Sunday, September 8, 2024

ad

Homeശാസ്‌ത്രംഛിന്ന ഗ്രഹങ്ങൾക്ക്‌ പിന്നാലെ

ഛിന്ന ഗ്രഹങ്ങൾക്ക്‌ പിന്നാലെ

ദിലീപ്‌ മലയാലപ്പുഴ

ദിലീപ്‌ മലയാലപ്പുഴ

ടയ്‌ക്കിടെ ഭൂമിക്ക്‌ സമീപം വിരുന്നുകാരായി എത്തി മടങ്ങുന്ന കൂറ്റൻ ശിലാശകലങ്ങളെ സൂക്ഷിക്കേണ്ടതുണ്ടെന്ന്‌ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഭൂമിക്ക്‌ ഭീഷണി ആയേക്കാവുന്ന ഛിന്നഗ്രഹങ്ങളെ പറ്റിയുള്ള പഠനങ്ങൾക്ക്‌ സമീപകാലത്തായി ശാസ്‌ത്രലോകം വലിയ പ്രാധാന്യമാണ്‌ നൽകുന്നത്‌.

65 ദശലക്ഷം വർഷം മുൻപ്‌ ദിനോസറുകളുടെ നാശത്തിന്‌ കാരണമായത്‌ ഉൽക്കാപതനമായിരുന്നു. ഈ വർഷം ഇതുവരെ ചെറുതും വലുതുമായി നിരവധി ഛിന്നഗ്രഹങ്ങൾ ഭൂമിക്ക്‌ സമീപംവഴി കടന്നുപോയി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കടന്നുപോയ 2023 ടിവി 3 ഛിന്നഗ്രഹത്തിന് ഏകദേശം 20 മുതൽ 60 അടി വരെ വ്യാസമുണ്ടായിരുന്നു. ഭൂമിയിൽ നിന്ന്‌ 82,000 കിലോമീറ്റർ അപ്പുറത്തുകൂടിയായിരുന്നു സഞ്ചാരം. ഹവായിയിലെ പാൻ-സ്റ്റാർസ് 1(Pan-STARRS) ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ്‌ വാനനിരീക്ഷകർ ഈ അതിഥിയെ കണ്ടെത്തിയത്‌. പലകാലങ്ങളായി വന്നുപോയതും ഇനി വരാനിരിക്കുന്നതുമായ അപകടകാരികളായ ഛിന്നഗ്രഹങ്ങളെ തിരിച്ചറിയാനും സൂക്ഷ്‌മമായി നിരീക്ഷിക്കാനുമുള്ള സാങ്കേതികവിദ്യ ശാസ്‌ത്രലോകം വികസിപ്പിക്കുകയാണ്‌. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ രംഗത്ത്‌ ഗവേഷണങ്ങൾ പുരോഗമിക്കുന്നു. അപകടകാരികളായി കുതിച്ചെത്തുന്ന ഉൽക്കകളേയും ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചു വിടാനോ നശിപ്പിക്കാനോ കഴിയുമോ എന്നതാണ്‌ ചിന്താവിഷയം. സൗരയൂഥത്തിന്റെ ഉല്പത്തിയെപ്പറ്റി അറിയാനും രഹസ്യങ്ങളുടെ ചുരുളഴിക്കാനും ഛിന്നഗ്രഹങ്ങളെപ്പറ്റിയുള്ള പഠനത്തിനു കഴിയും. സൗരയൂഥം രൂപംകൊണ്ട കാലത്തെ ഘടനയും മറ്റുമാണ്‌ ഇവയ്‌ക്കുള്ളത്‌. സൗരയൂഥത്തിൽ ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിലുള്ള മേഖലയി (ആസ്‌റ്ററോയിഡ്‌ ബെൽറ്റ്‌)ൽ ആയിരക്കണക്കിന്‌ ഛിന്നഗ്രഹങ്ങളുണ്ട്‌. ഇവയെ പറ്റിയുള്ള അറിവ്‌ പരിമിതവുമാണ്‌. പലതിന്റേയും ഭ്രമണപഥം ഭൂമിക്ക്‌ സമീപം കൂടിയാണ്‌. ഇവയെപ്പറ്റി കൂടുതലറിയാനാണ്‌ ശ്രമം. ഭൂമിയിൽ ജീവന്റെ ഉത്‌പത്തി ധൂമകേതുക്കളിലും ഛിന്നഗ്രഹങ്ങളിലും നിന്നാണെന്ന സിദ്ധാന്തം നിലവിലുണ്ട്‌.

