Saturday, July 27, 2024

ad

HomeസിനിമEl ultimo Vagon Where the Track End പാളങ്ങൾ അവസാനിക്കുന്നൊരിടത്ത് തളിരിടുന്ന ബാല്യകൗമാരങ്ങൾ

El ultimo Vagon Where the Track End പാളങ്ങൾ അവസാനിക്കുന്നൊരിടത്ത് തളിരിടുന്ന ബാല്യകൗമാരങ്ങൾ

രാധാകൃഷ്ണൻ ചെറുവല്ലി

പാളങ്ങൾ നിശ്ചിതമായ സ്ഥലരാശിയിലൂടെ കടന്നുപോകുന്നു. എന്നാൽ പാളങ്ങളുടെ കൃത്യതയിൽ ജീവിതങ്ങൾ ഒതുങ്ങുന്നില്ല. ആർതർ കോസ്റ്റ്‌ലർ ഒരിക്കൽ നിരീക്ഷിച്ചതുപോലെ പാളങ്ങൾ തെറ്റിക്കുന്നവർക്കു (Track out) മാത്രമേ മനുഷ്യജീവിതങ്ങൾ ആസ്വാദ്യമാക്കാനാകൂ. പാളങ്ങൾ നിർമിക്കുകയും വാഗണുകൾക്കുള്ളിൽ തളച്ചിടുകയും എന്നാൽ ജീവിതത്തിന്റെ മുഖ്യധാരാ പാളങ്ങൾക്ക്‌ പുറത്താകുകയും ചെയ്യുന്ന ഏതാനും മനുഷ്യരുടെ കഥയാണ്‌ മെക്‌സിക്കൻ സംവിധായകനായ ഏണസ്റ്റോ കോൺട്രേറാസ്‌ (Ernesto Contreras) സംവിധാനം ചെയ്‌ത El Ultimo vagon (Where the tracks end‐ പാളങ്ങൾ അവസാനിക്കുന്നിടം). സ്‌പാനിഷ്‌ ഭാഷയാണ്‌ ചിത്രത്തിന്റേത്‌.

പരസ്‌പരബന്ധിതമായ രണ്ടു കാലങ്ങളെ ഇഴചേർത്താണ്‌ സിനിമാഗാത്രം വിളക്കിച്ചേർത്തിരിക്കുന്നത്‌. കാലം ഏതെന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ഏഴും എട്ടും വരുന്ന രണ്ടു പതിറ്റാണ്ടുകളാണ്‌ കഥാകാലമെന്ന്‌ സിനിമയിൽ പ്രത്യക്ഷമാകുന്ന വാഹനങ്ങളിൽനിന്നും മറ്റ്‌ പഠന‐ഉൽപാദന ഉപകരണങ്ങളിൽനിന്നും നമുക്ക്‌ ഊഹിച്ചെടുക്കാം. ഉദാരവൽക്കരണ നടപടികൾക്ക്‌ ലോകം സാക്ഷ്യം വഹിക്കുന്ന എൺപതുകളാവും രണ്ടാം അടരിൽ നാം കാണുന്നത്‌.

ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടി. മേൽപ്പാലത്തിലൂടെ പായുന്ന ഒരു പത്തുവയസ്സുകാരി. അവളുടെ ചുവടുകൾ പിന്തുടർന്നോടുന്ന ഒരുു നായ. അവരുടെ ഓട്ടം ഒരുകൂട്ടം കുട്ടികളുടെ കൂട്ടയോട്ടമായി തീവണ്ടിക്ക്‌ സമാന്തരമായി നീങ്ങുമ്പോൾ ജനലഴിയിലൂടെ ഒരു കുട്ടി അവരെ നോക്കുന്നു. വിഷാദവും സന്തോഷവും ഇടകലരുന്ന അവന്റെ സമീപസ്ഥമായ സീനിൽനിന്നും അൽപം പിന്നിലുള്ള കാലത്തേക്ക്‌ സിനിമ കടക്കുന്നു.

