ്രമത്തിന് അമ്പും വില്ലും കൈയിലേന്തി മുട്ടിക്കൊണ്ടിരിക്കുന്നത്. ആൺകോയ്‌മയെ അഥവാ ആണധികാരത്തെ കുറിച്യസമൂഹം (കണ്ണവം) വകവെച്ചു കൊടുക്കുന്നതിന്റെ തെളിവായി തന്നെ വേണം ഇതിനെ കരുതാൻ.
പെൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ പൊക്കിൾക്കൊടി മുറിക്കുന്ന സന്ദർഭത്തിൽ പാളയിൽ ചൂലുകൊണ്ട് മുട്ടണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സ്‌ത്രീസമൂഹത്തിനാണ്. ഇക്കാരണം കൊണ്ടാണ് ശുചീകരണത്തിന്റെ സൂചകങ്ങളായ ചൂലും പാളയും പെൺകുഞ്ഞിന്റെ ജനനസമയത്ത് കരുതുന്നത്. പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്‌ത്രീകൾ സക്രിയമാകുന്ന കാലത്തും ശുചീകരണപ്രവൃത്തിക്ക് മാത്രമായി മാറ്റിനിർത്തുന്നത് സമീപകാലംവരെ നിലനിന്നിരുന്നു. കണ്ണവം കോളനിയിലെ കുറിച്യരുടെ പ്രസവശേഷം അമ്പത് ദിവസം അനുബന്ധ ചടങ്ങുകൾ നീണ്ടുനിൽക്കും. ഇതിനിടയിലെ അഞ്ചാംകുളി വിശേഷപ്പെട്ടതായി അവർ കരുതുന്നു. അഞ്ചാംകുളി കുറിച്യർക്കിടയിൽ അറിയപ്പെടുന്നത് അഞ്ചുകുളി എന്നർഥം വരുന്ന ‘പോഞ്ചൂളി’ എന്ന പേരിലാണ്. പഞ്ചകുളി എന്ന വാക്കിൽനിന്നും ഉണ്ടായതാണ് അതെന്ന് അനുമാനിക്കുന്നു. പെണ്ണിന്റെ കുടുംബത്തിൽ പെടാത്തതും ഏഴുുവയസ്സിൽ താഴെ പ്രായമുള്ളതുമായ ആൺകുട്ടി വന്നുചേർന്നാണ് അനുബന്ധ കർമങ്ങൾ നടത്തുന്നത്. പാറത്താളി അരച്ച് കലക്കിയ വെള്ളത്തിൽ (അത് പാത്രത്തിൽ ഒഴിച്ച്) അതിന്റെ ചലനം നിന്ന ശേഷം കുട്ടിയുടെ അച്ഛൻ വെളിച്ചെണ്ണയിൽ വിരൽ മുക്കി പാറത്താളി വെള്ളത്തിൽ ഇറ്റിച്ചു കൊടുക്കണം. പാറത്താളി വെള്ളത്തിൽ മൂന്ന് സ്ഥലങ്ങളിലായാണ് ഇങ്ങനെ വിരലിൽ മുക്കിയ വെളിച്ചെണ്ണ ഇറ്റിക്കുന്നത്. ഇങ്ങനെ തെറിപ്പിക്കുന്ന വെളിച്ചെണ്ണ രണ്ട് തുള്ളി മാത്രമേ തുള്ളിയായി വീഴുന്നുള്ളൂവെങ്കിൽ കുട്ടിക്ക് ആയുസ് കുറവായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മൂന്ന് സ്ഥലത്തായി ഇറ്റിക്കുന്ന തുള്ളി വെളിച്ചെണ്ണയ്‌ക്ക് മൂന്ന് പേര് നിശ്ചയിച്ചിട്ടുണ്ട്. 1. കാട്, 2. ആയുസ്സ്, 3. പ്രകൃതി. ഇങ്ങനെയാണ് നിശ്ചയിക്കുന്നത്. മൂന്ന് സ്ഥലത്തെ വെളിച്ചെണ്ണയും കൂട്ടിമുട്ടാൻ പാടില്ല. അഥവാ അത് പരസ്‌പരം കൂട്ടിമുട്ടിയാൽ കുട്ടിയുടെ ആയുസ്സ് കുറവായിരിക്കും എന്നു കരുതപ്പെടുന്നു. കാട് ഭാഗത്തേക്ക് മറ്റ് വെളിച്ചെണ്ണ തുള്ളികൾ വന്നാലും ആയുസ്സ് കുറയുകമെന്ന് വിശ്വസിക്കപ്പെടുന്നു.