സൈക്കിയിലേക്ക്‌

സൈക്കി ഛിന്നഗ്രഹം

37 കോടി കിലോമീറ്റർ അപ്പുറത്ത്‌ ഒരു ലോഹ ഛിന്നഗ്രഹം….. സൈക്കി എന്ന പേര്‌. ഇരുമ്പ്‌, നിക്കൽ, സ്വർണം തുടങ്ങിയ ലോഹങ്ങളാൽ നിർമിതം. ജലസാന്നിധ്യവുമുണ്ട്‌. 300 കിലോമീറ്ററോളം വ്യാസം. വാനനിരീക്ഷണത്തിനിടെ ചൊവ്വയുടേയും വ്യാഴത്തിന്റേയുമിടയിൽ സൈക്കിയെ കണ്ടെത്തുന്നത്‌ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ അനിബൽ ഗസ്‌പരിയാണ്‌. 1852 മാർച്ചിൽ. വ്യാഴത്തിന്റെ ഗുരുത്വാകർഷണ സ്വാധീനത്തിലുള്ള ഭ്രമണപഥമാണ്‌ സൈക്കിക്കുള്ളത്‌. ലോഹഗ്രഹത്തെ അടുത്തറിയാൻ നാസയുടെ പേടകം കഴിഞ്ഞ വെള്ളിയാഴ്‌ച പുറപ്പെട്ടു. സൈക്കി എന്നു തന്നെയാണ്‌ ദൗത്യത്തിന്‌ പേരിട്ടിരിക്കുന്നത്‌. ആധുനികമായ നിരവധി പരീക്ഷണ ഉപകരണങ്ങളുണ്ട്‌. പല കാരണങ്ങളാൽ മാറ്റിവച്ച ദൗത്യമാണിത്‌. ആറുവർഷം വേണ്ടിവരും ലക്ഷ്യത്തിലെത്താൻ. 2021 ഒക്ടോബർ 16 ന്‌ വിക്ഷേപിച്ച ലൂസി ദൗത്യത്തിന്റെ തുടർച്ചയാണിത്‌. വ്യാഴത്തിനടുത്ത്‌ സൂര്യനെ ചുറ്റുന്ന ട്രോജൻ ഛിന്നഗ്രഹങ്ങളെ (Jupiter Trojan asteroids) പഠിക്കുകയാണ്‌ ലൂസിയുടെ ലക്ഷ്യം. ഹൈ റെസല്യൂഷൻ ക്യാമറകടളടക്കം ആറ്‌ പരീക്ഷണ ഉപകരണമാണ്‌ പേടകത്തിലുള്ളത്‌. 12 വർഷമാണ്‌ കാലാവധി.