മെക്‌സിക്കോയിലെവിടെയോയുള്ള ഒരു ഗ്രാമം. അവിടേക്ക്‌ റെയിൽവേ ട്രാക്ക്‌ വരുന്നതേയുള്ളൂ. പാളങ്ങളിടുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ അവിടവിടെ മാറ്റിയിട്ടിരിക്കുന്ന ഒഴിഞ്ഞ വാഗണുകൾക്കുള്ളിലാണ്‌ തങ്ങളുടെ വീട്‌ സൃഷ്ടിച്ചിരിക്കുന്നത്‌. പാളം നിർമിക്കുന്ന കരാറെടുത്തിരിക്കുന്ന കന്പനി ഏറ്റെടുക്കുന്ന ദൗത്യസ്ഥലങ്ങളിലേക്ക്‌ തൊഴിലാളികൾ നീങ്ങിക്കൊണ്ടിരിക്കും. അത്തരമൊരു കുടുംബത്തിലാണ്‌ പത്തുവയസ്സോളം പ്രായം വരുന്ന ഇകാൽ (Ikal) ജീവിക്കുന്നത്‌. അവർ ഇപ്പോൾ എത്തിച്ചേർന്ന സ്ഥലം അവൻ പരിചയപ്പെട്ടുവരുന്നതേയുള്ളൂ. ഏറെക്കുറെ സമയപ്രായക്കാരായ ചിക്കോ, വലേറിയ, റ്റ്യൂയെർട്യൊ എന്നിവരുമായി ഇകാൽ പരിചയപ്പെടുന്നു. ഇകാൽ സ്നേഹം പകുത്തുനൽകയാൽ അവനൊപ്പം ചേരുന്നുണ്ട്‌ ഒരു നായ്‌ക്കുട്ടി. അവന്‌ ഇകാൽ നൽകുന്ന പേര്‌ ക്വെറ്റ്‌സൽ (Quetzal) എന്ന വാനന്പാടിയുടേതാണ്‌. മെക്‌സിക്കോക്കാർക്ക്‌ ആ പക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്‌. സ്വാതന്ത്ര്യത്തിനുവേണ്ടി പട്ടിണികിടന്നും മരിക്കാൻ സന്നദ്ധമാകുന്ന പക്ഷിയാണത്‌ എന്നാണ്‌ മെക്‌സിക്കോക്കാരുടെ വിശ്വാസം.

ഇകാലും ചങ്ങാതിമാരും ചതുപ്പുനിലത്തിൽ ചത്തുപൊങ്ങിയ ഒരു ‘പുരുഷപ്രേതം’ കാണുന്നു. ഇകാൽ മാത്രം അതിനരികിലെത്തി കന്പുകൊണ്ട്‌ കുത്തിനോക്കി. അപ്പോൾ മറ്റുള്ളവർ പേടിച്ചോടി. പ്രേതത്തിന്റെ ആത്മാവ്‌ തങ്ങളെ വേട്ടിയാടിയേക്കാമെന്ന്‌ അവർ ഭയപ്പെട്ടു.

