Friday, November 22, 2024

ad

Homeശാസ്‌ത്രംമാനം നിറയും മാലിന്യങ്ങൾ

മാനം നിറയും മാലിന്യങ്ങൾ

ദിലീപ്‌ മലയാലപ്പുഴ

ഴിഞ്ഞ ഒക്ടോബറിൽ വന്ന ഒരു വാർത്ത ഏറെ കൗതുകകരമായിരുന്നു. യുഎസ്‌ ടിവി ഡിഷ്‌ എന്ന കമ്പനിക്ക്‌ ഒരു കോടിയിലധികം രൂപ പിഴയിട്ടു എന്നതായിരുന്നു വാർത്ത. അതും ബഹിരാകാശ മാലിന്യത്തിന്റെ പേരിൽ! ബഹിരാകാശത്ത്‌ പ്രവർത്തനരഹിതമായ അവരുടെ ഉപഗ്രഹത്തെ ‘നീക്കം’ ചെയ്യുന്നതിൽ അനാസ്ഥകാട്ടിയതിന്റെ പേരിൽ യുഎസ്‌ ഫെഡറൽ കമ്യൂണിക്കേഷൻസ്‌ കമ്മീഷനാണ്‌ കമ്പനിക്ക്‌ പിഴയിട്ടത്‌. ഇത്തരത്തിലുള്ള ഒരു പിഴ ചരിത്രത്തിലാദ്യവും. കമ്പനിയുടെ എക്കോസ്‌റ്റാർ 7 എന്ന ഉപഗ്രഹമാണ്‌ പ്രവർത്തനരഹിതമായി മാലിന്യ പ്രതിസന്ധി സൃഷ്ടിച്ചത്‌. നിശ്‌ചിത സമയത്ത്‌ ഡീ ഓർബിറ്റ്‌ ചെയ്യാതിരുന്നതാണ്‌ കുറ്റം.

മറ്റൊരു വാർത്തകൂടി: നവംബറിൽ നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന്‌ ഒരു ടൂൾ കിറ്റ്‌ നഷ്ടപ്പെട്ടു. നിലയത്തിൽനിന്ന്‌ പുറത്തിറങ്ങി സോളാർ പാനലിൽ അറ്റകുറ്റപണികൾ നടത്തുകയായിരുന്ന ഗഗനചാരികളുടെ കയ്യിൽ നിന്നാണ്‌ കിറ്റ്‌ വഴുതിപ്പോയത്‌. ജാസ്മിൻ മൊഗ്ബെലിയും ലോറൽ ഒഹാരയും ആയിരുന്നു ആ സഞ്ചാരികൾ. ടൂൾകിറ്റ്‌ കാണാതായത്‌ ആദ്യം ഇരുവരും അറിഞ്ഞതുമില്ല. വഴുതിപ്പോയ കിറ്റ്‌ ബഹിരാകാശ മാലിന്യമായി ഭ്രമണം ചെയ്യുന്നതായി പിന്നീട്‌ കണ്ടെത്തി…!