ബെന്നുവിൽ ജലവും

ബെന്നുവിൽ നിന്നുള്ള സാമ്പിൾ

ഒരു ഛിന്നഗ്രഹത്തിന്‌ പിന്നാലെ പാഞ്ഞെത്തി യന്ത്രക്കൈ ഉപയോഗിച്ച്‌ സാമ്പിൾ ശേഖരിക്കുക… അതും ഗ്രഹത്തിലിറങ്ങാതെ, പരുന്ത്‌ ഇരയെ റാഞ്ചി എടുത്ത്‌ പറന്നുയരുന്നതുപോലെ…. ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ അതും സാധ്യമായി….. ബെന്നുവെന്ന ഛിന്ന ഗ്രഹത്തിൽ നിന്നുള്ള സാമ്പിൾ വിജയകരമായി ഭൂമിയിലെത്തിച്ച്‌ ശാസ്‌ത്രലോകം വീണ്ടും അത്ഭുതം സൃഷ്ടിച്ചു. നാസയുടെ ഒസിറക്‌സ്‌ റെക്‌സ്‌ പേടകം ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്ന്‌ ശേഖരിച്ച 250 ഗ്രാം സാമ്പിൾ, സൗരയൂഥത്തെപ്പറ്റിയുള്ള പഠനങ്ങളിൽ വഴിത്തിരിവാകും. കാർബണിന്റെയും ജലത്തിന്റെയും വൻ സാന്നിധ്യം പ്രാഥമിക പഠനത്തിൽ തന്നെ സാമ്പിളിൽ കണ്ടെത്തി. ഒപ്പം കളിമണ്ണിന്റെ സ്വഭാവമുള്ള പ്രതലത്തെ പറ്റിയും. ഭൂമിയിൽ ജീവൻ രൂപപ്പെട്ട കാലത്തെ ജൈവഘടകങ്ങൾ ബെന്നുവിൽ ഉണ്ടായേക്കാമെന്നാണ്‌ നിഗമനം. ആറു വർഷത്തിലൊരിക്കൽ ഭൂമിക്കരികിൽക്കൂടി കടന്നുപോകുന്ന ബെന്നു ഭാവിയിൽ ഭീഷണി ഉയർത്തിയേക്കാം. അതുകൊണ്ടു തന്നെ ഈ ദൗത്യത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. ഒസിറിസ് റെക്‌സ്‌ വിക്ഷേപണം 2016 സെപ്‌തംബർ എട്ടിനായിരുന്നു . 2020 ഒക്ടോബർ 20ന്‌ പേടകം ബന്നുവിന്റെ തൊട്ടരുകിലെത്തി യന്ത്രക്കൈ ഉപയോഗിച്ചു വിജയകരമായി സാമ്പിൾ ശേഖരിച്ച്‌ പറന്നുയർന്നു. 2021 മെയ്‌ 10 ന്‌ ഭൂമിയിലേക്ക്‌ മടങ്ങി. കഴിഞ്ഞ മാസം അവസാനം സാമ്പിൾ അടങ്ങുന്ന ക്യാപ്‌സ്യൂൾ ഭൂമിയിലെത്തി. മാതൃപേടകമായ ഒസിറിസ്‌ ബഹിരാകാശത്തുവച്ചുതന്നെ മറ്റൊരു ഛിന്നഗ്രഹമായ അപ്പോഫിസ് ലക്ഷ്യമായി യാത്രതുടരുകയും ചെയ്‌തു. 2029ൽ ഭൂമിക്ക്‌ 32,000 കിലോമീറ്റർ അരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹമാണ്‌ അപ്പോഫിസ്. 370 മീറ്ററാണ്‌ വലിപ്പം.

ഇടിച്ചിറങ്ങിയ ഡാർട്ട്‌

ഡാർട്ട്‌ ഇടിയെ തുടർന്ന്‌ ഡൈമർഫോസിനുണ്ടായ വാൽ

മാനവരാശിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള പരീക്ഷണമായിരുന്നു ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART). 570 കിലോഗ്രാം ഭാരമുള്ള പേടകത്തിന്റെ ഇടിയുടെ ആഘാതത്തിൽ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയിൽ 0.4 മില്ലീമീറ്റർ വ്യതിയാനം ഉണ്ടായി. കഴിഞ്ഞവർഷം സെപ്റ്റംബർ 27 നായിരുന്നു ഇത്‌. ഡിഡിമോസ്‌ ഛിന്നഗ്രഹത്തിന്റെ ചന്ദ്രനായ ഡൈമർഫോസിലാണ്‌ നാസയുടെ ഡാർട്ട്‌ പേടകം ഇടിച്ചിറങ്ങിയത്‌. മണിക്കൂറിൽ 22,000 കിലോമീറ്റർ വേഗത്തിൽ. ഭൂമിയിൽ നിന്ന്‌ ഒന്നേകാൽ കോടി കിലോമീറ്റർ അകലെ നടന്ന ‘കൂട്ടയിടി’യുടെ ആഘാതത്തിൽ ഡൈമർഫോസിൽ നിന്ന്‌ ഉയർന്ന പൊടിപടലം പിന്നീട്‌ ‘വാൽ’ആയി രൂപപ്പെട്ടു. 160 മീറ്റർ വലിപ്പമുള്ള ഡൈമർഫോസിൽ നടത്തിയ പരീക്ഷണം ഭാവിയിലെ ‘രക്ഷാദൗത്യ’ങ്ങൾക്ക്‌ അടിത്തറയാകും. ഭൂമിക്കും ജീവജാലങ്ങൾക്കും ഭാവിയിൽ ഭീഷണിയാകുന്ന ഉൽക്കകൾ, ഛിന്ന ഗ്രഹങ്ങൾ തുടങ്ങിയവയെ വഴിതിരിച്ചുവിടുകയോ തകർക്കുകയോ ചെയ്യാനുള്ള ഗവേഷണങ്ങൾ ഇനിയും ഏറെ മുന്നേറാനുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − five =

Most Popular