ഇകാൽ ഒഴികെയുള്ളവർ സമീപത്തുള്ള ഒരു ഏകാധ്യാപക വിദ്യാലയത്തിൽ പഠിക്കാൻ പോകുന്നുണ്ട്‌. വൃദ്ധയായ ജോർജീനാ ടീച്ചറാണ്‌ അവിടത്തെ അധ്യാപിക. ഒരു വിശാലമായ സ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള വാഗണിലുള്ളിലാണ്‌ ക്ലാസ്‌ ഒരുക്കിയിരിക്കുന്നത്‌. ജോർജീന ടീച്ചർ ചുറുചുറുക്കുള്ള ഇകാലിനെ കണ്ടെത്തുന്നു. വീട്ടുകാരുടെ അനുമതിയോടെ അവനെ സ്‌കൂളിലെത്തിച്ച്‌ അവർ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തു. അക്ഷരങ്ങൾ പരിചിതമാകാൻ സാധ്യതയുള്ളതല്ലല്ലോ അവന്റെ ജീവിതസാഹചര്യം. അവർ പാളങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടിപോലെ ഇടങ്ങളിൽനിന്നും ഇടങ്ങളിലേക്ക്‌ മാറ്റപ്പെടുന്നവരാണല്ലോ. അവന്റെ അച്ഛൻ തോമസ്‌ നിരക്ഷരനും അമ്മ ആസ്‌ത്‌മ രോഗിയുമാണ്‌. ജോർജീനാ ടീച്ചറുടെ പരിചരണത്തിലും സ്‌നേഹത്തിലും അവൻ തളിതനാകുന്നു. മിടുക്കനായ അവൻ അതിവേഗത്തിൽ വായനയെന്ന അത്ഭുതം കരഗതമാക്കി.

സമാന്തരമായി ഒരു നരേഷൻ നടക്കുന്നുണ്ട്‌. സർക്കാർ സാന്പത്തിക പ്രതിസന്ധി നേരിടുകയാൽ ‘ലാഭകരമല്ലാത്ത’ സ്‌കൂളുകൾ അടച്ചുപൂട്ടാൻ ശ്രമിക്കുന്നു. അതിനുവേണ്ടി കണ്ടെത്തുകയും പരിശീലനം സിദ്ധിക്കുകയും ചെയ്‌ത യുവാവാണ്‌ ഹ്യുഗോ വെലൻസുവേല. അയാൾക്ക്‌ നിരവധി സംശയങ്ങളുണ്ട്‌. നൈതികമായ ചോദ്യങ്ങളുണ്ട്‌. എന്നാൽ മുകളിൽനിന്നുള്ള ഉത്തരവിൽനിന്ന്‌ അണുകിട ചലിക്കാൻ മേലധികാരികൾ തയ്യാറാകുന്നില്ല. ഐഎംഎഫ്‌, ലോകബാങ്ക്‌ തുടങ്ങിയ അന്താരാഷ്‌ട്ര സ്ഥാപനങ്ങളുടെ തീട്ടൂര പ്രകാരമുള്ള നവ ഉദാരവൽക്കരണ നയങ്ങൾ മെക്‌സിക്കോയിൽ എത്തിയതിന്റെ സൂചനയാണത്‌. തന്റെ പ്രവൃത്തിയുമായി മുന്നോട്ടുപോകാൻ മടികാണിക്കുന്ന ഹ്യൂയോക്ക്‌ ജോലി നഷ്ടമാകുമെന്ന്‌ സഹപ്രവർത്തകർ സൂചനനൽകുന്നു. എങ്കിലും പാതിമനസ്സോടെ ഹ്യൂഗോ മുന്നേട്ടുപോകുന്നു.

ജോർജീനയുടെ പള്ളിക്കൂടത്തിൽ ഇകാൽ പഠിക്കുമ്പോൾ ‘ക്വെസ്റ്റൽ’ വാലാട്ടി പടിക്കു പുറത്തിരിക്കും. ഇകാൽ കൂട്ടുകാർക്കൊപ്പം നാടുകാണാനിറങ്ങുമ്പോൾ അവനും കൂടും. അവരുടെ സഞ്ചാരങ്ങൾക്കിടയിലാണ്‌ വളച്ചുകെട്ടപ്പെട്ട പ്രദേശങ്ങളും ജന്മിഗൃഹങ്ങളും കാണുന്നത്‌. അവർക്കൊപ്പം സജീവമാണ്‌ വലേറിയ എന്ന പെൺകുട്ടി. അവൾ ഇകാലിന്റെ ഉറ്റചങ്ങാതിയാണ്‌. അവന്റെ സങ്കടങ്ങളിൽ ഒപ്പമുള്ളവൾ. അവളോട്‌ അവനും തിരിച്ചും അവർക്കജ്ഞാതമായ ഒരു ആകർഷണമുണ്ട്‌.