പ്രതിസന്ധി അതിരൂക്ഷം

അന്താരാഷ്ട്ര ബഹിരാകാശ നിലയം

മാലിന്യപ്രശ്‌നം നമുക്കു ചുറ്റും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി ചെറുതല്ല. ജൈവ, അജൈവ മാലിന്യം മുതൽ ഇലക്‌ട്രോണിക്‌ മാലിന്യം വരെയുണ്ട്‌ ഇക്കൂട്ടത്തിൽ. ബഹിരാകാശത്തും മാലിന്യ പ്രശ്‌നം രൂക്ഷമാവുകയാണ്‌. ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റത്തിനൊപ്പം ബഹിരാകാശത്ത്‌ മാലിന്യം സൃഷ്ടിക്കുന്ന പ്രതിസന്ധി അതിരൂക്ഷമാകുമെന്നാണ്‌ വിലയിരുത്തൽ. പ്രവർത്തനരഹിതമായ കൃത്രിമ ഉപഗ്രഹങ്ങൾ, ഉപഗ്രഹഭാഗങ്ങൾ, ഇന്ധനടാങ്കുകൾ, ചിന്നിച്ചിതറിയ ലോഹഭാഗങ്ങൾ, റോക്കറ്റ്‌ ഭാഗങ്ങൾ, പെയിന്റ്‌ പോലെയുള്ള വസ്‌തുക്കൾ, പൊടിപടലങ്ങൾ… തുടങ്ങി നട്ടും ബോൾട്ടുംവരെ ബഹിരാകാശ മാലിന്യ (Space debris)മായി ഭൂമിക്ക്‌ മുകളിലുള്ള ഭ്രമണപഥത്തിൽ ചുറ്റിത്തിരിയുന്നുണ്ട്‌. മാനവരാശി പേടകങ്ങൾ അയച്ചു തുടങ്ങിയിട്ട്‌ ആറ്‌ ദശാബ്ദത്തിലേറെയായി. 1957ൽ സ്‌പുട്‌നിക്ക്‌ വിക്ഷേപിച്ചായിരുന്നു തുടക്കം. വാർത്താവിനിമയം, കാലാവസ്ഥാ നിരീക്ഷണം, ബഹിരാകാശ പഠനം, ഭൗമ നിരീക്ഷണം തുടങ്ങി വ്യത്യസ്‌തദൗത്യങ്ങൾക്കായി നൂറുകണക്കിന്‌ പേടകങ്ങളാണ്‌ വിവിധ രാജ്യങ്ങളും ഏജൻസികളും പ്രതിവർഷം വിക്ഷേപിക്കുന്നത്‌. ഇത്‌ ഒഴിച്ചുകൂടാനാകാത്തതുമാണ്‌. ഇതു മൂലമുണ്ടാകുന്ന മാലിന്യ പ്രശ്‌നമാണ്‌ ലോകരാജ്യങ്ങളെയും വിവിധ ബഹിരാകാശ ഏജൻസികളെയും അലട്ടിത്തുടങ്ങിയിരിക്കുന്നത്‌. പരിഹാരത്തിനുള്ള വഴികൾ തേടുകയാണവർ.

ഒരു മില്ലീമീറ്റർ മുതൽ
ഒരു മില്ലീമീറ്റർ മുതൽ 10 സെന്റീമീറ്റർ വരെയുള്ള 130 ദശലക്ഷം ബഹിരാകാശ മാലിന്യങ്ങൾ ഭൂമിയോട്‌ അടുത്തുള്ള ഭ്രമണപഥത്തിലുണ്ടെന്നാണ്‌ കണക്ക്‌. അതിനു മുകളിൽ വലിപ്പമുള്ളവയുടെ എണ്ണം പറയേണ്ടതില്ലല്ലോ. മിക്കവയും നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന്‌ കൃത്രിമ ഉപഗ്രഹങ്ങൾക്ക്‌ ഭീഷണി ഉയർത്തുകയാണ്‌. കൂട്ടിയിടിച്ചും സ്വയം പൊട്ടിത്തെറിച്ചും തകർന്ന സംഭവങ്ങളുമുണ്ട്‌. പ്രവർത്തനരഹിതമായ ചില പേടകങ്ങളും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ കടന്ന്‌ ഘർഷണത്തിൽ കത്തിയമരുകയോ കുറെ ഭാഗം ഭൂമിയിലോ കടലിലോ പതിക്കാറുമുണ്ട്‌. അമേരിക്കയുടെ ആദ്യകാല ബഹിരാകാശ നിലയമായ സ്‌കൈലാബ് 1979 ൽ നിയന്ത്രണംവിട്ട്‌ ഭൂമിയിൽ പതിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിലേക്ക്‌ കടന്ന നിലയത്തിന്റെ ഏറെ ഭാഗങ്ങളും കത്തിപ്പോയെങ്കിലും കുറെ ഭാഗങ്ങൾ ആസ്‌ട്രേലിയയിലും മറ്റുമായി പതിച്ചു. അറുപതുകളിലെ സർവേയർ 2 ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള റോക്കറ്റ്‌ ഭാഗം 54 വർഷത്തിനുശേഷം ഭൂമിക്കരികിലുള്ള ഭ്രമണപഥത്തിൽ 2020ൽ കണ്ടെത്തിയിരുന്നു. അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്ന ലോഹഭാഗങ്ങളും മറ്റും നിലവിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതകളേറെയാണ്‌.