താളിവെള്ളം ഒടുവിലായി അമ്മയുടെ മേലാകെ തളിക്കും. ഈ കർമങ്ങൾ ചെയ്യാൻ വന്ന കുട്ടിക്ക് പ്രതിഫലമായി നൽകുന്നത് നാഴി അരിയും തേങ്ങമുറിയും മഞ്ഞൾ, ഉപ്പ്, മുളക് എന്നിവയുമാണ്. ഇരുപത്തിയെട്ടാം കുളി ചന്ദ്രമാസമായി അറിയപ്പെടുന്നു. മറ്റ് സമുദായങ്ങളിലെല്ലാം നിലനിൽക്കുന്ന ആചാരം തന്നെയാണ് ഇത്. അഞ്ചാം കുളിയുടെ ചടങ്ങുകളെല്ലാം ഇതിനും ബാധകമാണ്. ഇരുപത്തിയെട്ട് കുളികഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്ന സ്‌ത്രീക്ക് ഏഴുദിവസം ശാരീരികസമ്പർക്കം ഉണ്ടാവില്ല. കുഞ്ഞിന് ഏഴരവയസ്സ് കഴിഞ്ഞാൽ മാത്രമാണ് കാതുകുത്തുന്നത്. അടുത്ത കാവിൽ ചെന്നാണ് ഇത് നിർവഹിക്കുന്നത്. ഈ കാതുകുത്തുന്ന കുട്ടിയുടെ ചങ്ങാതിമാർ അവനെയും കൂട്ടി കുളിക്കാൻ പോകും. അപ്പോഴേക്കും വിളക്ക് കത്തിച്ച് വെക്കും. വെള്ളരിയും കരുതും. കാലിൽ കല്ല് തട്ടാതെ കുളത്തിലോക്ക് പോകണം. കാതുകുത്തുന്ന കുട്ടിക്ക് കല്ലിൽ കാല് തട്ടുകയാണെങ്കിൽ ദോഷം സംഭവിക്കുമെന്ന് കരുതപ്പെടുന്നു. അവനെ പുതിയ മുണ്ട് ഉടുപ്പിച്ചിണ്ടാകും. ഇലയിൽ വെള്ളരി, ഭസ്‌മരം, വിളക്ക്, കാതുകുത്തേണ്ടുന്ന സാധനം, അടയ്‌ക്കല, വെറ്റില, അവൽ തുടങ്ങി ഏഴിനങ്ങൾ കരുതിവെക്കും.
കാരണവരായ പണിക്കർ കയ്യിൽ കരുതിയ ആയുധംകൊണ്ട് കുട്ടിയുടെ വായിലേക്ക് അരി തെറിപ്പിക്കും. അത് ഇറക്കാനോ തുപ്പാനോ പാടില്ല. പിറകുവശത്ത് കാതുകുത്താനുള്ള രണ്ട് സാമഗ്രികളുമായി കാത്തുനിൽക്കും. മുളകൂർപ്പിച്ചത് ചൂടാക്കി അവരുടെ കൈയിലുണ്ടാകും.
‘‘കുത്തോ… കുത്ത്….’ എന്ന് താളത്തിൽ കാരണവർ പറയുമ്പോൾ പിറകിലുള്ളവർ കാതുകുത്തും. കരഞ്ഞ് വാപിളർക്കുന്നതിനാണ് വായിൽ അരിയിട്ടുകൊടുക്കുന്നത്.
മുന്നിലും പിന്നിലും ചങ്ങാതിമാരെയും കൂട്ടി നാലുതവണ പാലമരം ചുറ്റും. കാതുകുത്തിയ സ്ഥലത്ത് നിന്ന് മൂന്നുതവണ വിളക്കിനെ ചുറ്റിയശേഷമാണ് പാലമരം ചുറ്റാൻ പോകുന്നത്. അവിടെയുള്ള ഇലയിൽ വായിലെ അരി അവിടെ തുപ്പി ഉപേക്ഷിക്കും. ആചാരങ്ങൾ കണ്ണവം കോളനിക്കടുത്തുള്ള കോളയാട് പഞ്ചായത്തിലെ കൊളപ്പ കോളനിയിൽ ഇപ്പോഴും നടക്കുന്നുണ്ട്.
മരണംവരെ ജീവിതത്തിലുടനീളം പാലിച്ചുപോരുന്ന ആചാരങ്ങളുടെ ഹ്രസ്വകാലത്തെ ചിത്രം മാത്രമാണ് ഇവിടെ പരാമർശിച്ചത്. പുതിയ തലമുറയ്‌ക്ക് പഠിക്കാൻ അപൂർവം ആചാരങ്ങൾ മാത്രം ബാക്കിവെച്ചുള്ള ജീവിതനടപ്പ്. ♦