ഇകാലും ചങ്ങാതിമാരും ജന്മിഗൃഹങ്ങൾ കടന്നുകയറി ആഹാരം മോഷ്ടിക്കുന്നു. ശേഖരിച്ചുവച്ച അരി കവരുന്നു. കൂട്ടിവയ്‌ക്കുകയല്ല ഏല്ലാർക്കുമായി പങ്കുവെയ്‌ക്കലാണ്‌ നീതിയെന്ന്‌ കുട്ടികൾ തിരിച്ചറിയുന്നു. കുട്ടികളിലൊരുവൻ ജന്മിയുടെ സ്വകാര്യ തടവറയിൽ അടയ്‌ക്കപ്പെട്ടു. ഇതിനിടയിൽ റെയിൽ തൊഴിലാളികൾ അമിതാധ്വാനത്തിനെതിരെ കുതറുന്നുണ്ട്‌. എല്ലാ കുതറലുകളും നിശബ്ദമാക്കപ്പെടുന്നു. മഴയത്ത്‌ മാറിനിൽക്കുന്ന തൊഴിലാളികളെ ശാസിച്ച്‌ പണിക്കിറക്കുന്ന മുതലാളി അവരെ യഥാർഥത്തിൽ ഇറക്കുന്നത്‌ മരണത്തിലേക്കാണ്‌. കടുത്ത ഇടിവെട്ടിൽ മൂന്നുപേർ മരിക്കുന്നു. അവരിലൊരാൾ തോമസാണ്‌.

ഇകാലിന്‌ ആ ഗ്രാമം വിട്ട്‌ അമ്മയോടൊപ്പം പോകണം. മറ്റൊരു തൊഴിലിടത്തിലേക്ക്‌. അവനെ ജോർജീനയുടെ സംരക്ഷണയിൽ നിർത്തി അച്ഛനുമമ്മയും മറ്റൊരു നാട്ടിലേക്ക്‌ മാറാൻ തീരുമാനിക്കുകയും ‘ക്വെറ്റ്‌സലി’നൊപ്പം കഴിയാം എന്നതിൽ തുള്ളിച്ചാടുകയും ചെയ്യുന്ന ഇകാലിനു മുന്നിലേക്കാണ്‌ അച്ഛന്റെ മരണമെത്തുന്നത്‌.

വിട്ടുപോകുന്നതിന്റെ വേദനയുമായി തീവണ്ടിയിരിക്കുന്ന ഇകാലിനെ നാം ആദ്യരംഗങ്ങളിൽ കണ്ടിരുന്നു. വലേറിയ യാത്രയയ്‌ക്കാൻ ഓടിയെത്തിയതും നാം കണ്ടു. അവനങ്ങനെ അകന്നുപോകുന്നു.

പിന്നീട്‌ നാം ഉണരുന്നത്‌ മറ്റൊരു കാലത്തേക്കാണ്‌. ജോർജീനയുടെ പള്ളിക്കൂടം അവിടെയുണ്ട്‌. ജോർജീന പത്തുപന്ത്രണ്ട്‌ കൊല്ലം മുമ്പേ മരിച്ചിരിക്കുന്നു. വെറൊരു ടീച്ചർ; വേറൊരു കാലം. വേറൊരു ടീച്ചർ വേറെ കുട്ടികൾ. അവിടേയ്‌ക്കാണ്‌ ഹ്യൂഗോ എത്തുന്നത്‌. അവന്റെ കൈവശം ഒരു ഫോട്ടോയുണ്ട്‌. ജോർജീന ടീച്ചർക്കൊപ്പം എടുത്ത ഒരു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോ. മറ്റു കുട്ടികൾക്കൊപ്പം മുന്നിലായി ക്വെറ്റ്‌സലുമിരിപ്പുണ്ട്‌. ഒടുവിൽ ഹ്യൂഗോ തന്റെ പഴയ വിദ്യാലയത്തിൽ എത്തിച്ചേരുമ്പോൾ അയാൾ അവിടെ വലേറിയയെ കാണുന്നു. അവൾ അവിടത്തെ അധ്യാപികയാണ്‌. ഫോട്ടോ വഴി അവൾ തിരിച്ചറിയുന്നു, സ്‌കൂൾ പൂട്ടിക്കാൻ വന്ന ഹ്യൂഗോ നാടുവിട്ടുപോയ തന്റെ കൂട്ടുകാരനായ ഇകാലല്ലാതെ മറ്റൊരാളല്ലെന്ന്‌. ഒടുവിൽ ആ സ്‌കൂളിലെ അധ്യാപകനായി മാറുന്ന ഹ്യൂഗോയെയാണ്‌ നാം കാണുന്നത്‌.