ബഹിരാകാശ നിലയങ്ങൾക്ക്‌ ഭീഷണി

ബഹിരാകാശ മാലിന്യം ഇടിച്ചതിനെ തുടർന്ന്‌ ബഹിരാകാശ നിലയത്തിലുണ്ടായ ദ്വാരം

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ബഹിരാകാശ മാലിന്യംമൂലം പലപ്പോഴും അപകടഭീഷണി നേരിടാറുണ്ട്‌. ഈ ഘട്ടങ്ങളിൽ ബഹിരാകാശ സഞ്ചാരികളെ നിലയത്തിലെ സുരക്ഷാ മോഡ്യൂളിലേക്ക്‌ മാറ്റുകയും മാലിന്യവുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ പഥം ഉയർത്തുകയുമാണ്‌ ചെയ്യുക. സമീപകാലത്ത്‌ ലോഹഭാഗം വന്നിടിച്ചതിനെ തുടർന്ന്‌ നിലയത്തിന്റെ യന്ത്രക്കൈയിൽ ദ്വാരം രൂപപ്പെട്ടിരുന്നു. 2013 ഏപ്രിലിൽ സൗരോർജ പാനലിൽ മാലിന്യം വന്നിടിച്ച്‌ തുളവീണു. വരും വർഷങ്ങളിൽ നിലയത്തിന്റെ പ്രവർത്തന കാലാവധി കഴിയും. ഇതോടെ മാലിന്യമായി മാറുന്ന നിലയത്തെ ഭൂമിയിലേക്ക്‌ എത്തിച്ച്‌ ‘മറവു’ ചെയ്യാനാണ്‌ പദ്ധതി. പസഫിക്ക്‌ സമുദ്രത്തിലെ പോയിന്റ്‌ നെമൊയിലാകുമിത്‌. ചൈനയുടെ ബഹിരാകാശ നിലയത്തിനും ബഹിരാകാശ മാലിന്യങ്ങൾ ഭീഷണി ഉയർത്തുന്നുണ്ട്‌.

വിക്ഷേപണത്തേയും

ആസ്‌ട്രേലിയൻ
തീരത്തടിഞ്ഞ പിഎസ്‌എൽവി റോക്കറ്റ്‌ ഭാഗം

ഐഎസ്‌ആർഒയുടെ നിരവധി ദൗത്യങ്ങളുടെ വിക്ഷേപണ സമയം ബഹിരാകാശ മാലിന്യങ്ങളുടെ വരവിനെ തുടർന്ന്‌ മിനിട്ടുകളോളം വൈകിപ്പിച്ചിട്ടുണ്ട്‌. മാലിന്യങ്ങളുടെ പാത നിരീക്ഷിച്ച ശേഷമാണ്‌ ബഹിരാകാശ ഏജൻസികൾ വിക്ഷേപണങ്ങൾ നടത്താറുള്ളത്. ഇവയെ പതിവായി നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾതന്നെ അവർക്കുണ്ട്‌. പടിഞ്ഞാറൻ ആസ്‌ട്രേലിയൻ തീരത്ത്‌ കഴിഞ്ഞവർഷം അടിഞ്ഞ കൂറ്റൻ റോക്കറ്റ്‌ ഭാഗം ഐഎസ്‌ആർഒയുടേതാണെന്ന്‌ സ്ഥിരീകരിച്ചിരുന്നു. ചാന്ദ്രയാൻ 3 പേടകത്തെ ബഹിരാകാശത്ത്‌ എത്തിച്ച പിഎസ്‌എൽവി റോക്കറ്റിന്റെ പ്രധാനഭാഗത്തെ സുരക്ഷിതമായി കടലിൽ വീഴ്‌ത്താനും കഴിഞ്ഞ വർഷം ഐഎസ്‌ആർഒക്ക്‌ കഴിഞ്ഞു. 124 ദിവസത്തോളം ബഹിരാകാശ മാലിന്യമായി ഭൂമിയെ ചുറ്റുകയായിരുന്ന എൽവിഎം 3 റോക്കറ്റിന്റെ ക്രയോജനിക്‌ അപ്പർ സ്‌റ്റേജാണ്‌ പസഫിക് സമുദ്രത്തിൽ വീഴ്‌ത്തിയത്‌. ഭൗമാന്തരീക്ഷത്തിലേക്ക്‌ കുതിച്ചെത്തിയ അഞ്ച്‌ ടണ്ണോളം വരുന്ന ഭാഗം, തുടർന്ന്‌ നിയന്ത്രണം വിട്ടെങ്കിലും കടലിൽ പതിച്ചു. ഇരുന്നൂറു കിലോമീറ്ററിനു മുകളിൽ ഭ്രമണം ചെയ്തിരുന്ന റോക്കറ്റ്‌ ഭാഗത്തെ തുടർച്ചയായി ഐഎസ്‌ആർഒ നിരീക്ഷിച്ചിരുന്നു. ചാന്ദ്രയാൻ പേടകത്തെ 133 കിലോമീറ്ററിനും 35,823 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലെത്തിച്ചത്‌ റോക്കറ്റിന്റെ ക്രയോജനിക് ഘട്ടമായിരുന്നു. ദൗത്യം പൂർത്തിയാക്കിയ ഈ റോക്കറ്റ്‌ ഭാഗത്തെ പടിപടിയായി പഥം താഴ്‌ത്തികൊണ്ടുവരികയായിരുന്നു. അന്തരീക്ഷത്തിലേക്ക്‌ കടക്കുമ്പോൾ പൊട്ടിത്തെറി ഒഴിവാക്കാൻ ഇന്ധനം, വാതകം തുടങ്ങിയവ നേരത്തെ തന്നെ ഒഴിവാക്കി. ബഹിരാകാശ മാലിന്യനിയന്ത്രണം സംബന്ധിച്ച അന്താരാഷ്‌ട്ര മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു ഇവ.

