സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യൻ എന്നും വിസ്‌മയമാണ്. പ്രപഞ്ചത്തിലെ പ്രായം കുറഞ്ഞ നക്ഷത്രങ്ങളിലൊന്നാണ് സൂര്യൻ. സൂര്യന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശാസ്ത്രലോകം തീവ്രശ്രമത്തിലാണ്. ഇതിനായി കൂടുതൽ പേടകങ്ങളയച്ചും അത്യാധുനിക ടെലിസ്‌കോപ്പുകൾ സ്ഥാപിച്ചും സൂര്യനെ അടുത്തറിയാൻ ശ്രമിക്കുകയാണവർ. കോടാനുകോടി വർഷങ്ങളിലൂടെ മറ്റു നക്ഷത്രങ്ങളെ പോലെ സ്വാഭാവിക പരിണാമത്തിന് വിധേയമാകുന്ന നക്ഷത്രമാണിത്. സൂര്യനിലെ മാറ്റങ്ങൾ അതുകൊണ്ടു തന്നെ ശ്രദ്ധാപൂർവമാണ് ശാസ്‌ത്രജ്‌ഞർ നിരീക്ഷിക്കുന്നത്.
ഈയിടെ സൂര്യനിൽ പ്രത്യക്ഷപ്പെട്ട സൂര്യകളങ്കവും (Suns pot) തുടർന്നുണ്ടായ സൗരകൊടുങ്കാറ്റും ശാസ്‌ത്രലോകം പഠനവിധേയമാക്കുകയാണ്. ഭൂമിയുടെ പതിനഞ്ച് മടങ്ങ് വലിപ്പമുള്ള സൺ സ്‌പോട്ടാണിതെന്നാണ് കണക്കാക്കുന്നത്. എആർ 3576 എന്ന പേരിലറിയപ്പെടുന്ന ഈ കളങ്കം ഈ വർഷത്തെ ശ്രദ്ധേയമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നാവുകയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലും ബഹിരാകാശത്തും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ഗവേഷകർ പരിശോധിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ സൂര്യകളങ്കമാണിത്. തീവ്രതയേറിയ ജിയോമാഗ്‌നറ്റിക്ക് സൗരക്കൊടുങ്കാറ്റിന് ഇത് കാരണമായതായി നാഷണൽ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്‌ഫറിക്ക് അഡ്‌മിനിസ്‌ട്രേഷൻ (NOAA) പറയുന്നു. ഫെബ്രുവരി 10 മുതൽ 14 വരെ ഇതിന്റെ രൂക്ഷത ഏറിനിൽക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി സൂര്യനിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യം പകർത്തി.
സൗരചക്രവും സോളാർ മാക്‌സിമവും
സൂര്യന്റെ ഉപരിതലത്തിൽ കാന്തികപ്രവർത്തനം കൂടുതലായി കാണുന്ന പ്രദേശങ്ങളാണ് സൂര്യകളങ്കങ്ങൾ എന്ന പേരിൽ അറിയെപ്പെടുന്നത്. ശക്തിയേറിയ കാന്തിക മണ്ഡലവും താരതമ്യേന കുറഞ്ഞ താപനിലയുമാണ് ഇവയുടെ പ്രത്യേകത. ഒരോ പതിനൊന്നു വർഷത്തിലും സൂര്യനിൽ നിരവധി മാറ്റങ്ങളുണ്ടാകുന്നു. സൂര്യകളങ്കങ്ങളുടെ എണ്ണവും തീവ്രതയും ഈ കാലയളവിൽ വർധിക്കും. ഈ കാലയളവിനെ സൗരചക്രം അഥവാ സോളാർ സൈക്കിൾ എന്ന് പറയും. നിലവിൽ സൂര്യനിലെ ഈ അവസ്ഥ ഉച്ചസ്ഥായിലേക്ക് നീങ്ങുകയാണ്. സോളാർ മാക്‌സിമം (solar maximum) എന്നു പറയുന്ന ഈ അവസ്ഥ 2025 ജൂലൈയിൽ പാരമ്യതയിൽ എത്തുമെന്നാണ് വിലയിരുത്തൽ. ഭൗമാന്തരീക്ഷത്തിലെ സ്വാധീനം മൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. സൂര്യകളങ്കങ്ങൾ കൂടുന്നതും സൗരക്കാറ്റുകളുടെ ശക്തി വർധിക്കുന്നതും ആശയവിനിമയ സംവിധാനങ്ങൾ, വൈദ്യുത ഗ്രിഡുകൾ, നാവിഗേഷൻ സിഗ്‌നലുകൾ തുടങ്ങിയവയെ ബാധിക്കും. ബഹിരാകാശ പേടകങ്ങൾ, അന്താരാഷ്‌ട്ര ബഹിരാകാശ നിലയങ്ങൾ എന്നിവയുടെ പ്രവർത്തനത്തേയും ബാധിക്കാം. ആഫ്രിക്ക, തെക്കേ അമേരിക്ക, തെക്കൻ അറ്റ്‌ലാന്റിക്ക് തുടങ്ങിയ ഇടങ്ങളിൽ ആശയ വിനിമയ സംവിധാനങ്ങളെ കഴിഞ്ഞ ദിവസങ്ങളിൽ സൗരക്കാറ്റ് ബാധിച്ചിരുന്നു. 2022ല്‍ സൗരജ്വാലകൾ സ്പേയ്‌സ് എക്സ് ഉപഗ്രഹങ്ങളെ നാശംവരുത്തിയിരുന്നു. സൗരജ്വാലകൾ ശക്തിയേറിയ ഊർജപ്രവാഹമായതിനാലാണിത്. സൂര്യന്റെ കാന്തികമണ്ഡലത്തിലെ ഊർജം അതിവേഗം വമിക്കുമ്പോൾ വലിയതോതിൽ സൗരജ്വാലകൾ പുറത്തേക്ക് തെറിക്കും. ഇവയിലെ ചാർജുള്ള കണങ്ങൾക്ക് ഭൗമാന്തരീക്ഷത്തിൽ അതിശക്തമായ സ്വാധീനം ചെലുത്താനാകും.