രണ്ട്‌ ആഖ്യാനപരിസരങ്ങളെ സവിശേഷമായി വിളക്കിച്ചേർത്ത്‌ അവരുടേതായ വ്യാഖ്യാനം ചമയ്‌ക്കുന്നതിന്‌ പ്രേക്ഷകർക്ക്‌ സംവിധായകൻ ഇടം നൽകുന്നു. അണ്ടർ സ്‌റ്റേറ്റ്‌മെന്റ്‌ എന്ന ആഖ്യാനചാരുത സിനിമയിലുടനീളം ദർശിക്കാനാകും. മാനവവികസനത്തിന്റെ ഉപകരണത്തെ സാമൂഹ്യമാറ്റവുമായി സംവിധായകൻ ബന്ധിപ്പിക്കുന്നുണ്ട്‌. ജോർജീന ടീച്ചർ സ്വയം കണ്ടെത്തുന്നതിന്റെയും ശാസ്‌ത്രീയ സമീപനത്തിന്റേയും പ്രതിരൂപയാണ്‌. പ്രകൃതിയിൽ നിർത്തിക്കൊണ്ടണവർ കുട്ടികളെ പഠിപ്പിക്കുന്നത്‌. ബാല്യകൗമാരങ്ങളുടെ വളർച്ചയും സ്‌നേഹവും എന്നതിനുപരി വ്യവസ്ഥിതിയുടെ കഠോരമായ പീഡനങ്ങൾ സാധാരണ മനുഷ്യനുമേൽ വന്നുപതിക്കുന്നത്‌ സംവിധായകൻ കാട്ടിത്തരുന്നു. മൂന്നാംലോകരാജ്യങ്ങളിലെ ജീവിതങ്ങൾക്ക്‌ സമാനതകളുണ്ട്‌. അത്തരമൊരു ജീവിതാവസ്ഥയിലേക്ക്‌ ഘടിപ്പിക്കുകവഴി ശക്തമായ ഒരു രാഷ്‌ട്രീയമാണ്‌ ഈ സിനിമ മുന്നോട്ടുവയ്‌ക്കുന്നത്‌.

കുട്ടികളായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ കൈാര്യം ചെയ്‌തിട്ടുണ്ട്‌. ഇകാലായി വരുന്ന കാർലോ ഐസാക്ക്‌സും വലേറിയയായി വരുന്ന ഫ്രിദ ക്രൂസും ജോർജീന ടീച്ചറായി വരുന്ന അഡ്രിയനോ ബരാസയും അതുല്യ പ്രകടനമാണ്‌ കാഴ്‌ചവച്ചിട്ടുള്ളത്‌. വിദ്യാഭ്യാസത്തെയും രാഷ്‌ട്രീയത്തെപ്പറ്റിയുമുള്ള ഒരു ചലച്ചിത്രമായി നമുക്കിതിനെ മുന്നോട്ടുവയ്‌ക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + 7 =

Most Popular