മാലിന്യം പരീക്ഷണ തട്ടം
പേടകങ്ങളെ ബഹിരാകാശത്ത്‌ എത്തിക്കുന്ന റോക്കറ്റിന്റെ അവസാനഘട്ടത്തെ ഉപയോഗപ്പെടുത്തി പരീക്ഷണങ്ങൾ നടത്തുന്നതിന്‌ ഐഎസ്‌ആർഒ തുടക്കം കുറിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം വിക്ഷേപിച്ച പിഎസ്‌എൽവി സി58 റോക്കറ്റിന്റെ നാലാംഘട്ടം (PS4)പരീക്ഷണ തട്ടകമായി ഉപയോഗിക്കുന്നതിൽ വിജയിച്ചു. പത്ത്‌ പരീക്ഷണ ഉപകരണങ്ങളുമായി ഈ തട്ടകം താഴ്ന്ന ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുകയാണ്‌. നിശ്‌ചിത കാലാവധിക്കുശേഷം ഈ തട്ടകം ഭൗമാന്തരീക്ഷത്തിൽ കടന്ന്‌ കത്തി നശിക്കും.

തലപുകയ്‌ക്കുന്നു
ഭാവി ദൗത്യങ്ങൾക്ക്‌ ബഹിരാകാശ മാലിന്യങ്ങൾ വലിയ ഭീഷണിയാണ്‌ ഉയർത്തുക. പ്രത്യേകിച്ച്‌ മനുഷ്യദൗത്യങ്ങൾക്ക്‌. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി നേരിടാൻ ശാസ്‌ത്രലോകവും ബഹിരാകാശ ഏജൻസികളും തല പുകയ്‌ക്കുകയാണ്‌. പ്രവർത്തനരഹിതമാകുന്ന ഉപഗ്രഹങ്ങളെ കൂടുതൽ ഉയരത്തിലുള്ള മറ്റൊരു ഭ്രമണപഥത്തിലേക്ക്‌ ഉപേക്ഷിക്കാറുണ്ട്‌.ചെറുതും വലുതുമായ ബഹിരാകാശ വസ്‌തുക്കളേയും ഇത്തരം മാലിന്യങ്ങളേയും തുടർച്ചയായി നിരീക്ഷിക്കാനും മുന്നറിയിപ്പു നൽകാനുമുള്ള വിപുലമായ സംവിധാനങ്ങൾ വേണ്ടിവരും. പ്രതിസന്ധി നേരിടാൻ കൂടുതൽ കാര്യക്ഷമമായി സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഓർബിറ്റൽ പ്രൈം എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്‌ യുഎസ്‌.