600 ദശലക്ഷം ടൺ ഹീലിയം
ഭൂമിയിൽ നിന്ന് 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യന് 14 ലക്ഷം കിലോമീറ്ററാണ് വ്യാസം. ഹൈഡ്രജനും ഹീലിയവുമാണ് ഏറ്റവും കൂടുതലുള്ള മൂലകങ്ങൾ. പ്ലാസ്‌മാ അവസ്ഥയിലാണ് ദ്രവ്യം കാണപ്പെടുന്നത്. ഹൈഡ്രജൻ ഹീലിയമായി മാറുന്ന പ്രക്രിയയാണ് സൂര്യനിൽ നടന്നുകൊണ്ടിരിക്കുന്നത്. സെക്കന്റിൽ 600 ദശലക്ഷം ടൺ ഹീലിയം ഉത്‌പാദിപ്പിക്കപ്പെടുന്നതായാണ് കണക്ക്.
ഗവേഷണങ്ങൾ
1610-ൽ ഗലീലിയോ ഗലീലിയും മറ്റും സൂര്യനിൽ കറുത്ത പാടുകൾ ആദ്യമായി നിരീക്ഷിച്ചു. ഇവയാണ് പിന്നീട് സൺസ്‌പോട്ടുകളായി അറിയപ്പെട്ടത്. 1843-ൽ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ സാമുവൽ ഹെൻറിച്ച് ഷ്വാബ് സൂര്യകളങ്കങ്ങൾക്ക് ഒരു പാറ്റേൺ ഉണ്ടെന്ന് വിശദീകരിച്ചു. സൗരചക്രത്തെ പറ്റിയുള്ള കണ്ടെത്തലായിരുന്നു ഇത്. സൗരകളങ്കങ്ങൾ സൂര്യന്റെ കാന്തികക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 1908-ൽ തെളിയിക്കപ്പെട്ടു. കൃത്രിമ ഉപഗ്രഹങ്ങൾ അയച്ച അറുപതുകൾ മുതൽ സൗരപര്യവേക്ഷണത്തിന് തുടക്കമിട്ടിരുന്നു. നാസയുടെ പയനിയർ 5, 6, 7, 8 ദൗത്യങ്ങൾ വഴിത്തിരിവായി. സൗരജ്വാലകൾ, കാന്തിക മണ്ഡലം തുടങ്ങിയവയെ പ്പറ്റി നിർണായക വിവരങ്ങളാണിവ ലഭ്യമാക്കിയത്. പതിനെട്ടു വർഷത്തിലേറെ സൂര്യനെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ച റോബോട്ടിക് ദൗത്യമായിരുന്നു യുലിസസ്. 2010ൽ വിക്ഷേപിച്ച് ഇപ്പോഴും പ്രവർത്തിക്കുന്ന സോളാർ ഡൈനാമിക് ഒബ്‌സർവേറ്ററി കൂടുതൽ സൂര്യനോട് അടുത്തെത്തിയ പേടകമാണ്. നാസയുടെ പാർക്കർ സോളാർ പ്രോബ് 2021-ൽ സൂര്യന്റെ കൊറോണയിലൂടെ പറക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി. ഐഎസ്‌ആർഒയുടെ ആദിത്യ എൽ 1 ലെഗ്രാഞ്ച് പോയിന്റ് 1ൽ നിന്ന് സൂര്യനെ പഠിക്കുകയാണ്. സൗരജ്വാലകളുടെ തീവ്രത കഴിഞ്ഞ ഒക്‌ടോബറിൽ ആദിത്യ രേഖപ്പെടുത്തിയിരുന്നു. പുതുതായി രൂപപ്പെട്ട സൺസ്‌പോട്ട് തുടർന്നുള്ള സൗരക്കാറ്റുകൾ തുടങ്ങിയവയെപ്പറ്റിയെല്ലാം ആദിത്യ വിവരശേഖരണം നടത്തുമെന്നാണ് പ്രതീക്ഷ. ♦