ഐഎസ്‌ആർഒയും ഈ രംഗത്ത്‌ ഏറെക്കാലമായി ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിവരുന്നു. പുനരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണവാഹനങ്ങൾ, പ്രകൃതി സൗഹൃദ ഇന്ധനം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്‌. ബഹിരാകാശ മാലിന്യങ്ങളെ നിരീക്ഷിക്കാൻ പേടകവും ടെലിസ്‌കോപ്പുകളും വിക്ഷേപിക്കാൻ ചില ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്‌. ചൈന ഷിജിയാൻ 21 എന്ന ഒരു പേടകം 2021ൽ വിക്ഷേപിച്ചിരുന്നു. ബഹിരാകാശത്തിന്റെ സുസ്ഥിരമായ വിനിയോഗത്തെപറ്റി ആഴത്തിലുള്ള ചർച്ചകളും തീരുമാനങ്ങളും ഉണ്ടാവേണ്ടതുണ്ട്‌.

പോയിന്റ്‌ നെമൊ

പോയിന്റ്‌ നെമോ

ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട മേഖലയെന്നാണ്‌ പസഫിക്ക്‌ സമുദ്രത്തിലെ പോയിന്റ്‌ നെമോ (Point Nemo) അറിയപ്പെടുന്നത്‌. ഭൂമിശാസ്‌ത്രപരമായി എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള മേഖല. അപ്രാപ്യതയുടെ സമുദ്ര ധ്രൂവം (Oceanic pole of inaccessibility) എന്നും അറിയപ്പെടുന്നു. തെക്കൻ പസഫിക്ക്‌ സമുദ്രത്തിലെ അത്യപൂർവമേഖല.കിലോമീറ്ററുകളോളം ആഴം. അതിശക്തമായ കടൽചുഴികളും തിരകളുമുള്ള മേഖലയിൽ ജീവജാലങ്ങളോ ജൈവവൈവിധ്യമോ ഇല്ലെന്നാണ്‌ വിലയിരുത്തൽ. അടുത്തെങ്ങും മനുഷ്യവാസമോ മറ്റ്‌ ജീവജാലങ്ങളോ കരയോ ഇല്ല. ചുറ്റുമുള്ള ഭാഗത്തുനിന്ന്‌ കരയിലെത്താൻ 2700ലധികം കിലോമീറ്റർ സഞ്ചരിക്കണം. പോയിന്റ് നെമോയുടെ ഏറ്റവും അടുത്തുള്ള മനുഷ്യർ 400 കിലോമീറ്റർ മുകളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികരാണ്!

ലാറ്റിൻ വാക്കായ നമോയുടെ അർഥം ആരുമില്ലാത്തത്‌ എന്നാണ്‌. സാങ്കൽപ്പിക കഥാപാത്രമായ ക്യാപ്‌റ്റൻ നമൊയുടെ പേരും ചേർത്തു വയ്‌ക്കാം. കനേഡിയൻ സർവേയറായ ഹ്രവോജെ ലുക്‌ടെല കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ 1992ലാണ്‌ പോയിന്റ്‌ നെമോയുടെ സ്ഥാനം കണക്കാക്കിയത്‌. ബഹിരാകാശ മാലിന്യങ്ങളുടെ ഭൂമിയിലെ സെമിത്തേരിയാണ്‌ ഈ മേഖല. പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളേയും വിക്ഷേപണവാഹനങ്ങളുടെ അവശിഷ്‌ടങ്ങളേയും നിയന്ത്രിച്ച്‌ ഈ കടൽ ഭാഗത്ത്‌ വീഴ്‌ത്തുകയാണ്‌ ചെയ്യുന്നത്‌. ഇതിനോടകം നൂറുകണക്കിന്‌ അവശിഷ്ടങ്ങൾ ഇവിടെ പതിച്ചിട്ടുണ്ട്‌. റഷ്യയുടെ മിർ ബഹിരാകാശ പേടകമടക്കം ഇക്കൂട്ടത്തിലുണ്ട്‌. 2030 ഓടെ കാലാവധി പൂർത്തിയാകുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ ഭൗമാന്തരീക്ഷത്തിലെത്തിച്ച്‌ പോയിന്റ്‌ നമാേയിൽ വീഴ്‌ത്താനാണ്‌ നാസയുടെ ആലോചന.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 1 =

Most Popular